നാട്ടിൽ നിന്ന് ആരെങ്കിലും ഹൈദരാബാദ് കാണാനായി വന്നാൽ അവരെ ഞാൻ ആദ്യം കൊണ്ടുപോകുന്നത് നഗരത്തിന്റെ തിരക്കിൽ നിന്ന് മാറി ഒറ്റപ്പെട്ട് ചരിത്രസ്‌മൃതികളും പേറി നിൽക്കുന്ന ഗോൽകൊണ്ട കോട്ടയിലേക്കായിരിക്കും. ഈ നഗരത്തിൽ അതാണ് എന്റെ പ്രിയപ്പെട്ട സ്ഥലം
എന്താണ് ഹൈദരാബാദിന്റെ ഐക്കൺ എന്ന് ചോദിച്ചാൽ എന്റെ ഉത്തരം ഗോൽകൊണ്ട ഫോർട്ട് എന്ന് തന്നെയായിരിക്കും, ചാർമിനാർ ആണ് എന്ന് മറ്റുള്ളവർ പറയുമെങ്കിലും
ഗോൽകൊണ്ട ഫോർട്ടിനു ഒരു ഇമോഷണൽ ഫീൽ ആണ് . അതിന്റെ പ്രൗഢിയും ഗാംഭീര്യവും ചരിത്രവും ഒന്ന് വേറെ തന്നെയാണ്. കണ്ണുകൊണ്ടു കാണുന്നതിന് പകരം നമ്മൾ ഹൃദയം കൊണ്ട് കാണണം എന്ന് മാത്രം
ഗോൽകൊണ്ട ഫോർട്ട് ഇന്ന് അറിയപ്പെടുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആണ് .ഇന്ന് ഇന്ത്യൻ ആർമിയുടെ കീഴിൽ ഉള്ള സംരക്ഷിത പൈതൃക സ്ഥലം.
ഡൽഹി റെഡ് ഫോർട്ടിന് മുന്നിൽ നമ്മളെ കാത്തു നിൽക്കുന്ന ടൂറിസ്റ്റ് ഗൈഡുകളെ പോലെ ഇവിടെയും കുറെ പേർ ഗൈഡുകളായി ജീവിതം നയിക്കുന്നു . കോട്ടയുടെ മുന്നിൽ ഒരു പ്രത്യേക ആംഗിളിൽ ടൂറിസ്റ്റുകളെ നിർത്തി കോട്ടയുടെ മുഴുവൻ രൂപവും ക്യാമറയിലൂടെ പകർത്തികൊടുക്കുന്ന അമേച്ച്വർ ഫോട്ടോഗ്രാഫേഴ്സ് , കൊച്ചു കൊച്ചു സാധനങ്ങൾ വില്കക്കാൻ നടക്കുന്ന കുട്ടികൾ ..ഇന്ത്യയിൽ എവിടെ പോയാലും പൈതൃക ടൂറിസം കേന്ദ്രങ്ങൾ ഇങ്ങനെയൊക്കെയാണ്
എങ്കിലും അതൊന്നുമല്ലാത്ത ഒരു മമത നമുക്ക് ഈ കോട്ടയോടു തോന്നും . അവിടെ ഒരു തവണ പോയാൽ മെഡിറ്റേഷനിൽ എന്ന പോലെ നമ്മുടെ മനസ്സ് ശാന്തമാക്കുന്ന എന്തോ ഒന്ന് അവിടെ ഉണ്ട് . അവിടെ പോവാൻ കിട്ടുന്ന ഒരു അവസരവും ഞാൻ ഒഴിവാക്കാറില്ല. അന്നും ഇന്നും
ടിക്കറ്റ് എടുത്തു കടന്നാൽ ആദ്യം കണ്ണിൽ പെടുക പടുകൂറ്റൻ വാതിലാണ് . അതിൻ മേൽ നിറയെ ഇരുമ്പുമുള്ളുകൾ പതിച്ചിരുന്നു . കോട്ട കീഴടക്കാൻ വന്ന മുഗൾ ചക്രവർത്തി ഔരംഗസീബിന് ആനകളെകൊണ്ട് ആ വാതിൽ തള്ളി തുറക്കാൻ പറ്റാതിരുന്നത് ഇത് കൊണ്ടായിരുന്നു .
ഇന്ന് ആ വാതിൽ അറിയപ്പെടുന്നത് ഫത്തേ ദർവാസാ (Fateh Darwaza) എന്ന പേരിലാണ് , അതെ ഔരംഗസീബ് തന്നെ ഗോൽകൊണ്ട കോട്ടയ്ക്കകത്തു നിന്ന് ഒറ്റുകാരെ കൊണ്ട് വാതിൽ തുറപ്പിച്ചാണ് കോട്ട കീഴടക്കാൻ അകത്തു കയറുന്നതു . ആ വിജയത്തിന്റെ ഓർമ്മക്കായാണ് ഫത്തേ ദർവാസാ എന്ന് ആ വാതിലിനു നാമകരണം ചെയ്തത്
വാതിൽ കടന്നു നമ്മൾ കയറി ചെല്ലുന്നതു ഒരു പോർട്ടിക്കോയിലേക്കാണ് . അവിടെ കുറച്ചു പേര് നിന്ന് കൈ കൂട്ടി അടിക്കുന്നു . ഓരോ തവണ കൈ അടിക്കുമ്പോഴും അവിടെ അത് പ്രകമ്പനം ഉണ്ടാക്കുന്ന പോലെ തോന്നും
അത് ബാലഹിസാറിലേക്ക് അപകട സൂചന കൊടുക്കാൻ ഉള്ള അന്നത്തെ ഒരു സാങ്കേതിക വിദ്യയാണ് . അവിടെ നിന്ന ഒരാൾ എന്നോട് പറഞ്ഞു . എന്നിട്ട് അയാൾ ഒരു പ്രത്യേക രീതിയിൽ കൈ അടിക്കുകയും ചെയ്തു . ചെവിയിൽ എന്തോ ഇരമ്പുന്ന പോലെ ആയിരുന്നു അതിന്റെ പ്രതിധ്വനി . അയാൾ അകലെ ഉയരത്തിൽ നിൽക്കുന്ന എടുപ്പ് ചൂണ്ടിക്കാട്ടി അതാണ് ബാലഹിസാർ എന്ന് ചൂണ്ടിക്കാണിച്ചു .
അത് കുറെ ഉയരത്തിൽ ആയിരുന്നു . അവിടെ നിഴൽ പോലെ ആൾക്കാർ നിൽക്കുന്നത് കാണാം . ഇത്ര ഉയരത്തിലേക്ക് വളരെ പെട്ടെന്നു മുന്നറിയിപ്പ് സന്ദേശം കൊടുക്കാൻ ഉള്ള ഒരു സാങ്കേതിക വിദ്യ അവർ ഉപയോഗിച്ചിരുന്നു എന്നത് അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. അവിടെ ഒരു തൂണിനോട് നമ്മൾ അടക്കി സംസാരിച്ചാൽ അത് പോർട്ടിക്കോയുടെ മറ്റു തൂണുകളിൽ ചെവിയോർത്താൽ കേൾക്കാം. ശബ്ദ സന്ദേശങ്ങളെ ഒരു കല്ലിൽ നിന്ന് മറ്റൊന്നിലേക്ക് ക്രമമായി സഞ്ചരിപ്പിക്കാൻ ഉള്ള സാങ്കേതിക വിദ്യ അന്ന് ഉണ്ടായിരുന്നു എന്നത് ആശ്ചര്യപ്പെടുത്തുന്ന ഒന്നായിരുന്നു
എനിക്ക് വിവരങ്ങൾ പറഞ്ഞു തന്ന മനുഷ്യൻ താൻ ഒരു ടൂറിസ്റ്റ് ഗൈഡ് ആണ് എന്ന് സ്വയം പരിചയപ്പെടുത്തി. തുടന്നുള്ള യാത്രയിൽ ഏതായാലും അയാളെക്കൂട്ടാൻ ഞാൻ തീരുമാനിച്ചു
രാജാവിന്റെ കോട്ട എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരിക കൊട്ടാരത്തിന്റെ ചിത്രമാണ്. അരമനയും സിംഹാസനവും ഒക്കെ ഉള്ള അമര്ചിത്ര കഥകളിലെ കൊട്ടാരം . എന്നാൽ ഗോൽകൊണ്ട കോട്ട അത്തരത്തിൽ ഉള്ള സങ്കൽപ്പങ്ങളിൽ നിന്നൊക്കെ വിഭിന്നമായിരുന്നു. പദ്‌മനാഭപുരം കൊട്ടാരവും മറ്റും കണ്ടു ശീലിച്ച നമുക്ക് മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടുള്ളതാണ് ഗോൽകൊണ്ട കോട്ട. കരിങ്കല്ല് ചേർത്ത് വെച്ച പല പല എടുപ്പുകൾ . എല്ലായിടത്തും വളരെ പരുക്കൻ രൂപത്തിൽ ഉള്ളത്. പലതിനും ഉയരം വളരെ കുറവ് . ഒന്ന് ഒന്നിനോട് ചേരാത്ത പോലെ അവിടവിടെയായി ചിതറിക്കിടക്കുന്നു. ഇതിനിടയിൽ എവിടെയാണ് രാജാവും റാണിയും പരിവാരങ്ങളും താമസിച്ചിരുന്നത് എന്ന് ഞാൻ ഊഹിക്കാൻ ശ്രമിച്ചു
എന്റെ ചിന്തകളെ വായിച്ചെന്ന പോലെ ഗൈഡ് പറഞ്ഞു ഏതാണ്ട് അഞ്ഞൂറ് വര്ഷം മുൻപ് ഇങ്ങനെ ഉണ്ടാക്കിയവരെ നമ്മൾ അംഗീകരിക്കേണ്ടേ? ഞാൻ ആലോചിച്ചു അതും സത്യമാണ് . താജ്മഹലും കുത്തബ്മിനാറും റെഡ് ഫോർട്ടും ഉണ്ടാക്കിയ മുഗൾ വംശം പോലെ അത്ര വലിയ സമ്പന്നമായ രാജവംശം ആയിരുന്നില്ലല്ലോ ഗോൽകൊണ്ട ഭരിച്ച രാജാക്കന്മാരുടേതു
അവിടെ കിടക്കുന്ന സമചതുരാകൃതിയിലുള്ള ഇരുമ്പിന്റെ ഒരു കല്ല് കാണിച്ചു ഗൈഡ് പറഞ്ഞു അന്ന് സൈനത്തിൽ ആളെ എടുത്തിരുന്നത് ഈ കല്ല് പൊക്കാൻ ഉള്ള ശക്തി അയാൾക്കുണ്ടെങ്കിൽ മാത്രമാണ് . ഞാൻ ഒന്ന് പൊക്കാൻ ശ്രമിച്ചു . ഒരു ജന്മം എടുത്താലും സാധാരണക്കാരന് പൊക്കാൻ കഴിയാത്ത അത്രയ്ക്ക് ഭാരം അതിനുണ്ടായിരുന്നു . പാഴ് ശ്രമം ഉപേക്ഷിച്ചു ഞങ്ങൾ മുകളിലേക്ക് നടന്നു .
ഇനി കുറെ പടികൾ കയറണം . താഴെ രണ്ടു കുളങ്ങൾ കാണാമായിരുന്നു. വെള്ളം നിറഞ്ഞു കിടക്കുന്നു . അന്നത്തെ കോട്ടയിലെ ജനങ്ങളുടെ കുടിനീർ സ്രോതസ്സായിരുന്നു അത് അയാൾ പറഞ്ഞു . അങിനെ മൂന്ന് വലിയ കുളങ്ങളിൽ വെള്ളം ശേഖരിച്ചു വെച്ചാണ് നൂറുകണക്കിന് ജനങ്ങൾക്ക് കൃഷിക്കും മറ്റും ആവശ്യമായ ജലം നൽകിയിരുന്നത്
പടികൾ കയറുന്നതു അത്ര എളുപ്പമായിരുന്നില്ല. എന്റെ ബുദ്ധിമുട്ട് കണ്ടിട്ടോ എന്തോ യാത്രയുടെ ഭാരം ഒന്ന് ലഘൂകരിക്കാൻ ഗൈഡ് ഗോൽകൊണ്ടയുടെ ചരിത്രം പറയാൻ തുടങ്ങി
ആട്ടിടയന്മാരുന്ടെ കുന്ന് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗൊല്ലകൊണ്ട എന്ന സ്ഥലത്തെ ആദ്യമായി കോട്ട കെട്ടി ഒരു നാട്ടു രാജ്യമാക്കി മാറ്റുന്നത് കക്കാട്ടിയ രാജവംശം ആയിരുന്നു . അതും പതിനാലാം സെഞ്ചുറിയിൽ. ഏതാണ്ട് എഴുനൂറു വർഷങ്ങൾക്ക് മുൻപ്.
ആ കുന്നിനു ഒരു പ്രത്യേകത ഉണ്ടായിരുന്നത് കൊണ്ടാണ് കക്കാട്ടിയ രാജാക്കന്മാരുടെ ശ്രദ്ധ അവിടേക്ക് പതിഞ്ഞത് . അവിടെ വിലപ്പെട്ട രത്‌നങ്ങളുടെ ശേഖരം നിറയെ കാണപ്പെട്ടിരുന്നു .അവിടെ നിന്നാണ് ഇന്ന് ബ്രിട്ടീഷ് മ്യൂസിയത്തിൽ ഇരിക്കുന്ന കോഹിനൂർ രത്‌നം കക്കാട്ടിയ രാജാക്കന്മാർ കണ്ടെടുക്കുന്നത്
കക്കാട്ടിയ രാജവംശം ഏതാണ് ഇരുനൂറ് വര്ഷം ഗോൽകൊണ്ട ഭരിച്ചു . പിന്നീട് ആ രാജ വംശം ക്ഷയിക്കുകയും ഭൈമിനി സുൽത്താൻ ഡെക്കാൻ ഭൂമിയുടെ അധികാരം പിടിച്ചടക്കിയപ്പോൾ ഗോൽകൊണ്ട കോട്ടയും രത്നങ്ങളും അവരുടെ കൈവശം വന്നു ചേരുകയും ചെയ്തു. അധികം കാലം ഗോൽകൊണ്ട ഭരിക്കാൻ ഭൈമിനി സുൽത്താന്മാർക്ക് കഴിഞ്ഞില്ല
സുൽത്താൻ ക്വിലി ഖുതബ് ഉൾ മുൽക് ആണ് ഗോൽകൊണ്ട ഫോർട്ട് വിപുലീകരിച്ചു നിർമ്മിച്ചത്. അതും അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് . കൃത്യമായി പറഞ്ഞാൽ 1518 ഇൽ . അതിനു മുൻപ് ഉണ്ടായിരുന്നത് കക്കാട്ടിയ രാജാക്കന്മാർ മണ്ണ് കൊണ്ട് ഉണ്ടാക്കിയ ഒരു കോട്ട ആയിരുന്നു
ഭൈമിനി സുൽത്താൻ മാരുടെ ഗവർണർ ആയിരുന്നു ക്വിലി ഖുതബ് ഉൾ മുൽക്. ഭൈമിനി സുൽത്താന്മാരുടെ പ്രതാപകാലം അസ്തമിക്കുന്നു എന്ന് തിരിച്ചറിഞ്ഞ ക്വിലി ഖുതബ് ഗോൽകൊണ്ടയുടെ സുൽത്താൻ ആയി സ്വയം പ്രഖ്യാപിക്കുകയും തുടർന്ന് ഖുതബ് ഷാഹി രാജവംശത്തിനു തുടക്കം കുറിക്കുകയും ചെയ്തു
തുടർന്നുള്ള നൂറ്റമ്പതു വർഷത്തോളം ഗോൽകൊണ്ട ഖുതബ് ഷാ ഭരണത്തിൻ കീഴിൽ അഭിവൃദ്ധി പ്രാപിച്ചു .
കലയ്ക്കും നൃത്തത്തിനും ഏറെ പ്രാധ്യാനം ഉണ്ടായിരുന്നു ഖുതബ് ഷാഹി ഭരണത്തിൻ കീഴിൽ . കുച്ചുപ്പുടി എന്ന നൃത്തം അതിന്റെ സുവർണകാലത്തിനു നന്ദി രേഖപ്പെടുത്തുന്നത് ഖുതബ് ഷാഹി ഭരണകാലത്തോടും അന്നത്തെ സുൽത്താന്മാർക്ക് അതിൽ ഉണ്ടായിരുന്ന താല്പര്യത്തോടുമാണ്. ഗസലുകൾ പാടാൻ അന്യദേശത്തു നിന്ന് പോലും പാട്ടുകാർ ആ രാജധാനിയിൽ വന്നിരുന്നു
രത്‌നങ്ങളും മുത്തുകളും സിൽക്കും കോട്ടണും വിൽക്കുകയും മറ്റു നാട്ടു രാജ്യങ്ങൾക്ക് വിൽക്കുകയും ചെയ്ത് ഗോൽകൊണ്ട സമ്പൽ സമൃദ്ധമായി തീർന്നു . സൂറത്തിനും മച്ചലിപ്പട്ടണത്തിനും ഇടയിലെ ഏറ്റവും വലിയ വ്യാപാരകേന്ദ്രം ആയി അക്കാലത്തു ഗോൽകൊണ്ട മാറി
ഖുതബ് ഷാഹി ഭരണ നേട്ടങ്ങൾ അവിടെ ഒതുങ്ങിയില്ല. സുൽത്താൻ മുഹമ്മദ് ക്വിലി ഖുതബ് ഷായുടെ ഭരണകാലത്താണ് ചാർമിനാർ, മെക്ക മസ്ജിദ് , മുസി നദിക്ക് കുറുകെ ഉള്ള പുരാനാപൽ പാലം തുടങ്ങിയ ഹൈദരാബാദിന്റെ ഐക്കൺ ആയ പല നിര്മിതികളും ഉണ്ടാകുന്നത്
ഗോൽകൊണ്ടയിൽ നിന്ന് മുസി നദിയുടെ കരയിലേക്ക് രാജ്യ തലസ്ഥാനം മാറ്റുന്നതിന് പിന്നിൽ ഒരു പ്രണയ കഥയുടെ ടച്ച് കൂടെയുണ്ട് . ഗൈഡ് പറഞ്ഞു
ഞാൻ ആ കഥ കേൾക്കാൻ ഉത്സുകനായി
യുവാവായ മുഹമ്മദ് ക്വിലി ഖുതബ് ഷാ ഒരു യാത്രയ്ക്കിടയിൽ മുസി നദിക്കരയിലെ ഒരു ഗ്രാമത്തിൽ ഒരു സുന്ദരിയായ പെൺകുട്ടിയെ കണ്ടുമുട്ടുന്നു. ഭാഗ്മതി . ഭാഗ്മതിയോടുള്ള സ്നേഹം ക്വിലി ഖുതബ് ഷാ തന്റെ പിതാവിനോട് തുറന്നു പറയുന്നു . പക്ഷെ ഹിന്ദു കുടുംബത്തിൽ നിന്നുള്ള വിവാഹത്തിന് പിതാവ് സമ്മതിക്കുന്നില്ല . അദ്ദേഹം മകനെ വീട്ടു തടങ്കലിൽ ആക്കുന്നു .
പിതാവിന്റെ വിലക്ക് ലംഘിച്ചു മഴ പെയ്യുന്ന ഒരു രാത്രിയിൽ കോട്ട വിട്ടിറങ്ങിയ രാജകുമാരൻ ഭാഗ്മതിയെ കാണാൻ പോകുന്നു . നിറഞ്ഞൊഴുകുന്ന മൂസി നദി നീന്തിക്കടന്നാണ് രാജകുമാരൻ തന്റെ പ്രണയിനിയെ കാണാൻ പോകുന്നത്
വിവരങ്ങൾ അറിഞ്ഞ സുൽത്താൻ അവരുടെ പ്രണയത്തിനു മുന്നിൽ കീഴടങ്ങുന്നു . ഭാഗ്മതിയുടെ താമസസ്ഥലിനു ചുറ്റും ക്വിലി ഖുതുബ് ഷാ ഒരു നഗരം നിർമിക്കുകയും അത് ഭാഗ്യനഗർ എന്ന് അറിയപ്പെടുകയും ചെയ്തു . അവിടെ ക്വിലി ഖുതുബ് ഷാ ഭാഗ്മതിക്ക് താമസിക്കാൻ പുരാന മഹൽ എന്ന കൊട്ടാരം പണിയുകയും പിന്നീട് ഇത് ഹൈദർമഹൽ എന്ന് അറിയപ്പെടുകയും ചെയ്തു . ഹൈദർമഹലിനു ചുറ്റും പിന്നീട് രൂപപ്പെട്ടു വന്ന ജന സംസ്‌കൃതിയാണ് ഇന്നത്തെ ഹൈദരാബാദിനു തുടക്കം കുറിക്കുന്നത്
ഗോൽകൊണ്ട രാജ്യത്തിൻറെ സമൃദ്ധിയും പ്രശസ്തിയും അന്നത്തെ മുഗൾ രാജാവായ ഔറഗസീബിന്റെ ശ്രദ്ധയിൽ പെടുന്നതോടെയാണ് ഗോൽകൊണ്ട കോട്ടയുടെ പതനം ആരംഭിക്കുന്നത് .1687 ഇൽ മുഗൾ സൈന്യം ഗോൽകൊണ്ട ആക്രമിച്ചു
എന്നാൽ വളരെ പെട്ടെന്ന് കീഴടങ്ങാൻ അന്നത്തെ സുൽത്താൻ ആയിരുന്നു അബു ഹസ്സൻ ഖുതബ് ഷാ തയ്യാറായിരുന്നില്ല . നീണ്ട എട്ടു മാസത്തോളും മുഗൾ സൈന്യം കോട്ടയ്ക്കു ചുറ്റും നിന്ന് പീരങ്കിയും ഗ്രനേഡുകളും പ്രയോഗിച്ചു . പക്ഷെ ഖുതബ് ഷാഹി സുൽത്താന്മാർ കോട്ടയ്ക്ക് ചുറ്റും നിർമിച്ച ഗ്രാനൈറ്റ് കൊണ്ടുള്ള കോട്ടമതിലും അതിന്റെ വാതിലുകളും തകർക്കാൻ കഴിഞ്ഞില്ല . അതിനും പുറമെ കോട്ട വാതിലുകളിൽ വലിയ ഇരുമ്പിന്റെ ആണികൾ കൊണ്ട് സംരക്ഷിച്ചു നിർത്തിയിരുന്നതിനാൽ ആനകളെ ഉപയോഗിച്ച് വാതിൽ തകർക്കാൻ ഉള്ള മുഗൾ സൈന്യത്തിന്റെ എല്ലാ ശ്രമവും പരാജയപ്പെട്ടു
ഔറഗസീബ് പിന്മാറാൻ തയ്യാറായിരുന്നില്ല. ഖുതബ് ഷാഹി സൈനത്തിലെ രണ്ടു കമാണ്ടർമാരെ - മുഖാരബ് ഖാൻ , സരൻദാസ് ഖാൻ - തന്റെ തന്റെ വശത്താക്കാൻ മുഗൾ സൈന്യത്തിന് കഴിഞ്ഞു
മഴ പെയ്യുന്ന ഒരു രാത്രി മുഗൾ സൈന്യം കോട്ടയ്ക്ക് ചുറ്റും ആക്രമണം ആരംഭിച്ചു . അബു ഹസ്സൻ ഖുതബ് ഷായും സൈന്യവും പ്രധാന കോട്ടവാതിൽ സംരക്ഷിക്കുന്ന ശ്രമത്തിൽ ആയിരുന്നു . മുഗൾ സൈന്യം കോട്ടയ്ക്ക് അകത്തു കടക്കാതെ അവർ സംരക്ഷിക്കുന്നതിന് ഇടയ്ക്ക് കൂറ് മാറിയ കമ്മാണ്ടർമാരുടെ സഹായത്തോടെ മറ്റൊരു വശത്തെ കോട്ട വാതിലൂടെ മുഗൾ സൈന്യം കോട്ടയ്ക്കകത്തു ഇരച്ചു കയറി . അധികം താമസിയാതെ സുൽത്താൻ മുഗൾ സൈന്യത്തിന്റെ തടവിലാവുകയും ഗോൽകൊണ്ട കോട്ട മുഗൾ സൈന്യത്തിന്റെ അധീനതയിൽ ആവുകയും ചെയ്തു
തന്റെ കൈവശമുള്ള രത്‌നങ്ങൾ ഔരംഗസീബിന് സമർപ്പിക്കാൻ സുൽത്താൻ നിര്ബന്ധിതനാവുകയും അതോടെ ഔരംഗസീബ് ലോകത്തിലെ ഏറ്റവും സമ്പന്നനായ ചക്രവർത്തിയാവുകയും ചെയ്തു . പിന്നീട്ബ്രിട്ടീഷുകാർ മുഗൾ രാജാക്കന്മാരെ പരാജയപ്പെടുത്തി ആ രത്‌നങ്ങൾ ഇന്ഗ്ലണ്ടിലേക്ക് കടത്തിക്കൊണ്ടു പോയി എന്നത് മറ്റൊരു ചരിത്രം
ഖുതബ് ഷാഹി ഭരണത്തിന് അതോടെ അന്ത്യമാവുകയും ഗോൽകൊണ്ട കോട്ടയുടെ സുവർണ കാലത്തിന്റെ പതനം ആരംഭിക്കുകയും ചെയ്തു
ഗോൽകൊണ്ടയിലെ സമ്പത്തു കൊള്ളയടിച്ചു തീർന്നതോടെ മുഗൾ വംശത്തിനു അതിനോടുള്ള താല്പര്യം കുറയുകയും. കോട്ടയുടെ തുടർന്നുള്ള നിർമാണങ്ങളും സംരക്ഷണവും നോക്കി നടത്താൻ ആരും ഇല്ലാതാവുകയും ചെയ്തു
ഹൈദരാബാദിന്റെ ഭരണം മുഗൾ സുൽത്താന്മാർ ഗവർണർ ആയ നൈസാമിനെ ഏൽപ്പിക്കുകയും , തുടർന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതു വരെ മുസി നദി കരയിലെ നഗര കേന്ദ്രത്തിൽ നിന്ന് നൈസാം വംശം പിന്നീട് ഹൈദരാബാദ് ഭരിക്കുകയും ചെയ്തു .
പുതിയ ഭരണാധികാരികൾക്ക് ഗോൽകൊണ്ട് ഫോർട്ടിനോട് മമത ഉണ്ടായിരുന്നില്ല. ഒരു കാലത്തു സജീവമായിരുന്ന ഗോൽകൊണ്ട കോട്ട അങ്ങിനെ മറവിയിലേക്ക് നീങ്ങി പുതിയ നഗരത്തിൽ നിന്ന് ഏറെ അകലെ ഗതകാല സ്മരണകളുടെ സ്മാരകം പോലെ ഏതാണ്ട് മൂന്നു നൂറ്റാണ്ടുകൾ മഴയും വെയിലും മഞ്ഞുമേറ്റ് ആ കോട്ട നിന്നു . കോട്ടയുടെ ചില ഭാഗങ്ങൾ തകർന്നു വീണു . എങ്കിലും കാറ്റിലും മഴയിലും തകരാതെ
കോട്ടയുടെ കുറെ ഭാഗങ്ങൾ ഇന്നും നിലനിൽക്കുന്നു. ചരിത്രത്തിൽ ഇഷ്ടമുള്ളവരുടെ വരവും കാത്ത്
ഗൈഡ് കഥ പറഞ്ഞു തീരുമ്പോഴേക്കും ഞങ്ങൾ കോട്ടയുടെ മുകളിൽ എത്തിയിരുന്നു. ഞങ്ങളുടെ വഴിയിൽ അതിനിടയിൽ രണ്ടു പള്ളികളും ഒരു അമ്പലവും കടന്നു പോയിരുന്നു. പ്രജകളുടെ മതവിശ്വാസങ്ങളെ സുൽത്താന്മാർ സംരക്ഷിച്ചിരുന്നു എന്നതിന് ഉദാഹരണമായിരുന്നു അതെല്ലാം
ഏറ്റവും മുകളിലെ പവലിയൻ ആണ് ബാല ഹിസാർ . അവിടെ നിന്നാൽ ചുറ്റുപാടുകളുടെ 360 ഡിഗ്രിയിൽ ഉള്ള ദൃശ്യം കാണാമായിരുന്നു . ശത്രുക്കളുടെ ആക്രമണങ്ങളെ നിരീക്ഷിക്കാൻ പണ്ട് അവിടെ സൈനികരെ വിന്യസിച്ചിരുന്നു
അവിടെ നിന്ന് നോക്കിയാൽ കോട്ടയുടെ ചുറ്റുമതിലിന്റെ രൂപ രേഖ കാണാം . എന്താണ് പതിനൊന്നു കിലോമീറ്റർ നീളത്തിൽ ഉള്ള കൂറ്റൻ മതിൽക്കെട്ട് . ഒരു ജനസമൂഹം സുരക്ഷിതമായി നൂറ്റാണ്ടുകളോളം ഈ മതില്കെട്ടിനകത്തു ജീവിച്ചത് എങ്ങിനെയായിരിക്കും . ഞാൻ ഊഹിക്കാൻ ശ്രമിച്ചു . രാജാവും പരിവാരങ്ങളും റാണിമാരും കച്ചവടക്കാരും സൈനികരും . ആ ജീവിതം സങ്കല്പിച്ചു നിൽക്കുന്നതിനിടയിൽ താഴെ ചിതറിക്കിടക്കുന്ന തകർന്നു തുടങ്ങിയ എടുപ്പുകൾ കാണിച്ചു ഗൈഡ് പറഞ്ഞു അതാണ് റാണി മഹൽ. റാണിമാർ താമസിച്ചിരുന്നതും നൃത്തം ചെയ്തിരുന്നതും ഒക്കെ അവിടെയാണ്
നേരം സന്ധ്യായാകാൻ തുടങ്ങിയിരുന്നു . അകലെ സൂര്യൻ ചുമന്നു തുടുത്തു നിൽക്കുന്നു .നമുക്ക് വേഗം ഇറങ്ങണം . ആറരയ്‌ക്കാണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോ ഇഗ്ളീഷിൽ ഉള്ളത്. തുടർന്നുള്ള ഷോകൾ ഹിന്ദിയിലും തെലുങ്കിലും ആണ്. ഗൈഡ് പറഞ്ഞു
കയറുന്നതിലും കഷ്ടം ആയിരുന്നു പടികൾ ഇറങ്ങാൻ . കുത്തനെ ഉള്ള പടികൾ ഇറങ്ങി ഞങ്ങൾ റാണി മഹലിന്റെ അവിടെ എത്തുമ്പോൾ ലൈറ്റ് ആൻഡ് സൗണ്ട് ഷോ കാണാൻ ജനങ്ങൾ അവിടെ നിരന്ന് കഴിഞ്ഞിരുന്നു
പിന്നെയായിരുന്നു ആ ദിവസത്തെ മനോഹരമായ കാഴ്ച സൂര്യൻ അസ്തമിച്ചു . കോട്ടയുടെ ശാന്തതയിലേക്ക് അമിതാബ് ബച്ചന്റെ ഘനഗംഭീര ശബ്ദം ഒഴുകിയെത്തി . എവിടെ നിന്നാണ് ആ ശബ്ദം വരുന്നത് . ഞാൻ ചുറ്റും നോക്കി . അകലെ പാറകൾക്കിടയിൽ വർണം വിതറി വിളക്കുകൾ കത്താൻ തുടങ്ങി . ആ കോട്ടയുടെ എഴുനൂറു വർഷത്തെ ചരിത്രം പറയുകയായിരുന്നു അമിതാബ് ബച്ചൻ. ആട്ടിടയന്മാർ ആ കുന്നിൽ വരുന്നത് മുതൽ മുഗൾ വംശം ആ കോട്ട കീഴടക്കുന്നത് വരെയുള്ള കഥ. ജീവനില്ലാത്ത ആ ശിലകൾ സംസാരിക്കുന്നതു പോലെ. ആ കോട്ടയിൽ എവിടെയൊക്കെയോ ഇപ്പോഴും ആൾക്കാർ താമസിക്കുന്നുണ്ട് എന്നും നമുക്ക് തോന്നിപ്പോകും ആ ശബ്ദവിന്യാസം കേട്ടാൽ . അങ്ങിനെയാണ് ശബ്ദ വെളിച്ച നിയന്ത്രണം . കഥ പറയുമ്പോൾ കഥയുടെ ഭാഗമായ കോട്ടയുടെ വശങ്ങൾ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വരികയും പിന്നെ മറയുകയും ചെയ്യും. ആദ്യമായി ആ ഷോ കാണുമ്പോൾ അതൊരു വേറിട്ട അനുഭവം ആയിരുന്നു
അര മണിക്കൂർ ആയിരുന്നു ആ ഷോ . സമയം പോയത് അറിഞ്ഞില്ല . ഒരു കാലഘട്ടത്തിലെ ജീവിതം കണ്മുന്നിലൂടെ സിനിമയിലെന്ന പോലെ കടന്നു പോയി .കഥയും ഗസലും സംഗീതവുമായി ആ ഷോ തീരുമ്പോൾ നഷ്ടബോധം മനസ്സിൽ നിറഞ്ഞു .
ലൈറ്റ് ആൻഡ് സൗണ്ട് ഷോ കഴിഞ്ഞു ഇറങ്ങുമ്പോൾ സഞ്ചാരികൾ എല്ലാവരും മൗനത്തിൽ ആയിരുന്നു. ചരിത്രം എത്ര കൈ വഴികൾ നിറഞ്ഞതാണ് അതിലേറെ മനോഹരവും. ആ കോട്ടയുടെ കഥ അവിടെ വരുന്ന ഓരോരുത്തരുടെ മനസ്സിലും ആഴത്തിൽ പതിഞ്ഞിട്ടുണ്ട് എന്ന് വ്യക്തം
തിരിച്ചു വരുമ്പോൾ കോട്ടയുടെ അവശേഷിപ്പുകൾക്കിടയിൽ പഴയ നൃത്തമണ്ഡപം വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്നുണ്ടായിരുന്നു. ഒരു കാലത്തു എത്രയോ നർത്തകിമാർ അവിടെ നൃത്തം ചെയ്തിരിക്കും . കാലം നൂറ്റാണ്ടുകൾക്ക് പിറകിലേക്ക് പോകുന്ന പോലെ ..അകലെ നിന്ന് പതിയെ ഒരു ഗാനശകലമോ ചിലങ്കയുടെ കിലുക്കമോ കേൾക്കുന്നുണ്ടോ. ഉണ്ട് എന്ന് എന്റെ മനസ്സു പറയുന്നു. ഒരു പക്ഷേ എന്റെ തോന്നൽ ആയിരിക്കാം.
കോട്ട വാതിൽ കടന്നു ഒന്ന് കൂടി തിരിഞ്ഞു നോക്കി . നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിനു കുറുകെ കോട്ടയുടെ രൂപരേഖ ചലനമില്ലാതെ നിന്നു. ഒരു കാലത്തു അവിടെ ജീവിച്ചിരുന്നവർ നമ്മളോട് മൗനമായ് യാത്രാമൊഴി ചൊല്ലുന്ന പോലെ.
ഗൈഡിനോട് യാത്ര പറഞ്ഞു ഖുതുബ് ഷാഹി സുൽത്താന്മാരുടെ ശവകുടീരങ്ങൾക്കരികിലൂടെ ഞാൻ എന്റെ മടക്കയാത്ര തുടർന്നു.
അതിന്റെ പരിസരത്തു അവിടെ തമ്പടിച്ച നാടോടികളാരോ മനോഹരമായൊരു ഗസൽ അപ്പോഴും പാടിക്കൊണ്ടിരുന്നു


