എന്റെ എഴുത്തുകളിൽ മസാലദോശയുടെ അതിപ്രസരം ഉണ്ടെന്ന് കണ്ടു പിടിച്ച ആളാണ് രമേഷേട്ടൻ. ഓരോ പോസ്റ്റ് ഞാൻ എഴുതിക്കഴിയുമ്പോഴും മൂപ്പർ അതിന്റെ അടിയിൽ വന്നു കമെന്റ് ഇടും
"മസാലദോശ ഇതിലും ഉണ്ടായിരുന്നു"
ഞാൻ ആലോചിച്ചു നോക്കി , ശരിയാണ് ഞാൻ പോലും അറിയാതെ മസാലദോശ എഴുത്തിൽ കുറച്ചധികം കടന്നു വരുന്നുണ്ട്
കുറച്ചേക്കാം , പിന്നീടുള്ള എഴുത്തിൽ മസാലദോശയെ ഒഴിവാക്കി
അപ്പോൾ രമേഷേട്ടന്റെ കമന്റ് , "മസാലദോശയെ മനപ്പൂർവം ഒഴിവാക്കിയല്ലേ?"
എന്നിട്ട് ഒരു ചോദ്യം
"നോൺ വെജ് കഴിക്കുമോ?"
"തീർച്ചയായും കഴിക്കും"
"എങ്കിൽ അടുത്ത തവണ നാട്ടിൽ വരുമ്പോൾ എന്റെ ഹോട്ടലിലേക്ക് വരൂ. കുറെ നല്ല നോൺ വെജ് വിഭവങ്ങൾ രുചിച്ചു നോക്കാം "
ആദ്യമായാണ് ഫേസ്ബുക് വഴി പരിചയപ്പെടുന്ന ഒരാൾ ഇത്രയ്ക്ക് അടുപ്പത്തോടെ സംസാരിക്കുന്നത്, നേരിൽ കാണണം എന്ന് പറയുന്നത്
"വരാം" ഞാൻ മറുപടി നൽകി
കോവിഡ് കാലം ആയതു കൊണ്ട് നാട്ടിലേക്കുള്ള വരവ് നീണ്ടു പോയി
അതിനിടയിൽ ഞാൻ ഫേസ്ബുക്കിൽ എഴുതുന്നതെന്തും ആദ്യം ആദ്യം വായിക്കുന്നവരിൽ ഒരാൾ രമേഷേട്ടനായിരിക്കും . വായിച്ചാൽ അപ്പോൾ തന്നെ കമെന്റും ഇടും .
ഞാനും രമേഷേട്ടനെ പറ്റി പഠിയ്ക്കാൻ ശ്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഹോട്ടലിന്റെ രുചിപ്പെരുമയെപ്പറ്റി പലരും പറയുന്നത് എന്റെ ശ്രദ്ധയിൽ പെടുകയും ചെയ്തിരുന്നു
ഈ തവണ നാട്ടിൽ എത്തിയപ്പോൾ ഞാൻ ഈ വിഷയം കൂട്ടുകാരോട് പറഞ്ഞു .
എങ്കിൽ അവിടെ പോയി അതൊക്കെ ടേസ്റ്റ് ചെയ്തിട്ട് തന്നെ കാര്യം എന്നായി അവർ
ഒരു വൈകുന്നേരം രമേഷേട്ടന്റെ ഹോട്ടൽ ലക്ഷ്യമാക്കി യാത്ര തുടങ്ങി
തൃശ്ശൂരിൽ എത്തി അയ്യന്തോൾ വഴി പോകണം . എറവ് എന്ന സ്ഥലത്താണ് ഹോട്ടൽ
അടയാളം മൂപ്പർ പറഞ്ഞു തന്നിരുന്നു . കപ്പൽ പള്ളിയുടെ അടുത്താണ്
കപ്പൽ പള്ളിയോ അതെന്താണ് , ഞാൻ മനസ്സിൽ ആലോചിച്ചു
അധികം കഴിഞ്ഞില്ല
"ദാ ഇതാണ് കപ്പൽ പള്ളി" , ജഗൻ വലത്തേക്ക് ചൂണ്ടി പറഞ്ഞു
സംഭവം ശരിയാണ് , വലിയൊരു കപ്പലിന്റെ രൂപത്തിൽ ഒരു പള്ളി
ഇങ്ങനെ ഒരു നിർമിതി കേരളത്തിൽ ഉണ്ടെന്നു എനിക്ക് പുതിയ അറിവായിരുന്നു
കപ്പൽപള്ളി പിന്നിട്ടതോടെ "ശ്രേയസ് ഹോട്ടൽ" എന്ന ബോർഡ് കണ്ടു
കാർ പാർക്ക് ചെയ്തു ഞങ്ങൾ ഹോട്ടലിലേക്ക് കയറി . ചെറിയൊരു സങ്കോചം എനിക്ക് ഉണ്ടായിരുന്നു
പെട്ടെന്ന് മാസ്ക് ധരിച്ച ഒരാൾ വന്നു കൈ തന്നു . ഒന്നോ രണ്ടോ വാക്കിൽ ഒതുക്കിയ സംസാരം
ഫേസ്ബുക്കിലെ പോലെ വാചാലമൊന്നുമല്ല സംസാരം. ഫേസ്ബുക്കിൽ കണ്ട ആളും ഇതും തമ്മിൽ എന്തോ ഒരു അന്തരം പോലെ തോന്നി
ചെറിയൊരു ഹോട്ടൽ ആറോ ഏഴോ മേശകൾ മാത്രമാണ് ഉള്ളത്
ഞങ്ങളോട് ഒരു മേശയ്ക്ക് ചുറ്റും ഇരിക്കാൻ പറഞ്ഞ് മൂപ്പർ അകത്തുപോയി എന്തൊക്കെയോ പാചകം ചെയ്യുകയാണ് .ഓപ്പൺ അടുക്കള ആയതു കൊണ്ട് മൂപ്പർ അവിടെ ചെയ്യുന്നത് ഞങ്ങൾക്ക് കാണാം
ബൈജുവും ജഗനും എന്നെ നോക്കി. നീ പറഞ്ഞത്ര വലിയ സ്വീകരണം ഒന്നുമില്ലല്ലോ , എന്ന ധ്വനിയുണ്ട് ആ നോട്ടത്തിൽ
ഞാൻ ഹോട്ടൽ ആകെയൊന്നു നോക്കി . അപ്പോഴാണ് ഒരു വശത്തെ ചുവരിൽ കുറെ ചിത്രങ്ങൾ കാണുന്നത്
എഴുന്നേറ്റ് അതിന്റെ അടുത്ത് പോയി നോക്കി . കേരളത്തിന്റെ ചരിത്രം പറയുന്ന കുറെ ഫോട്ടോകൾ പ്രിന്റ് എടുത്തു ചുവരിൽ ഒട്ടിച്ചിരിക്കുകയാണ് . ഇ.എം.എസ് നായനാർ കരുണാകരൻ ഗൗരിയമ്മ തുടങ്ങി ഒരു പാട് പേരുടെ ജീവിത മുഹൂർത്തങ്ങൾ . പിണറായി വിജയൻറെയും എസ് ജാനകിയുടെയും വിവാഹ ഫോട്ടോ . പ്രേംനസീർ, മുട്ടത്തു വർക്കി എന്നിവർ ചേർന്നിരിക്കുന്ന ഫോട്ടോ , സംവിധായകൻ സേതു മാധവൻ , പി കേശവദേവ് , ഓ എൻ വി തുടങ്ങിയവർ ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ . അതിൽ ഗുരുവായൂർ കേശവനും , കേരളത്തിലെ ആദ്യകാല ബസ് സെർവീസിന്റെ ചിത്രങ്ങളും തുടങ്ങി പഴയ കേരളീയ ജീവിതം ഓര്മപ്പെടുത്തുന്ന ഒരു പാട് ചിത്രങ്ങൾ . ഒരു മ്യൂസിയത്തിൽ കാണുന്നത് പോലെ ഞങ്ങൾ അതൊക്കെ നടന്ന് നോക്കിക്കണ്ടു
എതിർവശത്തെ ചുമരിൽ കേരളം കണ്ട സംഗീത സംവിധായകരുടെ ചിത്രങ്ങൾ പെന്സിൽ കൊണ്ട് മനോഹരമായി വരച്ചു വെച്ചിരിക്കുന്നു .
ഞങ്ങൾ അതൊക്കെ നോക്കി നിൽക്കുമ്പോഴേക്കും രമേഷേട്ടൻ ഭക്ഷണവുമായി വന്നു .
ചൂടുള്ള പൊറോട്ടയും ബീഫും ആദ്യം വന്നു . പിറകെ ചിക്കൻ നാടൻ രീതിയിൽ വരട്ടി എടുത്തതും . ആദ്യത്തെ ഒരു കഷ്ണം പൊറോട്ട എടുത്തു ബീഫും ചേർത്ത് കഴിച്ചതോടെ രുചിപ്പെരുമ നാവിൽ പടർന്നിറങ്ങി .
ഞാൻ കൂട്ടുകാരെ നോക്കി . അവരുടെ മുഖഭാവത്തിൽ നിന്നറിയാമായിരുന്നു രമേഷേട്ടന്റെ കൈപ്പുണ്യം അവരുടെ രസമുകുളങ്ങളെ കീഴ്‌പ്പെടുത്തിയെന്ന്
"ഞാൻ തന്നെയാണ് കുക്ക് ചെയ്യുന്നത് , ഇഷ്ടപ്പെട്ടോ?" എന്ന് രമേശേട്ടന്റെ ചോദ്യം
"ഇഷ്ടപ്പെടാതെ പിന്നെ" ജഗൻ വാചാലനായി
മാസ്ക് ഞങ്ങളുടെ ഇടയിൽ ഒരു അകലം സൃഷ്ടിക്കുന്ന പോലെ .
"മാസ്ക് ഒന്ന് മാറ്റമോ?", ഞാൻ രമേഷേട്ടനോട് ചോദിച്ചു
മൂപ്പർ ചിരിച്ചു കൊണ്ട് മാസ്ക് മാറ്റി .
ഒരു സഹൃദയനായ മനുഷ്യൻ ഞങ്ങളുടെ മുന്നിൽ നിൽക്കുന്ന പോലെ അപ്പോഴാണ് അനുഭവപ്പെട്ടത് . മാസ്ക് ഇടുമ്പോൾ തമ്മിൽ തമ്മിൽ എവിടെയോ ഒരു അകലം സൃഷ്ടിക്കപ്പെടുന്നു
പിന്നെ അങ്ങോട്ട് രമേഷേട്ടൻ സുഗമമായി സംസാരിക്കാൻ തുടങ്ങി
മൂപ്പരുടെ അച്ഛനായി തുടങ്ങിയ കടയാണ് . രമേഷേട്ടൻ തന്നെ ഏതാണ്ട് നാല്പത്തി അഞ്ചു വർഷമായി നടത്തുന്നു ഞങ്ങൾക്ക് തന്നത് വെറും സാമ്പിൾ ഫുഡ് ആയിരുന്നു എന്ന് അപ്പോഴാണ് അറിഞ്ഞത് . കാലത്തും ഉച്ചയ്ക്കും പലവിധ വൈവിധ്യമായ വിഭവങ്ങൾ അവിടെ കിട്ടും. രുചി തേടി പലരും പറന്നിറങ്ങുന്ന സ്ഥലമാണ് എന്ന് മനസ്സിലാക്കാൻ അധികം നേരമെടുത്തില്ല
"ഇനി ഒരു വരവ് കൂടെ വരേണ്ടി വരും" എന്ന ഭാവം ബൈജുവിന്റെ മുഖത്ത് നിന്ന് എനിക്ക് വായിച്ചെടുക്കാമായിരുന്നു
"ഈ ചിത്രങ്ങൾ ഒക്കെ എങ്ങിനെ കിട്ടി?" ഞാൻ ചുമരിലേക്ക് നോക്കി ചോദിച്ചു
"ഒരു ഹോബി, വർഷങ്ങൾ കൊണ്ട് കളക്ട് ചെയ്തതാണ്"
ഹോട്ടലിൽ അതിനിടെ പലരും വരുന്നുണ്ട് , രമേശേട്ടൻ അവരോടൊക്കെ സംസാരിക്കുന്നുമുണ്ട് .ഞങ്ങൾക്ക് എന്തെങ്കിലും വേണോ എന്ന് തിരക്കുന്നുണ്ട് . എല്ലാം ഒരു വൺ മാൻ ഷോ
അതിനിടെ നല്ലൊരു ചായയും ഞങ്ങളുടെ മേശയിൽ എത്തി
വിശപ്പ് അടങ്ങി. കൈ കഴുകി ഞങ്ങൾ മൂപ്പർ ഇരിക്കുന്ന കൗണ്ടറിൽ ചെന്നു
അവിടെ ഒരു നോട്ടീസ് , ഒരു നാടക സംഘത്തിന്റേതാണ് . കോവിഡ് കാലം ആയതു കൊണ്ട് ഒരു നാടകം ആരുടെയോ വീട്ടുമുറ്റത്തു നടത്തുന്നു അതിന് കാണികളെ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ്
"നാടകപ്രവർത്തനം ഒക്കെ ഉണ്ടോ?"
"ഇല്ല കുറെ സുഹൃത്തുക്കൾ ഉണ്ട് അവരാണ് ചെയ്യുന്നത്" മൂപ്പർ പറഞ്ഞു
"പിന്നെ തട്ടിൻപുറ സംഗീതം ഉണ്ട് . ഞങ്ങൾ കുറച്ചു പേർ ആഴ്ചയിൽ ഒരിക്കൽ ഏതെങ്കിലും വീട്ടിൽ കൂടും . ഹാര്മോണിയവും തബലയും ഒക്കെ ഉണ്ടാവും . പാടാൻ സാധിക്കുന്നവർ പാടും " മൂപ്പർ ആവേശത്തോടെ പറഞ്ഞു
ഞാൻ ആലോചിച്ചു. ഒരു സാധാരണ ഹോട്ടൽ നടത്തുന്ന ഒരാൾ . അതിരാവിലെ നാല് മണിക്ക് എഴുന്നേൽക്കണം വൈകിട്ട് എട്ടു മണിവരെ ജോലി . അതിനിടയിൽ എന്തിനൊക്കെയാണ് ഈ മനുഷ്യൻ സമയം കണ്ടെത്തുന്നത്
നമ്മൾ ഏറ്റവും കൂടുതൽ പറയുന്ന വാചകം സമയം ഇല്ല എന്നാണ് . പക്ഷെ രമേഷേട്ടന് സമയം ഉണ്ട് ..അത് കണ്ടെത്തുന്നുമുണ്ട്
തിരിച്ചു പോരാൻ നേരം കൗണ്ടറിൽ ഇരുന്ന കുപ്പിയിൽ നിന്ന് കുറെ അരിയുണ്ട മൂപ്പർ ഒരു കവറിൽ ആക്കി തന്നു
യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി .
"ഏതായാലും കപ്പൽ പള്ളി കണ്ടിട്ട് പോകാം". ജഗൻ പറഞ്ഞു
ഏതാണ്ട് 80കളിൽ നിർമിച്ച പള്ളി ആണത് . ഒരു കപ്പലിലേക്ക് കയറുന്ന പോലെ തന്നെ അകത്തേയ്ക്ക് കയറണം
പള്ളി കണ്ടു പുറത്തിറങ്ങി കാറിൽ കയറുമ്പോൾ രമേഷേട്ടൻ ഹോട്ടൽ പൂട്ടി ഞങ്ങൾക്ക് എതിരെ വരുന്നു. ഒരു സാധാരണ സൈക്കിളിൽ ആണ് വരവ് . ഞാൻ ആലോചിച്ചു ഇക്കാലത്തു സൈക്കിളിൽ യാത്ര ചെയ്യുന്നവർ ഉണ്ടോ .പുതിയ റൈഡേഴ്‌സ് ഒരുപാട് ഉണ്ട് എന്നറിയാം. പക്ഷെ പണ്ട് ഗ്രാമ ഗ്രാമാന്തരങ്ങളിൽ കണ്ടിരുന്ന വലിയ സൈക്കിൾ ചവിട്ടി നടക്കുന്നവർ എത്രയോ കുറഞ്ഞു
ചിരിച്ചു കൊണ്ട് രമേഷേട്ടൻ ഞങ്ങളുടെ അടുത്ത് വന്നു .
"നിങ്ങൾ കപ്പൽ പള്ളിയിലേക്ക് ആണ് പോയതെങ്കിൽ ഞാൻ കൂടെ വരുമായിരുന്നു . അവിടെ എല്ലാം എന്റെ പരിചയക്കാരാണ്"
ആവുമല്ലോ ഞാൻ ഓർത്തു ..ഇങ്ങനെ രുചികരമായ ഭക്ഷണം ഉണ്ടാക്കികൊടുത്താൽ ആരാണ് പരിചയക്കാർ അല്ലാതായിത്തീരുക
അവിടെ അടുത്താണ് പുള്ള് പാടശേഖരം , പകൽ സമയത്തു ഞാൻ പുള്ള് കണ്ടിട്ടുണ്ട് . അതിമനോഹരമായ കാഴ്ചയാണ് പുള്ള് .രാത്രിയിലെ പുള്ള് എങ്ങിനെ ഇരിക്കും. ഞാൻ മനസ്സിലോർത്തു
"നമുക്ക് പുള്ള് വരെ പോയി നോക്കാം" ഞാൻ പറഞ്ഞു
പുള്ളിലേക്ക് ഉള്ള വഴി പറഞ്ഞു തന്ന് രമേഷേട്ടൻ സൈക്കിൾ ചവിട്ടി അകന്നു പോയി .
ഇത്രയും അധ്വാനം കഴിഞ്ഞു ഒന്ന് കുളിച്ചു കിടന്നാൽ ആ മനുഷ്യന് പിറ്റേന്ന് രാവിലെ നാല് മണിക്ക്
എഴുന്നേൽക്കണം . ഒരു മടിയും കൂടാതെ ആവേശത്തോടെ എത്രയോ വർഷങ്ങൾ ആയി ആ മനുഷ്യൻ ആ പണി ചെയ്യുന്നു. സ്വന്തം ജീവിതം എങ്ങിനെ ചിട്ടപ്പെടുത്തി എടുക്കണം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. ഒരു സാധാരണക്കാരനായ മനുഷ്യൻ തന്റെ ജീവിതത്തെ എത്ര മനോഹരമായാണ് അദ്ധ്വാനത്തിനും ആസ്വാദനത്തിനും വേണ്ടി ചിട്ടപ്പെടുത്തിയിരിക്കുന്നത്
പുള്ളിലെത്തി . തട്ടുകടകൾ സജീവമായിരുന്നു . പെൺകുട്ടികളും ആൺകുട്ടികളും ഉൾപ്പെടെ കുറെ പേർ ഭക്ഷണം കഴിക്കുന്നുണ്ട്. കേരളത്തിലെ ടൂറിസം ഇനിയും ഏറെ മുന്നേറാൻ ഉണ്ട് . വൈകുന്നേരങ്ങളിൽ അല്പം സംഗീതം കൂടി ഉണ്ടായിരുന്നെങ്കിൽ അവിടം സ്വർഗമായേനെ എന്ന് തോന്നിപ്പോയി
ഞങ്ങൾ കാർ പാർക്ക് ചെയ്‌ത് പാടത്തിന്റെ കരയിലൂടെ നടന്നു. മനോഹരമായ ഒരു കാഴ്ച ആയിരുന്നു അത്
ഒരു നല്ല രാത്രി , അകലെ നഗരത്തിന്റെ വെളിച്ചം കാണാം .. ചുറ്റുപാടും കണ്ണെത്താ ദൂരം പാടങ്ങൾ നിലാവിൽ കുളിച്ചു കിടക്കുന്നു . നല്ല തണുത്ത കാറ്റ് ഞങ്ങളുടെ മുഖത്തെ ഉരുമികടന്നു പോയ്കൊണ്ടിരുന്നു
കുറെ നേരം അവിടെ നിന്ന് ഞങ്ങൾ സംസാരിച്ചു .. കുട്ടിക്കാലത്തെ കുറെ കാര്യങ്ങൾ ...എത്ര വര്ഷങ്ങളാണ് കടന്നു പോയത് . ജീവിതം ഒഴുകുകയാണ് നമ്മൾ വിചാരിക്കുന്നതിലും വേഗത്തിൽ
ഫോൺ വീണ്ടും ശബ്‌ദിച്ചു .. വീണ്ടും രമേഷേട്ടനാണ് . പുള്ളിൽ എത്തിയോ എന്നറിയാൻ വിളിച്ചതാണ്
എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അവിടെ ഉള്ള കൃഷേണേട്ടന്റെ തട്ടുകടയിൽ പറഞ്ഞാൽ മതി . എന്റെ അടുത്ത കൂട്ടുകാരനാണ്.
ഞങ്ങൾ തട്ടുകടകളുടെ ബോർഡുകൾ നോക്കി കൃഷ്ണേട്ടന്റെ തട്ടുകട കണ്ടു പിടിച്ചു . രമേഷേട്ടന്റെ പേര് പറഞ്ഞു . പിന്നെ അവരും ചിരപരിചിതരെപ്പോലെ സംസാരിക്കാൻ തുടങ്ങി. ഒരു പരിചയുമില്ലാത്ത സ്ഥലത്തു വന്നു ഞങ്ങൾ കുറെ സുഹൃത്തുക്കളെ ഉണ്ടാക്കി
അവിടെ നിന്ന് ഒന്നും കഴിക്കാൻ ഉള്ള കപ്പാസിറ്റി ഇല്ലാത്തതു കൊണ്ട് അടുത്ത അവസരത്തിൽ വരാം എന്ന് പറഞ്ഞു അവരോടു ഞങ്ങൾ യാത്ര പറഞ്ഞു
കാറിൽ കയറി തിരികെ മടങ്ങുമ്പോൾ ഞാൻ ആലോചിച്ചു ഈ ലോകം എത്ര വിസ്മയങ്ങൾ നിറഞ്ഞതാണ് . ജീവിതത്തിൽ ചിലരെ കണ്ടുമുട്ടാൻ നമ്മൾക്ക് നിയോഗം ഉണ്ടായിരിക്കും അത് അതിന്റെ സമയത്തു നടക്കുക തന്നെ ചെയ്യും . അല്ലെങ്കിൽ വെറും ഒരു മസാലദോശയിൽ തുടങ്ങിയ സംസാരം ഇവിടെ എത്തി നിൽക്കില്ലായിരുന്നുവല്ലോ .
പുള്ളിലെ തണുത്ത കാറ്റിന്റെ തലോടൽ ഏറ്റ് ഞങ്ങൾ മടക്കയാത്ര തുടങ്ങി
No comments:
Post a Comment