Wednesday, November 17, 2021

വിശാഖപട്ടണം , അരക്കുവാലി

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള കുറച്ചു നഗരങ്ങൾ എടുത്താൽ അതിൽ സ്ഥാനംപിടിക്കും ആന്ധ്രാപ്രദേശിന്റെ കിഴക്കൻ തീരത്തു ബംഗാൾ ഉൾക്കടലിലേക്ക് അഭിമുഖമായി കിടക്കുന്ന വിശാഖപട്ടണം എന്ന തുറമുഖ നഗരം

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖമായ പ്രകൃതിദത്ത തുറമുഖങ്ങളിൽ ഒന്നാണ് വിശാഖപട്ടണം. അതിമനോഹരമായ ബീച്ചുകൾ ഉള്ള ഇവിടം രണ്ടോ മൂന്നോ ദിവസത്തെ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്
ഹൈദരാബാദ് നിന്ന് വിമാന മാർഗം ഒരു മണിക്കൂർ യാത്രയേ വിശാഖപട്ടണത്തേക്ക് ഉള്ളൂ . നേരത്തെ തന്നെ ഞങ്ങൾ എയർപോർട്ടിൽ എത്തിയിരുന്നു . വിശാഖപട്ടണത്തിന്റെ ചരിത്രം ഒന്ന് ഓർത്തെടുക്കാൻ ആ സമയം ഉപയോഗിക്കാം എന്ന് കരുതി
ഹൈദരാബാദിന്റെ ഭരണചരിത്രമോ പാരമ്പര്യമോ ഒന്നുമല്ല വിശാഖപട്ടണത്തിന്റെ ചരിത്രവും പാരമ്പര്യവും . ബി സി നാലാം നൂറ്റാണ്ട് മുതൽ ഇങ്ങോട്ടു പാരമ്പര്യമുള്ള നഗരമാണ് വിശാഖപട്ടണം . മഹാനായ അശോക ചക്രവർത്തിയുടെ കലിംഗ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഒരു കാലത്ത് വിശാഖപട്ടണം ഉൾപ്പെടുന്ന പ്രദേശങ്ങൾ . കലിംഗ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം പല്ലവ വംശം ഈ പ്രദേശത്തിന്റെ അധിപരായി . പല്ലവ വംശത്തിനു ശേഷം ചോള സാമ്രാജ്യം നിലവിൽ വന്നപ്പോൾ ഈ പ്രദേശങ്ങൾ വര്ഷങ്ങളോളം ചോളാ സാമ്രാജ്യത്തിന്റെ അധീനതയിലായി . ഇവിടെ ഒരു നഗരം നിർമ്മിച്ചത് ചോള രാജാവായ കുലോത്തുംഗ ചോളൻ ആണെന്ന് പറയപ്പെടുന്നു. കുലോത്തുംഗ ചോളന്റെ ഭരണകാലം പന്ത്രണ്ടാം നൂറ്റാണ്ടിൽ ആണ് എന്ന് വെച്ചാൽ ഏതാണ്ട് എണ്ണൂറു വർഷങ്ങൾക്ക് മുൻപ്.
ചോള സാമ്രാജ്യത്തിന് ശേഷം ഈ പ്രദേശം ഒറീസ ആസ്ഥാനമാക്കിയ ഗജപതി രാജ്യവംശത്തിന്റെ അധീനതയിലും തുടർന്ന് പതിനഞ്ചാം നൂറ്റാണ്ടോടെ വിജയനഗരസാമ്ര്യാജ്യത്തിന്റെ ഭാഗം ആയി മാറുകയും ചെയ്തു . വിജയനഗരസാമ്രാജ്യം അതിന്റെ പ്രഭാവം അസ്തമിച്ചു ഒടുങ്ങിയപ്പോൾ ഈ പ്രദേശം മുഴുവൻ ജയ്‌പൂർ രാജാവിന്റെ കീഴിൽ ആവുകയും പിൻക്കാലത്തു വിശാഖപട്ടണത്തിന്റെ രാജാവ് എന്ന പേരിൽ ജയ്‌പൂർ രാജാവ് അറിയപ്പെടുകയും ചെയ്തു . പിന്നീട് കുറച്ചു കാലം ഖുതുബ് ഷാഹി വംശവും തുടർന്ന് മുഗൾ വംശവും പിന്നീട് ഹൈദരാബാദ് നിസാമും വിശാഖപട്ടണത്തിന്റെ അധിപന്മാരായി
അതിനിടെ പതിനെട്ടാം നൂറ്റാണ്ടോടെ വിശാഖപട്ടണം ഫ്രഞ്ച് അധീനതയിൽ ആവുകയും 1804 ലോടെ വിശാഖപട്ടണം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭാഗം ആവുകയും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നത് വരെ ഈ പ്രദേശം മുഴുവൻ ബ്രിട്ടീഷുകാരുടെ അധീനതയിൽ ആയി തീരുകയും ചെയ്തു
നാട്ടുമൊഴി അനുസരിച്ച്‌ വിശാഖപട്ടണം എന്ന പേര് ഉണ്ടായത് വിശാഖ എന്ന പേരിൽ നിന്നാണ് . കൃഷ്ണന്റെ ഗോപികമാരിൽ രാധ കഴിഞ്ഞാൽ പിന്നെ ഏറ്റവും സുന്ദരിയായിരുന്നു വിശാഖ. രാധാ കൃഷ്ണന്മാരുടെ പ്രണയത്തിൽ അവരുടെ ദൂതുകൾ കൈമാറിയിരുന്ന വിശാഖ. വിശാഖയെ കുടുംബ ദേവതയായി കണ്ടിരുന്ന ആന്ധ്രാ രാജാവ് അവർക്ക് വേണ്ടി ക്ഷേത്രം പണിതത് കൊണ്ടാണ് ഈ നഗരത്തിനു ഇങ്ങിനെ ഒരു പേര് വന്നത് എന്നും അതല്ല ബുദ്ധ മതത്തിന്റെ പ്രചാരണകാലത്തു ബുദ്ധന്റെ ആദ്യ വനിതാ ശിഷ്യയായി മാറിയ പെൺകുട്ടിയ്ക്ക് വിശാഖ എന്ന പേര് നൽകപ്പെട്ടു എന്നും തുടർന്ന് ബുദ്ധമതത്തിനു ഇവിടെ വലിയ പ്രചാരം കിട്ടുകയും നഗരം വിശാഖപട്ടണം എന്ന് അറിയപ്പെടുകയും ചെയ്തു എന്നും പലതരം വാമൊഴികൾ നിലവിൽ ഉണ്ട് .
ചരിത്രം വായിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല . ഫ്ലൈറ്റ് ബോര്ഡിങ്ങിന് ഉള്ള അനൗൺസ്‌മെന്റ് വന്നപ്പോഴാണ് ചിന്തകളിൽ നിന്ന് ഉണർന്നത്
വിശാഖപട്ടണത്ത് ചെന്നിറങ്ങിയാൽ ആദ്യം നമ്മളെ ആകർഷിക്കുക ആ നഗരത്തിന്റെ വൃത്തിയും വെടിപ്പുമാണ് . റോഡിലും പരിസരങ്ങളിലും അലസമായി കിടക്കുന്ന മാലിന്യ കൂമ്പാരം ഇവിടെ നമ്മൾ കാണില്ല . മാലിന്യ സംസ്കരണത്തിൽ ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും ഉള്ള നഗരങ്ങൾ കുറെയൊക്കെ മുന്നേറിയിട്ടുണ്ടെങ്കിലും വിശാഖപട്ടണം അതിനെയൊക്കെ കടത്തിവെട്ടി മനോഹാരിയായി നിൽക്കുന്നു. എവിടെ നോക്കിയാലും മനസ്സിന് കുളിർമ നൽകുന്ന ദൃശ്യങ്ങൾ ആണ് വിശാഖപട്ടണം നമുക്ക് നൽകുക
വിശാഖപട്ടണത്തേക്ക് യാത്ര പോകുമ്പോൾ രണ്ടു ദിവസം വിശാഖപട്ടണം നഗരത്തിലും ഒരു ദിവസം അരക്കു വാലി എന്ന ട്രൈബൽ വില്ലേജിലും താമസിക്കാവുന്ന രീതിയിൽ പ്ലാൻ ചെയ്യുന്നതാവും നല്ലത്
പ്രൈവറ്റ് ബീച്ച് ഉള്ള ഒരു പാട് നല്ല ബീച്ച് റിസോർട്സ് അവിടെയുണ്ട് . കേരളത്തിലെ ബീച്ചുകളിൽ നമുക്ക് സൂര്യാസ്തമയം ആണ് കാണാൻ പറ്റുന്നതെങ്കിൽ വിശാഖപട്ടണത് ബീച്ചുകളിൽ നമ്മൾ കാണുക സൂര്യോദയം ആണ്. കിഴക്കോട്ട് അഭിമുഖമായി ബംഗാൾ ഉൾക്കടലിലേക്ക് നീണ്ടു കിടക്കുന്നതു കൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത്
ഹോട്ടലിൽ എത്തി ചെക്ക് ഇൻ ചെയ്യുമ്പോഴേക്കും സമയം ഏതാണ്ട് ഉച്ചയായിരുന്നു . ഭക്ഷണം കഴിച്ചു ഒന്ന് വിശ്രമിച്ചു പുറത്തേക്കിറങ്ങിയാൽ ആദ്യം പോകുന്നത് രാമകൃഷ്ണ ബീച്ചിലേക്കാണ് . അവിടെയാണ് കൂടുതൽ സന്ദർശകരും വൈകുന്നേരം ചിലവഴിക്കാൻ എത്തുന്നത് . അതിനു രണ്ടു കാരണങ്ങൾ ഉണ്ട് . അവിടെയാണ് പ്രശസ്തമായ സബ്മറൈൻ മ്യൂസിയം ഉള്ളത് പിന്നെ കടൽ വിഭവങ്ങൾ ഭക്ഷണമായി കിട്ടുന്ന ഒരു പാട് നല്ല റെസ്റ്റോറന്റ്സ് അവിടെ ആണ് ഉള്ളത്
ഐ എൻ എസ് കുർസുര , സബ് മറൈൻ മ്യൂസിയം
--------------------------------------------------------------
ഇന്ത്യൻ നാവികസേനയുടെ നാലാമത് മുങ്ങിക്കപ്പൽ ആയിരുന്നു ഐ എൻ എസ് കുർസുര . 1969 ഇൽ കമ്മീഷൻ ചെയ്യപ്പെട്ട കുർസുര 1971 ഇൽ നടന്ന ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ പ്രധാന പങ്കു വഹിച്ചു .
2001 ഡികമ്മീഷൻ ചെയ്യപ്പെട്ട കുർസുര എല്ലാ ബഹുമാനവും നൽകി ഒരു നേവൽ മ്യൂസിയം ആക്കി മാറ്റിയത് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ശ്രമഫലമായാണ് . ഇന്ന് RK ബീച്ചിൽ വരുന്ന ആരും കുർസുരയുടെ ധീരചരിത്രം അറിയാതെ മടങ്ങുന്നില്ല
ഈ അടുത്ത കാലത്തു റിലീസ് "ഖാസി" എന്ന സിനിമ കണ്ടവർക്ക് മുങ്ങിക്കപ്പലുകളെ കുറിച്ച് ഏകദേശം ധാരണ ഉണ്ടാവും. പക്ഷെ ഒരു മുങ്ങികപ്പലിന്റെ ഉൾഭാഗം എങ്ങിനെ ഇരിക്കും എന്ന് കുർസുരയിലൂടെ കയറി ഇറങ്ങുമ്പോൾ മാത്രമാണ് നമുക്ക് പൂർണമായും മനസ്സിലാവുക. എത്ര പരിമിതമായ സൗകര്യങ്ങളോടെയാണ് ദിവസങ്ങളോളം വെള്ളത്തിനടിയിൽ നമ്മുടെ സൈനികർ ജീവിക്കുന്നത് എന്നാലോചിക്കുമ്പോൾ നമുക്ക് തന്നെ ഒരു ശ്വാസം മുട്ടൽ അനുഭവപ്പെടും. നമ്മുടെ ധീര ജവാന്മാരുടെ ആത്മബലത്തിനും മനഃസ്ഥൈര്യത്തിനും ഇതിനേക്കാൾ നല്ല ഒരു ഉദാഹരണം വേറെയില്ല. അവർ എല്ലാ നിലയ്ക്കും സല്യൂട്ട് അർഹിക്കുന്നു എന്ന് ഇവിടം സന്ദർശിച്ചാൽ നമുക്ക് തോന്നിപ്പോകും
അവിടെ നിന്ന് പുറത്തു വരുമ്പോഴേക്കും നേരം വൈകി തുടങ്ങിയിരുന്നു . നേരത്തെ പറഞ്ഞപോലെ സൂര്യാസ്തമയം നേരിട്ട് കാണാൻ പറ്റാത്ത ബീച്ചുകൾ ആണ് ഈസ്റ്റ് കോസ്റ്റ് ബീച്ചുകൾ. ബീച്ചിലൂടെ ഒരു റൗണ്ട് നടന്നു വന്നാൽ പിന്നെ എയർ ക്രാഫ്റ്റ് മ്യൂസിയം കാണാം . ശാസ്ത്രത്തിലും എയറോനോട്ടിക്കൽ എഞ്ചിനീയറിങ്ങിലും താല്പര്യം ഉള്ളവർക്ക് ഒരു പാട് കാര്യങ്ങൾ ഇവിടെ നിന്ന് മനസ്സിലാക്കാം
പുറത്തിറങ്ങിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു . ഇനി പരീക്ഷിക്കാനുള്ളത് വിശാഖപട്ടണത്തെ ഭക്ഷണപെരുമയാണ്. ഏറ്റവും രുചികരമായി നോൺ വെജിറ്റേറിയൻ ഭക്ഷണം കിട്ടുന്ന ഭക്ഷണശാലകൾ ആണ് ബീച്ചിന്റെ ഒരു വശം മുഴുവൻ . പ്രോൺസ് , ക്രാബ് പിന്നെ എല്ലാ തരം മീൻ വിഭവങ്ങളും അവിടെ കിട്ടും . എല്ലാത്തിനും നല്ല രുചിയും വില വളരെ കുറവും . ഒരു ഹോട്ടലിൽ പോയി കഴിക്കുന്നതിനേക്കാൾ വിലക്കുറവിൽ അതിനേക്കാൾ നല്ല ഭക്ഷണം ഇത്തരം ഷാക്കുകളിൽ കിട്ടും
ഭക്ഷണം കഴിഞ്ഞു അന്നത്തെ പ്രോഗ്രാം അവസാനിപ്പിച്ച് ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി
പിറ്റേന്ന് അതി രാവിലെ എഴുന്നേറ്റു . പ്രൈവറ്റ് ബീച്ചുള്ള ഹോട്ടൽ ആയിരുന്നത് കൊണ്ട് സുഖകരമായി സൂര്യോദയം കണ്ടു . ആസ്വാദ്യകരമായ ബ്രേക്ക് ഫാസ്റ്റിനു ശേഷം കൈലാസഗിരി കാണാൻ ഞങ്ങൾ പുറപ്പെട്ടു.
പണ്ടത്തെപ്പോലെ അല്ല . ഇന്ന് റോപ് വേ സംവിധാനം ഉണ്ട് കൈലാസ ഗിരിയുടെ മുകളിൽ കയറാൻ. ശിവന്റെയും പർവ്വതിയുടെയും വലിയ പ്രതിമകൾ സ്ഥാപിച്ചത് കൊണ്ടായിരിക്കും ആ സ്ഥലത്തിന് ആ പേര് കിട്ടിയത് . അകലെ താഴെ വെൺനുര പതയുന്ന ബീച്ചുകൾ കാണാമായിരുന്നു . മറ്റേതു ടൂറിസ്റ്റ് സ്ഥലം പോലെയും യാത്രികർക്ക് വേണ്ട കുറെ നേരമ്പോക്കുകൾ അവിടെയുമുണ്ട് . വിശാഖപട്ടണത്തിന്റെ ഒരു ബേർഡ് ഐ വ്യൂ അവിടെ നിന്നാൽ കിട്ടും. അന്തരീക്ഷവും നല്ല തണുപ്പാണ്
തിരിച്ചിറങ്ങി ഋഷികൊണ്ട ബീച്ച് വരെ ഞങ്ങൾ പോയി . മനോഹരമായ ബീച്ചാണ് ഋഷികൊണ്ട. അത് പോലെ തന്നെ അപകടകരവും. അധികം താഴേക്ക് ഇറങ്ങിയാൽ തിര കാൽ വലിച്ചു കൊണ്ട് പോകും . ഒരു പാട് പേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട് ഇവിടെ. അത് കൊണ്ട് തന്നെ അധികം പരീക്ഷണത്തിന് ഞങ്ങൾ മുതിർന്നില്ല
അന്നത്തെ ഭക്ഷണം നല്ലൊരു ഹോട്ടലിൽ നിന്ന് ആയിരുന്നു . തലേന്ന് കഴിച്ച ഭക്ഷണം ആയിരുന്നു കൂടുതൽ നന്നായത് എന്നാണു എല്ലാവരും അഭിപ്രായപ്പെട്ടത് . അതിനു കാരണം അത് കുറച്ചു കൂടെ തുറന്ന സ്ഥലത്തും ബീച്ചിന്റെ അരികത്തു ആണെന്നുള്ളതും കൊണ്ടാവാം. ഭക്ഷണത്തിന് രുചി നൽകുന്നത് അത് കഴിക്കുന്ന ചുറ്റുപാടുകൾ കൂടി നന്നാവുമ്പോൾ ആണല്ലോ
രണ്ടാം ദിവസം കഴിഞ്ഞിരിക്കുന്നു . നാളെ അരക്കുവാലി ട്രൈബൽ സെറ്റിൽമെന്റിലേക്കാണ് യാത്ര. അതിനു മുൻപ് വിശാഖപട്ടണത്തിന്റെ ബുദ്ധിസ്റ്റ് പാരമ്പര്യത്തെക്കുറിച്ചു ചിലതു കുറിക്കാം
കലിംഗ യുദ്ധത്തിന് ശേഷം മനം മാറ്റം വന്ന അശോക ചക്രവർത്തി ബുദ്ധമതം സ്വീകരിക്കുകയും തുടർന്ന് രാജ്യം എമ്പാടും ബുദ്ധ ആശ്രമങ്ങളും സ്തൂപങ്ങളും സ്ഥാപിക്കുകയും ചെയ്തു. വിശാഖപട്ടണത്തും അതിന്റെ ശേഷിപ്പുകൾ ഇന്നും കാണാം
പാവുരല്ലകൊണ്ട, ശങ്കരം , ഭവികൊണ്ട ,തൊട്ട്ലകൊണ്ട എന്നിവിടങ്ങളിൽ ബി സി മൂന്നാം നൂറ്റാണ്ടിലെ ബുദ്ധ സ്മാരകങ്ങളും സ്തൂപങ്ങളും കാണാം . എന്താണ് വിശാഖപട്ടണത്തിന്റെ പാരമ്പര്യം എന്ന ചോദ്യത്തിന് നിസംശയം പറയാം കലിംഗ സാമ്രാജ്യത്തിന്റെയും ബുദ്ധവിഹാരങ്ങളുടെയും പാരമ്പര്യം പേറുന്ന മണ്ണാണ് ആ പ്രദേശം എന്ന്. ഇന്ന് ബുദ്ധമതം ആചരിക്കുന്ന ആരെങ്കിലും ആ പരിസരത്തു ഉണ്ടോ എന്ന് സംശയമാണ് . ഒരുകാലത്തു എല്ലാവരും ആചരിച്ചിരുന്ന വിശ്വാസങ്ങൾ എങ്ങിനെയാണ് പെട്ടെന്ന് ഇല്ലാതാവുന്നത് . ഉത്തരം കിട്ടാത്ത ചോദ്യമാണ് അത് . ആ ലോജിക് വെച്ച് നോക്കുകയാണെങ്കിൽ ഇന്ന് ആചരിക്കുന്ന പല വിശ്വാസങ്ങളും ചിലപ്പോൾ നാളെ ഉണ്ടാവണം എന്നില്ല
അരക്കു വാലിയിലേക്ക് വിശാഖപട്ടണത്ത് നിന്ന് 110 കിലോമീറ്റർ ദൂരം ഉണ്ട് . ഒറീസാ ബോർഡറിൽ ഉള്ള ഒരു ഹിൽ സ്റ്റേഷൻ ആണ് അരക്കുവാലി. ആന്ധ്രാപ്രദേശിന്റെ ഊട്ടി എന്നറിയപ്പെടുന്ന ഈ സ്ഥലം ഭൂമിശാസ്ത്രപരമായും കാലാവസ്ഥാപരമായും മറ്റേതു ഹിൽ സ്റ്റേഷനോടും കിടപിടിക്കും. കാപ്പി ആണ് അരക്കു വാലിയിലെ പ്രധാന കൃഷി . ട്രൈബൽ മ്യൂസിയം, ട്രൈബൽ കലാരൂപങ്ങൾ എന്നിവയൊക്കെയാണ് അവിടുത്തെ ആകർഷണം. അവിടുത്തെ സ്ത്രീകൾ നടത്തുന്ന ഒരു നൃത്തരൂപം കാണാൻ വളരെ മനോഹരമാണ്
അതി പ്രശസ്തമായ ബോറ ഗുഹകൾ ഇവിടെയാണ് . ഭൂമിക്കടിയിൽ ഒരു നൂറു മീറ്റർ ഉയരത്തിലും ഏതാണ്ട് അത്ര തന്നെ നീളത്തിലും വീതിയിലും ഉള്ളതാണ് ഈ ഗുഹ . ഇത് രൂപം കൊണ്ടിരിക്കുന്നത് ലാറ്ററൈറ്റും മാര്ബിളും ഗ്രാനൈറ്റും എല്ലാം ചേർന്നാണ് . 1807 ഇൽ ബ്രിട്ടീഷുകാർ ആണ് ഇത് കണ്ടു പിടിക്കുന്നത് . സന്ദർശകർക്ക് ഗുഹയിലേക്ക് ഇറങ്ങാനും കാഴ്ചകൾ കാണാനും ഉള്ള സൗകര്യം ഉണ്ട് . ഒരു വ്യത്യസ്തമായ അനുഭവം പ്രധാനം ചെയ്യും ഈ ഗുഹയിലൂടെയുള്ള സന്ദർശനം
ബോറ കേവ്സ് കണ്ടു പുറത്തിറങ്ങുമ്പോഴേക്കും അരക്കു വാലിയിൽ മഞ്ഞു പെയ്യാൻ തുടങ്ങും . ചുറ്റുമുള്ള കാട്ടിൽ നിന്ന് തണുത്ത കാറ്റ് നമ്മളെ വന്നു തലോടിക്കൊണ്ടിരിക്കും. അവിടെ രാത്രി തങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ചില റിസോർട്ടുകൾ ഉണ്ട് . ഏറുമാടങ്ങളിൽ താമസിക്കാനുള്ള സൗകര്യവുമുണ്ട്
അരക്കു വാലിയിലെ മറ്റു ആകർഷണങ്ങൾ ചാപ്ര വാട്ടർഫാൾസ്‌ , ബൊട്ടാണിക്കൽ ഗാർഡൻ , കോഫീ മ്യൂസിയം എന്നിവയൊക്കെയാണ് . ഡിസംബർ മുതൽ ഫെബ്രുവരി വരെ ആണ് അരക്കുവാലി സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല സമയം. ബൊങ്‌ലോ ചിക്കൻ, മദുഗുല ഹൽവ ഇതൊക്കെയാണ് അരക്കു വാലിയിൽ നമ്മൾ ടേസ്റ്റ് ചെയ്തു നോക്കേണ്ട വിഭവങ്ങൾ
സമയം ഉണ്ടെങ്കിൽ അരക്കു വാലിയിൽ ഒരു രാത്രി തങ്ങാം . മൂന്ന് ദിവസത്തെ മാത്രം യാത്ര പ്ലാൻ ചെയ്തിരുന്നത് കൊണ്ട് ഞങ്ങൾ അന്ന് രാത്രി തന്നെ അരക്കു വാലിയോട് വിടപറഞ്ഞു. എല്ലാവരുടെയും കയ്യിൽ അവിടെ നിന്ന് വാങ്ങിയ കാപ്പിപ്പൊടിയും നല്ല തേനും ഉൾപ്പെടെ നിറയെ വനവിഭവങ്ങൾ ആയിരുന്നു
രാത്രിയോടെ ഞങ്ങൾ തിരികെ വിശാഖപട്ടണത്ത് തിരിച്ചെത്തി . അർധരാത്രി കഴിഞ്ഞുള്ള ഫ്ലൈറ്റിൽ കയറി ഇരിക്കുമ്പോൾ എല്ലാവരും നന്നേ ക്ഷീണിച്ചിരുന്നു . എങ്കിലും ആ മൂന്ന് ദിവസം പൂർണമായും ആസ്വദിച്ചതിന്റെ സന്തോഷം എല്ലാവരുടെ മുഖത്തും ഉണ്ടായിരുന്നു .
ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തതോടെ ഉറക്കത്തിന്റെ ചിറകുകൾ ഞങ്ങളെ വാരിപ്പുർണർന്നു . അകലെ അരക്കു വാലിയിൽ അപ്പോൾ നേരം പുലർന്നു തുടങ്ങിയിട്ടുണ്ടാവണം

സഹദേവേട്ടന്റെ മഴക്കാലം

ഓരോ നാട്ടിലും എത്രയോ വ്യത്യസ്തരായ ജനങ്ങൾ ആണ് ജീവിക്കുന്നത് അതിൽ തന്നെ എത്രയോ പേർ മണ്മറഞ്ഞു പോയി . എഴുതപ്പെടാൻ മാത്രം ചരിത്രമില്ലാതെ ആരുടേയും ഓർമകളിൽ ഇല്ലാതെ അവർ എങ്ങോ പോയ് മറഞ്ഞു .

ചിലരൊക്കെ അതിൽ പ്രകൃതിയുടെ താളത്തിന് ഒപ്പം ജീവിച്ചവരാണ് . പ്രകൃതിയുടെ ആ താളം വീണ്ടും കാണുമ്പോൾ ചിലരുടെയൊക്കെ ഓർമ്മകൾ മനസ്സിൽ വരുന്നതും അത് കൊണ്ടാണ്
പണ്ടൊക്കെ മഴക്കാലത്ത് തെങ്ങിന് തടമെടുക്കുക എന്നൊരു പണി ഉണ്ടായിരുന്നു . മഴ പെയ്തു പറമ്പിലൂടെ ഒഴുകി വരുന്ന വെള്ളം തെങ്ങിന്റെ കടയ്ക്കൽ തന്നെ കെട്ടി നില്ക്കാനും മണ്ണിലെ പശിമ സ്വന്തം പുരയിടത്തിനു പുറത്തു പോകാതിരിക്കാനും തെങ്ങിന്റെ വേരുകൾ മുകളിലേക്ക് പൊട്ടി മുളയ്ക്കാതിരിക്കാനും ഒക്കെയായാണ് ഈ തടമെടുപ്പ്
പറമ്പുകളയെപ്പോലെയോ അല്ലെങ്കിൽ പാടത്തെ കാലായിപ്പണി പോലെയോ അത്രയ്ക്ക് അദ്ധ്വാനം വേണ്ടാത്ത ഒരു ജോലിയാണ് തെങ്ങിന്റെ തടമെടുപ്പ് . പ്രത്യേകിച്ചും മണൽ പ്രദേശമായ ഞങ്ങളുടെ നാട്ടിൽ ഒന്ന് മഴ പെയ്താൽ മണ്ണ് നന്നായി ഇളകി കിടക്കുന്നുണ്ടാവും .
ഈ സമയത്താണ് സഹദേവേട്ടൻ എല്ലാ വർഷവും പ്രത്യക്ഷപ്പെടാറ് . വർഷം പെയ്യുന്നതു വരെ മൂപ്പർ എന്ത് ചെയ്യുകയായിരുന്നു എന്ന് ചോദിച്ചാൽ പ്രത്യേകിച്ച് ഉത്തരമൊന്നും ഇല്ല . മൂപ്പർ 'വിസിബിൾ' അല്ല എന്ന് ചുരുക്കം.
ഉയരം കുറഞ്ഞ് നന്നായി വെളുത്ത ഒരു മനുഷ്യനായിരുന്നു സഹദേവേട്ടൻ . മെല്ലെ മെല്ലെയാണ് നടക്കുക . ആ ഒരു അവധാനത മൂപ്പരുടെ ജീവിതത്തിലും ഉണ്ടായിരുന്നു
ഇടവപ്പാതി പെയ്തു മണ്ണ് കുതിർന്നാൽ സഹദേവേട്ടൻ വീട്ടിൽ വരും . അതിരാവിലെ വന്നു മുറ്റത്ത് നില്പുണ്ടാവും അച്ഛൻ ഉറക്കം ഉണർന്നു വരുന്നതും കാത്ത്
വരവിന്റെ ഉദ്ദേശ്യം വേറൊന്നുമല്ല തെങ്ങിന് തടമെടുക്കുന്ന പണി സ്ഥിരം പണിക്ക് വരുന്ന കുമാരേട്ടൻ ചെയ്യുന്നതിന് മുൻപ് ആ പണി പിടിക്കാനാണ് വരവ്.
മുറ്റത്ത് അച്ഛനെ കാത്തു നിൽക്കുന്ന സമയത്തൊക്കെ മൂപ്പർ സ്വയം എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കുകയും കൈവിരലിൽ എന്തൊക്കെയോ കണക്കു കൂട്ടൽ നടത്തുകയും ചെയ്തു കൊണ്ടിരിക്കും .
എന്താണ് കണക്ക് കൂട്ടുന്നത് എന്ന് ആർക്കും അറിയില്ല . മൂപ്പർ അത് ആരോടും പറഞ്ഞിട്ടുമില്ല
അച്ഛൻ എഴുന്നേറ്റ് ഉമ്മറത്തേക്ക് വന്നാൽ സഹദേവേട്ടൻ ഒരു ചിരിയാണ്.
"മാഷേ , തെങ്ങിന് തടം വെട്ടേണ്ടേ?"
"ആ നോക്കണം" അച്ഛന്റെ അലസമായ മറുപടി
സഹദേവേട്ടനെ ഏൽപ്പിച്ചാൽ പറമ്പിലെ തെങ്ങിന്റെ മുഴുവൻ തടം എടുത്തു കഴിയുമ്പോഴേക്കും മഴക്കാലം തീരും എന്ന് അച്ഛനറിയാം . എന്നാൽ പണി ചോദിച്ചു വന്ന ആളെ മടക്കി അയക്കാനും അച്ഛന് ഒരു മടി
അടുത്ത 'പ്രൊപോസൽ' സഹദേവേട്ടൻ തന്നെ മുന്നോട്ട് വെക്കട്ടെ എന്ന് കരുതി അച്ഛൻ മെല്ലെ പത്രവായനയിലേക്ക് കടക്കും
"തടം എണ്ണി പൈസ തന്നാ മതി മാഷെ"
എന്ന് വെച്ചാൽ ദിവസക്കൂലി വേണ്ട , ഒരു തടം വെട്ടിയാൽ ഇത്ര രൂപ എന്ന കണക്കിന്.
സഹദേവേട്ടനെ ദിവസക്കൂലിക്ക് വെച്ച് പണി എടുപ്പിച്ചാൽ മുതലാവില്ല എന്നറിയുന്ന അച്ഛൻ പുതിയ പ്രൊപ്പോസലിനോട് ക്രിയാത്മകമായി പ്രതികരിക്കും
"ആ അത് നോക്കാം , ഒരു തടത്തിനു നാല് രൂപ ആണെങ്കിൽ സഹദേവൻ തുടങ്ങിക്കോ"
"അയ്യോ അത് പറ്റില്ല ആറ് രൂപ വേണം മാഷേ , എനിക്കും എന്തെങ്കിലും കിട്ടേണ്ടേ?"
"നാല് തന്നെ കൂടുതലാണ് , ഏതായാലും അഞ്ചു രൂപ വെച്ച് ഒരു തടത്തിനു തരാം , പിന്നെ തെങ്ങിൻ തൈയുടെ തടത്തിനു മൂന്ന് രൂപയും"
തല ചൊറിഞ്ഞു കൊണ്ട് സഹദേവേട്ടൻ ഒന്ന് ചിരിക്കും .
എന്നാ പിന്നെ നാളെ വരാമെന്ന് പറഞ്ഞു മൂപ്പർ പോകും
പിറ്റേന്ന് നേരം വെളുക്കുമ്പോൾ തന്നെ സഹദേവേട്ടൻ വീട്ടിൽ ഉണ്ടാവും . വിത്ത് യൂണിഫോം.
കാലിൽ കറുത്ത റബ്ബർ ഷീറ്റുകൾ കെട്ടി വെച്ച് പുറത്തു പ്ലാസ്റ്റിക് ചരടുകൊണ്ടു കെട്ടും . കണ്ടാൽ മിലിറ്ററിക്കാരുടെ ഷൂ പോലെ . വെള്ളത്തിലൂടെ നടക്കുമ്പോൾ കാലുകളിൽ വൃണം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ
തലയിൽ ടവൽ കൊണ്ട് ഒരു കെട്ട് , കയ്യിൽ മൂപ്പരുടെ ശരീരത്തിന് ചേരുന്ന ഒരു കൈക്കോട്ട്
ഇത്രയുമായാൽ നമ്മൾ വിചാരിക്കും സഹദേവേട്ടൻ വേഗം വേഗം തടം വെട്ടി തീർക്കും എന്ന് . എവിടെ?
സഹദേവേട്ടന് ഒരു തടം വെട്ടണമെങ്കിൽ കുറഞ്ഞത് രണ്ടു മണിക്കൂർ വേണം. പക്ഷെ ഒരു കാര്യമുണ്ട് മറ്റുള്ള പണിക്കാരെ പോലെ അല്ല . സഹദേവേട്ടൻ വെട്ടിയ തടത്തിനു കൃത്യം വട്ടമായിരിക്കും ആഴമായിരിക്കും ഒരു തരി മണ്ണ് അതിന്റെ കരയിൽ നിന്ന് ഇടിഞ്ഞു വീഴില്ല . അത്രയും വൃത്തിയായി മാത്രമേ മൂപ്പർ ഓരോ തടവും ഒരുക്കൂ.
അതിനിടയിൽ മൂപ്പർ കൈക്കോട്ട് നിലത്തു വെച്ച് എങ്ങോട്ടോ നോക്കി നിൽക്കുന്നതു കാണാം . പിന്നെ ചിരിച്ചു കൊണ്ട് കൈ വിരലിൽ എന്തൊക്കെയോ കൂട്ടി നോക്കും . ഇത്ര തടം വെട്ടി തീർന്നാൽ ഇത്ര രൂപ കിട്ടും എന്നൊക്കെയായിരിക്കും.
"സഹദേവേട്ടാ" എന്ന് ഞങ്ങൾ പോയി വിളിച്ചാൽ മൂപ്പർ വീണ്ടും പണി തുടങ്ങും
ഇങ്ങനെ വൈകുന്നേരം ആവുമ്പോഴേക്കും മൂപ്പർ ആകെ തീർത്തിട്ടുണ്ടാകുക മൂന്നോ നാലോ തടം മാത്രമായിരിക്കും
യൂണിഫോം ഒക്കെ ഊരി കഴുകിവെച്ച് മൂപ്പർ കൂലിക്കായി മുറ്റത്തു വന്നു നിൽക്കും
"നാലു തടത്തിനു ഇരുപതു രൂപ" . അച്ഛൻ കൊടുത്ത പൈസയിൽ നിന്ന് അമ്മ എടുത്തു കൊടുക്കും
അതും വാങ്ങി ചിരിച്ചു കൊണ്ട് മൂപ്പർ അവിടെ തന്നെ പോവാതെ നിൽക്കും . എന്തെങ്കിലും കൂടുതൽ കൊടുക്കണം എന്നാണ് ആ നിൽപ്പിന്റെ അർത്ഥം. പൈസ ഉണ്ടെങ്കിൽ നാലോ അഞ്ചോ രൂപകൂടി ചിലപ്പോൾ അമ്മ കൊടുക്കും
അതും വാങ്ങി തലയിലെ ടവൽ അഴിച്ചു ഷർട്ടിന്റെ കോളറിന്റെ മേലെ മടക്കി വെച്ച് മൂപ്പർ ചിരിച്ചു കൊണ്ട് തലയാട്ടി പടിയിറങ്ങി നേരെ വടക്കോട്ട് നടക്കും . ഷാപ്പിൽ പോയി ഒന്ന് മിനുങ്ങിയിട്ടേ വീട്ടിലേക്ക് മടക്കമുള്ളൂ
ഇങ്ങനെ എത്രയോ മഴക്കാലങ്ങളിൽ സഹദേവേട്ടൻ ഞങ്ങളുടെ പടി കയറി വന്നിരിക്കുന്നു . ആരോടും കൈ നീട്ടാതെ തനിക്ക് ചിലവിനു വേണ്ട പണം ഇങ്ങനെ ചെറിയ ചെറിയ പണികൾ ചെയ്തു ആ മനുഷ്യൻ ഉണ്ടാക്കിയിരുന്നു .
ജീവിതത്തിൽ ഒറ്റത്തടിയായിരുന്നു സഹദേവേട്ടൻ ..അങ്ങിനെ കുറെ കാലം ജീവിച്ചു ഒരു ദിവസം മൂപ്പർ അങ്ങ് പോയി .. പിന്നീടുള്ള മഴക്കാലങ്ങളിൽ പങ്കു ചേരാതെ
നാട്ടിൽ വന്നു ഉമ്മറത്തിരുന്നു പെരുമഴ കാണുമ്പോൾ കുട ചൂടി മഴയത്തു പടി കയറി വന്നിരുന്ന ആ ചെറിയ മനുഷ്യനെ ഓർത്തു പോയി. എഴുതപ്പെടാത്ത ചരിത്രത്തിന്റെ ഭാഗമായവർ അങ്ങിനെ എത്രയോ പേർ.

കൃഷ്ണകൃപാ സാഗരം

ചൊവ്വല്ലൂർ ക്ഷേത്ര നടയിലെ വാരിയത്ത് പുതിയ പുസ്തകത്തിന്റെ ഒരു കോപ്പി ശ്രീ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിക്ക് കൊടുക്കാൻ എത്തിയതായിരുന്നു ഞങ്ങൾ.

അല്പം സങ്കോചത്തോടെയാണ് എന്റെ നിൽപ്പ്. അകലെ നിന്ന് കണ്ടിട്ടുണ്ടെങ്കിലും ഇത് വരെ അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചിട്ടില്ല. വരവിന്റെ ഉദ്ദേശ്യം അറിയിച്ചാൽ എന്തായിരിക്കും പ്രതികരണം?
അങ്ങിനെ സമ്മിശ്ര വികാരങ്ങളോടെ നിൽക്കുമ്പോൾ അകത്തു നിന്ന് സുസ്മേരവദനനായി അദ്ദേഹം പുറത്തു വന്നു.
വന്ന കാര്യം അവതരിപ്പിച്ചു..
എഴുത്തിനെപ്പറ്റി , പുസ്തകത്തെപറ്റി എല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു..
പതുക്കെ മനസ്സിലെ മഞ്ഞുരുകാൻ തുടങ്ങി..
സംസാരം പിന്നീട്‌ "സർഗം" എന്ന സിനിമയെക്കുറിച്ചായി..ഒരു പാട് പുസ്തകങ്ങളും ഭക്തിഗാനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിലും എന്നെ ഏറെ ആകർഷിച്ചിരുന്നത് 'സർഗം' സിനിമയ്ക്ക് വേണ്ടി അദ്ദേഹം എഴുതിയ സംഭാഷണങ്ങൾ ആയിരുന്നു.. 'സർഗം' ജനങ്ങളുടെ മനസ്സിൽ നിന്ന് ഇന്നും മായാതെ നിൽക്കുന്നതിൽ അതിലെ സംഭാഷണങ്ങൾക്കും ഒരു പാട് പങ്കുണ്ട് എന്നാണ് എന്റെ വിശ്വാസം
ഹരിഹരനോടും എം.ടി യോടും ഒപ്പം ഇരുന്നു സർഗം എന്ന ചിത്രം രൂപപ്പെടുത്തിയെടുത്ത കഥ അദ്ദേഹം പറയാൻ തുടങ്ങി
ഹരിഹരൻ എന്ന സംവിധായകന്റെ സംഗീതത്തെകുറിച്ചുള്ള അവഗാഹവും അത് എവിടെ എങ്ങിനെ ചേർക്കണം എന്നുള്ളതിനെ കുറിച്ച് അദ്ദേഹം പകർത്തിയ നിഷ്കർഷയും അദ്ദേഹം ഓർത്തെടുത്തു
ആദ്യം സർഗ്ഗത്തിലെ ഗാനങ്ങൾ എഴുതാൻ നിശ്‌ചയിചിരുന്നത് മറ്റൊരു ഗാന രചയിതാവ് ആയിരുന്നു.. എത്ര എഴുതിയിട്ടും ഹരിഹരന് ആ പാട്ടുകളിൽ തൃപ്തി വന്നില്ല.. പിന്നീടാണ് എം ടി യൂസഫലിയെക്കുറിച്ച് ഹരിഹരനോട് പറയുന്നത്
സ്കൂളിലും കോളേജിലും തന്റെ സതീർഥ്യനായ യൂസഫലി സർഗ്ഗത്തിൽ എത്തുന്നത് തനിക്കും ഏറെ സന്തോഷം നല്കിയെന്നു ചൊവ്വല്ലുർ ഓർമിച്ചെടുക്കുന്നു
തുടർന്ന് ഗാനം എഴുതാൻ എത്തിയ യൂസഫലിയോട് അദ്ദേഹം പറഞ്ഞത്രേ "ചിത്രത്തിൽ ഒരു കൃഷ്ണഭക്തി ഗാനം വേണം..അത് കേട്ട് കഴിയുമ്പോൾ കേൾക്കുന്നവർ അതിൽ ലയിച്ച് ഭഗവാനെ എഴുന്നേറ്റു നിന്ന്‌ തൊഴാൻ തോന്നിക്കുന്നവണ്ണം ഭക്തിരസ പ്രധാനം ആയിരിക്കണം "
അതു കേട്ട് യൂസഫലി ഒന്നു തലകുലുക്കി..പിറ്റേന്ന് പാട്ടുമായി യൂസഫലി വന്നു..ആദ്യ നാല് വരി പാടി ഹരിഹരനെയും എം ടി യെയും കേൾപ്പിച്ചു. കേട്ട പാടെ ഹരിഹരൻ എഴുനേറ്റ് യൂസഫലിയുടെ കൈ പിടിച്ചു പറഞ്ഞു
"ഇതാണ് ഞാൻ മനസ്സിൽ ആഗ്രഹിച്ച പാട്ട്.."
ആ പാട്ടാണ് പിന്നീട് സിനിമയിൽ നാം കണ്ടാസ്വദിച്ച "കൃഷ്ണകൃപാ സാഗരം" എന്ന ഗാനം
പിന്നീട് ചർച്ച കുട്ടൻ തമ്പുരാനിൽ എത്തി.. കുട്ടൻ തമ്പുരാന്റെ ഭാവ പകർച്ചയും തിലകന്റെ കഥാപാത്രവുമായി കുട്ടൻ തമ്പുരാൻ നടത്തുന്ന സംഭാഷണങ്ങളും അദ്ദേഹം എഴുന്നേറ്റ് നിന്ന് കാണിച്ചു തന്നപ്പോൾ അത്ഭുതം തോന്നിപ്പോയി..മുപ്പത്തിരണ്ട് വർഷം മുൻപ് നടന്ന കാര്യങ്ങൾ ആണ് ഇന്നലെ നടന്നതെന്ന പോലെ അദ്ദേഹം ഓർത്തെടുക്കുന്നത്. ഒരു നല്ല സിനിമയ്ക്ക് വേണ്ടി എത്രയോ പേരുടെ സമയം അധ്വാനം സർഗഭാവന എന്നിവയൊക്കെ സമാസമം ചേരണം എന്നു ഒരു നിമിഷം ചിന്തിച്ചു പോയി
ചർച്ച പിന്നീട് എം.ടി യിലേക്കും നിർമാല്യം എന്ന സിനിമയിലേക്കും വഴി മാറി. പി.ജെ ആന്റണി അവതരിപ്പിച്ച വെളിച്ചപ്പാടിനെക്കുറിച്ചും അതിലേക്ക് എത്തിയ വഴിത്താരകളെയും അദ്ദേഹം വാചാലനായി.എടപ്പാളിലെ അമ്പലത്തിലെ വെളിച്ചപ്പാട് ആണത്രേ പി.ജെ.ആന്റണിയെ വെളിച്ചപ്പാടിന്റെ ഭാവങ്ങളും പെരുമാറ്റരീതികളും പറഞ്ഞുകൊടുത്തത്.. പി.ജെ ആന്റണി അത് വെള്ളിത്തിരയിൽ അനന്യസാധാരണമായി അവതരിപ്പിക്കുകയും ചെയ്തു
ചിത്രത്തിൽ ഒരു രംഗം ഉണ്ട്.. ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ വെളിച്ചപ്പാടിന്റെ ഭാര്യ(കവിയൂർ പൊന്നമ്മ) അല്പം കാശിന് വേണ്ടി പണക്കാരനായ മുസ്ലിം മുതലാളിയുടെ (കുഞ്ഞാണ്ടി)ഇഷ്ടത്തിന് വഴങ്ങി കൊടുക്കേണ്ടി വരുന്ന രംഗം..
എം.ടി പറഞ്ഞത്രേ അതിൽ മുതലാളിയും വെളിച്ചപ്പാടിന്റെ ഭാര്യയും തമ്മിൽ ഇഴ ചേർന്നുള്ള ഉള്ള രംഗം കാണിക്കാതെ തന്നെ കാണികൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ രംഗം ചിത്രീകരിക്കണം എന്ന്‌..
കവിയൂർ പൊന്നമ്മ മുതലാളിയുടെ കയ്യിൽ നിന്ന് പൈസ വാങ്ങി മുണ്ടിന്റെ കോന്തലയിൽ കെട്ടി അഴിഞ്ഞ മുടി കെട്ടിവെച്ച് ചുളിഞ്ഞ വസ്ത്രത്തോടെ ആ വീട്ടിൽ നിന്ന് ഇറങ്ങി വരുന്ന രംഗം വെളിച്ചപ്പാട് കാണുന്നതോടെ വെളിച്ചപ്പാടിന്റെ മനസ്സിലും കാണികളുടെ മനസ്സിലും ഒരേ പോലെ ദുഃഖത്തിന്റെ പെരുമഴ നിറയുന്നു..നിർമാല്യം അതിന്റെ അവസാന രംഗങ്ങളിലേക്ക് കടക്കുകയാണ്...
അവിടെ ഇരുന്നു കഥകൾ ഇനിയും കേൾക്കാൻ മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും സമയം അതിന്റെ പരിധി കടന്നിരുന്നു. അദ്ദേഹത്തിനും എവിടെയോ പോകാനുണ്ടായിരുന്നു
പുസ്തകത്തിന്റെ ഒരു കോപ്പി ഞാൻ അദ്ദേഹത്തിന് നൽകി അനുഗ്രഹം തേടി. പിരിയാൻ നേരത്തു പുസ്തകത്തിന്റെ പ്രകാശനത്തിനു എല്ലാ ആശംസകളും നേർന്നു അദ്ദേഹം ഞങ്ങളെ യാത്രയാക്കി.
തിരിച്ചു പടിയിറങ്ങുമ്പോൾ ഞാൻ ആലോചിച്ചു എത്രയെത്ര അനുഭവങ്ങളിലൂടെയാണ് ഓരോ മനുഷ്യനും കടന്നു പോകുന്നത്..ചിലത് നമ്മൾ അറിയുന്നു..ഏറെ അറിയാതെ പോകുന്നു..
പറയാൻ ബാക്കി വെച്ച കഥകൾ കേൾക്കാൻ ഉള്ള അവസരം ഇനി എന്നാണ്..

ഈ ലോകം അതിൽ ചില മനുഷ്യർ

എന്റെ എഴുത്തുകളിൽ മസാലദോശയുടെ അതിപ്രസരം ഉണ്ടെന്ന് കണ്ടു പിടിച്ച ആളാണ് രമേഷേട്ടൻ. ഓരോ പോസ്റ്റ് ഞാൻ എഴുതിക്കഴിയുമ്പോഴും മൂപ്പർ അതിന്റെ അടിയിൽ വന്നു കമെന്റ് ഇടും

"മസാലദോശ ഇതിലും ഉണ്ടായിരുന്നു"
ഞാൻ ആലോചിച്ചു നോക്കി , ശരിയാണ് ഞാൻ പോലും അറിയാതെ മസാലദോശ എഴുത്തിൽ കുറച്ചധികം കടന്നു വരുന്നുണ്ട്
കുറച്ചേക്കാം , പിന്നീടുള്ള എഴുത്തിൽ മസാലദോശയെ ഒഴിവാക്കി
അപ്പോൾ രമേഷേട്ടന്റെ കമന്റ് , "മസാലദോശയെ മനപ്പൂർവം ഒഴിവാക്കിയല്ലേ?"
എന്നിട്ട് ഒരു ചോദ്യം
"നോൺ വെജ് കഴിക്കുമോ?"
"തീർച്ചയായും കഴിക്കും"
"എങ്കിൽ അടുത്ത തവണ നാട്ടിൽ വരുമ്പോൾ എന്റെ ഹോട്ടലിലേക്ക് വരൂ. കുറെ നല്ല നോൺ വെജ് വിഭവങ്ങൾ രുചിച്ചു നോക്കാം "
ആദ്യമായാണ് ഫേസ്ബുക് വഴി പരിചയപ്പെടുന്ന ഒരാൾ ഇത്രയ്ക്ക് അടുപ്പത്തോടെ സംസാരിക്കുന്നത്, നേരിൽ കാണണം എന്ന് പറയുന്നത്
"വരാം" ഞാൻ മറുപടി നൽകി
കോവിഡ് കാലം ആയതു കൊണ്ട് നാട്ടിലേക്കുള്ള വരവ് നീണ്ടു പോയി
അതിനിടയിൽ ഞാൻ ഫേസ്ബുക്കിൽ എഴുതുന്നതെന്തും ആദ്യം ആദ്യം വായിക്കുന്നവരിൽ ഒരാൾ രമേഷേട്ടനായിരിക്കും . വായിച്ചാൽ അപ്പോൾ തന്നെ കമെന്റും ഇടും .
ഞാനും രമേഷേട്ടനെ പറ്റി പഠിയ്ക്കാൻ ശ്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഹോട്ടലിന്റെ രുചിപ്പെരുമയെപ്പറ്റി പലരും പറയുന്നത് എന്റെ ശ്രദ്ധയിൽ പെടുകയും ചെയ്തിരുന്നു
ഈ തവണ നാട്ടിൽ എത്തിയപ്പോൾ ഞാൻ ഈ വിഷയം കൂട്ടുകാരോട് പറഞ്ഞു .
എങ്കിൽ അവിടെ പോയി അതൊക്കെ ടേസ്റ്റ് ചെയ്തിട്ട് തന്നെ കാര്യം എന്നായി അവർ
ഒരു വൈകുന്നേരം രമേഷേട്ടന്റെ ഹോട്ടൽ ലക്ഷ്യമാക്കി യാത്ര തുടങ്ങി
തൃശ്ശൂരിൽ എത്തി അയ്യന്തോൾ വഴി പോകണം . എറവ് എന്ന സ്ഥലത്താണ് ഹോട്ടൽ
അടയാളം മൂപ്പർ പറഞ്ഞു തന്നിരുന്നു . കപ്പൽ പള്ളിയുടെ അടുത്താണ്
കപ്പൽ പള്ളിയോ അതെന്താണ് , ഞാൻ മനസ്സിൽ ആലോചിച്ചു
അധികം കഴിഞ്ഞില്ല
"ദാ ഇതാണ് കപ്പൽ പള്ളി" , ജഗൻ വലത്തേക്ക് ചൂണ്ടി പറഞ്ഞു
സംഭവം ശരിയാണ് , വലിയൊരു കപ്പലിന്റെ രൂപത്തിൽ ഒരു പള്ളി
ഇങ്ങനെ ഒരു നിർമിതി കേരളത്തിൽ ഉണ്ടെന്നു എനിക്ക് പുതിയ അറിവായിരുന്നു
കപ്പൽപള്ളി പിന്നിട്ടതോടെ "ശ്രേയസ് ഹോട്ടൽ" എന്ന ബോർഡ് കണ്ടു
കാർ പാർക്ക് ചെയ്തു ഞങ്ങൾ ഹോട്ടലിലേക്ക് കയറി . ചെറിയൊരു സങ്കോചം എനിക്ക് ഉണ്ടായിരുന്നു
പെട്ടെന്ന് മാസ്ക് ധരിച്ച ഒരാൾ വന്നു കൈ തന്നു . ഒന്നോ രണ്ടോ വാക്കിൽ ഒതുക്കിയ സംസാരം
ഫേസ്ബുക്കിലെ പോലെ വാചാലമൊന്നുമല്ല സംസാരം. ഫേസ്ബുക്കിൽ കണ്ട ആളും ഇതും തമ്മിൽ എന്തോ ഒരു അന്തരം പോലെ തോന്നി
ചെറിയൊരു ഹോട്ടൽ ആറോ ഏഴോ മേശകൾ മാത്രമാണ് ഉള്ളത്
ഞങ്ങളോട് ഒരു മേശയ്ക്ക് ചുറ്റും ഇരിക്കാൻ പറഞ്ഞ് മൂപ്പർ അകത്തുപോയി എന്തൊക്കെയോ പാചകം ചെയ്യുകയാണ് .ഓപ്പൺ അടുക്കള ആയതു കൊണ്ട് മൂപ്പർ അവിടെ ചെയ്യുന്നത് ഞങ്ങൾക്ക് കാണാം
ബൈജുവും ജഗനും എന്നെ നോക്കി. നീ പറഞ്ഞത്ര വലിയ സ്വീകരണം ഒന്നുമില്ലല്ലോ , എന്ന ധ്വനിയുണ്ട് ആ നോട്ടത്തിൽ
ഞാൻ ഹോട്ടൽ ആകെയൊന്നു നോക്കി . അപ്പോഴാണ് ഒരു വശത്തെ ചുവരിൽ കുറെ ചിത്രങ്ങൾ കാണുന്നത്
എഴുന്നേറ്റ് അതിന്റെ അടുത്ത് പോയി നോക്കി . കേരളത്തിന്റെ ചരിത്രം പറയുന്ന കുറെ ഫോട്ടോകൾ പ്രിന്റ് എടുത്തു ചുവരിൽ ഒട്ടിച്ചിരിക്കുകയാണ് . ഇ.എം.എസ് നായനാർ കരുണാകരൻ ഗൗരിയമ്മ തുടങ്ങി ഒരു പാട് പേരുടെ ജീവിത മുഹൂർത്തങ്ങൾ . പിണറായി വിജയൻറെയും എസ് ജാനകിയുടെയും വിവാഹ ഫോട്ടോ . പ്രേംനസീർ, മുട്ടത്തു വർക്കി എന്നിവർ ചേർന്നിരിക്കുന്ന ഫോട്ടോ , സംവിധായകൻ സേതു മാധവൻ , പി കേശവദേവ് , ഓ എൻ വി തുടങ്ങിയവർ ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ . അതിൽ ഗുരുവായൂർ കേശവനും , കേരളത്തിലെ ആദ്യകാല ബസ് സെർവീസിന്റെ ചിത്രങ്ങളും തുടങ്ങി പഴയ കേരളീയ ജീവിതം ഓര്മപ്പെടുത്തുന്ന ഒരു പാട് ചിത്രങ്ങൾ . ഒരു മ്യൂസിയത്തിൽ കാണുന്നത് പോലെ ഞങ്ങൾ അതൊക്കെ നടന്ന് നോക്കിക്കണ്ടു
എതിർവശത്തെ ചുമരിൽ കേരളം കണ്ട സംഗീത സംവിധായകരുടെ ചിത്രങ്ങൾ പെന്സിൽ കൊണ്ട് മനോഹരമായി വരച്ചു വെച്ചിരിക്കുന്നു .
ഞങ്ങൾ അതൊക്കെ നോക്കി നിൽക്കുമ്പോഴേക്കും രമേഷേട്ടൻ ഭക്ഷണവുമായി വന്നു .
ചൂടുള്ള പൊറോട്ടയും ബീഫും ആദ്യം വന്നു . പിറകെ ചിക്കൻ നാടൻ രീതിയിൽ വരട്ടി എടുത്തതും . ആദ്യത്തെ ഒരു കഷ്ണം പൊറോട്ട എടുത്തു ബീഫും ചേർത്ത് കഴിച്ചതോടെ രുചിപ്പെരുമ നാവിൽ പടർന്നിറങ്ങി .
ഞാൻ കൂട്ടുകാരെ നോക്കി . അവരുടെ മുഖഭാവത്തിൽ നിന്നറിയാമായിരുന്നു രമേഷേട്ടന്റെ കൈപ്പുണ്യം അവരുടെ രസമുകുളങ്ങളെ കീഴ്‌പ്പെടുത്തിയെന്ന്
"ഞാൻ തന്നെയാണ് കുക്ക് ചെയ്യുന്നത് , ഇഷ്ടപ്പെട്ടോ?" എന്ന് രമേശേട്ടന്റെ ചോദ്യം
"ഇഷ്ടപ്പെടാതെ പിന്നെ" ജഗൻ വാചാലനായി
മാസ്ക് ഞങ്ങളുടെ ഇടയിൽ ഒരു അകലം സൃഷ്ടിക്കുന്ന പോലെ .
"മാസ്ക് ഒന്ന് മാറ്റമോ?", ഞാൻ രമേഷേട്ടനോട് ചോദിച്ചു
മൂപ്പർ ചിരിച്ചു കൊണ്ട് മാസ്ക് മാറ്റി .
ഒരു സഹൃദയനായ മനുഷ്യൻ ഞങ്ങളുടെ മുന്നിൽ നിൽക്കുന്ന പോലെ അപ്പോഴാണ് അനുഭവപ്പെട്ടത് . മാസ്ക് ഇടുമ്പോൾ തമ്മിൽ തമ്മിൽ എവിടെയോ ഒരു അകലം സൃഷ്ടിക്കപ്പെടുന്നു
പിന്നെ അങ്ങോട്ട് രമേഷേട്ടൻ സുഗമമായി സംസാരിക്കാൻ തുടങ്ങി
മൂപ്പരുടെ അച്ഛനായി തുടങ്ങിയ കടയാണ് . രമേഷേട്ടൻ തന്നെ ഏതാണ്ട് നാല്പത്തി അഞ്ചു വർഷമായി നടത്തുന്നു ഞങ്ങൾക്ക് തന്നത് വെറും സാമ്പിൾ ഫുഡ് ആയിരുന്നു എന്ന് അപ്പോഴാണ് അറിഞ്ഞത് . കാലത്തും ഉച്ചയ്ക്കും പലവിധ വൈവിധ്യമായ വിഭവങ്ങൾ അവിടെ കിട്ടും. രുചി തേടി പലരും പറന്നിറങ്ങുന്ന സ്ഥലമാണ് എന്ന് മനസ്സിലാക്കാൻ അധികം നേരമെടുത്തില്ല
"ഇനി ഒരു വരവ് കൂടെ വരേണ്ടി വരും" എന്ന ഭാവം ബൈജുവിന്റെ മുഖത്ത് നിന്ന് എനിക്ക് വായിച്ചെടുക്കാമായിരുന്നു
"ഈ ചിത്രങ്ങൾ ഒക്കെ എങ്ങിനെ കിട്ടി?" ഞാൻ ചുമരിലേക്ക് നോക്കി ചോദിച്ചു
"ഒരു ഹോബി, വർഷങ്ങൾ കൊണ്ട് കളക്ട് ചെയ്തതാണ്"
ഹോട്ടലിൽ അതിനിടെ പലരും വരുന്നുണ്ട് , രമേശേട്ടൻ അവരോടൊക്കെ സംസാരിക്കുന്നുമുണ്ട് .ഞങ്ങൾക്ക് എന്തെങ്കിലും വേണോ എന്ന് തിരക്കുന്നുണ്ട് . എല്ലാം ഒരു വൺ മാൻ ഷോ
അതിനിടെ നല്ലൊരു ചായയും ഞങ്ങളുടെ മേശയിൽ എത്തി
വിശപ്പ് അടങ്ങി. കൈ കഴുകി ഞങ്ങൾ മൂപ്പർ ഇരിക്കുന്ന കൗണ്ടറിൽ ചെന്നു
അവിടെ ഒരു നോട്ടീസ് , ഒരു നാടക സംഘത്തിന്റേതാണ് . കോവിഡ് കാലം ആയതു കൊണ്ട് ഒരു നാടകം ആരുടെയോ വീട്ടുമുറ്റത്തു നടത്തുന്നു അതിന് കാണികളെ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ്
"നാടകപ്രവർത്തനം ഒക്കെ ഉണ്ടോ?"
"ഇല്ല കുറെ സുഹൃത്തുക്കൾ ഉണ്ട് അവരാണ് ചെയ്യുന്നത്" മൂപ്പർ പറഞ്ഞു
"പിന്നെ തട്ടിൻപുറ സംഗീതം ഉണ്ട് . ഞങ്ങൾ കുറച്ചു പേർ ആഴ്ചയിൽ ഒരിക്കൽ ഏതെങ്കിലും വീട്ടിൽ കൂടും . ഹാര്മോണിയവും തബലയും ഒക്കെ ഉണ്ടാവും . പാടാൻ സാധിക്കുന്നവർ പാടും " മൂപ്പർ ആവേശത്തോടെ പറഞ്ഞു
ഞാൻ ആലോചിച്ചു. ഒരു സാധാരണ ഹോട്ടൽ നടത്തുന്ന ഒരാൾ . അതിരാവിലെ നാല് മണിക്ക് എഴുന്നേൽക്കണം വൈകിട്ട് എട്ടു മണിവരെ ജോലി . അതിനിടയിൽ എന്തിനൊക്കെയാണ് ഈ മനുഷ്യൻ സമയം കണ്ടെത്തുന്നത്
നമ്മൾ ഏറ്റവും കൂടുതൽ പറയുന്ന വാചകം സമയം ഇല്ല എന്നാണ് . പക്ഷെ രമേഷേട്ടന് സമയം ഉണ്ട് ..അത് കണ്ടെത്തുന്നുമുണ്ട്
തിരിച്ചു പോരാൻ നേരം കൗണ്ടറിൽ ഇരുന്ന കുപ്പിയിൽ നിന്ന് കുറെ അരിയുണ്ട മൂപ്പർ ഒരു കവറിൽ ആക്കി തന്നു
യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി .
"ഏതായാലും കപ്പൽ പള്ളി കണ്ടിട്ട് പോകാം". ജഗൻ പറഞ്ഞു
ഏതാണ്ട് 80കളിൽ നിർമിച്ച പള്ളി ആണത് . ഒരു കപ്പലിലേക്ക് കയറുന്ന പോലെ തന്നെ അകത്തേയ്ക്ക് കയറണം
പള്ളി കണ്ടു പുറത്തിറങ്ങി കാറിൽ കയറുമ്പോൾ രമേഷേട്ടൻ ഹോട്ടൽ പൂട്ടി ഞങ്ങൾക്ക് എതിരെ വരുന്നു. ഒരു സാധാരണ സൈക്കിളിൽ ആണ് വരവ് . ഞാൻ ആലോചിച്ചു ഇക്കാലത്തു സൈക്കിളിൽ യാത്ര ചെയ്യുന്നവർ ഉണ്ടോ .പുതിയ റൈഡേഴ്‌സ് ഒരുപാട് ഉണ്ട് എന്നറിയാം. പക്ഷെ പണ്ട് ഗ്രാമ ഗ്രാമാന്തരങ്ങളിൽ കണ്ടിരുന്ന വലിയ സൈക്കിൾ ചവിട്ടി നടക്കുന്നവർ എത്രയോ കുറഞ്ഞു
ചിരിച്ചു കൊണ്ട് രമേഷേട്ടൻ ഞങ്ങളുടെ അടുത്ത് വന്നു .
"നിങ്ങൾ കപ്പൽ പള്ളിയിലേക്ക് ആണ് പോയതെങ്കിൽ ഞാൻ കൂടെ വരുമായിരുന്നു . അവിടെ എല്ലാം എന്റെ പരിചയക്കാരാണ്"
ആവുമല്ലോ ഞാൻ ഓർത്തു ..ഇങ്ങനെ രുചികരമായ ഭക്ഷണം ഉണ്ടാക്കികൊടുത്താൽ ആരാണ് പരിചയക്കാർ അല്ലാതായിത്തീരുക
അവിടെ അടുത്താണ് പുള്ള് പാടശേഖരം , പകൽ സമയത്തു ഞാൻ പുള്ള് കണ്ടിട്ടുണ്ട് . അതിമനോഹരമായ കാഴ്ചയാണ് പുള്ള് .രാത്രിയിലെ പുള്ള് എങ്ങിനെ ഇരിക്കും. ഞാൻ മനസ്സിലോർത്തു
"നമുക്ക് പുള്ള് വരെ പോയി നോക്കാം" ഞാൻ പറഞ്ഞു
പുള്ളിലേക്ക് ഉള്ള വഴി പറഞ്ഞു തന്ന് രമേഷേട്ടൻ സൈക്കിൾ ചവിട്ടി അകന്നു പോയി .
ഇത്രയും അധ്വാനം കഴിഞ്ഞു ഒന്ന് കുളിച്ചു കിടന്നാൽ ആ മനുഷ്യന് പിറ്റേന്ന് രാവിലെ നാല് മണിക്ക്
എഴുന്നേൽക്കണം . ഒരു മടിയും കൂടാതെ ആവേശത്തോടെ എത്രയോ വർഷങ്ങൾ ആയി ആ മനുഷ്യൻ ആ പണി ചെയ്യുന്നു. സ്വന്തം ജീവിതം എങ്ങിനെ ചിട്ടപ്പെടുത്തി എടുക്കണം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. ഒരു സാധാരണക്കാരനായ മനുഷ്യൻ തന്റെ ജീവിതത്തെ എത്ര മനോഹരമായാണ് അദ്ധ്വാനത്തിനും ആസ്വാദനത്തിനും വേണ്ടി ചിട്ടപ്പെടുത്തിയിരിക്കുന്നത്
പുള്ളിലെത്തി . തട്ടുകടകൾ സജീവമായിരുന്നു . പെൺകുട്ടികളും ആൺകുട്ടികളും ഉൾപ്പെടെ കുറെ പേർ ഭക്ഷണം കഴിക്കുന്നുണ്ട്. കേരളത്തിലെ ടൂറിസം ഇനിയും ഏറെ മുന്നേറാൻ ഉണ്ട് . വൈകുന്നേരങ്ങളിൽ അല്പം സംഗീതം കൂടി ഉണ്ടായിരുന്നെങ്കിൽ അവിടം സ്വർഗമായേനെ എന്ന് തോന്നിപ്പോയി
ഞങ്ങൾ കാർ പാർക്ക് ചെയ്‌ത്‌ പാടത്തിന്റെ കരയിലൂടെ നടന്നു. മനോഹരമായ ഒരു കാഴ്ച ആയിരുന്നു അത്
ഒരു നല്ല രാത്രി , അകലെ നഗരത്തിന്റെ വെളിച്ചം കാണാം .. ചുറ്റുപാടും കണ്ണെത്താ ദൂരം പാടങ്ങൾ നിലാവിൽ കുളിച്ചു കിടക്കുന്നു . നല്ല തണുത്ത കാറ്റ് ഞങ്ങളുടെ മുഖത്തെ ഉരുമികടന്നു പോയ്കൊണ്ടിരുന്നു
കുറെ നേരം അവിടെ നിന്ന് ഞങ്ങൾ സംസാരിച്ചു .. കുട്ടിക്കാലത്തെ കുറെ കാര്യങ്ങൾ ...എത്ര വര്ഷങ്ങളാണ് കടന്നു പോയത് . ജീവിതം ഒഴുകുകയാണ് നമ്മൾ വിചാരിക്കുന്നതിലും വേഗത്തിൽ
ഫോൺ വീണ്ടും ശബ്‌ദിച്ചു .. വീണ്ടും രമേഷേട്ടനാണ് . പുള്ളിൽ എത്തിയോ എന്നറിയാൻ വിളിച്ചതാണ്
എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അവിടെ ഉള്ള കൃഷേണേട്ടന്റെ തട്ടുകടയിൽ പറഞ്ഞാൽ മതി . എന്റെ അടുത്ത കൂട്ടുകാരനാണ്.
ഞങ്ങൾ തട്ടുകടകളുടെ ബോർഡുകൾ നോക്കി കൃഷ്ണേട്ടന്റെ തട്ടുകട കണ്ടു പിടിച്ചു . രമേഷേട്ടന്റെ പേര് പറഞ്ഞു . പിന്നെ അവരും ചിരപരിചിതരെപ്പോലെ സംസാരിക്കാൻ തുടങ്ങി. ഒരു പരിചയുമില്ലാത്ത സ്ഥലത്തു വന്നു ഞങ്ങൾ കുറെ സുഹൃത്തുക്കളെ ഉണ്ടാക്കി
അവിടെ നിന്ന് ഒന്നും കഴിക്കാൻ ഉള്ള കപ്പാസിറ്റി ഇല്ലാത്തതു കൊണ്ട് അടുത്ത അവസരത്തിൽ വരാം എന്ന് പറഞ്ഞു അവരോടു ഞങ്ങൾ യാത്ര പറഞ്ഞു
കാറിൽ കയറി തിരികെ മടങ്ങുമ്പോൾ ഞാൻ ആലോചിച്ചു ഈ ലോകം എത്ര വിസ്മയങ്ങൾ നിറഞ്ഞതാണ് . ജീവിതത്തിൽ ചിലരെ കണ്ടുമുട്ടാൻ നമ്മൾക്ക് നിയോഗം ഉണ്ടായിരിക്കും അത് അതിന്റെ സമയത്തു നടക്കുക തന്നെ ചെയ്യും . അല്ലെങ്കിൽ വെറും ഒരു മസാലദോശയിൽ തുടങ്ങിയ സംസാരം ഇവിടെ എത്തി നിൽക്കില്ലായിരുന്നുവല്ലോ .
പുള്ളിലെ തണുത്ത കാറ്റിന്റെ തലോടൽ ഏറ്റ് ഞങ്ങൾ മടക്കയാത്ര തുടങ്ങി

ഗേറ്റ്

 ഒരു ഒഴിഞ്ഞ പറമ്പ് അതിൽ ഒരു പഴയ വീട്. അതിന്റെ ഉമ്മറത്ത് വൈകുന്നേരങ്ങളിൽ മൂന്ന് പേർ ഒത്തുകൂടി..ആ മൂന്നു പേരെ അന്വേഷിച്ച് അടുത്ത മൂന്ന് പേർ എത്തി..മൂന്ന് ആറായി 


വീടിന്റെ കോലായിലെ ഇരിപ്പ് പുരയിടത്തിന്റെ ഉടമസ്ഥന് അത്ര പിടിച്ചില്ല എന്നു തോന്നുന്നു...വീട് പൊളിച്ചു കളഞ്ഞു..എന്നിട്ട് പുരയിടത്തിന് ചുറ്റും കമ്പിവേലി കെട്ടി ഒരു ഗേറ്റും വെച്ചു


ആറു പേരും ഗേറ്റിന്റെ മുന്നിൽ വന്നു വീട് നിന്നിരുന്ന സ്ഥലം നോക്കി ഗതകാല സ്മരണകൾ അയവിറക്കി..  ക്ഷീണിച്ചപ്പോൾ ഗേറ്റിന്റെ മുന്നിൽ ഇരുന്നു...


പിറ്റേന്നും അവർ ആറു പേർ വന്നു.. അവരെ തേടി അടുത്ത ആറു പേർ കൂടി വന്നു..ആറ് പന്ത്രണ്ടായി..പന്ത്രണ്ട് ഇരുപത്തിനാലായി..


ഇരുപത്തിനാലിൽ കഴിയാവുന്നവർ ദിവസേന ഗേറ്റിൽ എത്തി.. കളി ചിരി തമാശകൾ നിറഞ്ഞു..പൂരവും. പെരുന്നാളും നേർച്ചയും കൊണ്ടു.. കല്യാണവും അടിയന്തിരങ്ങളും കൂടി


നഷ്ടപ്രണയങ്ങൾ കണ്ണീരുപ്പായി ആ പൂഴിമണ്ണിലലിഞ്ഞു. പരസ്പരം തോളിൽ തട്ടി ആശ്വസിപ്പിച്ചു


ആദ്യം വീട്ടുകാർ പറഞ്ഞു.."നിന്റെ ഒരു ഗേറ്റ്, ആ വഴിവക്കിലൊന്നും പോയിരിക്കേണ്ട"


പിന്നെ പിന്നെ അംഗീകരിച്ചു.. "ഗേറ്റ് കൂട്ടുകാരോട് പറയുന്നില്ലേ, അവർ വരില്ലേ" എന്നൊക്കെയുള്ള സ്നേഹാന്വേഷണങ്ങൾ


കാലം കടന്നു പോയി.."പൂരപറമ്പുകളും നാടക സന്ധ്യകളും സിനിമാ കൊട്ടകകളും  മാത്രമല്ല ജീവിതം" കാരണവന്മാർ ഉപദേശിച്ചു


ഓരോരുത്തരായി പണിക്ക് പോകാൻ തുടങ്ങി. നിൽക്കക്കള്ളി ആയവർ പെണ്ണ് കെട്ടാൻ തീരുമാനിച്ചു


ഒന്നാമൻ ആദ്യം കെട്ടി. പിറകെ രണ്ടാമനും..കെട്ടിയോൾമാരെ ഗേറ്റ് കൊണ്ട് വന്നു കാണിച്ചു...പിന്നെ കല്യാണങ്ങളുടെ വർഷങ്ങൾ.. ആദ്യം കെട്ടിയവർ കുടുംബസമേതം മറ്റുള്ളവരുടെ കല്യാണങ്ങളിൽ പങ്കു ചേർന്നു


വർഷങ്ങൾ കഴിഞ്ഞു ..കുട്ടികൾ ഉണ്ടായി. ഒന്നും രണ്ടും വീതം. പറഞ്ഞാൽ മനസ്സിലാകുന്ന പ്രായത്തിൽ കുട്ടികളെ ഗേറ്റ് കാണിച്ചു ചരിത്രം പറഞ്ഞു കൊടുത്തു


ഭാര്യമാർ തമ്മിൽ തമ്മിൽ കാണുമ്പോൾ പറഞ്ഞു "ഇവരുടെ ഒരു ഗേറ്റ് കമ്പനി, ഒരു കാര്യവും  നമ്മളോട് മുഴുവനായി വിട്ട് പറയില്ല"


അതങ്ങനെയാണ്.. മുപ്പത് വർഷത്തെ കഥയാണ്..അതിൽ എവിടെ ഏത് അധ്യായം പറയണം ഏത് പറയാതിരിക്കണം എന്ന മിനിമം പ്രോട്ടോകോൾ ഓരോരുത്തരും പാലിക്കുന്നു


ഇന്നും ആ ഗേറ്റും പറമ്പും അവിടെ ഉണ്ട്.. ഞങ്ങൾ ഇരിപ്പ് നിർത്തി എന്നു മാത്രം. മറ്റാരും പിന്നീട് അവിടെ ഇരുന്നിട്ടുമില്ല.


പുസ്തകപ്രകാശനത്തിന്റെ തലേന്ന് ഒന്ന് ഒത്തു കൂടണം നീ ഫാമിലിയുമായി വരണം എന്നു പറഞ്ഞപ്പോൾ ഇത്രയ്ക്ക് വലിയൊരു ചടങ്ങ് പ്രതീക്ഷിച്ചില്ല..


ഗേറ്റ് കുടുംബം വളർന്നിരിക്കുന്നു..നാട്ടിൽ ഉള്ളവർ കുടുംബസമേതം എത്തിയിട്ടുണ്ട്‌.


വരാൻ കഴിയാത്തവരെ മനസ്സിലോർത്തു..


 അകാലത്തിൽ വിട്ടുപോയവന്റെ സ്മരണ മനസ്സിൽ നിറഞ്ഞു


സ്വന്തം പേര് എഴുതിയ ഒരു ഫലകം സമ്മാനമായി കിട്ടി..ജീവിതത്തിൽ ആദ്യമായി.. പക്ഷെ അതിലേറെ സന്തോഷിപ്പിച്ചത് അതിന്റെ മുകളിൽ എഴുതിയ "gate" എന്ന വാക്കാണ്


അതേ ഗേറ്റ് ഒരു പ്രതീകമാണ് കാൽനൂറ്റാണ്ട് കടന്ന കറകളഞ്ഞ സൗഹൃദത്തിന്റെ പ്രതീകം.


ഒരു പക്ഷെ  കാലപ്രവാഹത്തിൽ ആ ഗേറ്റ് അവിടെ നിന്ന് മാറ്റപ്പെട്ടാലും മനസ്സിൽ നിന്ന് ആ ഗേറ്റിന്റെ പഴയ ചിത്രം ഒരിക്കലും മായില്ല.. അതിന്റെ അഴികളിൽ പിടിച്ച്  വൈകുന്നേരങ്ങളിൽ ഞങ്ങൾ വീണ്ടും ഒത്തുകൂടും പറയാൻ ബാക്കി വെച്ച വിശേഷങ്ങൾ പങ്കു വെക്കാൻ


#santhoshnarayananwriting