Wednesday, November 17, 2021

വിശാഖപട്ടണം , അരക്കുവാലി

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള കുറച്ചു നഗരങ്ങൾ എടുത്താൽ അതിൽ സ്ഥാനംപിടിക്കും ആന്ധ്രാപ്രദേശിന്റെ കിഴക്കൻ തീരത്തു ബംഗാൾ ഉൾക്കടലിലേക്ക് അഭിമുഖമായി കിടക്കുന്ന വിശാഖപട്ടണം എന്ന തുറമുഖ നഗരം

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖമായ പ്രകൃതിദത്ത തുറമുഖങ്ങളിൽ ഒന്നാണ് വിശാഖപട്ടണം. അതിമനോഹരമായ ബീച്ചുകൾ ഉള്ള ഇവിടം രണ്ടോ മൂന്നോ ദിവസത്തെ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്
ഹൈദരാബാദ് നിന്ന് വിമാന മാർഗം ഒരു മണിക്കൂർ യാത്രയേ വിശാഖപട്ടണത്തേക്ക് ഉള്ളൂ . നേരത്തെ തന്നെ ഞങ്ങൾ എയർപോർട്ടിൽ എത്തിയിരുന്നു . വിശാഖപട്ടണത്തിന്റെ ചരിത്രം ഒന്ന് ഓർത്തെടുക്കാൻ ആ സമയം ഉപയോഗിക്കാം എന്ന് കരുതി
ഹൈദരാബാദിന്റെ ഭരണചരിത്രമോ പാരമ്പര്യമോ ഒന്നുമല്ല വിശാഖപട്ടണത്തിന്റെ ചരിത്രവും പാരമ്പര്യവും . ബി സി നാലാം നൂറ്റാണ്ട് മുതൽ ഇങ്ങോട്ടു പാരമ്പര്യമുള്ള നഗരമാണ് വിശാഖപട്ടണം . മഹാനായ അശോക ചക്രവർത്തിയുടെ കലിംഗ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഒരു കാലത്ത് വിശാഖപട്ടണം ഉൾപ്പെടുന്ന പ്രദേശങ്ങൾ . കലിംഗ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം പല്ലവ വംശം ഈ പ്രദേശത്തിന്റെ അധിപരായി . പല്ലവ വംശത്തിനു ശേഷം ചോള സാമ്രാജ്യം നിലവിൽ വന്നപ്പോൾ ഈ പ്രദേശങ്ങൾ വര്ഷങ്ങളോളം ചോളാ സാമ്രാജ്യത്തിന്റെ അധീനതയിലായി . ഇവിടെ ഒരു നഗരം നിർമ്മിച്ചത് ചോള രാജാവായ കുലോത്തുംഗ ചോളൻ ആണെന്ന് പറയപ്പെടുന്നു. കുലോത്തുംഗ ചോളന്റെ ഭരണകാലം പന്ത്രണ്ടാം നൂറ്റാണ്ടിൽ ആണ് എന്ന് വെച്ചാൽ ഏതാണ്ട് എണ്ണൂറു വർഷങ്ങൾക്ക് മുൻപ്.
ചോള സാമ്രാജ്യത്തിന് ശേഷം ഈ പ്രദേശം ഒറീസ ആസ്ഥാനമാക്കിയ ഗജപതി രാജ്യവംശത്തിന്റെ അധീനതയിലും തുടർന്ന് പതിനഞ്ചാം നൂറ്റാണ്ടോടെ വിജയനഗരസാമ്ര്യാജ്യത്തിന്റെ ഭാഗം ആയി മാറുകയും ചെയ്തു . വിജയനഗരസാമ്രാജ്യം അതിന്റെ പ്രഭാവം അസ്തമിച്ചു ഒടുങ്ങിയപ്പോൾ ഈ പ്രദേശം മുഴുവൻ ജയ്‌പൂർ രാജാവിന്റെ കീഴിൽ ആവുകയും പിൻക്കാലത്തു വിശാഖപട്ടണത്തിന്റെ രാജാവ് എന്ന പേരിൽ ജയ്‌പൂർ രാജാവ് അറിയപ്പെടുകയും ചെയ്തു . പിന്നീട് കുറച്ചു കാലം ഖുതുബ് ഷാഹി വംശവും തുടർന്ന് മുഗൾ വംശവും പിന്നീട് ഹൈദരാബാദ് നിസാമും വിശാഖപട്ടണത്തിന്റെ അധിപന്മാരായി
അതിനിടെ പതിനെട്ടാം നൂറ്റാണ്ടോടെ വിശാഖപട്ടണം ഫ്രഞ്ച് അധീനതയിൽ ആവുകയും 1804 ലോടെ വിശാഖപട്ടണം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭാഗം ആവുകയും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നത് വരെ ഈ പ്രദേശം മുഴുവൻ ബ്രിട്ടീഷുകാരുടെ അധീനതയിൽ ആയി തീരുകയും ചെയ്തു
നാട്ടുമൊഴി അനുസരിച്ച്‌ വിശാഖപട്ടണം എന്ന പേര് ഉണ്ടായത് വിശാഖ എന്ന പേരിൽ നിന്നാണ് . കൃഷ്ണന്റെ ഗോപികമാരിൽ രാധ കഴിഞ്ഞാൽ പിന്നെ ഏറ്റവും സുന്ദരിയായിരുന്നു വിശാഖ. രാധാ കൃഷ്ണന്മാരുടെ പ്രണയത്തിൽ അവരുടെ ദൂതുകൾ കൈമാറിയിരുന്ന വിശാഖ. വിശാഖയെ കുടുംബ ദേവതയായി കണ്ടിരുന്ന ആന്ധ്രാ രാജാവ് അവർക്ക് വേണ്ടി ക്ഷേത്രം പണിതത് കൊണ്ടാണ് ഈ നഗരത്തിനു ഇങ്ങിനെ ഒരു പേര് വന്നത് എന്നും അതല്ല ബുദ്ധ മതത്തിന്റെ പ്രചാരണകാലത്തു ബുദ്ധന്റെ ആദ്യ വനിതാ ശിഷ്യയായി മാറിയ പെൺകുട്ടിയ്ക്ക് വിശാഖ എന്ന പേര് നൽകപ്പെട്ടു എന്നും തുടർന്ന് ബുദ്ധമതത്തിനു ഇവിടെ വലിയ പ്രചാരം കിട്ടുകയും നഗരം വിശാഖപട്ടണം എന്ന് അറിയപ്പെടുകയും ചെയ്തു എന്നും പലതരം വാമൊഴികൾ നിലവിൽ ഉണ്ട് .
ചരിത്രം വായിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല . ഫ്ലൈറ്റ് ബോര്ഡിങ്ങിന് ഉള്ള അനൗൺസ്‌മെന്റ് വന്നപ്പോഴാണ് ചിന്തകളിൽ നിന്ന് ഉണർന്നത്
വിശാഖപട്ടണത്ത് ചെന്നിറങ്ങിയാൽ ആദ്യം നമ്മളെ ആകർഷിക്കുക ആ നഗരത്തിന്റെ വൃത്തിയും വെടിപ്പുമാണ് . റോഡിലും പരിസരങ്ങളിലും അലസമായി കിടക്കുന്ന മാലിന്യ കൂമ്പാരം ഇവിടെ നമ്മൾ കാണില്ല . മാലിന്യ സംസ്കരണത്തിൽ ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും ഉള്ള നഗരങ്ങൾ കുറെയൊക്കെ മുന്നേറിയിട്ടുണ്ടെങ്കിലും വിശാഖപട്ടണം അതിനെയൊക്കെ കടത്തിവെട്ടി മനോഹാരിയായി നിൽക്കുന്നു. എവിടെ നോക്കിയാലും മനസ്സിന് കുളിർമ നൽകുന്ന ദൃശ്യങ്ങൾ ആണ് വിശാഖപട്ടണം നമുക്ക് നൽകുക
വിശാഖപട്ടണത്തേക്ക് യാത്ര പോകുമ്പോൾ രണ്ടു ദിവസം വിശാഖപട്ടണം നഗരത്തിലും ഒരു ദിവസം അരക്കു വാലി എന്ന ട്രൈബൽ വില്ലേജിലും താമസിക്കാവുന്ന രീതിയിൽ പ്ലാൻ ചെയ്യുന്നതാവും നല്ലത്
പ്രൈവറ്റ് ബീച്ച് ഉള്ള ഒരു പാട് നല്ല ബീച്ച് റിസോർട്സ് അവിടെയുണ്ട് . കേരളത്തിലെ ബീച്ചുകളിൽ നമുക്ക് സൂര്യാസ്തമയം ആണ് കാണാൻ പറ്റുന്നതെങ്കിൽ വിശാഖപട്ടണത് ബീച്ചുകളിൽ നമ്മൾ കാണുക സൂര്യോദയം ആണ്. കിഴക്കോട്ട് അഭിമുഖമായി ബംഗാൾ ഉൾക്കടലിലേക്ക് നീണ്ടു കിടക്കുന്നതു കൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത്
ഹോട്ടലിൽ എത്തി ചെക്ക് ഇൻ ചെയ്യുമ്പോഴേക്കും സമയം ഏതാണ്ട് ഉച്ചയായിരുന്നു . ഭക്ഷണം കഴിച്ചു ഒന്ന് വിശ്രമിച്ചു പുറത്തേക്കിറങ്ങിയാൽ ആദ്യം പോകുന്നത് രാമകൃഷ്ണ ബീച്ചിലേക്കാണ് . അവിടെയാണ് കൂടുതൽ സന്ദർശകരും വൈകുന്നേരം ചിലവഴിക്കാൻ എത്തുന്നത് . അതിനു രണ്ടു കാരണങ്ങൾ ഉണ്ട് . അവിടെയാണ് പ്രശസ്തമായ സബ്മറൈൻ മ്യൂസിയം ഉള്ളത് പിന്നെ കടൽ വിഭവങ്ങൾ ഭക്ഷണമായി കിട്ടുന്ന ഒരു പാട് നല്ല റെസ്റ്റോറന്റ്സ് അവിടെ ആണ് ഉള്ളത്
ഐ എൻ എസ് കുർസുര , സബ് മറൈൻ മ്യൂസിയം
--------------------------------------------------------------
ഇന്ത്യൻ നാവികസേനയുടെ നാലാമത് മുങ്ങിക്കപ്പൽ ആയിരുന്നു ഐ എൻ എസ് കുർസുര . 1969 ഇൽ കമ്മീഷൻ ചെയ്യപ്പെട്ട കുർസുര 1971 ഇൽ നടന്ന ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ പ്രധാന പങ്കു വഹിച്ചു .
2001 ഡികമ്മീഷൻ ചെയ്യപ്പെട്ട കുർസുര എല്ലാ ബഹുമാനവും നൽകി ഒരു നേവൽ മ്യൂസിയം ആക്കി മാറ്റിയത് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ശ്രമഫലമായാണ് . ഇന്ന് RK ബീച്ചിൽ വരുന്ന ആരും കുർസുരയുടെ ധീരചരിത്രം അറിയാതെ മടങ്ങുന്നില്ല
ഈ അടുത്ത കാലത്തു റിലീസ് "ഖാസി" എന്ന സിനിമ കണ്ടവർക്ക് മുങ്ങിക്കപ്പലുകളെ കുറിച്ച് ഏകദേശം ധാരണ ഉണ്ടാവും. പക്ഷെ ഒരു മുങ്ങികപ്പലിന്റെ ഉൾഭാഗം എങ്ങിനെ ഇരിക്കും എന്ന് കുർസുരയിലൂടെ കയറി ഇറങ്ങുമ്പോൾ മാത്രമാണ് നമുക്ക് പൂർണമായും മനസ്സിലാവുക. എത്ര പരിമിതമായ സൗകര്യങ്ങളോടെയാണ് ദിവസങ്ങളോളം വെള്ളത്തിനടിയിൽ നമ്മുടെ സൈനികർ ജീവിക്കുന്നത് എന്നാലോചിക്കുമ്പോൾ നമുക്ക് തന്നെ ഒരു ശ്വാസം മുട്ടൽ അനുഭവപ്പെടും. നമ്മുടെ ധീര ജവാന്മാരുടെ ആത്മബലത്തിനും മനഃസ്ഥൈര്യത്തിനും ഇതിനേക്കാൾ നല്ല ഒരു ഉദാഹരണം വേറെയില്ല. അവർ എല്ലാ നിലയ്ക്കും സല്യൂട്ട് അർഹിക്കുന്നു എന്ന് ഇവിടം സന്ദർശിച്ചാൽ നമുക്ക് തോന്നിപ്പോകും
അവിടെ നിന്ന് പുറത്തു വരുമ്പോഴേക്കും നേരം വൈകി തുടങ്ങിയിരുന്നു . നേരത്തെ പറഞ്ഞപോലെ സൂര്യാസ്തമയം നേരിട്ട് കാണാൻ പറ്റാത്ത ബീച്ചുകൾ ആണ് ഈസ്റ്റ് കോസ്റ്റ് ബീച്ചുകൾ. ബീച്ചിലൂടെ ഒരു റൗണ്ട് നടന്നു വന്നാൽ പിന്നെ എയർ ക്രാഫ്റ്റ് മ്യൂസിയം കാണാം . ശാസ്ത്രത്തിലും എയറോനോട്ടിക്കൽ എഞ്ചിനീയറിങ്ങിലും താല്പര്യം ഉള്ളവർക്ക് ഒരു പാട് കാര്യങ്ങൾ ഇവിടെ നിന്ന് മനസ്സിലാക്കാം
പുറത്തിറങ്ങിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു . ഇനി പരീക്ഷിക്കാനുള്ളത് വിശാഖപട്ടണത്തെ ഭക്ഷണപെരുമയാണ്. ഏറ്റവും രുചികരമായി നോൺ വെജിറ്റേറിയൻ ഭക്ഷണം കിട്ടുന്ന ഭക്ഷണശാലകൾ ആണ് ബീച്ചിന്റെ ഒരു വശം മുഴുവൻ . പ്രോൺസ് , ക്രാബ് പിന്നെ എല്ലാ തരം മീൻ വിഭവങ്ങളും അവിടെ കിട്ടും . എല്ലാത്തിനും നല്ല രുചിയും വില വളരെ കുറവും . ഒരു ഹോട്ടലിൽ പോയി കഴിക്കുന്നതിനേക്കാൾ വിലക്കുറവിൽ അതിനേക്കാൾ നല്ല ഭക്ഷണം ഇത്തരം ഷാക്കുകളിൽ കിട്ടും
ഭക്ഷണം കഴിഞ്ഞു അന്നത്തെ പ്രോഗ്രാം അവസാനിപ്പിച്ച് ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി
പിറ്റേന്ന് അതി രാവിലെ എഴുന്നേറ്റു . പ്രൈവറ്റ് ബീച്ചുള്ള ഹോട്ടൽ ആയിരുന്നത് കൊണ്ട് സുഖകരമായി സൂര്യോദയം കണ്ടു . ആസ്വാദ്യകരമായ ബ്രേക്ക് ഫാസ്റ്റിനു ശേഷം കൈലാസഗിരി കാണാൻ ഞങ്ങൾ പുറപ്പെട്ടു.
പണ്ടത്തെപ്പോലെ അല്ല . ഇന്ന് റോപ് വേ സംവിധാനം ഉണ്ട് കൈലാസ ഗിരിയുടെ മുകളിൽ കയറാൻ. ശിവന്റെയും പർവ്വതിയുടെയും വലിയ പ്രതിമകൾ സ്ഥാപിച്ചത് കൊണ്ടായിരിക്കും ആ സ്ഥലത്തിന് ആ പേര് കിട്ടിയത് . അകലെ താഴെ വെൺനുര പതയുന്ന ബീച്ചുകൾ കാണാമായിരുന്നു . മറ്റേതു ടൂറിസ്റ്റ് സ്ഥലം പോലെയും യാത്രികർക്ക് വേണ്ട കുറെ നേരമ്പോക്കുകൾ അവിടെയുമുണ്ട് . വിശാഖപട്ടണത്തിന്റെ ഒരു ബേർഡ് ഐ വ്യൂ അവിടെ നിന്നാൽ കിട്ടും. അന്തരീക്ഷവും നല്ല തണുപ്പാണ്
തിരിച്ചിറങ്ങി ഋഷികൊണ്ട ബീച്ച് വരെ ഞങ്ങൾ പോയി . മനോഹരമായ ബീച്ചാണ് ഋഷികൊണ്ട. അത് പോലെ തന്നെ അപകടകരവും. അധികം താഴേക്ക് ഇറങ്ങിയാൽ തിര കാൽ വലിച്ചു കൊണ്ട് പോകും . ഒരു പാട് പേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട് ഇവിടെ. അത് കൊണ്ട് തന്നെ അധികം പരീക്ഷണത്തിന് ഞങ്ങൾ മുതിർന്നില്ല
അന്നത്തെ ഭക്ഷണം നല്ലൊരു ഹോട്ടലിൽ നിന്ന് ആയിരുന്നു . തലേന്ന് കഴിച്ച ഭക്ഷണം ആയിരുന്നു കൂടുതൽ നന്നായത് എന്നാണു എല്ലാവരും അഭിപ്രായപ്പെട്ടത് . അതിനു കാരണം അത് കുറച്ചു കൂടെ തുറന്ന സ്ഥലത്തും ബീച്ചിന്റെ അരികത്തു ആണെന്നുള്ളതും കൊണ്ടാവാം. ഭക്ഷണത്തിന് രുചി നൽകുന്നത് അത് കഴിക്കുന്ന ചുറ്റുപാടുകൾ കൂടി നന്നാവുമ്പോൾ ആണല്ലോ
രണ്ടാം ദിവസം കഴിഞ്ഞിരിക്കുന്നു . നാളെ അരക്കുവാലി ട്രൈബൽ സെറ്റിൽമെന്റിലേക്കാണ് യാത്ര. അതിനു മുൻപ് വിശാഖപട്ടണത്തിന്റെ ബുദ്ധിസ്റ്റ് പാരമ്പര്യത്തെക്കുറിച്ചു ചിലതു കുറിക്കാം
കലിംഗ യുദ്ധത്തിന് ശേഷം മനം മാറ്റം വന്ന അശോക ചക്രവർത്തി ബുദ്ധമതം സ്വീകരിക്കുകയും തുടർന്ന് രാജ്യം എമ്പാടും ബുദ്ധ ആശ്രമങ്ങളും സ്തൂപങ്ങളും സ്ഥാപിക്കുകയും ചെയ്തു. വിശാഖപട്ടണത്തും അതിന്റെ ശേഷിപ്പുകൾ ഇന്നും കാണാം
പാവുരല്ലകൊണ്ട, ശങ്കരം , ഭവികൊണ്ട ,തൊട്ട്ലകൊണ്ട എന്നിവിടങ്ങളിൽ ബി സി മൂന്നാം നൂറ്റാണ്ടിലെ ബുദ്ധ സ്മാരകങ്ങളും സ്തൂപങ്ങളും കാണാം . എന്താണ് വിശാഖപട്ടണത്തിന്റെ പാരമ്പര്യം എന്ന ചോദ്യത്തിന് നിസംശയം പറയാം കലിംഗ സാമ്രാജ്യത്തിന്റെയും ബുദ്ധവിഹാരങ്ങളുടെയും പാരമ്പര്യം പേറുന്ന മണ്ണാണ് ആ പ്രദേശം എന്ന്. ഇന്ന് ബുദ്ധമതം ആചരിക്കുന്ന ആരെങ്കിലും ആ പരിസരത്തു ഉണ്ടോ എന്ന് സംശയമാണ് . ഒരുകാലത്തു എല്ലാവരും ആചരിച്ചിരുന്ന വിശ്വാസങ്ങൾ എങ്ങിനെയാണ് പെട്ടെന്ന് ഇല്ലാതാവുന്നത് . ഉത്തരം കിട്ടാത്ത ചോദ്യമാണ് അത് . ആ ലോജിക് വെച്ച് നോക്കുകയാണെങ്കിൽ ഇന്ന് ആചരിക്കുന്ന പല വിശ്വാസങ്ങളും ചിലപ്പോൾ നാളെ ഉണ്ടാവണം എന്നില്ല
അരക്കു വാലിയിലേക്ക് വിശാഖപട്ടണത്ത് നിന്ന് 110 കിലോമീറ്റർ ദൂരം ഉണ്ട് . ഒറീസാ ബോർഡറിൽ ഉള്ള ഒരു ഹിൽ സ്റ്റേഷൻ ആണ് അരക്കുവാലി. ആന്ധ്രാപ്രദേശിന്റെ ഊട്ടി എന്നറിയപ്പെടുന്ന ഈ സ്ഥലം ഭൂമിശാസ്ത്രപരമായും കാലാവസ്ഥാപരമായും മറ്റേതു ഹിൽ സ്റ്റേഷനോടും കിടപിടിക്കും. കാപ്പി ആണ് അരക്കു വാലിയിലെ പ്രധാന കൃഷി . ട്രൈബൽ മ്യൂസിയം, ട്രൈബൽ കലാരൂപങ്ങൾ എന്നിവയൊക്കെയാണ് അവിടുത്തെ ആകർഷണം. അവിടുത്തെ സ്ത്രീകൾ നടത്തുന്ന ഒരു നൃത്തരൂപം കാണാൻ വളരെ മനോഹരമാണ്
അതി പ്രശസ്തമായ ബോറ ഗുഹകൾ ഇവിടെയാണ് . ഭൂമിക്കടിയിൽ ഒരു നൂറു മീറ്റർ ഉയരത്തിലും ഏതാണ്ട് അത്ര തന്നെ നീളത്തിലും വീതിയിലും ഉള്ളതാണ് ഈ ഗുഹ . ഇത് രൂപം കൊണ്ടിരിക്കുന്നത് ലാറ്ററൈറ്റും മാര്ബിളും ഗ്രാനൈറ്റും എല്ലാം ചേർന്നാണ് . 1807 ഇൽ ബ്രിട്ടീഷുകാർ ആണ് ഇത് കണ്ടു പിടിക്കുന്നത് . സന്ദർശകർക്ക് ഗുഹയിലേക്ക് ഇറങ്ങാനും കാഴ്ചകൾ കാണാനും ഉള്ള സൗകര്യം ഉണ്ട് . ഒരു വ്യത്യസ്തമായ അനുഭവം പ്രധാനം ചെയ്യും ഈ ഗുഹയിലൂടെയുള്ള സന്ദർശനം
ബോറ കേവ്സ് കണ്ടു പുറത്തിറങ്ങുമ്പോഴേക്കും അരക്കു വാലിയിൽ മഞ്ഞു പെയ്യാൻ തുടങ്ങും . ചുറ്റുമുള്ള കാട്ടിൽ നിന്ന് തണുത്ത കാറ്റ് നമ്മളെ വന്നു തലോടിക്കൊണ്ടിരിക്കും. അവിടെ രാത്രി തങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ചില റിസോർട്ടുകൾ ഉണ്ട് . ഏറുമാടങ്ങളിൽ താമസിക്കാനുള്ള സൗകര്യവുമുണ്ട്
അരക്കു വാലിയിലെ മറ്റു ആകർഷണങ്ങൾ ചാപ്ര വാട്ടർഫാൾസ്‌ , ബൊട്ടാണിക്കൽ ഗാർഡൻ , കോഫീ മ്യൂസിയം എന്നിവയൊക്കെയാണ് . ഡിസംബർ മുതൽ ഫെബ്രുവരി വരെ ആണ് അരക്കുവാലി സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല സമയം. ബൊങ്‌ലോ ചിക്കൻ, മദുഗുല ഹൽവ ഇതൊക്കെയാണ് അരക്കു വാലിയിൽ നമ്മൾ ടേസ്റ്റ് ചെയ്തു നോക്കേണ്ട വിഭവങ്ങൾ
സമയം ഉണ്ടെങ്കിൽ അരക്കു വാലിയിൽ ഒരു രാത്രി തങ്ങാം . മൂന്ന് ദിവസത്തെ മാത്രം യാത്ര പ്ലാൻ ചെയ്തിരുന്നത് കൊണ്ട് ഞങ്ങൾ അന്ന് രാത്രി തന്നെ അരക്കു വാലിയോട് വിടപറഞ്ഞു. എല്ലാവരുടെയും കയ്യിൽ അവിടെ നിന്ന് വാങ്ങിയ കാപ്പിപ്പൊടിയും നല്ല തേനും ഉൾപ്പെടെ നിറയെ വനവിഭവങ്ങൾ ആയിരുന്നു
രാത്രിയോടെ ഞങ്ങൾ തിരികെ വിശാഖപട്ടണത്ത് തിരിച്ചെത്തി . അർധരാത്രി കഴിഞ്ഞുള്ള ഫ്ലൈറ്റിൽ കയറി ഇരിക്കുമ്പോൾ എല്ലാവരും നന്നേ ക്ഷീണിച്ചിരുന്നു . എങ്കിലും ആ മൂന്ന് ദിവസം പൂർണമായും ആസ്വദിച്ചതിന്റെ സന്തോഷം എല്ലാവരുടെ മുഖത്തും ഉണ്ടായിരുന്നു .
ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തതോടെ ഉറക്കത്തിന്റെ ചിറകുകൾ ഞങ്ങളെ വാരിപ്പുർണർന്നു . അകലെ അരക്കു വാലിയിൽ അപ്പോൾ നേരം പുലർന്നു തുടങ്ങിയിട്ടുണ്ടാവണം

No comments:

Post a Comment