തായ്ലൻഡ് ഡയറി
തായ്ലണ്ടിലേക്കുള്ള യാത്ര പ്ലാൻ ചെയ്യുമ്പോൾ ഞങ്ങൾ വളരെ അധികം കൺഫ്യൂഷനിൽ ആയിരുന്നു ഏതൊക്കെ സ്ഥലങ്ങൾ പോകണം എന്നതിൽ ഒരു തീരുമാനം എടുക്കാനാവാതെ. ഏതൊരാളെയും പോലെ എന്റെ മനസ്സിലും ആദ്യം വന്നത് പട്ടായയും ബാങ്കോക്കും തന്നെ ആയിരുന്നു. പിന്നീടാണ് മറ്റു ചില സ്ഥലങ്ങളെക്കുറിച്ചുള്ള ബ്ലോഗുകൾ വായിച്ചതും ആൾക്കാരുടെ നല്ല യാത്രക്കുറിപ്പുകൾ വായിച്ചതും
അങ്ങിനെയാണ് ഞങ്ങൾ പട്ടായക്കും ബാങ്കോക്കിനും പകരം ഫുക്കറ്റും (Phuket) ക്രാബിയും (Krabi ) തിരഞ്ഞെടുക്കാം എന്ന്
തീരുമാനിക്കുന്നത്. അത് നല്ല തീരുമാനം ആയി എന്ന് അവിടെ എത്തിയപ്പോൾ ഞങ്ങൾക്ക് പിന്നീട് മനസ്സിലാവുകയും ചെയ്തു.
പോകാനുള്ള സ്ഥലവും തിയതിയും നിശ്ചയിച്ചു കഴിഞ്ഞാൽ എല്ലാം പിന്നെ പെട്ടെന്നാണ്. Visa On Arrival ആയതു കൊണ്ട് അതിനെക്കുറിച്ചു നമുക്ക് ടെൻഷൻ വേണ്ട. ഇന്ത്യയിലെ മിക്കവാറും എല്ലാ നഗരങ്ങളിൽ നിന്നും തായ്ലണ്ടിലേക്ക് നേരിട്ട് വിമാന സർവീസുകൾ ഉണ്ട്.
ബാങ്കോക്ക് , ഫുക്കറ്റ് , ക്രാബി , പട്ടായ എന്നീ നാല് പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷണനുകളിലും എയർപോർട്ടുകൾ ഉണ്ട്. ഇന്ത്യയിൽ നിന്ന് വിശാഖപട്ടണം അല്ലെങ്കിൽ കൽക്കട്ട എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കുറഞ്ഞ ചാർജിൽ പോകാൻ പറ്റുക. കാരണം ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകൾ ആണ് തായ്ലൻഡ് എന്നത് കൊണ്ട് തന്നെ.
ഞങ്ങൾ ഹൈദരാബാദിൽ നിന്ന് രാത്രി ആണ് യാത്ര തിരിച്ചത്. തായ് എയർവേയ്സിൽ നാല് മണിക്കൂറുകൾ കൊണ്ട് ബാങ്കോക്കിലെ സുവർണ്ണഭൂമി എയർപോർട്ടിൽ ഇറങ്ങി. ഇന്ത്യയുമായി സാമ്യമുള്ള ഒരു പാട് പേരുകൾ ഇവിടെ കാണാം. ഒരു കാലത്തു ചോള സാമ്രാജ്യത്തിന്റെ ഭരണം തായ്ലൻഡിലെ ശ്രീവിജയ സാമ്രാജ്യം വരെ വിസ്തൃതമായിരുന്നല്ലോ
അതിന്റെ തുടർച്ചയായി ഹിന്ദു സംസ്ക്കാരം തായ്ലൻഡിൽ പിന്തുടരുന്നവരും ഉണ്ട്. എങ്കിലും കൂടുതൽ പേരും ബുദ്ധ മത വിശ്വാസം പിന്തുടരുന്നവരാണ്.
ബാങ്കോക്കിൽ ഇറങ്ങിയാൽ ആദ്യം ചെയ്യേണ്ടത് വിസ എടുക്കുക എന്നതാണ്. വെറും രണ്ടു പേജുള്ള ഒരു ഫോം പൂരിപ്പിച്ചു നൽകി അതിന്റെ ഫീസും അടച്ചാൽ പത്തു മിനിട്ടു കൊണ്ട് വിസ ലഭ്യമാകും. ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഇതിലും നല്ല ഒരു മാർഗമില്ല. ഒരു പാസ്പോര്ട്ട് ഉണ്ടെങ്കിൽ ആർക്കും തായ്ലൻഡിൽ വരാം പതിനാലു ദിവസം താമസിക്കാം
വിസ കിട്ടി കഴിഞ്ഞതോടെ ഞങ്ങളുടെ തായ്ലൻഡ് ട്രിപ്പ് ഒഫീഷ്യൽ ആയി തുടങ്ങി എന്ന് പറയാം. ഇനി ഫുക്കറ്റിലേക്കുള്ള വിമാനത്തിൽ കയറണം. ആദ്യ രണ്ടു ദിവസം പ്ലാൻ ചെയ്തിരിക്കുന്നത് ഫുക്കറ്റിലും പിന്നത്തെ രണ്ടു ദിവസം ക്രാബിയിലുമാണ്
എയർപോർട്ടിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിച്ചു. ഭക്ഷണത്തിന് ഒക്കെ ഒരു പ്രത്യേക മണം. ഫിഷ് ഓയിലിൽ ആണ് അവർ എല്ലാം പാചകം ചെയ്യുന്നത്. ഓരോ നാട്ടിലും ഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്നത് ഓരോരുത്തരും ഉപയോഗിക്കുന്നു. നമ്മൾ കേരളത്തിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്ന പോലെ
ഫിഷ് ഓയിലിന്റെ മണം ഞങ്ങൾക്ക് അധികം ഇഷ്ടപെട്ടില്ലെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ ആ മണമുള്ള ഭക്ഷണം കഴിക്കേണ്ടി വരുമെന്ന് ഞങ്ങൾ സ്വയം ഓർമ്മപ്പെടുത്തികൊണ്ടേയിരുന്നു
ബാങ്കോക്കിൽ നിന്ന് ഏതാണ്ട് ഒരു മണിക്കൂർ ഫ്ലൈറ്റ് യാത്രയുണ്ട് ഫുക്കറ്റിലേക്ക്. വളരെ ചെറിയ ഒരു എയർപോർട്ട് ആണ് ഫുക്കറ്റിലേത്.
മൊത്തം ടൂർ പാക്കേജ് ആയി ബുക്ക് ചെയ്തിരുന്നത് കൊണ്ട് ഞങ്ങൾക്കുള്ള വണ്ടി അവിടെ എയർപോർട്ടിന് പുറത്തു ഞങ്ങളെ കാത്തു നിന്നിരുന്നു. ഒരു ടെമ്പോ ട്രാവലർ ആണ് ഞങ്ങളുടെ യാത്രയ്ക്ക് വേണ്ടി ഏജൻസി ഒരുക്കിയിരുന്നത്
വണ്ടിയിൽ കയറി പോകുമ്പോൾ വിശക്കാൻ തുടങ്ങിയിരുന്നു. നല്ല ഹോട്ടലിൽ നിർത്തണം എന്ന് പറഞ്ഞപ്പോൾ ഡ്രൈവർ നേരെ കൊണ്ട് പോയി ഒരു ഇന്ത്യൻ ഹോട്ടലിന്റെ മുന്നിൽ നിർത്തി. തായ് ഫുഡ് കഴിക്കാൻ വേണ്ടി മാത്രം തായ്ലൻഡിൽ വന്ന ഞങ്ങൾക്ക് അതൊരു നനഞ്ഞ തുടക്കമായി. നാട്ടിൽ കിട്ടുന്ന അതേ ഫ്രൈഡ് റൈസും ചപ്പാത്തിയും ഒക്കെ കഴിച്ചു ഞങ്ങൾ യാത്ര തുടർന്നു
ടൂർ പാക്കേജിൽ ഉൾപ്പെട്ടിരുന്ന ഡോൾഫിൻ ഷോ ഹോട്ടലിലേക്ക് പോകുന്ന വഴിയാണ്. അതായിരുന്നു ആദ്യത്തെ സ്റ്റോപ്പ്. അസാധ്യമായ ഒരു ഡോൾഫിൻ ഷോ ആയിരുന്നു അത്. മനുഷ്യന്റെ ബുദ്ധിയോടു അടുത്ത് നിൽക്കുമത്രേ ഡോൾഫിനെ ബുദ്ധിയും. അതവയുടെ പെരുമാറ്റത്തിൽ നിന്നും മനസ്സിലാക്കുകയും ചെയ്യാം. എത്ര രസകരമായാണ് അവ നൃത്തം ചെയ്യുന്നതും വെള്ളത്തിന് മുകളിലേക്ക് കുതിച്ചു അഭ്യാസങ്ങൾ ചെയ്യുന്നതും. ഓരോ അഭ്യാസം കഴിഞ്ഞാലും കഴിക്കാനുള്ള ഭക്ഷണം കൊടുത്തുകൊണ്ടിരിക്കണം എന്ന് മാത്രം. ഒരു പക്ഷെ നമ്മൾ നാടൻ ഭാഷയിൽ പറയുന്ന പോലെ ഒരു ചാൺ വയറിനു വേണ്ടിയാവാം അവറ്റകളും ഈ അഭ്യാസമൊക്കെ കാണിക്കുന്നത്.
ഡോൾഫിൻ ഷോ കാണാൻ തിങ്ങി നിറഞ്ഞു കാണികൾ ഉണ്ടായിരുന്നു. ഷോക്കിടയിൽ ഒരു സീൽ(Seal) വന്നു മുൻനിരയിൽ ഇരിക്കുന്ന കാണികളെ ഉമ്മ വെക്കുന്നുണ്ട്. നമുക്ക് കണ്ടാൽ തൊടാൻ തോന്നില്ലെങ്കിലും അവയെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കുന്ന സ്ത്രീകളയേയും പെൺകുട്ടികളെയും അവിടെ കണ്ടു
ഡോൾഫിൻ ഷോ കഴിഞ്ഞു പിന്നെ നേരെ ഹോട്ടലിലേക്കാണ് പോയത്. അതെല്ലാം നേരത്തെ ബുക്ക് ചെയ്തിരുന്നത് കൊണ്ട് ചെക്ക് ഇൻ എല്ലാം പെട്ടെന്ന് കഴിഞ്ഞു.
തായ്ലൻഡിൽ വരുന്നത് കൂടുതലും ചെറുപ്പക്കാരായ കപ്പിൾസ് ആയതു കൊണ്ടാണെന്നു തോന്നുന്നു മുറിയിലെ ബാത്ത് റൂമിന്റെ വശങ്ങൾ പോലും സുതാര്യമായ ഗ്ലാസ്സുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ബെഡിൽ കിടക്കുന്ന ആൾക്ക് അകത്തു കുളിക്കുന്ന ആളെ കാണാമെന്നർത്ഥം. വേണമെങ്കിൽ ബ്ലൈൻഡ് ഇട്ടു മറക്കാവുന്ന സംവിധാനം ഉണ്ടായിരുന്നത് കൊണ്ട് തല്ക്കാലം രക്ഷപ്പെട്ടു എന്ന് പറയാം. ഇതാണ് പറയുന്നത് മക്കളും കുട്ടികളും ഒക്കെ ഉണ്ടാവുന്നതിനു മുൻപ് ഒരിക്കലെങ്കിലും തായ്ലൻഡ് സന്ദർശിക്കണമെന്ന്
വിശാലമായ റൂം ആയിരുന്നു. താഴെ നീല നിറത്തിൽ മനോഹരമായ സ്വിമ്മിങ് പൂൾ. അതിനുമപ്പുറം പടോങ്(Pa Tong ) ബീച്ചിൽ ബോട്ടുകൾ നീങ്ങുന്നതും കാണാം
ഏതു ഹോട്ടലിൽ ചെന്നാലും ഞാൻ ആദ്യം നോക്കുന്നത് അവരുടെ ചായ എങ്ങിനെയുണ്ട് എന്നാണ്. ചെന്ന ഉടനെ ചായ ഓർഡർ ചെയ്തു. ചായ വന്നു. നല്ല ഉശിരൻ ചായ. ചായക്കപ്പ് കയ്യിൽ വെച്ച് ബാൽക്കണിയിൽ വന്നിരുന്നു. തായ്ലൻഡിൽ എത്തി എന്നത് അപ്പോഴാണ് മനസ്സിലേക്ക് ഒരു സത്യം പോലെ അലിഞ്ഞു ചേരുന്നത്
തൈലാൻഡ് ടൂർ നന്നായി പ്ലാൻ ചെയ്താലേ മുഴുവൻ സ്ഥലങ്ങളും കണ്ടു തീർക്കാൻ പറ്റൂ. ഞങ്ങൾ വൈകിട്ട് ഹോട്ടലിനു മുന്നിലെ സ്ട്രീറ്റിലേക്കിറങ്ങി. തായ്ലണ്ടിനെ പറ്റി പറഞ്ഞു കേട്ടത് പോലെ തന്നെ എല്ലായിടത്തും മസ്സാജ് സെന്ററുകൾ ഹോട്ടലുകൾ ടാറ്റൂ പാർലറുകൾ ഒക്കെയാണ്. മസ്സാജ് പാര്ലറുകൾക്ക് മുന്നിൽ പെൺകുട്ടികൾ നിന്ന് കസ്റ്റമേഴ്സിനെ ആകർഷിക്കാൻ നിറഞ്ഞ ചിരിയോടെ നിൽക്കുന്നുണ്ട്.
ഞങ്ങളുടെ ആദ്യത്തെ ലക്ഷ്യം നല്ല തായ് ഫുഡ് കഴിക്കുക എന്നതായിരുന്നു. ഭക്ഷണം ഓർഡർ ചെയ്യുന്നത് എല്ലാം മഹേഷ് ആണ്. ഈ കാര്യത്തിൽ മൂപ്പരുടെ ചോയ്സിന് വിടുന്നതായിരിക്കും നല്ലതെന്ന് ഞങ്ങൾക്കും തോന്നി. കലമാരി എന്ന മീൻ ആണ് മെയിൻ ഡിഷ് ആയി ഓർഡർ ചെയ്തത്. അത് വന്നപ്പോൾ തന്നെ അതിന്റെ വലിപ്പം കണ്ടു ഞാൻ ഒന്ന് ഞെട്ടി. പക്ഷെ നല്ല വിശപ്പുണ്ടായിരുന്നത് കൊണ്ട് അതെല്ലാം പെട്ടെന്ന് തന്നെ കാലിയായി എന്ന് പ്രത്യേകം പ്രസ്താവ്യമാണ്
ഭക്ഷണം കഴിച്ചു ഞങ്ങൾ വഴിവിളക്കുകൾ തെളിഞ്ഞ സ്ട്രീറ്റിലൂടെ നടന്നു. എവിടെയും വർണ്ണ കാഴ്ചകൾ പിന്നെ സംഗീതം. ഭക്ഷണവും സംഗീതവും ഇഴ പിരിഞ്ഞു കിടക്കുന്നു. ലൈവ് മ്യൂസിക് ഇല്ലാത്ത ഹോട്ടലുകൾ ഇല്ല
പകൽ യാത്രയുടെ ക്ഷീണം ഞങ്ങൾക്കുണ്ടായിരുന്നു. തിരികെ ഹോട്ടലിലേക്ക് നടക്കുമ്പോഴാണ് മനോഹരമായ മസ്സാജ് പാർലർ കാണുന്നത്. തായ്ലൻഡിൽ വന്നു മസ്സാജ് പരീക്ഷിച്ചില്ലേ എന്ന് തിരിച്ചു ചെല്ലുമ്പോൾ കൂട്ടുകാർ ചോദിക്കുമല്ലോ. ഏതായാലും ഒന്ന് പരീക്ഷിക്കുക തന്നെ.
തായ്ലൻഡിൽ പലതരം മസ്സാജുകൾ ഉണ്ട്. ലെഗ് , ഹെഡ് , ഫുൾ ബോഡി അങ്ങിനെ. തായ്ലൻഡിൽ മുഴുവൻ അനാശാസ്യ പാർലറുകൾ ആണ് എന്നത് നമ്മുടെ ഒരു തെറ്റിദ്ധാരണ ആണ്. തികച്ചും പ്രൊഫഷണൽ ആയി തങ്ങളുടെ ജോലി ചെയ്യുന്നവർ ആണ് അവിടുത്തുകാർ. സ്ത്രീകൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന ഒരു മേഖല കൂടി ആണത്. അതൊരു രണ്ടാംതരം ജോലിയായി അവിടെ ആരും കണക്കാക്കുന്നുമില്ല
ഏതായാലും ഒരു ടെസ്റ്റ് ഡോസ് എന്ന നിലയിൽ ഞങ്ങൾ തിരഞ്ഞെടുത്തത് ലെഗ് മസ്സാജ് ആണ്. നമ്മൾ വിചാരിക്കുന്ന പോലെ ഉള്ള ഒരു സോഫ്റ്റ് മസ്സാജ് അല്ല തായ് മസ്സാജ്. അത്യാവശ്യം വേദനയാകും. കാലിന്റെ അടിയിലെ മർമ്മങ്ങളിൽ ചെറിയൊരു പേന പോലെ വെച്ച് അമർത്തുമ്പോൾ ജീവൻ പോകും. ഏതാണ്ട് ഒരു മണിക്കൂർ ആണ് മസ്സാജ്. മസ്സാജ് കഴിഞ്ഞപ്പോൾ കാലിനൊക്കെ വേദന കൂടുകയാണ് ചെയ്തത്
വളരെ സ്നേഹത്തോടെയാണ് ആ പാർലറിൽ ഉള്ളവരുടെ പെരുമാറ്റം. അവരോടു യാത്ര പറഞ്ഞു ഞങ്ങൾ ഹോട്ടലിലേക്ക് നടന്നു
പിറ്റേന്ന് അതി രാവിലെ ഞങ്ങൾക്ക് ഫി ഫി(Phi Phi) ഐലൻഡ് സന്ദർശിക്കാനുള്ളതാണ്. നേരത്തെ കിടക്കണം. കൃത്യസമയത്തു വണ്ടി വരും. പോർട്ടിൽ നിന്ന് വലിയ ആഡംബര ബോട്ടിൽ മൂന്ന് നാല് മണിക്കൂർ യാത്രയുണ്ട് ഫി ഫി ഐലൻഡിലേക്ക്
യാത്രയുടെ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയതറിഞ്ഞില്ല. പിറ്റേന്ന് എഴുന്നേൽക്കാനും വൈകി. ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ ഹോട്ടൽ സ്റ്റാഫ് വന്നു പറഞ്ഞു നിങ്ങളെ കാത്ത് വണ്ടി വന്നു നിൽക്കുന്നു. ഞങ്ങൾ ഓടിപ്പിടഞ്ഞു വന്നപ്പോഴേക്കും വന്ന വണ്ടി വിട്ടു പോയിരുന്നു. അങ്ങിനെ തായ്ലൻഡിൽ വന്നു ഒന്നാമത്തെ പാഠം പഠിച്ചു. കൃത്യനിഷ്ഠ ജീവിതത്തിന് വളരെ അത്യാവശ്യമാണ് എന്ന പാഠം.
തായ്ലാന്റുകാർ എല്ലാറ്റിലും സമയ നിഷ്ഠത പാലിക്കുന്നവരാണ് എന്ന് അപ്പോഴാണ് മനസ്സിലായത്. ഇന്ത്യയിലെ ശീലം വെച്ച് നമ്മൾ വിളിച്ച ടാക്സി വൈകിയാണ് വരിക. ഇനി അഥവാ ഏതെങ്കിലും ടാക്സി കൃത്യസമയത്തു വന്നാൽ നമ്മൾ അതിനെ വെയിറ്റ് ചെയ്യിപ്പിക്കുകയും ചെയ്യും
ഏതായലും വണ്ടി പോയി. ഫി ഫി ഐലൻഡ് ട്രിപ്പ് നടന്നില്ലെങ്കിൽ പിന്നെ വലിയ നഷ്ടമാണ്. പാക്കേജ് ടൂർ ആയതു കൊണ്ട് പൈസ എല്ലാം പ്രീ പെയ്ഡ് ആണ്.
ഇനി എന്താണ് വഴി. എല്ലാവരും കൂടി ആലോചിച്ചു. ഒരേ ഒരു വഴിയേ ഉള്ളൂ. വേറെ ടാക്സി വിളിച്ച് കിട്ടാവുന്ന സ്പീഡിൽ പോർട്ടിൽ എത്തുക
ടാക്സി എങ്ങിനെ വിളിക്കും. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഏതൊക്കെയോ ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത് ടാക്സി ബുക്ക് ചെയ്തു. ടാക്സി വന്നു അയാളോട് കാര്യം പറഞ്ഞു
സംഗതി മൂപ്പർക്ക് മനസ്സിലായി.മൂപ്പർ പറപ്പിച്ചു വിട്ടു
ഞങ്ങൾ പോർട്ടിൽ എത്തുമ്പോൾ ബോട്ട് വിട്ടു പോയിട്ടില്ല. സമാധാനം
ഞങ്ങൾ ടിക്കറ്റ് കാണിച്ചു ബോട്ടിൽ കയറി. ഏതാണ്ട് നൂറു പേർക്ക് സുഖമായി ഇരിക്കാവുന്ന മൂന്ന് നിലയുള്ള ബോട്ട്. ഉള്ളിൽ കഫറ്റേരിയയും മറ്റു സൗകര്യങ്ങളുമുണ്ട്
ബോട്ട് യാത്ര തുടങ്ങി. നീല നിറത്തിലുള്ള വെള്ളമാണ് തായ്ലൻഡിലെ കടലുകളിൽ. നമ്മുടെ ബീച്ചുകളിൽ നിന്ന് തായ്ലൻഡ് ബീച്ചുകളെ വ്യത്യസ്തവും സുന്ദരവുമാക്കുന്നത് ഈ നീല നിറത്തിലുള്ള വെള്ളമാണ്
ഉൾക്കടലിലേക്ക് ബോട്ട് യാത്ര തുടങ്ങി. അവിടവിടെ കടലിൽ പൊങ്ങി നിൽക്കുന്ന പാറകൾ കാണാം. തായ്ലൻഡ് ഒരു ദ്വീപ സമൂഹമായി തീർന്നത് പ്രകൃതിയുടെ ലക്ഷകണക്കിന് നീണ്ട പരിണാമങ്ങളിലൂടെയായിരിക്കണം. അതിന്റെ ശകലങ്ങൾ ആണ് കടലിൽ കാണുന്ന കൂറ്റൻ പർവതങ്ങൾ എന്ന് ഞാൻ അനുമാനിച്ചു
ബോട്ട് യാത്ര ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ബോറടിക്കാൻ തുടങ്ങി. അപ്പോഴാണ് ഞങ്ങൾ പുറത്തു ഡെക്കിൽ പോയി നിന്നത്. അതൊരു മനോഹരകാഴ്ചയായിരുന്നു. നീല നിറത്തിലുള്ള സമുദ്രത്തെ കീറി മുറിച്ചു കൊണ്ട് ബോട്ട് വളരെ വേഗം കുതിച്ചു കൊണ്ടിരുന്നു. ഞങ്ങൾക്ക് സമാന്തരമായി മറ്റു ബോട്ടുകളും നീങ്ങുന്നുണ്ടായിരുന്നു. എല്ലാം ഫി ഫി ഐലണ്ടിലേക്കാണ് എന്ന് ഞങ്ങൾ ഊഹിച്ചു
ഡെക്കിൽ നിന്ന് ഫോട്ടോയൊക്കെ എടുത്തു തമാശയൊക്കെ പറഞ്ഞു താഴേക്ക് വന്നപ്പോഴാണ് ഒരാൾ വന്നു ചോദിക്കുന്നത്
"മലയാളിയാണോ?"
"പിന്നല്ല!"
ചേട്ടനെ പരിചയപ്പെട്ടു. തൃശൂർക്കാരനാണ്
ഇതാണ് പറയുന്നത് ലോകത്ത് എവിടെപ്പോയാലും ഒരു മലയാളിയെ നമ്മൾ കാണും. എന്റെ അനുഭവത്തിൽ അത് മിക്കവാറും തൃശ്ശൂർക്കാരനായിരിക്കുകയും ചെയ്യും
ചേട്ടൻ ഫുൾ ഫാമിലിയുമായി വന്നതാണ്. ഭാര്യ ടീച്ചറാണ്. ഈ വര്ഷം റിട്ടയർ ചെയ്തു. അപ്പോൾ ടീച്ചർ ഭർത്താവിനും മക്കൾക്കും പേരക്കുട്ടികൾക്കും ഒരു തായ്ലൻഡ് ടൂർ സ്പോൺസർ ചെയ്തു. അതാണ് തൃശൂർക്കാർ.പണം പോട്ടെ പവർ വരട്ടെ.
നമ്മുടെ വീട്ടിലും ടീച്ചർമാരും മാഷുമ്മാരും ഉണ്ടായിരുന്നു. റിട്ടയർ ചെയ്തപ്പോൾ തന്നത് ഓരോ ലഡ്ഡുവാണ്. അതും സ്കൂളിലെ പാർട്ടി കഴിഞ്ഞു ബാക്കി വന്നത്.വെറുതെ അതൊക്കെ ആലോചിച്ചിട്ട് തായ്ലൻഡ് ട്രിപ്പിന്റെ മൂഡ് കളയേണ്ടല്ലോ. ഞാൻ പ്രെസന്റ് ടെൻസിലേക്ക് തിരിച്ചു വന്നു.
ചേട്ടനോട് കുറെ സംസാരിച്ചു.
ഏതാണ്ട് ഒരു മണിക്കൂർ കൂടെ കഴിഞ്ഞപ്പോൾ അകലെ ഞങ്ങൾക്ക് ഇറങ്ങേണ്ട ഐലൻഡ് കാണാൻ തുടങ്ങി.
ഇനി ബോട്ട് കരയുടെ അടുത്തേക്ക് പോവില്ല. ഒരു ചെറിയ ബോട്ടിലേക്ക് മാറിക്കയറണം.
ചെറിയ ബോട്ടിൽ കയറി ഐലൻഡിൽ കാൽ വെച്ചപ്പോൾ ഞങ്ങൾ സത്യത്തിൽ കോരിത്തരിച്ചു പോയി. അത്രയ്ക്ക് മനോഹമായ ഒരു ദ്വീപ്. ചുറ്റിലും നീല നിറത്തിലുള്ള വെള്ളം. പഞ്ചസാരമണൽ കാലിനെ ഇക്കിളിയാക്കുന്നു.
ബീച്ചിനെ ഏറ്റവും മനോഹരമാക്കിയത് അതിന്റെ ഓരത്ത് പാർക്ക് ചെയ്തിരുന്ന അറ്റം നീണ്ട മനോഹരാമായ വഞ്ചികളാണ്.ലോങ്ങ് ടെയിൽ ബോട്ട് (Long-tail boat )എന്നാണ് അതിന്റെ പേര്. കേരളത്തിന് ഹൗസ് ബോട്ട് പോലെ തായ്ലണ്ടിന്റെ ഐക്കൺ ആണ് ലോങ്ങ് ടെയിൽ ബോട്ടുകൾ
ഞങ്ങൾ ബീച്ചിൽ കുറെ നേരം വെള്ളത്തിൽ കളിച്ചു.
സ്നോർക്കലിംഗ് എന്ന് പറയുന്ന ഒരു സംവിധാനം ഉണ്ട്. ശ്വാസം എടുക്കാൻ കഴിയുന്ന ചെറിയ ഒരു ഉപകരണം അത് വെച്ച് കടലിന്റെ അടിയിലേക്കിറങ്ങാം.ആദ്യം അല്പം ബുദ്ധിമുട്ട് തോന്നുമെങ്കിലും താഴെ കടലിന്റെ അടിത്തട്ടിൽ നീങ്ങുന്ന നിറമുള്ള മീനുകളെ തൊട്ടു തലോടി അവയോടൊപ്പം നീന്തുമ്പോഴാണ് ആണ് സ്നോർക്കലിംഗ് എത്ര രസകരമാണ് എന്ന് മനസ്സിലാവുക
ഉച്ചയ്ക്കുള്ള ഭക്ഷണം അവർ ഒരുക്കിയിരുന്നു. ബീച്ചിൽ നിന്ന് കയറി നല്ല വെള്ളത്തിൽ കുളിച്ചു ഫ്രഷ് ആയി ഭക്ഷണം കഴിക്കാൻ ഇരുന്നു. കുറെ യാത്ര ചെയ്തത് കൊണ്ടും ബീച്ചിലുള്ള കളികളും കൊണ്ട് നല്ല ക്ഷീണിച്ചിരുന്നു സമയത്താണ് നല്ല ചൂടുള്ള ആ ഭക്ഷണം കിട്ടുന്നത്. എല്ലാവരും നന്നായി കഴിച്ചു
ഭക്ഷണം കഴിച്ചു ബീച്ചിലെ മരച്ചുവട്ടിൽ ആ മനോഹരമായ ഐലണ്ടിന്റെ സൗന്ദര്യവും ആസ്വദിച്ചു ഞങ്ങൾ ഇരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ഫി ഫി ഐലൻഡിനോട് വിടപറയേണ്ട സമയമായി.
തിരിച്ചുള്ള യാത്രാ വളരെ ദീർഘമായി തോന്നി
തിരിച്ചു ഹോട്ടലിൽ എത്തി ഞങ്ങൾക്ക് ഒരു ഡെസ്റ്റിനേഷൻ കൂടി കവർ ചെയ്യാനുണ്ടായിരുന്നു
ഫാന്റസി ഷോ ആയിരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. ഷോ തുടങ്ങും മുൻപ് വിഭവസമൃദ്ധമായ ഭക്ഷണം ഷോ കാണാൻ ടിക്കട്റ്റ് എടുത്തവർക്ക് അവിടെ ലഭിക്കും. കൂടാതെ ഷോപ്പിങ്ങിനുള്ള അവസരവുമുണ്ട്
ഒരു വലിയ തീയേറ്റർ ആണ് അത്. അതിനകത്തു മനോഹരമായ നൃത്തങ്ങളും മാർഷ്യൽ ആർട്സും മാജിക്കും എല്ലാം സമ്മേളിച്ച ഒരു ദൃശ്യ വിരുന്ന്. സ്റ്റേജിലേക്ക് നിരനിരയായി ആനകൾ വരുന്നതും. മ്യൂസിക്കിന് അനുസരിച്ചു നൃത്തം ചെയ്യുന്ന അരയന്നങ്ങളും എല്ലാം ചേർന്ന് കണ്ടാൽ മനസ്സ് നിറയുന്ന ഷോ ആണത്. ഫുക്കറ്റിൽ വന്നാൽ ഫാന്റസി ഷോ കാണാതെ നിങ്ങൾ മടങ്ങരുത്
ഷോ കഴിഞ്ഞു ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി
പിറ്റേന്ന് ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു ഞങ്ങൾ ചെക്ക് ഔട്ട് ചെയ്തു. ഇനി അടുത്ത ഡെസ്റ്റിനേഷൻ ക്രാബി (Krabi) ഐലൻഡ് ആണ്. പോകുന്ന വഴി കാരൻ വ്യൂ പോയിന്റിൽ (Karon Viewpoint) കയറി ഫുക്കറ്റിന്റെ മനോഹരമായ ദൃശ്യം കാണാൻ ഞങ്ങൾ മറന്നില്ല
ആ യാത്രയിലെ മറക്കാനാവാത്ത കാഴ്ച ഷാലോങ് എന്ന ബുദ്ധ ക്ഷേത്രമായിരുന്നു. കേരളത്തിൽ നമ്മുടെ മനോഹര ക്ഷേത്രങ്ങൾ കണ്ടു ശീലിച്ച നമ്മുക്ക് തീർത്തും വ്യത്യമസ്തമായ അനുഭവമാണ് ആ ബുദ്ധ ക്ഷേത്ര സമുച്ചയം നൽകുക. ക്ഷേത്രത്തിന്റെ ശിൽപ്പകല നമ്മേടെതിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്. ബുദ്ധശില്പകല ഹിന്ദു മുഗൾ ശിൽപ്പകലകളോളം പ്രസിദ്ധവും സമൃദ്ധവുമാണെന്നു ആ ക്ഷേത്രങ്ങൾ സന്ദർശിക്കുമ്പോൾ നമുക്ക് തിരിച്ചറിയാനാവും
ക്രാബിയിലേക്കുള്ള യാത്രയിൽ ഞങ്ങൾക്കായി ഒരു പുതിയ വണ്ടിയും ഡ്രൈവറുമാണ് വന്നത്. നിങ്ങളുടെ യാത്ര ഏറ്റവും നന്നായിരിക്കണം എന്നതിൽ ശ്രദ്ധാലുവായിരുന്നു ആ ഡ്രൈവർ. ടൂറിസ്റ്റുകളോട് എങ്ങിനെ പെരുമാറണം എന്നൊക്കെ അവർക്ക് നല്ല ട്രെയിനിങ് കിട്ടിയ പോലെ ആയിരുന്നു ആ പെരുമാറ്റം
തായ്ലണ്ടിന്റെ തെക്കേ അറ്റത്തുള്ള ഒരു ദ്വീപ സമൂഹമാണ് ക്രാബി. ഏതാണ്ട് നൂറ്റമ്പതോളം ചെറിയ ചെറിയ ദ്വീപുകൾ ഇവിടെയുണ്ട്
ഫുക്കറ്റിൽ നിന്ന് ക്രാബിയിലേക്കുള്ള യാത്ര കുറെ ഗ്രാമങ്ങളിലൂടെയായിരുന്നു. തായ്ലണ്ടിന്റെ ഹൃദയത്തിലൂടെയുള്ള ആ യാത്ര ഒരിക്കലും മറക്കാനാവില്ല
വഴിയിൽ നമ്മുടെ നാട്ടിലെ പോലെ ഒരു ചെറിയ കട കണ്ടപ്പോൾ ഞങ്ങൾ അവിടെ ഇറങ്ങി. കട നടത്തുന്ന സ്ത്രീയെ ഞങ്ങൾ പരിചയപ്പെട്ടു. അവിടെ നിന്ന് ചായ കുടിച്ച് ഞങ്ങൾ യാത്ര തുടർന്നു
വൈകുന്നേരമായപ്പോൾ നല്ല മഴ പെയ്യാൻ തുടങ്ങിയിരുന്നു. ഞങ്ങളുടെ ലക്ഷ്യം ഡസിറ്റ് തനി (Dusit Thani) എന്ന ഹോട്ടൽ ആയിരുന്നു
ഇന്റർനെറ്റിൽ നോക്കി പ്രൈവറ്റ് ബീച്ച് ഒക്കെ ഉള്ള ഹോട്ടൽ നോക്കി ബുക്ക് ചെയ്തതാണ്. അതിനുള്ള റേറ്റും കൊടുക്കണം അവിടെ താമസിക്കാൻ
ചെക്കിൻ എല്ലാം കഴിഞ്ഞു റൂമിൽ വന്നു ജനൽ തുറന്നു നോക്കി. ബീച്ചൊന്നും കാണാനില്ല. കാണാൻ ഉള്ളത് ഒരു പൂന്തോട്ടമാണ്. എല്ലാവരും നിരാശരായി. ഇതാണോ ബീച്ച് ഫേസിങ് റൂം
അപ്പോൾ തന്നെ ട്രാവൽ ഏജൻസിയെ വിളിച്ചു പരാതി പറഞ്ഞു
"അവിടെ ഒരു ബീച്ച് ഉണ്ടായിരുന്നല്ലോ" ഉറക്കത്തിൽ നിന്നെഴുന്നേറ്റ് അവർ പറഞ്ഞ മറുപടി ആ ടെൻഷനിലും ഞങ്ങളെ ചിരിപ്പിച്ചു
ഏതായാലും പറ്റിയത് പറ്റി.
കുളിച്ചു ഫ്രഷ് ആയി ഹോട്ടലിന്റെ പുറത്തെക്ക് നടന്നു. ഒരു ചെറിയ ടൗണിൽ ആണ് ആ റിസോർട്ട് നിൽക്കുന്നത്
രാത്രി എന്ത് കഴിക്കും എന്നോർത്ത് നിൽക്കുമ്പോഴാണ് ഹിന്ദിയിൽ എഴുതിയ ഒരു ബോർഡ് കാണുന്നത്
"പക് വാൻ ഹോട്ടൽ "
തായ് ഫുഡ് കഴിച്ചു എല്ലാവരും ഏകദേശം ഒരു വഴിക്കായിരുന്നു
അവിടെ ചെന്ന് നോക്കുമ്പോൾ ഉത്തർപ്രദേശുകാരൻ ഒരു ധർമേന്ദ്ര സിങ്.
ആവശ്യം അറിയിച്ചു. ഏതു ഇന്ത്യൻ ഫുഡും അവിടെ ഉണ്ടെന്ന് മൂപ്പർ ഉറപ്പു പറഞ്ഞു
അത് സത്യമായിരുന്നു തെക്കേ ഇന്ത്യയുടെ രസവും സാമ്പാറും തൊട്ട് നോർത്ത് ഇന്ത്യൻ പനീർ വിഭവങ്ങളും മട്ടർ വിഭവങ്ങളും പാലക് വിഭവങ്ങളും അതിനു പുറമെ നെയ് ഒഴുകുന്ന ചപ്പാത്തിയും.ആനന്ത ലബ്ധിക്കിനിയെന്തുവേണം
കുറെ ദിവസങ്ങളായി ഭക്ഷണം കിട്ടാത്തവരെപ്പോലെ എല്ലാവരും ആർത്തിയോടെ അതെല്ലാം അകത്താക്കാൻ തുടങ്ങി
അതിനിടയിൽ മഹേഷ് ഓർഡർ ചെയ്ത വലിയ മീൻ മൊത്തമായി മുന്നിൽ വന്നതോടെ എന്റെ കണ്ണു തള്ളിപ്പോയി. കാരണം മസാലയൊക്കെ പുരട്ടിയ ആ മീൻ എന്നെ തുറിച്ചു നോക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. പിന്നീട് തിരിച്ചു വരും വരെ ഞാൻ പക്കാ വെജിറ്റേറിയൻ ഫുഡ് മാത്രമേ കഴിച്ചുളളൂ
പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി. ട്രാവൽ ഏജൻസി പറഞ്ഞത് സത്യമായിരുന്നു. ഞങ്ങൾ തലേന്ന് കണ്ട ഗാര്ഡനുമപ്പുറത്തു വിശാലമായ പ്രൈവറ്റ് ബീച്ച് ആയിരുന്നു. അത് തന്നെയായിരുന്നു ആ ഹോട്ടലിന്റെ പ്രത്യേകതയും
മനോഹരമായ ഒരു റിസോർട് ആയിരുന്നു ഡസിറ്റ് തനി. ബീച്ചിനോട് ചേർന്ന ഗാർഡനും പൂളും ഒക്കെയായിരുന്നു അവിടുത്തെ ഏറ്റവും വലിയ ആകർഷണം. പിന്നെ അവരുടെ ഹോസ്പിറ്റാലിറ്റി എടുത്തു പറയേണ്ടതുമാണ്.
ക്രാബിയിൽ ഞങ്ങൾക്ക് പിറ്റേന്ന് ചെയ്യാനുണ്ടായിരുന്നത് നാല് ദ്വീപുകളിലേക്കുള്ള യാത്രയാണ്. ജീവിതത്തിൽ കണ്ട മനോഹരമായ കാഴ്ചകൾ ആയിരുന്നു ആ യാത്രയിലുടനീളം
പ്രനാങ് , ടപ് , ചിക്കൻ , പോഡ എന്നീ പേരുകൾ ഉള്ള നാലു ദ്വീപുകൾ ആണ് ആ യാത്രയിൽ ഉൾപ്പെട്ടിരുന്നത് യാത്ര തായ്ലണ്ടിന്റെ ഐക്കൺ ആയ ലോങ്ങ് ടെയിൽ ബോട്ടിൽ ആണ്.
ഓരോ ദ്വീപും അതി മനോഹരമായിരുന്നു. അതോടൊപ്പം വൃത്തിയുള്ളതും.ഓരോ ബോട്ടിലും ഉള്ള ടൂർ ഗൈഡ് കയ്യിൽ ഒരു വലിയ പ്ലാസ്റ്റിക് ബാഗ് കരുതിയിരുന്നു. ആ ബോട്ടിൽ വന്നവർ മാലിന്യങ്ങൾ ഐലൻഡിൽ ഇടാതെ നോക്കേണ്ടതും അഥവാ അത്തരം വസ്തുക്കൾ ഉണ്ടെങ്കിൽ അവയെല്ലാം ആ ബാഗിൽ ശേഖരിച്ചു തിരിച്ചു കൊണ്ട് വരേണ്ടതും അവരുടെ ഉത്തരവാദിത്വമാണ്.
റെസ്പോണ്സിബിൾ ടൂറിസം എന്ന് പറഞ്ഞാൽ എന്താണെന്ന് എന്ന് അവിടെ ചെന്ന് കണ്ടാൽ മാത്രമേ നമുക്കു മനസ്സിലാവൂ
പോഡ ഐലൻഡിൽ ആയിരുന്നു ഞങ്ങൾക്ക് ഭക്ഷണം ഒരുക്കിയിരുന്നത്. തായ്ലണ്ടിന്റെ കുറിച്ചുള്ള ചിത്രങ്ങൾ ഇന്റർനെറ്റിൽ നോക്കിയാൽ അവ കൂടുതലും ടപ്പ് ദ്വീപിലെയും പോഡ ദ്വീപിലെയും ആയിരിക്കും. ഒരു മനോഹര ഒരു ചിത്രത്തിന്റെ ക്യാൻവാസിൽ നമ്മൾ വന്നു പെട്ടാൽ എങ്ങിനെ ഇരിക്കും അതുപോലെയാണ് ഞങ്ങൾക്ക് അവിടം അനുഭവപ്പെട്ടത്
ഐലൻഡ് യാത്ര കഴിഞ്ഞു ഞങ്ങൾ തിരിച്ചെത്തി. വൈകീട്ട് സിങ് ചേട്ടന്റെ അവിടെ വീണ്ടും നെയ് ചേർത്ത ചപ്പാത്തിയും കറികളും. തായ്ലൻഡിൽ വന്നിട്ട് ഇവർ എന്തിനാണ് തായ് ഫുഡ് കഴിക്കാതെ ഫുൾ ടൈം തന്റെ ഹോട്ടലിലേക്ക് വരുന്നത് എന്ന് മൂപ്പർ ചിന്തിച്ചു കാണും.ഞങ്ങളുടെ വിഷമം ഞങ്ങൾക്കല്ലേ അറിയൂ സിങ് ചേട്ടാ
പിറ്റേന്ന് മുഴുവൻ ഞങ്ങൾ ഒരു യാത്രയുമില്ലാതെ വിശ്രമിക്കാൻ വേണ്ടി മാത്രം ബാക്കി വെച്ചിരുന്നു. ടൂർ പ്ലാൻ ചെയ്യുമ്പോൾ സ്ഥലം കാണുന്നതിനുമപ്പുറം കുറച്ചു സമയം വിശ്രമിക്കാൻ വേണ്ടി മാറ്റി വെക്കണം
തിരിച്ചു ചെന്നാൽ നമ്മുടെ പഴയ സ്ട്രെസ്സ് ഫുൾ ആയ ലോകത്തേക്കാണ് നമ്മൾ പോകുന്നത്. അതിനു മുൻപ് മനസ്സിനും ശരീരത്തിനും പൂർണ വിശ്രമം കൊടുക്കുന്നതാണ് ഒരു ട്രിപ്പിനെ ഏറ്റവും മനോഹരമാക്കുന്നത്
കുട്ടികൾ ഹോട്ടലിൽ താമസിക്കുന്ന ചൈനീസ് ഫാമിലിയുമായി പരിചയപ്പെട്ട് ആ കുട്ടികളുടെ കൂടെ കളിയ്ക്കാൻ തുടങ്ങി. ഞങ്ങൾ ബീച്ചിലേക്ക് നോക്കി ഗാർഡിനിലെ ബെഞ്ചുകളിൽ ഇരുന്നു. പൂളിൽ കുളിച്ചു. മരങ്ങളിൽ കെട്ടിയിട്ടിട്ടുളള ആട്ടുകട്ടിലുകളിൽ കിടന്ന് ആകാശം കണ്ടു
വൈകുന്നേരം മനോഹരമായ സൂര്യാസ്തമയം കണ്ട് എല്ലാവരുടെയും മനസ്സു നിറഞ്ഞു
പിറ്റേന്ന് രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു ഞങ്ങൾ ചെക്ക് ഔട്ട് ചെയ്തിറങ്ങി. ഞങ്ങളെ കൊണ്ട് പോകാൻ വണ്ടി തയ്യാറായി നിന്നിരുന്നു.
മനമില്ലാമനസ്സോടെ ഞങ്ങൾ ആ റിസോർട്ടിനോടും ക്രാബിയോടും വിട പറഞ്ഞു
ക്രാബിയിൽ നിന്ന് ബാങ്കോക്കിൽ എത്തി അവിടെ നിന്ന് പുലർച്ചെയാണ് ഹൈദെരാബാദിലേക്കുള്ള ഫ്ലൈറ്റ്
ജീവിതത്തിലെ മനോഹരമായ അഞ്ചു ദിവസങ്ങൾ തന്ന ഓർമ്മകളും പേറി തിരികെ ജീവിത യാഥാർഥ്യങ്ങളിലേക്കുള്ള മടക്കയാത്രയും കാത്ത് ഞങ്ങൾ ആ എയർ പോർട്ടിന്റെ ലോഞ്ചിൽ ഇരുന്നു