Sunday, October 10, 2021

കപ്പൂർ..എന്റെ ഖസാക്ക്


 യാത്ര എന്നു പറയുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ വരിക പ്രധാനപ്പെട്ട വിനോദ സഞ്ചാര സ്ഥലങ്ങളുടെ ചിത്രമായിരിക്കും... അതിനുമപ്പുറം ചില സ്ഥലങ്ങൾ ഉണ്ട് ആരും അധികം അറിയാത്ത സ്ഥലങ്ങൾ..തികച്ചും ഗ്രാമീണമായ അന്തരീക്ഷം ഉള്ളവ...

ഇന്നും ഞാൻ ഇടയ്ക്കൊക്കെ പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലം ഉണ്ട്...പൊന്മുട്ടയിടുന്ന താറാവ് ചിത്രീകരിച്ച ആനക്കരയ്ക്ക് അടുത്ത് കിടക്കുന്ന കപ്പൂർ എന്ന സ്ഥലം...ഒരു കാലത്ത് മനസ്സിനെ ഏറെ സന്തോഷിപ്പിച്ചിരുന്ന യാത്രകൾ ആയിരുന്നു അവിടേയ്ക്ക് ഉള്ളത്

കുന്നംകുളത്തു നിന്നു കോഴിക്കോട്ടേക്കുള്ള വഴിയിൽ വളയംകുളത്തിനോട് അടുത്തു കിടക്കുന്ന ഈ മനോഹരമായ ഗ്രാമത്തിൽ ആയിരുന്നു എന്റെ വലിയമ്മയുടെ വീട് . സ്കൂൾ കാലം മുതൽ ഞാൻ ഇടയ്ക്കിടെ പോയി നിൽക്കാറുണ്ടായിരുന്നു ഇവിടെ . വലിയൊരു തൊടിയുടെ നടുക്ക് ഉള്ള ഒറ്റപ്പെട്ട വീട്. തൊടിയുടെ ഒരു വശത്തു കുന്ന് , മറുവശത്തു പാടം .അടുത്തൊന്നും വിളിച്ചാൽ പോലും കേൾക്കുന്ന ദൂരത്തിൽ പോലും വീടുകൾ ഇല്ല. അകലെ പാടത്തിന്റെ അങ്ങേ അറ്റത്തു ഒരു ചെറിയ അമ്പലവും ഒരുഎൽ പി സ്കൂളും കാണാം 

അവിടേയ്ക്ക് എത്താൻ തന്നെ പള്ളങ്ങാട്ട് ചിറ എന്ന സ്ഥലത്ത് ബസ് ഇറങ്ങി പിന്നെ പാടത്തിന്റെ വരമ്പിലൂടെ കുറെ നടക്കണം..ദിവസേന നാലു ട്രിപ്പ് ബസ്സ് സർവിസ് മാത്രമാണ് കുന്നംകുളത്തു നിന്ന് ചിറയിലേക്ക് ഉണ്ടായിരുന്നത്..ബസ് ഇറങ്ങി നടന്ന് നടന്ന് പാടത്തിന്റെ നടുക്കുള്ള എൽ. പി. സ്കൂളും അമ്പലവും പിന്നിട്ട് ചുറ്റും നോക്കുമ്പോൾ വലിയ പാടത്തിന്റെ നടുക്ക് നമ്മൾ മാത്രമേ കാണൂ...ചുറ്റും കമുകിൻ തോപ്പുകളും അതിനപ്പുറം അതിരു വരച്ച പോലെ കുന്നുകളും പച്ച പിടിച്ചു കിടക്കും..ആ കുന്നിന്റെ മുകളിലൂടെ ദിവസേന ഒരു ബസ് പാലക്കാട്ടേക്ക് സർവിസ് നടത്തിയിരുന്നു..പാടത്ത് നിന്നാൽ കുന്നിന്റെ മുകളിലൂടെ ആ ബസ് പോകുന്ന ഇരമ്പം കേൾക്കാം..അതായിരുന്നു ആ പരിസരത്ത് ഉള്ളവരുടെ ക്ലോക്ക്.. ബസിന്റെ ശബ്ദം കേട്ടാൽ പതിനൊന്നര ആയെന്ന് അർത്ഥം.

നിറയെ വായിക്കാൻ പുസ്തകങ്ങൾ ഉണ്ടായിരുന്നു എന്നതാണ്  അവിടുത്തെ ആകർഷണം. പിന്നെ എപ്പോഴും ആ തൊടിയിൽ  കൃഷിപ്പണി ചെയ്തിരുന്ന വലിയച്ഛനും വല്യമ്മയും. ടിവിയോ മറ്റു സൗകര്യങ്ങളോ ഇല്ല . പുസ്തകങ്ങൾ വായിച്ചും ആ തൊടിയിലും പാടത്തും നടന്നും എന്റെ  വെക്കേഷൻ ദിനങ്ങൾ അവിടെ ഏറെ മനോഹരമായിരുന്നു.

വല്യമ്മയുടെ മകൻ പ്രകാശേട്ടൻ ആണ് മിണ്ടാൻ ഉള്ള ഒരാൾ . മൂപ്പർ പകൽ ജോലിക്കു പോകും .പിന്നെ പകൽ ആരോടും മിണ്ടാനില്ല. തികഞ്ഞ ശാന്തത .

ഒരു പൂർണമായ മെഡിറ്റേഷൻ സ്റ്റേറ്റിലേക്ക്  എന്റെ മനസ്സിനെ  എത്തിക്കുമായിരുന്നു  ഈ വീടും പരിസരവും അന്ന് . ബസാക്കിന്റെ ഇതിഹാസത്തിൽ കൂമൻകാവിൽ എത്തിയ രവിയെ പോലെ 

ഇന്ന് വലിയച്ഛനും വല്യമ്മയും ഇല്ല . ഈ വീട്ടിൽ ഇപ്പോൾ ആരും താമസവും ഇല്ല .. ഉള്ളത് കുറെ പഴയ ഓർമ്മകൾ മാത്രം..

എങ്കിലും ഒരിക്കൽ കൂടി അവിടെ പോണം...പള്ളങ്ങാട്ട് ചിറയിൽ ബസ്സിറങ്ങി... ആ പാടവരമ്പിലൂടെ നടന്ന് തന്നെ പോകണം..പാട വരമ്പിലോടെ ഞാൻ നടന്നു വരുന്നത് നോക്കി നിന്നിരുന്ന വലിയമ്മയും വലിയച്ചനും അവിടെ ഇല്ലെങ്കിലും

Monday, October 4, 2021

നാഗക്കളങ്ങളുടെ സംസ്‌കൃതി തേടി



 കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഗ്രാമഗ്രാമാന്തരങ്ങളിൽ എത്രയോ വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളും ആഘോഷങ്ങളും നിലനിൽക്കുന്നു. ഓരോന്നിന്റെയും ചരിത്രം അന്വേഷിച്ചു ചെന്നാൽ നമ്മൾ അവസാനം എത്തുന്നത് പ്രകൃതിയുടെ തുനാലാവസ്ഥ നിലനിർത്താനും മനുഷ്യനും പ്രകൃതിയും എത്രമേൽ ഒന്നിനൊന്നു ബന്ധപ്പെട്ടു കിടക്കുന്നു എന്ന തത്വം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകരാനും വേണ്ടിയുള്ള ചില ചട്ടക്കൂടുകൾ ചില ചിന്താ പദ്ധതികൾ ആരൊക്കെയോ ചേർന്ന് ആവിഷ്ക്കരിച്ചു വെച്ചിരിക്കുന്നു എന്ന തിരിച്ചറിവിലേക്കായിരിക്കും

തൃശൂർ ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ ഇത്തരം ചടങ്ങുകൾ വിവിധങ്ങളായ അമ്പലങ്ങളിലും തറവാട്ട് ക്ഷേത്രങ്ങളിലും നടക്കുന്നുണ്ട്. അതിലൊന്നാണ് നാഗക്കളം അഥവാ സർപ്പക്കളം എന്ന് വിളിക്കുന്ന ചടങ്ങ്
ആര്യകാലത്തും അതിനു മുൻപത്തെ ദ്രാവിഡ കാലത്തും നിലവിൽ വന്ന ഭക്തിരസ മാതൃകകൾ, ശൈവ വൈഷ്ണവ സങ്കല്പങ്ങൾ ക്ഷേത്രങ്ങൾ, അതിനോടനുബന്ധിച്ച ആഘോഷങ്ങൾ തുടങ്ങിയവയാണ് ഇന്നത്തെ കേരളത്തിന്റെ മാതൃകകൾ ആയി മുഖ്യധാരയിൽ നിറഞ്ഞു നിൽക്കുന്നത് എങ്കിലും അതിനും മുൻപേ സർപ്പാരാധന ഒരു ആരാധനക്രമം എന്ന രീതിയിൽ ചില കൊച്ചു കൊച്ചു സമൂഹങ്ങളിൽ രൂപപ്പെട്ടിരുന്നു
ഒരു പക്ഷെ കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടാവാം പാമ്പുകൾക്ക് അധിവസിക്കാൻ പറ്റിയ സാഹചര്യം മറ്റു ഏതു ഭാരത പ്രദേശത്തേക്കാൾ കേരളത്തിൽ സംജാതമായതു .
കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്ന ജനങ്ങൾ പാമ്പുകൾ അധിവസിക്കുന്ന ഭൂമിക കയ്യേറി കൃഷി സ്ഥലമാക്കി മാറ്റുന്നതോടെ മനുഷ്യനും അത്തരം ജീവജാലങ്ങളുമായി ഉള്ള സമരം ആരംഭിക്കുകയായി. തങ്ങളുടെ ആവാസ വ്യവസ്ഥയിൽ കുടിയേറിയ മനുഷ്യനോട് ആ ജീവ ജാലങ്ങൾ അവർക്ക് പറ്റാവുന്ന രീതിയിൽ പ്രതികരിച്ചു കാണും . തുടർന്ന് കുറെ മനുഷ്യർക്ക് സർപ്പദംശം മൂലമോ മറ്റു ജീവ ജാലങ്ങളുടെ ആക്രമണങ്ങൾ മൂലമോ ജീവൻ നഷ്ടപ്പെട്ടിരിക്കാം
തുടരെ തുടരെ ഉള്ള ഇത്തരം അപകടങ്ങൾ അക്കാലത്തെ മനുഷ്യനെ ഇതിൽ നിന്ന് എങ്ങിനെ രക്ഷനേടാം എന്ന ഉപായങ്ങൾ തേടി .
നൈസർഗികമായ ആവാസ വ്യവസ്ഥ നഷ്ടപെടുന്ന ജീവ വിഭാഗം സൃഷ്ടിക്കുന്ന അപകടങ്ങൾ ഇല്ലാതാക്കാൻ അവർക്കു വിരാജിക്കാൻ അവർക്കു പരിചിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്ന ആശയം ആണ് പാമ്പിൻകാവുകൾ എന്ന രൂപത്തിൽ അക്കാലത്തെ മനുഷ്യർ രൂപപ്പെടുത്തിയെടുത്തത്
കൃഷിക്ക് കുടിയേറിയ മനുഷ്യൻ പിന്നെ വീടുകൾ പണിതു ചെറിയ ചെറിയ ഗ്രാമങ്ങൾ രൂപപ്പെട്ടു തുടങ്ങിയപ്പോൾ ഓരോ ഗ്രാമങ്ങളിലും പാമ്പിൻകാവുകൾ രൂപപ്പെട്ടു . പക്ഷെ കാവിനു പുറത്തിറങ്ങിയ സർപ്പങ്ങൾ വീണ്ടും മനുഷ്യ ജീവന് ഭീഷണി ആയപ്പോൾ ആയിരിക്കണം സർപ്പങ്ങളെ പ്രീതിപ്പെടുത്തുക എന്ന പൂജാ വിധി ഉണ്ടായത്
ശാസ്ത്രീയമായ വിശദീകരണങ്ങളിൽ ഒതുങ്ങുന്നില്ലെങ്കിലും മനുഷ്യന്റെ വിശ്വാസപ്രമാണങ്ങളിൽ നാഗപൂജ അലിഞ്ഞു ചേരുകയും വിഷ്ണുവിനെയും ശിവനെയും ഉപാസിക്കുന്നതിനും അപ്പുറം സർപ്പപ്പൂജ കൂടി സമൂഹത്തിലെ പ്രധാന കുടുംബങ്ങളിൽ (തറവാടുകളിൽ) ഒഴുച്ചുകൂടാനാവാത്ത ഒന്നായി തീരുകയും ചെയ്തു
സർപ്പപൂജ സർപ്പക്കളം ആയി മാറിയത് അതിൽ പൂജയ്ക്കുമപ്പുറം കലയ്ക്കും വാദ്യത്തിനും പാട്ടിനും ഉള്ള സാദ്ധ്യതകൾ തിരിച്ചറിഞ്ഞു കൊണ്ട് തന്നെ ആയിരിക്കണം . കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കുക എന്ന ഉദ്ദേശ്യവും ഇത്തരം ഉൾപെടുത്തലുകൾക്ക് കാരണമായിട്ടുണ്ട്
ഇന്ന് സർപ്പക്കളം എന്ന രൂപത്തിൽ ആണ് സർപ്പപൂജ തൃശൂരിലും പരിസരങ്ങളിലും നടത്തപ്പെടുന്നത്
നിലം ചാണകം കൊണ്ട് മെഴുകി അതിൽ കുരുത്തോല പന്തൽ കെട്ടി പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന അഞ്ചു വർണ്ണങ്ങൾ കൊണ്ട് നാഗരൂപം വരയ്ക്കൽ ആണ് സർപ്പക്കളത്തിന്റെ ആദ്യപടി
അഞ്ചു വർണങ്ങളിൽ വെള്ള അരിപ്പൊടി കൊണ്ടും മഞ്ഞ മഞ്ഞൾ പൊടികൊണ്ടും പച്ച ഇലകൾ ഉണക്കി പൊടിച്ചത് കൊണ്ടും കറുപ്പ് തവിടു ഉണക്കി പൊടിച്ചത് കൊണ്ടും ചുവപ്പു ചുണ്ണാമ്പും മഞ്ഞളും ചേർത്ത മിശ്രിതം കൊണ്ടും ആണ് ഉണ്ടാക്കിയെടുക്കുന്നത്
അഞ്ചു വർണങ്ങൾ പഞ്ച ഭൂതങ്ങളെ ( ആകാശം, ജലം, വായു , ഭൂമി, അഗ്നി ) യും അതേപോലെ പഞ്ചേന്ദ്രിയങ്ങൾ ആയ കണ്ണ് മൂക്ക് ത്വക്ക് നാക്ക് ചെവി എന്നിവയെയും പ്രതിനിധാനം ചെയ്യുന്നു എന്നാണ് വിശ്വാസം. മനുഷ്യ ശരീരത്തിന്റെ സൂക്ഷ്മ സ്ഥൂല ഭാവങ്ങളെ ഈ വർണ്ണങ്ങൾ കൊണ്ട് പ്രതിനിധാനം ചെയ്യുന്നു എന്ന് സാരം
കുരുത്തോല കെട്ടിയ പന്തലിന്റെ ഉള്ളിൽ ആണ് മനുഷ്യൻ്റെ ജീവന്റെ അടിസ്ഥാന ഘടകങ്ങൾ ആയി സങ്കല്പിക്കുന്ന പഞ്ച വർണങ്ങൾ കൊണ്ട് നാഗങ്ങളെ വരയ്ക്കുന്നത് .
പൂജയുടെ രൂപം അനുസരിച്ചു വിവിധ സർപ്പ രൂപങ്ങൾ ആണ് ഓരോ ദിവസവും വരയ്ക്കുന്നതു . നാഗരാജ , നാഗയക്ഷി , മണിനാഗം , കരിനാഗം , കുഴിനാഗം , പറ നാഗം , എരി നാഗം എന്നീ വിവിധ രൂപങ്ങളിൽ സർപ്പാരാധന നടക്കുന്നു
സർപ്പരൂപം വരച്ചു കഴിഞ്ഞാൽ പിന്നെ സർപ്പങ്ങളെ തറവാട്ടിലെ കാരണവർ (മുത്തപ്പൻ) താലങ്ങളുടെയും വാദ്യങ്ങളുടെയും അകമ്പടിയോടെ കുരുത്തോലപന്തലിലേക്ക് ആനയിക്കുന്നു . തുടർന്നാണ് കൊട്ടിപ്പാടൽ
പുള്ളവൻ വീണ കൊണ്ടും പുള്ളുവത്തി പുള്ളുവൻ കുടം കൊണ്ടും കൊട്ടി പാടുന്ന ചടങ്ങാണ് പ്രധാനം. സർപ്പങ്ങളെ ആവാഹിച്ചു വരച്ചിരിക്കുന്ന കളത്തിൽ വരുത്തുക എന്നതാണ് ആ പാട്ടു പൂജയുടെ ലക്‌ഷ്യം. മഹാഭാരത്തിൽ പറയുന്ന കദ്രു വിനിത തർക്കങ്ങളും ഗരുഡനും നാഗങ്ങളും തമ്മിൽ ഉള്ള ശത്രുതയും ആണ് കൊട്ടിപ്പാടലിൽ പ്രധാനമായും ഉൾപ്പെടുന്നത്
സർപ്പങ്ങൾ മനുഷ്യരോട് സംവദിക്കാൻ അവർക്ക് മനുഷ്യ സദൃശ്യമായ ഒരു രൂപം വേണം എന്നതിൽ നിന്നായിരിക്കണം നാഗകന്യക എന്ന ആശയം ഉണ്ടായത് . കുളിച്ചു വൃതശുദ്ധിയോടെ കന്യകകൾ കളത്തിനു അടുത്തു ഇരിക്കുകയും കൊട്ടിന്റെയും പാട്ടിന്റെയും വർണങ്ങളുടെയും സമഞ്ജസമായ ഒരു മേളനം അവരിൽ ചില ചലനങ്ങൾ ഉണ്ടാകുന്നതോടൊപ്പം അരമണികെട്ടി ചുവന്നപട്ടുചുറ്റി കളത്തിനു ചുറ്റും നടക്കുന്ന വെളിച്ചപ്പാടിന്റെ സാന്നിധ്യം കൂടെ ആവുമ്പോൾ അവരിൽ അത് ഒരു മായിക ലോകം തീർക്കുകയും ചെയ്യുമ്പോൾ കന്യകമാർ കൊട്ടിനൊത്തു ആടാൻ തുടങ്ങുന്നു
പിന്നീട് കന്യകളിൽ കാണുന്നത് ഒരു അസാധാരണ ഭാവമാറ്റമാണ്. അവരിൽ വന്യമായ ഒരു ശക്തി വന്നു ചേർന്നപോലെ ആ കളത്തിൽ അവർ നിറഞ്ഞാടുകയും കൊട്ടിനൊത്തു മുടികൊണ്ടും തങ്ങളുടെ കയ്യിൽ ഉള്ള കമുകിൻ പൂക്കില കൊണ്ടും വരച്ച കളം മായ്ച്ചു കളഞ്ഞു അവർ അതിൽ, നാഗങ്ങൾ അതിവേഗത്തിൽ ഇഴയുന്ന പോലെ നിറഞ്ഞാടുന്നു . അവസാനം പുള്ളുവൻ ആ വർഷത്തെ പൂജകൾ തൃപ്തിയായോ എന്ന് നാഗങ്ങളോട് ആരായുന്നു. തൃപ്തിയായെങ്കിൽ നാഗങ്ങൾ ഗുരുതിയിൽ (നൽപാമര വെള്ളത്തിൽ മഞ്ഞളും ചന്ദനവും ചേർത്താണ് ഗുരുതി ഉണ്ടാക്കുന്നത് ) തലതല്ലി ഗുരുതി പാർത്തു
ആട്ടത്തിന്റെ വേഗം കുറഞ്ഞു തറവാട്ട് ഭഗവതിയുടെ മുന്നിൽ കുഴഞ്ഞു വീഴുന്നതോടെ ആ വർഷത്തെ ചടങ്ങുകൾ സമാപിക്കുന്നു
ക്ഷേത്രങ്ങളിലെ ദൈവാരാധനക്ക് അപ്പുറം പ്രപഞ്ച ശക്തിയുമായി മനഷ്യനെ ബന്ധപ്പെടുത്തുന്ന ഒട്ടനവധി ആചാരങ്ങൾ കേരളത്തിൽ നിലവിൽ ഉണ്ട് . അതിൽ ഒന്നായി ഇന്നും സർപ്പം തുള്ളൽ ഒട്ടും ഒളി മങ്ങാതെ, പ്രാധാന്യം ഒട്ടും കുറയാതെ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറി നിലനിന്നു പോരുന്നു
വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞപോലെ ഭൂമിയുടെ അവകാശികൾ മനുഷ്യൻ മാത്രമല്ലല്ലോ . അവിടെ മനുഷ്യന് പുറമെ എല്ലാ ജീവജാലങ്ങൾക്കും ഒരവകാശമുണ്ട്. ഇത്തരം ചടങ്ങുകൾ ആ പ്രകൃതിനിയമങ്ങളെ ഒരിക്കൽ കൂടി മനുഷ്യന് ഓർമപ്പെടുത്തികൊടുക്കുന്നു

ഒരു വട്ടം കൂടിയെൻ ...


ഇരുപത്തി അഞ്ചു വർഷങ്ങൾക്ക് മുൻപ് പഠിച്ചിറങ്ങിയ കോളേജ് കെട്ടിടത്തിന്റെ ഒഴിഞ്ഞ വരാന്തയിൽ ഇന്ന് പോയി നിന്നപ്പോൾ കാലചക്രം അതിന്റെ ഗതിവേഗം നമ്മുടെ ചിന്തകളേക്കാൾ വേഗത്തിലാക്കിയോ എന്ന് തോന്നിപ്പോയി. ഇരുപത്തി അഞ്ചു വർഷങ്ങൾ കടന്നു പോയിരിക്കുന്നു . ഇന്നാലോചിക്കുമ്പോൾ ഇരുപത്തിഅഞ്ചു നിമിഷങ്ങൾ പോലെ തോന്നുന്നു .

ഡിഗ്രിക്ക് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ആണ് ചേരുന്നത് എന്ന് പറഞ്ഞപ്പോൾ അന്ന് പലരും നെറ്റി ചുളിച്ചു . പക്ഷെ തന്റെ തീരുമാനത്തിന് മാറ്റം ഉണ്ടായിരുന്നില്ല . ഒന്നുകിൽ ശ്രീകൃഷ്ണ അല്ലെങ്കിൽ കേരളവർമ ഇതിൽ ഏതെങ്കിലും ഒരു കോളേജിലേ ഞാൻ പഠിക്കൂ എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു . സിനിമകളിൽ കണ്ട കോളേജ് ക്യാമ്പസ് എന്ന സ്വപ്നം നിറവേറാൻ പോകുന്നു എന്ന സന്തോഷം മനസ്സിൽ തിരയടിച്ച സമയം
ഇന്നാലോചിക്കുമ്പോൾ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും മനോഹരമായ തീരുമാനം ആയിരുന്നു അത് .
ആ തീരുമാനത്തിന്റെ വില ഇന്നും മനസ്സിൽ രേഖപ്പെടുത്തിവെക്കുന്നത് ജീവിതത്തിലെ ഏറ്റവും മനോഹര ദിവസങ്ങൾ സമ്മാനിച്ച ആ മൂന്ന് വർഷങ്ങളുടെ ഓർമ്മകളാണ്
ജീവിതത്തിന്റെ വർണങ്ങൾ, സ്വാതന്ത്ര്യം, കല, പ്രണയം, രാഷ്ട്രീയം, സംഘർഷങ്ങൾ എന്ന് വേണ്ട തുടർന്നുള്ള ജീവിതത്തിൽ ഓരോ പ്രതിസന്ധികളെയും നേരിടാൻ അത്തരം ഒരു കലാലയ ജീവിതം നമ്മളെ ഏറെ സഹായിക്കുന്നു എന്നാണ് എന്റെ അഭിപ്രായം .
ഒരു പാട് നല്ല ഓർമ്മകൾ ഉണ്ട് ആ ക്യാമ്പസ്സിനെക്കുറിച്ച്. ആദ്യ വര്ഷം മലയാളം ക്ലാസ് എടുക്കാൻ വന്ന നാരായണൻ മാഷ് പറഞ്ഞു ഈ കോളേജിൽ നിങ്ങൾ കേവലം മൂന്ന് വര്ഷം മാത്രമാണ് ചിലവാക്കാൻ പോകുന്നത് ജീവിതവുമായി തട്ടിച്ചു നോക്കുമ്പോൾ അത് എത്രയോ നിസ്സാരമാണ് . അന്ന് ആലോചിച്ചത് മൂന്ന് വര്ഷം ഉണ്ടല്ലോ മാഷ് ഇപ്പൊ ഇതൊക്കെ പറയുന്നത് എന്തിനാണ് എന്നായിരുന്നു . പക്ഷെ ഇന്നാലോചിക്കുമ്പോൾ തോന്നുന്നു മാഷ് പറഞ്ഞത് എത്ര ശരിയാണ്. ഞങ്ങൾ പോലും അറിയാതെ ഒരുനാൾ ഞങ്ങൾ അവിടെ പൂർവ്വവിദ്യാര്ഥികളായി , ക്യാമ്പസിനു അന്യരായി
ഒരുപാടു ഓർമ്മകൾ ഉണ്ട് ശ്രീകൃഷ്ണയെക്കുറിച്ച് . ലൈബ്രറിയിലെ ശ്യാമേട്ടൻ എത്ര പുസ്തകങ്ങൾ ആണ് പ്രത്യേകം എടുത്തു വെച്ച് തന്നിരുന്നത് . ഒരു സുഹൃത്തിനെ പ്പോലെ സംസാരിച്ചിരുന്ന ഫിസിക്സ് ലാബിലെ നന്ദേട്ടൻ (നന്ദേട്ടന്റെ കൂടെ ആണ് പിന്നീട് ഞാൻ ആദ്യമായി മൂകാംബിക പോകുന്നത്), കോളേജിലെ അരമതിലിൽ ഇരിക്കുമ്പോൾ പ്രിൻസിപ്പൽ പറഞ്ഞു എന്നെ പിടിച്ചു ഓഫീസിൽ റൂമിൽ കൊണ്ട് പോകുമ്പോൾ "എന്തിനാ ഇങ്ങനെ മതിലിൽ കയറി ഇരിക്കുന്നത്" എന്ന് സ്നേഹത്തോടെ ഉപദേശിച്ച അറ്റൻഡർ ശശിയേട്ടൻ, കണ്ണുകാണില്ലെങ്കിലും അകക്കണ്ണുകൊണ്ടു ഞങ്ങളെ ഒക്കെ കാണുകയും സ്നേഹിക്കുകയും ചെയ്തിരുന്ന കുഞ്ചുനായർ. (കുഞ്ചുനായർക്ക് കോളേജിന്റെ പടിയ്ക്കൽ ഒരു കട ഉണ്ടായിരുന്നു), എല്ലാറ്റിനും ഉപരി ഞങ്ങളുടെ പ്രിയപ്പെട്ട പി സി കെ മാഷ് . അങ്ങിനെ എത്രയെത്ര നന്മയുള്ള മുഖങ്ങൾ
അരിയന്നൂർ ബസ്സിറങ്ങി അമ്പലനടയിലെ ജംഗ്ഷനിലെ ഹരിയേട്ടന്റെ കടയിൽ നിന്ന് നാരങ്ങാ സോഡയും കുടിച്ച്‌ മെല്ലെ കുന്നുകയറി കോളേജിന്റെ ഗേറ്റിൽ എത്തുമ്പോഴേക്കും ഗേറ്റിൽ കൂട്ടുകാർ ആരെങ്കിലും നിൽക്കുന്നുണ്ടാവും. കെമിസ്ട്രിയിലെ അംജദ് ആയിരുന്നു കോളേജിലെ ആദ്യ കൂട്ട് . ഞങ്ങളെ കാണുമ്പോൾ തന്നെ കോളേജിന്റെ പടിയ്ക്കൽ ചായക്കട നടത്തുന്ന കാദറിക്ക രണ്ടു ചായ കൂട്ടി മുന്നിലെ തട്ടിൽ ഉറക്കെ വെക്കും . "വന്നു ചായ കുടിക്കെടാ പിള്ളേരെ" എന്ന സ്‌നേഹപൂർണമായ ആജ്ഞ അതിലുണ്ടാവും
ചായകുടിച്ചു ഒരു റൌണ്ട് ക്യാമ്പസ് കറങ്ങി വരുമ്പോഴേക്ക് കുന്നംകുളത്തു നിന്നുള്ള ബസ് പന്നിശ്ശേരി ബസ്റ്റോപ്പിൽ വന്നിട്ടുണ്ടാകും . അതിലാണ് ഉസ്തു എന്ന് ഞങ്ങൾ വിളിച്ചിരുന്ന രഞ്ജിത്ത് പാപ്പച്ചനും പിന്നെ സുധാകനും വന്നിരുന്നത് .
"ന്താ , ഇന്നും സമരാണോ?" എന്ന് ചോദിച്ചാണ് സുധാകരന്റെ വരവ്
സമരമാണെങ്കിൽ അധികം സമയം കളയാതെ സിനിമയ്ക്ക് പോകണം എന്ന പക്ഷക്കാരൻ ആണ് സുധാകരൻ
അംജദിനെ അവന്റെ ക്ലാസ്സ്‌മേറ്റ്സിന്റെ കൂടെ വിട്ടു സുധാകരനും രഞ്ജിത്തും കൂടെ പിന്നീടുള്ള യാത്ര അമ്മാവന്റെ ചായക്കടയിലേക്കാണ്
അവിടെയാണ് ജീവിതത്തിലെ ഏറ്റവും രസമുള്ള ഇഡ്ഡലിയും സാമ്പാറും ഞാൻ കഴിച്ചിട്ടുള്ളത് . രണ്ടു ചെറിയ തൂക്കുപാത്രത്തിൽ ആണ് അമ്മാവൻ ഇഡലിയും സാമ്പാറും കൊണ്ട് വന്നിരുന്നത് .അതിലെ ഒരു പാത്രം ഇഡ്ഡലി ഞങ്ങൾ മൂന്ന് പേരും കൂടി കാലത്തു തന്നെ തീർക്കും.
ഞങ്ങൾ മൂന്നാം വർഷം പഠിക്കുമ്പോൾ ആണ് ആ അമ്മാവൻ പെട്ടെന്ന് മരിച്ചത് . പിന്നീട് അമ്മാവന്റെ മകൻ ആ കട ഏറ്റെടുത്തു നടത്തിയെങ്കിലും പഴയ ആ രുചിപ്പെരുമയുടെ അടുത്തൊന്നും വരില്ലായിരുന്നു
ക്ലാസ് ഉള്ള ദിവസം കോളേജിൽ ഞങ്ങൾ തന്നെ ചിലവഴിക്കും. ഇല്ലാത്ത ദിവസം നേരെ തിയേറ്ററിലേക്ക്. ഗുരുവായുർ ജയശ്രീയും അപ്പാസും കുന്നംകുളം ഭാവനയും ആണ് പ്രധാനം . ചിലപ്പോൾ തൃശൂരിലേക്കും വെച്ച് പിടിക്കും
അന്നൊക്കെ അധികം ദിവസം ക്ലാസുകൾ ഉണ്ടായിരുന്നില്ല. മിക്കവാറും ദിവസം സമരം തന്നെ സമരം . എന്തിനായിരുന്നു അന്നത്തെ കാലത്തു അത്രമാത്രം സമരം നടത്തി വിദ്യാർത്ഥികളുടെ ദിനങ്ങൾ കളഞ്ഞത് . ഇന്നാലോചിക്കുമ്പോൾ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം അതൊക്കെ വലിയ നഷ്ടങ്ങൾ ആണ്. പഠിക്കാൻ ഉള്ള ആഗ്രഹം കൊണ്ടല്ല മറിച്ചു ക്യാംപസിൽ ചുറ്റിക്കറങ്ങാൻ . ക്യാമ്പസ്സിൽ ചിലവഴിക്കാൻ കിട്ടുമായിരുന്ന ഒരുപാടു ദിവസങ്ങൾ അങ്ങിനെ നഷ്ട്പടുത്തിയതിനു ആരാണ് ഉത്തരവാദികൾ
ഭക്ഷണം കഴിഞ്ഞാൽ പിന്നെ ക്യാമ്പസ്സിൽ അങ്ങോട്ടും ഇങ്ങോട്ടും ഓരോ ക്ലാസ്സിന്റെ മുന്നിലൂടെയും നടക്കുക എന്നതാണ് ഹോബി . സത്യത്തിൽ അത് മാത്രമായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്ന ഏക ജോലി . സ്വന്തം ക്ലാസ്സിന്റെ പരിസരത്തു മാത്രം പോവില്ല എന്ന് മാത്രം . നമ്മുടെ ക്ലാസ്സിലെ പെൺകുട്ടികളോട് സംസാരിക്കണമെങ്കിൽ ക്ലാസ്സിൽ കയറണം. ക്‌ളാസിൽ കയറുക എന്നത് ഞങ്ങളുടെ നിഖണ്ടുവിൽ ഇല്ല എന്നത് കൊണ്ട് സ്വന്തം ക്ലാസ്സിലെ പെണ്കുട്ടികളെ അടുത്തറിയാൻ അന്ന് ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല
പിന്നെ ആകെ ഉള്ള പോംവഴി മറ്റുള്ള ക്ലാസ്സുകളിലെ പെൺകുട്ടികളെ പരിചയപ്പെടുക സൗഹൃദം
സ്ഥാപിക്കുക തുടങ്ങിയ കലാപരിപാടികൾ മാത്രമാണ്.അന്നൊക്കെ ഇന്നത്തെ പോലെ കുട്ടികൾ അത്ര ഓപ്പൺ അല്ല . സംസാരിക്കാൻ ഇന്നത്തെ പോലെ ടെക്നോളജിയുടെ സഹായവും ഇല്ല. ആകെ കിട്ടുന്ന അവസരം വല്ലപ്പോഴും അവരെ ക്ലാസിനു പുറത്തു വെച്ച് കണ്ടുമുട്ടുമ്പോഴാണ്. ഓരോ പെണ്കുട്ടിയോടും സംസാരിക്കുമ്പോൾ മനസ്സിൽ അന്ന് പെരുമ്പറ മേളം ആയിരുന്നു മനസ്സിൽ. അതിൽ തന്നെ സുന്ദരികൾ ഉണ്ടങ്കിൽ ഒരു പാട് പേര് അവളോട് സംസാരിക്കാൻ കാത്തു നിൽക്കുന്നുണ്ടാവും. അന്നത്തെ ആൺപിള്ളേരുടെ കഷ്ടപ്പാടുകൾ ആരോട് പറയാൻ , ആര് കേൾക്കാൻ
ചില പ്രത്യേക സ്ഥലങ്ങൾ ഉണ്ട് അന്ന് കമിതാക്കൾക്ക് ഇരിക്കാൻ . ചില മരത്തണലുകളിൽ കരിങ്കല്ലുകൾ ചേർത്ത് വെച്ച് അത്തരം ഇരിപ്പിടങ്ങൾ ഉണ്ടായിരുന്നു. എത്ര തലമുറ അവിടെ ഇരുന്നു തങ്ങളുടെ സ്വപ്‌നങ്ങൾ പങ്കു വെച്ച്കാണും . അവരൊക്കെ ഇന്ന് എവിടെയായിരിക്കും
ക്ലാസ്സിലെ പ്രിയസുഹൃത്തുക്കൾക്ക് പുറമെ മറ്റു ബാച്ചുകളിലെ ഒരു പാട് പേരെ അക്കാലത്തു പരിചയപ്പെട്ടു . അവസാന വർഷത്തിൽ കുറെ കറങ്ങി നടന്നത് മറ്റു ക്ലാസ്സുകളിലെ കൂട്ടുകാരുമൊത്തായിരുന്നു . ഇംഗ്ലീഷിലെ സജീവൻ , മുജീബ്, മലയാളത്തിലെ ഫക്രുദീൻ , സംസ്കൃതത്തിലെ സുനിൽ , എക്കണോമിക്സിലെ നിയാസ് ,ബികോമിലെ സൂരജ് . ഇവരുടെ കൂടെ എത്രയോ സ്ഥലങ്ങളിലേക്ക് അവരുടെ യമഹ RX 100 ബൈക്കിൽ പോയിരിക്കുന്നു. യമഹ ബൈക്കിൽ ക്യാമ്പസ്സിൽ കറങ്ങുന്നതു വലിയ സംഭവം പോലെ ആയിരുന്നു അന്നൊക്കെ മനസ്സിൽ
ആ ഗ്യാങ്ങിന്റെ ഒരു മോഡസ് ഓപ്പറാണ്ടി(modus operandi) വളരെ വ്യത്യസ്തമായിരുന്നു. കോളേജിൽ പരിചയമുള്ള ഏതെങ്കിലും വിദ്യാർത്ഥിയുടെ വീട്ടിലോ ബന്ധുക്കളുടെ വീട്ടിലോ കല്യാണം ഉണ്ടെന്നു അറിഞ്ഞാൽ പിന്നെ ബൈക്കെടുത്തു ഒരു പോക്കാണ് അങ്ങോട്ട് . നമ്മൾ അവിടെ ചെല്ലുമ്പോൾ ആയിരിക്കും അവൻ പോലും ഞെട്ടുന്നതു. കാരണം അവനു നമ്മളെ വലിയ പരിചയം കാണില്ല. ക്യാമ്പസ്സിൽ നമ്മളെ കണ്ടപ്പോൾ ചിരിച്ചു കാണിച്ചു എന്ന ഒറ്റ അപരാധമേ ടിയാൻ ചെയ്തു കാണൂ. അപ്പോഴാണ് പത്തു പേർ അവന്റെ പേരും പറഞ്ഞു കല്യാണത്തിന് വന്നിരിക്കുന്നത് . പിന്നെ നിവൃത്തിയില്ലല്ലോ . മൂക്കുമുട്ടെ ഭക്ഷണം കഴിച്ചു ഞങ്ങൾ ബൈക്കിൽ കയറി പോരുമ്പോൾ അവൻ ആലോചിച്ചു നിൽക്കുന്നുണ്ടായിരിക്കും ഇവന്മാരെ താൻ എപ്പോഴാണ് ക്ഷണിച്ചത് എന്നോർത്ത്.
പിന്നെയുള്ള ഒരു പണി ഗ്യാങ്ങിൽ ഉള്ള ഓരോരുത്തരുടെയും വീട്ടിൽ ബാക്കി ഉള്ളവർ എല്ലാം കൂടി അപ്രതീക്ഷിത സന്ദർശനം നടത്തുക എന്നതായിരുന്നു . അന്നൊക്കെ പലരും കോളജിൽ ജീൻസും ടി ഷർട്ടും ഒക്കെ ഇട്ടു സ്റ്റൈൽ ആയി വരുമെങ്കിലും വീട്ടിലെ സ്ഥിതി പരിതാപകരം ആയിരുന്നു . അത്തരക്കാർക്ക് ഇത്തരം പ്രവചനാതീതമായ സന്ദർശനങ്ങൾ വലിയൊരു ടെൻഷൻ ആയിരുന്നു . കൂട്ടുകാരുടെ മുന്നിൽ തന്റെ വില പോകുമോ എന്ന ഭയം കാരണം കടം വാങ്ങി വീട് വൈറ്റ് വാഷ് ചെയ്തവർ വരെ ഉണ്ടായിരുന്നു അക്കാലത്തു . എങ്കിലും അത്തരം സന്ദർശനങ്ങൾ നല്ലതായിരുന്നു . ഒരു പരിധി വരെ ദുരഭിമാനം ഇല്ലാതെയാക്കാനും സുഹൃത്ബന്ധങ്ങൾ ശക്തമാക്കാനും അത് സഹായിച്ചിരുന്നു
ഒരു പാട് നല്ല മനുഷ്യത്വമുള്ള വിദ്യാർത്ഥി നേതാക്കൾ ഉണ്ടായിരുന്നു ക്യാമ്പസ്സിൽ അന്ന് . SFI യുടെ അയ്യപ്പൻ,ശ്രീനിവാസൻ, പഠനത്തോടൊപ്പം ഓട്ടോ ഓടിച്ചു ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിച്ചിരുന്ന ചെയർമാൻ സുനിൽ . KSU വിന്റെ മുഹമ്മദ് ഷെരീഫ് , സത്യൻ , പ്രമോദ് തുടങ്ങിയവർ. കോളേജ് ചെയര്മാന്മാരും യൂണിയൻ കൗൺസിലർമാരും ഒക്കെ ആയി തിരഞ്ഞെടുക്കപ്പെട്ട ഇവരൊക്കെ ഭാവിയിൽ വലിയ സ്ഥാനങ്ങളിൽ എത്തും എന്ന് അന്ന് ഞങ്ങൾ കരുതിയിരുന്നു . പക്ഷെ പിന്നീട് കേരളം അറിയുന്ന നേതാക്കൾ ആയി ഇവരൊന്നും മാറിയില്ല എന്നതിൽ ചെറിയൊരു ദുഖമുണ്ട്
ഞങ്ങളുടെ കോളേജിൽ നിന്ന് പഠനത്തോടൊപ്പം രാഷ്ട്രീയത്തിലും തിളങ്ങിയ ഒരാൾ ഉണ്ട്. തൃത്താല mla ആയ വി . ടി . ബൽറാം . സൗമ്യമായ പെരുമാറ്റം കൊണ്ടും അക്കാഡമിക്കൽ ബ്രില്ലിയൻസ് കൊണ്ട് ബൽറാം അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആയിരിക്കുമ്പോൾ തന്നെ ആണ് ബൽറാം BSc കെമിസ്ട്രിയിൽ യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് നേടുന്നത്
ക്യാമ്പസ്സിലെ വൈകുന്നേരങ്ങളിൽ കുട്ടികൾ എല്ലാവരും പോയാലും ഞങ്ങൾ കുറച്ചു പേർ എന്നും ഗേറ്റിനടുത്തുള്ള തണൽമരത്തിന്റെ ചുവട്ടിൽ ഇരിക്കും . അന്നത്തെ ദിവസം ഉണ്ടായ രസകരമായ സംഭവങ്ങളും വിശേഷങ്ങളും പറഞ്ഞു ചിരിച്ചുകൊണ്ട് ,അവസാനം സെക്യൂരിറ്റി വന്നു ഗേറ്റ് അടക്കുന്ന വരെ ആ ഇരിപ്പു തുടരും .
അവിടെയും സംസാരിച്ചു തീരാത്ത വിശേഷങ്ങൾ പറയുന്നത് പിന്നെ ഗുരുവായൂരിലെ ഇന്ത്യൻ കോഫീ ഹൗസിൽ പോയാണ് .അവിടെ ഒരു മേശക്കു ചുറ്റും കുറെ കസേരകൾ വലിച്ചിട്ടു ഓരോ കാപ്പി മാത്രം കുടിച്ചു മണിക്കൂറുകളോളം അവിടെ ഇരിക്കുമ്പോൾ ഒരിക്കൽ പോലും അവിടുത്തെ മാനേജ്‌മന്റ് ഞങ്ങളോട് മുഖം കറുത്ത് സംസാരിച്ചിട്ടില്ല .
കോളേജ് കഴിഞ്ഞിട്ടും കുറെ മാസങ്ങളോളം എല്ലാ ശനിയാഴ്ചയും ഞങ്ങൾ ആ കോഫീ ഹൗസിൽ ഒത്തു ചേരുമായിരുന്നു . പിന്നീടെപ്പോഴോ അതെല്ലാം നിന്നു. മൊബൈൽ ഫോൺ ഇല്ലാത്ത ആ കാലഘട്ടത്തിൽ ഒരു പരിധിക്കപ്പുറം അത്തരം കൂട്ടായ്മകൾ മുന്നോട്ട് പോകാനും പ്രയാസമായിരുന്നു
പലരോടും പലർക്കും പലതും പറയാൻ ഒരു പാട് ഉണ്ടായിരുന്നു ആ ക്യാമ്പസ്സിൽ . പറയണം എന്ന് കരുതിയത് പലരും മനസ്സിൽ ഒതുക്കി വെച്ചിട്ടുണ്ടാകാം. ആ ക്യാമ്പസ്സിലെ മരത്തണലുകൾക്ക് ഇന്നും എത്രയോ കഥകൾ പറയാനുണ്ടാവും . അന്നത്തെ കൊണ്ട്പിടിച്ച പല പ്രണയങ്ങളും ജീവിതത്തിന്റെ കയ്പുനിറഞ്ഞ യാഥാർഥ്യങ്ങൾക്കു മുന്നിൽ പൊട്ടിയുടഞ്ഞു വീണു . ഏതാണ്ട് ഇരുപതു വയസ്സ് മാത്രം പ്രായമുള്ള അവർക്കൊക്കെ പ്രായോഗിക ജീവിതത്തിനുമുന്നിൽ പകച്ചു നിൽക്കാനല്ലേ അന്നൊക്കെ സാധിക്കൂ
ഇരുപത്തി അഞ്ചു വർഷത്തിന് അപ്പുറം പലരെയും ഫേസ്ബുക്കിലൂടെയും മറ്റും കണ്ടെത്തി സംസാരിക്കുമ്പോൾ ചിലപ്പോൾ പരസ്പരം പറയും അന്ന് കുറേ കൂടി നമുക്ക് സംസാരിക്കാമായിരുന്നു എന്ന് . അക്കാലത്തു പഠിച്ചിറങ്ങിയ ഒരു പാട് പേരുടെ അനുഭവവും ഇങ്ങനെ ആയിരിക്കും
ക്യാമ്പസ്സിനെ കുറിച്ചാലോചിക്കുമ്പോൾ ഒരിക്കലും മറക്കാനാവാത്ത ഒരു മുഖം ഉണ്ട് .അകാലത്തിൽ ഞങ്ങളെ വിട്ടു പിരിഞ്ഞ ഡാനി . ഒരു പക്ഷെ ക്യാമ്പസ്സിൽ ഒരാൾക്കും ഇത്രയധികം സ്നേഹം കിട്ടിക്കാണില്ല അത്രമേൽ സുമുഖനും എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന ഡാനി . കാർസർ എന്ന രോഗം ജീവിതത്തെ എത്ര മാത്രം അനിശ്ചിതമാക്കുന്നു എന്ന് ഡാനിയുടെ മരണത്തോടെയാണ് ഞങ്ങൾ തിരിച്ചറിയുന്നത്
അമ്മാവനും , കുഞ്ചു നായരും , കാദറിക്കയും ഇന്നില്ല . പക്ഷെ അവരൊക്കെ ഇവിടെ പഠിച്ചിറങ്ങിയവരുടെ മനസ്സിൽ ഇന്നും തെളിമയോടെ ജീവിച്ചിരിക്കുന്നുണ്ടാവും , തീർച്ച
കാലം കടന്നു പോകുന്നത് എത്ര പെട്ടെന്നാണ്. മൂന്ന് വർഷത്തെ ജീവിതം ഞങ്ങൾ പോലും അറിയാതെ വിടപറയുന്നതു ദുഃഖത്തോടെ നോക്കി നില്ക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിഞ്ഞുള്ളു. പരീക്ഷ കഴിഞ്ഞതോടെ ഞങ്ങൾ പൂർവ വിദ്യാർത്ഥികൾ ആയി മാറി . പിന്നീട് പരീക്ഷ ഫലം വന്നപ്പോൾ പല സുഹൃത്തുക്കളും തോറ്റു പോയിരുന്നു. ജീവിതത്തിലെ ഏറ്റവും വിഷമം തോന്നിയ ദിവസങ്ങൾ ആയിരുന്നു അത് . ഒരുമിച്ചു കളിച്ചു കാലം കഴിച്ചവരിൽ ചിലർ ജയിക്കുകയും മറ്റുള്ളവർ തോൽക്കുകയും ചെയ്യുന്നത് ജയിച്ചവരെയും തോറ്റവരെയും ഒരുപോലെ സങ്കടപ്പെടുത്തി. പരസ്പരം യാത്രപറഞ്ഞു പിരിയുമ്പോൾ പിരിയുന്നതിന്റെയും, അത്രനാൾ പങ്കിട്ട സ്നേഹത്തിന്റെയും നേരിട്ട പരാജയത്തിന്റെയും സമ്മിശ്രവികാരങ്ങൾ പലരുടെയും മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു
ഇന്ന് ആളൊഴിഞ്ഞ ആ വരാന്തയിലൂടെ നടന്നപ്പോൾ കുറച്ചു നേരത്തേക്കെങ്കിലും അന്ന് ഒപ്പം പഠിച്ചിരുന്നവരും ഞങ്ങളെ സ്നേഹിച്ചിരുന്നവരും അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.
ഓ എൻ വി കുറുപ്പ് എഴുതിയപോലെ " വെറുതേയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാൻ മോഹം"

Friday, October 1, 2021

ചൊവ്വല്ലൂർ ശിവക്ഷേത്രം


എന്തിനാണ് നീ ഇങ്ങനെ ക്ഷേത്രങ്ങളിൽ പോകുന്നത്? ക്ഷേത്രങ്ങളെക്കുറിച്ചു എഴുതുന്നത്? എന്നൊക്കെ പല സുഹൃത്തുക്കളും എന്നോട് ചോദിച്ചിട്ടുണ്ട്. ദൈവം ഉണ്ടോ ഇല്ലയോ എന്ന സംവാദം അനാദി കാലം മുതൽക്ക് ഉള്ളത് കൊണ്ട് അതിനെക്കുറിച്ചു തർക്കിച്ചു സമയം കളയാൻ ഞാൻ നിൽക്കാറില്ല, എന്റെ മനസ്സിൽ അമ്പലം എന്ന് പറയുമ്പോൾ അതിനെ ഉപമിക്കാൻ മനസ്സിൽ വരുന്ന വാക്ക് "Tranquility" (നിശ്ചലത , പ്രശാന്തത) എന്നതാണ്

ശാന്തമായ അമ്പലങ്ങളിൽ ഞാൻ പോകാൻ ആഗ്രഹിക്കുന്നു അത് എന്റെ മനസ്സിനെ ഏറെ സന്തോഷിപ്പിക്കുന്നു പ്രശാന്തമാക്കുന്നു. അത്തരത്തിലുള്ള രണ്ടു പ്രിയപ്പെട്ട ക്ഷേത്രങ്ങളെക്കുറിച്ച് (നെല്ലുവായും , തിരുവില്വാമലയും ) ഞാൻ മുൻപേ എഴുതിയിരുന്നല്ലോ. ആ ശ്രേണിയിൽപ്പെടുന്ന സന്ദർശിക്കാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന അമ്പലമാണ് ചൊവ്വല്ലുർ ശിവക്ഷേത്രം ഗുരുവായുരിൽ നിന്ന് ഏതാണ്ട് മൂന്ന് കിലോമീറ്റർ മാത്രം ദൂരം മാത്രമേ ചൊവ്വലൂർ ക്ഷേത്രത്തിലേക്കുള്ളൂ. ഗുരുവായൂർ കിഴക്കേ നടയിൽ നിന്ന് തൃശ്ശൂർ റോഡിലൂടെ വന്നാൽ പാരീസ് ബസ്സ് സ്റ്റോപ്പ് വഴി തിരിഞ്ഞു ഏതാണ്ട് അഞ്ഞൂറ് മീറ്റർ പോയാൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ എത്താം. അതിനും പുറമെ കണ്ടാണിശ്ശേരി ബസ്റ്റോപ്പിൽ ഇറങ്ങിയാൽ അമ്പലത്തിന്റെ കിഴക്കേ നടയിലേക്ക് നടന്നു പോകാം (ഈ വഴി വാഹനങ്ങൾക്ക് പോകാൻ സാധ്യമല്ല ) ഞങ്ങളുടെ കുട്ടിക്കാലത്തു പിറന്നാൾ ദിനത്തിൽ മാത്രം ഞങ്ങൾ പോയിരുന്ന അമ്പലമാണ് ചൊവ്വല്ലൂർ അമ്പലം. അന്നൊക്കെ പിറന്നാളുകാരനും കൂടെ അടുത്ത വീട്ടിലെ കുട്ടികളും കൂടി ജാഥയായാണ് പോക്ക്. തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ അമ്മ ഉണ്ടാക്കി വെച്ചിരിക്കുന്ന അരിപായസത്തിന്റെ രുചി മനസ്സിൽ നിറച്ചുകൊണ്ടായിരിക്കും ആ യാത്ര. അന്ന് പിറന്നാളിന് കേക്ക് മുറിക്കൽ ഒന്നുമില്ല. അരിപ്പായസമാണ് അന്നത്തെ സ്പെഷ്യൽ കണ്ടാണിശ്ശേരി ബസ്സ്റ്റോപ്പിലെ വായനശാലയുടെ ഒരു വശത്തു കൂടെ വേണം അമ്പലത്തിലേക്ക് പോകാൻ. കൃഷിക്കുള്ള വെള്ളം തോട്ടിൽ കെട്ടി നിർത്താൻ ഉണ്ടാക്കിയ തടയണയുടെ മുകളിലൂടെ നടന്ന് ചെന്നാൽ അമ്പലത്തിന്റെ തെക്കേ അടിവാരത്തു എത്താം. അന്ന് ഇന്നത്തെ പ്പോലെ തെക്കേ നടവഴി കയറാൻ കഴിയില്ല. അമ്പലം നിൽക്കുന്ന കുന്നിനെ ചുറ്റി കിഴക്കേ നട വഴി വേണം അന്നൊക്കെ അമ്പലത്തിൽ കയറാൻ ചെറിയൊരു കുന്നിന്റെ മുകളിൽ ആണ് ആ ക്ഷേത്രം നിൽക്കുന്നത്. ആ ഒരു ക്ഷേത്രം നില്ക്കാൻ മാത്രം വലിപ്പമുള്ള കുന്ന്. ചുറ്റുപാടുമുള്ള പ്രദേശങ്ങൾ താഴ്ന്നു കിടക്കുന്നു. കിഴക്കേ നടയിലേക്കുള്ള പടികളുടെ വടക്കു ഭാഗത്തായാണ് വലിയ അമ്പലക്കുളം. വെവ്വേറെ പടവുകൾ കെട്ടി പൂജാരിമാർക്കും , സ്ത്രീകൾക്കും , പുരുഷന്മാർക്കും കുളിക്കാൻ ഉള്ള സൗകര്യം അന്നവിടെ ഉണ്ടായിരുന്നു. തെളിഞ്ഞ വെള്ളം ഒരൽപം പച്ച നിറം പുരണ്ടു മഴക്കാലത്ത് അങ്ങിനെ നിറഞ്ഞു കിടക്കും. കുട്ടികളും മുതിർന്നവരും അതിൽ കുളിക്കാനും നീന്താനും അന്ന് ധാരാളമായി വന്നിരുന്നു. ആ പരിസരത്തുള്ള ഒരു പാട് പേരുടെ സ്ഥിരം കുളിക്കടവ് അമ്പലക്കുളത്തിൽ കാൽ കഴുകുമ്പോൾ മീനുകൾ വന്ന് അടുത്ത് നിൽക്കും. കാലങ്ങളായുള്ള സഹവാസം കൊണ്ട് അവയ്ക്ക് മനുഷ്യനെ പേടിയില്ലാതായി എന്ന് തോന്നുന്നു. ഇന്നും അമ്പലക്കുളത്തിനു വലിയ കോട്ടമൊന്നുമില്ല. ഇന്നും കുറെയേറെ പേർ രാവിലെയും വൈകുന്നേരവും അവിടെ കുളിക്കാൻ എത്തുന്നുണ്ട്. കുളത്തിൽ കാലും മുഖവും കഴുകി കിഴക്കേ നടയിലേക്കുള്ള പടികൾ കയറാം. ക്ഷേത്ര മതിൽക്കെട്ടിനകത്തേക്ക് കടന്നാൽ ആദ്യം കാണുക പാർവ്വതി ദേവിയുടെ വിഗ്രഹമാണ്. വളരെ അപൂർവ്വം ശിവക്ഷേത്രങ്ങളിൽ മാത്രമേ ശിവപാർവ്വതിമാരുടെ വിഗ്രഹം ഉണ്ടാവുകളുള്ളൂ. മിക്കവാറും ശിവ ക്ഷേത്രങ്ങളിൽ ദേവി പാർവ്വതി ഒരു സങ്കല്പം മാത്രമാണ് ഉള്ളമ്പലത്തിലേക്ക് അകത്തേയ്ക്ക് പണ്ടൊക്കെ കിഴക്കേ വഴിയിലൂടെ കടന്നിരുന്നെങ്കിലും ഇന്ന് എല്ലാവരും ഒന്ന് വലം വെച്ച് പടിഞ്ഞാറേ നടയിലൂടെ ആണ് ഉള്ളമ്പലത്തിലേക്ക് കടക്കുന്നത് കരിങ്കൽപ്പാളികൾ വിരിച്ച നടപ്പാതയ്ക്ക് വൈകുന്നേരം നല്ല തണുപ്പായിരിക്കും. തെക്കു കിഴക്കേ കോണിൽ ഇപ്പോൾ ഹനുമാന്റെ ഉപദേവ ക്ഷേത്രം ഉണ്ട്. പണ്ട് അത് അവിടെ ഉണ്ടായിരുന്നില്ല. ആഞ്ജനേയനെ വണങ്ങി പടിഞ്ഞാറേ നടയിലേക്ക് നടക്കുമ്പോൾ ഞാൻ കുട്ടിക്കാലത്തു അവിടെ വന്നിരുന്നതു ഓർത്തു പോയി. അന്നൊക്കെ നാലോ അഞ്ചോ പേര് മാത്രമേ തൊഴാനായി ഉണ്ടാവൂ. വഴിപാടും പ്രസാദവും ഒക്കെ നടയിൽ വെച്ച് തന്നെ. പക്ഷെ മിക്കവാറും ഞങ്ങൾ കുട്ടികൾ ആടിപ്പാടി ചെല്ലുമ്പോഴേക്കും ഉഷപൂജ സമയമായിരിക്കും. ആ സമയത്തു നട കുറെ നേരം അടച്ചിടും. മനസ്സിൽ നിറയെ വീട്ടിലെ പായസം ആയിരിക്കും തുടികൊട്ടുന്നതു. ആൾക്കാർ കുറവായിരുന്നു എങ്കിലും അമ്പലത്തിലെ പൂജാ വിധികൾക്കും ആചാരങ്ങൾക്കും അന്നും ഒരു കുറവും ഉണ്ടായിരുന്നില്ല. അടഞ്ഞ വാതിൽ എപ്പോൾ തുറക്കും എന്ന് നോക്കി കുട്ടികളായ ഞങ്ങൾ നിൽക്കും. കുറെ കഴിഞ്ഞു നടതുറന്നു പൂജാരി പുറത്തു വരുമ്പോൾ ഞങ്ങളുടെ മുഖം വിടരുമെങ്കിലും വീണ്ടും നടയടച്ചു തിരുമേനി നമസ്കാര മണ്ഡപത്തിൽ ഇരുന്ന് കുറെ മന്ത്രങ്ങൾ ചൊല്ലി നമസ്ക്കരിച്ചു വീണ്ടും ശ്രീകോവിലിൽ കയറുമ്പോൾ ആണ് നമുക്ക് തൊഴാനുള്ള അവസരം വരുന്നത്. അപ്പോഴേക്കും ഏതാണ്ട് ഒരു മണിക്കൂർ കഴിയും. തൊഴുതു പുഷ്പാഞ്ജലിയും കഴിച്ചു പിന്നെ വീട്ടിലേക്ക് ഒരോട്ടമാണ്. കുട്ടിക്കാലത്ത് അങ്ങിനെ വർഷത്തിൽ ഒരിക്കൽ മാത്രമുള്ള സന്ദർശനത്തിൽ നിന്ന് ജീവിതത്തിന്റെ ഒരു ഭാഗമായി ഈ ക്ഷേത്രം മാറിയതു എന്നാണെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല. പക്ഷെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾ ആയി എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ് ഈ ക്ഷേത്രം. പണ്ടൊക്കെ കാലത്തു മാത്രം പോയിരുന്നിടത്തു നിന്ന് ഇപ്പോൾ എനിക്കിഷ്ടം വൈകുന്നേരങ്ങളിൽ അവിടം സന്ദര്ശിക്കാനാണ്. ഒരു മെഡിറ്റേഷനിൽ എന്ന പോലെ എന്റെ മനസ്സിനെ അവിടുത്തെ വൈകുന്നേരങ്ങൾ ഇന്ന് പ്രശാന്തമാക്കുന്നു കൽവിരിച്ച പാതയിലൂടെ നടന്നു തെക്ക് പടിഞ്ഞാറേ കോണിൽ എത്തുമ്പോൾ അവിടെ ഭഗവാൻ ശിവന്റെ ഭൂതഗണമായ സിംഹോദരന്റെ ഉപക്ഷേത്രം. അവിടെ പ്രാർത്ഥിച്ചു വേണം പ്രധാന അമ്പലത്തിലേക്ക്കടക്കാൻ എന്ന് ആരോ പറഞ്ഞറിവ്. അമ്പലം എന്നത് കേവലം പൂജകൾ നടത്തുന്ന ഒരു സ്ഥലമല്ല. അവിടെ പ്രകൃതിയ്ക്കും ജീവജാലങ്ങൾക്കും ഒരു പാട് പ്രസക്തിയുണ്ട്. സിംഹോദന്റെ അവിടെ തൊഴുതു കഴിഞ്ഞാൽ പിന്നെ നമ്മൾ എത്തുന്നത് പടിഞ്ഞാറേ നടയോട് ചേർന്ന ആൽമരത്തിന്റെ താഴെയാണ്. നിറയെ തുളസിച്ചെടികൾ അതിനു ചുറ്റും വളരുന്നു . വൈകുന്നേരത്തെ കാറ്റിൽ തുളസിയുടെ സുഗന്ധം നിറഞ്ഞു നിൽക്കും . അത് ശ്വസിച്ചു കൊണ്ട് ആ മരത്തെ തൊഴുത് വലം വെച്ച് കഴിഞ്ഞാൽ പിന്നെ ഉള്ളമ്പലത്തിലേക്ക്. ചൊവ്വല്ലൂർ ക്ഷേത്രം എന്നാണു അറിയപ്പെടുന്നതു എങ്കിലും കണ്ടാണിശ്ശേരിക്കാരുടെയും പ്രധാന അമ്പലമാണ് ഇത്. രണ്ടു ദേശങ്ങളെയും ഒരേ പോലെ പരിപാലിച്ചാണ് അമ്പലത്തിന്റെ ഭൂമിശാസ്ത്രപരമായ നിൽപ്പ്. പടിഞ്ഞാറു ചൊവ്വല്ലൂരും തെക്ക് കണ്ടാണിശ്ശേരിയും. വടക്ക് ഭാഗം നീണ്ടു കിടക്കുന്ന പാടശേഖരം. അതങ്ങു ദൂരെ ചെമ്മണ്ണൂരും കടന്നു ആനായ്ക്കൽ വരെ പരന്നു കിടന്നിരുന്നു ഒരു കാലത്ത്. പണ്ടൊക്കെ വേനൽക്കാലത്ത് കുന്നംകുളത്തേക്ക് ആൾക്കാർ അടയ്ക്കയും മറ്റു സാധനങ്ങളും കൊണ്ട് നടന്നു പോയിരുന്നത് ഈ പാടത്തിൻറെ വരമ്പുകൾ താണ്ടിയാണ്. വടക്കേ പാടത്തു നിന്ന് വരുന്ന കാറ്റ് ആൽമരങ്ങളെ തലോടി അതിന്റെ ഇലകളെ ചാഞ്ചാട്ടി കൊണ്ടിരിന്നു , വടക്കൻ കാറ്റ് എപ്പോഴും ആ അമ്പലത്തെയും പരിസരത്തെയും കുളിര്മയുള്ളതാക്കി നിര്ത്തുന്നു. ചൊവ്വല്ലൂർ അമ്പലത്തിന്റെ ചരിത്രം പലരീതിയിൽ വാഖ്യാനിക്കപ്പെട്ടിരിക്കുന്നു. പരശുരാമനാൽ സ്ഥാപിക്കപ്പെട്ട നൂറ്റിയെട്ട് ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ് ചൊവല്ലൂർ ക്ഷേത്രം എന്നാണ് ഒരു വാമൊഴി. മറ്റൊരു കഥ ചൊവ്വല്ലൂർ മഴവന്നുർ മനയിലെ കാരണവരായ നമ്പൂതിരി വടക്കുംനാഥനെ തൊഴാൻ തൃശ്ശൂർ വരെ നടന്നു പോകാറുണ്ടായിരുന്നു എന്നും , വർഷങ്ങൾ കഴിഞ്ഞു പ്രായാധിക്യത്താൽ അദ്ദേഹത്തിനു അവിടെ പോകാനാകാതെ അവസ്ഥയിൽ എത്തുകയും തന്റെ അവസാന സന്ദർശനത്തിൽ. വടക്കുംനാഥ സന്നിധിയിയിൽ വെച്ച് ഒരിക്കലും ഭഗവാനെ ഇവിടെ വന്നു കാണാൻ സാധിക്കുകയില്ലല്ലോ എന്നോർത്ത് അദ്ദേഹം മനസ്സ് ഉരുകി വിഷമിച്ചുവെന്നും , അദ്ദേഹം തിരികെ വരുമ്പോൾ ഭഗവാൻ അദ്ദേഹത്തിന്റെ കുടയുടെ മുകളിൽ കയറി ഇരുന്നു എന്നും പറയപ്പെടുന്നു. യാത്രയിൽ വീടെത്തുമ്പോഴേക്കും അദ്ദേഹം തളർന്നു പോവുകയും ,അദ്ദേഹം കുട ഒരിടത്തു വെച്ച് വിശ്രമിക്കുകയും ചെയ്തു. ആ കുട പിന്നീട് കുന്നായി മാറുകയും അവിടെ ഭഗവാൻ സ്വയംഭൂവാകുകയും ചെയ്തു എന്നാണ് വിശ്വാസം. വിശ്വാസങ്ങളും കഥകളും അങ്ങിനെ ഉണ്ടെങ്കിലും ചൊവ്വല്ലൂർ ക്ഷേത്രം അവിടെ ഉണ്ടായത് ഏതാണ്ട് ആയിരം വർഷങ്ങൾക്ക് മുൻപാണ് എന്നത് ഏറെക്കുറെ തീർച്ചപ്പെടുത്തിയിട്ടുണ്ട്. 2001 ഇൽ പുതുക്കി പണിയുന്നത് വരെ ഓടിട്ട രണ്ടു നിലയിലുള്ള ശ്രീകോവിൽ ആയിരുന്നു ഉണ്ടായിരുന്നത്. 2001 ലെ പുനരുദ്ധാരണത്തോടെ ശ്രീകോവിൽ ചെമ്പോല കൊണ്ട് പൊതിഞ്ഞു. ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ ശ്രീകോവിൽ ആണ് ചൊവ്വല്ലൂരിലേത് ആൽമരത്തെ മൂന്ന് വലം വെച്ച് ഞാൻ ഉള്ളമ്പലത്തിലേക്ക് നടന്നു. പടിഞ്ഞാറേ വാതിലിനു അഭിമുഖമായാണ് ബലിക്കല്ല്. ഏതാണ്ട് പതിനൊന്നടി വലിപ്പം ഉണ്ടാവും ആ ബലിക്കല്ലിനു. അത്രയും വലിയ ബലിക്കല്ലു വളരെ അപൂർവമാണ്. അഷ്ടദിക്ക് പാലകരെ ആണ് ബലിക്കല്ലുകൾ പ്രതിനിധീകരിക്കുന്നത് എന്നാണ് വിശ്വാസം പടിഞ്ഞാറേ നട വഴി കടന്നാൽ ആദ്യം കണ്ണിൽപ്പെടുക ധ്യാനത്തിൽ മുഴുകിയിരിക്കുന്ന പോലെയുള്ള ഭഗവന്റെ സ്വർണ വർണ്ണമുഖമാണ്. വളരെ അപൂർവം ക്ഷേത്രങ്ങളിൽ മാത്രമേ ശിവന്റെ മുഖം പ്രതിഷ്ഠയായി ഉണ്ടാവാറുള്ളു. ശിവലിംഗം ആണ് എല്ലാ ക്ഷേത്രങ്ങളിലും സാമാന്യമായി കാണുക. ഇവിടെ ശിവലിംഗത്തിനു പുറമെ ദേവന്റെ മുഖവും ഉണ്ടെന്നുള്ളത് ഒരു പ്രത്യേകത തന്നേയാണ്. നമസ്ക്കാര മണ്ഡപത്തിന്റെ മുന്നിലെ കേടാ വിളക്കിന്റെ മുന്നിൽ നിന്ന് തൊഴുതു പിന്നെ വടക്കേ നടയിലെ ഓവ് വരെ പോയി തിരികെ നേരെ നടയിൽ വന്നു ദേവനെ മനസ്സു നിറഞ്ഞു തൊഴാം ഏതു ക്ഷേത്രത്തിൽ പോയാലും അവിടുത്തെ ദേവന്റെയോ ദേവിയുടെയോ വാഹനത്തെ ആദ്യം തൊഴണം എന്നാണ് വിശ്വാസം. ഭഗവാന് നേരെയായി നമസ്ക്കാര മണ്ഡപത്തിൽ നന്ദികേശന്റെ ചെറിയ പ്രതിഷ്ഠാരൂപം ഉണ്ട്. നന്ദികേശന് അവിടെ പ്രത്യേക പൂജകളും ഉണ്ട്. ശ്രീകോവിലിന്റെ മുന്നിൽ നിന്നാൽ പിന്നെ വേറെ ലോകമാണ്. ശിവന്റെ അമ്പലങ്ങളിൽ പൊതുവെ തിരക്ക് കുറവായിരിക്കും. നടയിൽ എത്ര നേരം വേണമെങ്കിലും ശാന്തമായി നിൽക്കാം. നിരനിരയായ് വെച്ച കവര വിളക്കുകളുടെ തിരിനാളങ്ങൾക്കിടയിലൂടെ അകലെയായി ദേവന്റെ ശാന്തഗംഭീരമായ മുഖം. കഴുത്തിൽ കൂവള മാല. മുകളിൽ ധാരയായി വെള്ളം. മനസ്സിനെ മറ്റൊരു ഒരു ലോകത്തേക്ക് കൊണ്ട് പോകാൻ ഇതിലും നല്ല ഒരു കാഴ്ച ഉണ്ടോ എന്ന് സംശയമാണ്. നടയിൽ നിന്ന് നമ്മുടെ ഭൗതിക സുഖങ്ങൾക്ക് വേണ്ടിയോ മറ്റു ആവലാതികൾ പറയാനോ നിൽക്കാതെ വെറുതെ കുറച്ചു നിന്ന് നോക്കൂ..മനസ്സും ചിന്തകളും ശാന്തമാവുന്നതു കാണാം. ക്ഷേത്ര ദർശനം സാർത്ഥകമാകുന്നത് അത്തരം നിമിഷങ്ങളിലാണ് ഏതൊരു ശിവന്റെ അമ്പലത്തിലെപ്പോലെയും ഇവിടെയും കൂവളമാലയും കൂവള പുഷ്പാഞ്ജലിയും ധാരയും തന്നെയാണ് പ്രധാന വഴിപാടുകൾ പിന്നീട് അതിൽ നിന്ന് ഉണരുന്നത് മാരാരുടെ ഇടയ്ക്കയുടെ ശബ്ദം കേട്ടാണ്. അത്താഴ പൂജാ സമയം ആവുന്നു എന്ന ഓർമ്മപ്പെടുത്തലാണത്. മുട്ട് കുത്തി നടയിൽ ഒന്ന് കൂടെ വണങ്ങി മെല്ലെ ക്ഷേത്രത്തിന്റെ തെക്കേ നടയിലേക്ക്. അവിടെയാണ് ദക്ഷിണാമൂർത്തിയായ ദേവന്റെ സ്ഥാനം. തുടർന്ന് കിഴക്കേ നടയിൽ ദേവി മൂകാംബികയുടെ പ്രതിരൂപമായി പാർവ്വതി ദേവിയുടെ രൂപം. അവിടെ നടയിൽ നിറയെ ചെറിയ തൊട്ടിലുകൾ കെട്ടിയിട്ടിരിക്കുന്നത് കാണാം. കുട്ടികൾ ഇല്ലാത്ത ദമ്പതികൾ അവിടെ തൊട്ടിൽ കെട്ടിയാൽ കുട്ടികൾ ഉണ്ടാവും എന്നാണ് വിശ്വാസം. ദേവിയുടെ നടയിൽ നിൽക്കുമ്പോൾ സാക്ഷാൽ മൂകാംബിക ദേവിയെ ആണ് മനസ്സിൽ ഓര്മ വരിക. മഞ്ഞൾ പൊടിയും പിൻവിളക്കും ആണ് ദേവിയുടെ പ്രധാന വഴിപാട്. അപ്പോഴേക്കും പ്രധാന നടയടച്ചു അത്താഴ പൂജ തുടങ്ങിക്കാണും. മാരാരുടെ ഇടയ്ക്ക പതിഞ്ഞ താളത്തിൽ ശ്രീകോവിലിനെയും പരിസരത്തെയും ഭക്തിയിൽ ആഴ്ത്തും. വടക്കേ നടയിൽ പോയി തൊഴുതു വീണ്ടും തെക്കേ നടയിൽ എത്തുമ്പോഴാണ് സപ്ത മാതൃകകളുടെ സങ്കല്പം വളരെ കുറച്ചു അമ്പലങ്ങളിൽ മാത്രമേ സപ്തമാതൃക്കളുടെ സങ്കല്പം ഉള്ളൂ. ജീവിതത്തിലെ പാപങ്ങളും തെറ്റുകളും അമ്മയോട് ഏറ്റു പറയും പോലെ സപ്തമാതൃക്കളോടു പറയാം എന്നാണ് വിശ്വാസം പിന്നെ തെക്കു പടിഞ്ഞാറ് മൂലയിൽ ആണ് ഗണപതിയും അയ്യപ്പനും. സകല വിഘ്നങ്ങളും മാറ്റുന്ന ഗണപതിയുടെ പ്രധാന വഴിപാട് ഒറ്റപ്പവും കറുകമാലയുമാണ്. ശനീശ്വരനായ അയ്യപ്പൻ കർമ്മ ദോഷങ്ങൾ തീർക്കും എന്നാണ് വിശ്വാസം. എള്ള് തിരിയും നീരാഞ്ജനവും ആണ് അയ്യപ്പൻറെ പ്രധാന വഴിപാട് അവിടെ തൊഴുതു പ്രധാന നടയിൽ വന്നു നിൽക്കുപോഴേക്കും മാരാരുടെ ഇടയ്ക്ക കൊട്ട് ഏതാണ്ട് അവസാനിക്കാറായിക്കാണും. കണ്ടാൽ മൂപ്പർ ഒന്ന് ചിരിക്കും.എത്ര കൊല്ലമായി അവിടെ പോകുന്നു. ഇന്നേവരെ തമ്മിൽ ഞങ്ങൾ സംസാരിച്ചിട്ടില്ല. എല്ലാം വിശേഷങ്ങളും കൈമാറുന്നത് നോട്ടത്തിലൂടെയും ചിരിയിലൂടെയും മാത്രം. ഇടയ്ക്കയുടെ താളം നിലക്കുന്നതോടെ നടതുറക്കുന്നു. ഒരിക്കൽ കൂടെ ദേവനെ തൊഴുതു പുറത്തിറങ്ങിയാൽ അകത്തെ ദർശനം കഴിഞ്ഞു പുറത്തേയ്ക്കുള്ള വഴിയിൽ വശങ്ങളിൽ ഇരുന്നു രണ്ടു കുട്ടികൾ 108 ശിവനാമങ്ങൾ ഉരുവിടുന്നു. അറിയാത്തവർക്കായി 108 നാമങ്ങൾ അതവിടെ എഴുതി വെച്ചിട്ടുണ്ട്. പുറത്തു കടന്നാൽ രണ്ടു സ്ഥലങ്ങൾ കൂടി തൊഴാൻ ബാക്കിയുണ്ട്.പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് വടക്കു പടിഞ്ഞാറേ കോണിൽ സുബ്രഹ്മണ്യന്റെ അമ്പലം ഉണ്ടാക്കുന്നത്. മറ്റു ഉപക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗജപൃഷ്ട്ടു രൂപത്തിൽ ആണ് ആ അമ്പലത്തിന്റെ അടിത്തറ കെട്ടിയിട്ടുമുള്ളതു. പാലാഭിഷേകവും കാവടി കെട്ടലും ആണ് അവിടുത്തെ പ്രധാന വഴിപാടുകൾ. സൂര്യൻ അപ്പോഴേക്കും അസ്തമിച്ചു കഴിഞ്ഞിരുന്നു. വടക്കു കിഴക്കേ കോണിൽ ആണ് നവഗ്രഹങ്ങളുടെ അമ്പലം. അവിടെ നിന്ന് നോക്കിയാൽ താഴെ ആളൊഴിഞ്ഞ അമ്പലക്കുളവും അതിനു വടക്കു നീണ്ടു പരന്നു കിടക്കുന്ന പാടങ്ങളും കാണാം. വൈകുന്നേരങ്ങളിൽ അവിടെ എത്ര സമയം നിന്നാലും നമുക്ക് മതിയാവില്ല. അത്രയ്ക്ക് മനോഹരമാണ് ആ കാഴ്ച ആൾത്തിരക്ക് തീരെയില്ലാത്ത ദിവസമായിരുന്നതു കൊണ്ട് വെറുതെ നടവഴിയിലൂടെ കുറെ തവണ വലം വെച്ചു. മറ്റു ചിന്തകളോടും മനസ്സിന്റെ സംഘര്ഷങ്ങളോടും അകലം പാലിച്ചുകൊണ്ട് നിശബ്ദമായി ആ അന്തരീക്ഷത്തിൽ നടക്കാം എത്ര വേണമെങ്കിലും അമ്പലത്തിന്റെ പടിഞ്ഞാറേ നട വളരെ വിശാലമാണ്. രണ്ടു കല്ലിൽ തീർത്ത ആനക്കുട്ടികൾ തുമ്പിക്കൈ ഉയർത്തി വരുന്നവരെ സ്വാഗതം ചെയ്യുന്ന പോലെ നിൽക്കുന്നു. അകലെ വലിയൊരു ആൽത്തറ. ആൽത്തറയുടെ തെക്കേ വശത്തു ഒരു ചെറിയ ശ്രീകൃഷ്ണ ക്ഷേത്രം ഉണ്ട്. ചൊവ്വല്ലൂർ ദേവനെ തൊഴുതു പടിഞ്ഞാറേ നട വഴി തിരിച്ചു പോകുന്നവർ ആ ശ്രീകൃഷ്ണ ക്ഷേത്രത്തിലും കയറാറുണ്ട് കുറെ സിനിമകൾക്ക് വേദിയാണ് പടിഞ്ഞാറേ നട. കുടുംബസമേതം എന്ന സിനിമയിൽ മനോജ് കെ ജയൻ "പാർത്ഥസാരത്ഥി ഭാവയേ" എന്ന ഗാനം ആലപിക്കുന്നതു ഈ നടയിൽ ഇരുന്നാണ് അമ്പലത്തിലെ അവസാന തീർത്ഥാടകനും പോയിരിക്കുന്നു. നടയടക്കാനുള്ള ശ്രമത്തിൽ ആണ് ക്ഷേത്രം കാര്യക്കാർ. അവരുടെ ഒരു ദിവസം കഴിഞ്ഞിരിക്കുന്നു. ഇനി നാളെ അതിരാവിലെ പുതിയ ദിവസം പുതിയ തീർത്ഥാടകർ. അവരുടെ ജീവിതം ഇവിടെ സാർത്ഥകമായി ശാന്തമായി ഒഴുകുന്നു കിഴക്കേ നട വഴി ഇറങ്ങും മുൻപ് ഒരിക്കൽ കൂടെ ദേവിയെ തൊഴുതു.. പടികൾ ഇറങ്ങി പുറത്തു വരുമ്പോൾ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി. മനസ്സിൽ തെളിഞ്ഞു വന്നത് കഥകളിൽ വായിച്ച കൈലാസത്തിന്റെ ഓർമയാണ്. അവിടെ ഉള്ളവരെല്ലാം ഇവിടെയും ഉണ്ടല്ലോ. രാത്രിയുടെ നിശ്ശബ്ദതയിൽ ഞാൻ മടക്കയാത്ര തുടങ്ങി photo courtesy: http://www.chowalloorsivakshethram.org/

കല്ലുത്തിപ്പാറ ക്ഷേത്രം, കണ്ടാണിശ്ശേരി


"നിങ്ങളുടെ നാട്ടിൽ ഇത്ര ഭംഗിയുള്ള അമ്പലം ഉണ്ടായിട്ടു എന്നെ ഇത് വരെ കൊണ്ടുപോയില്ലല്ലോ?"

കണ്ടാണിശ്ശേരിയിലെ കല്ലുത്തിപ്പാറ ക്ഷേത്രത്തിന്റെ ചിത്രം എപ്പോഴെങ്കിലും നാട്ടിലെ ആരുടെയെങ്കിലും ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ കണ്ടാൽ ദിവ്യ പരിഭവം പറയും. ഞാൻ ആലോചിച്ചു നോക്കി . ശെരിയാണ് . കേരളത്തിലെയും തെക്കേ ഇന്ത്യയിലെയും എത്രയോ ക്ഷേത്രങ്ങളിൽ ഞങ്ങൾ പോയിരിക്കുന്നു. ഇത്ര മനോഹരമായ ഒരമ്പലം വീടിന്റെ ഇത്ര അടുത്ത് ഉണ്ടായിട്ടു ഇത് വരെ അവരെ കൊണ്ടുപോയി കാണിച്ചില്ലല്ലോ . ആലോചിച്ചപ്പോൾ ചെറിയൊരു കുറ്റബോധം മനസ്സിൽ തോന്നാതിരുന്നില്ല. ഞാൻ ജനിച്ചു വളര്ന്ന നാട്ടിലെ ആ ക്ഷേത്രത്തിൽ ഞാൻ പോലും അധികം പോവാതിരുന്നതിനു ഒരു കാരണം ഉണ്ട്, എന്താണെന്നു വെച്ചാൽ ഞങ്ങളുടെ കുട്ടിക്കാലത്തു അവിടെ അങ്ങിനെ ഒരു ക്ഷേത്രം ഉണ്ടായിരുന്നില്ല എന്നത് തന്നെ .അവിടെ ഉണ്ടായിരുന്നത് ഒരു പാറയാണ് കല്ലുത്തിപ്പാറ. അത് മാത്രം ചെറുപ്പത്തിൽ പോയി ശീലിച്ച അമ്പലങ്ങളിൽ മാത്രമാണ് നാട്ടിൽ വരുമ്പോഴും പോയിരുന്നത്. അവിടെ മാത്രം പോയാൽ മതി എന്നൊരു ചിന്ത മനസ്സിൽ കാര്യമായി ഉണ്ടായിരുന്നു പിൽക്കാലത്തു കല്ലുത്തിപ്പാറയിൽ ഒരു അമ്പലം ഉണ്ടായി എന്ന് കേട്ടപ്പോൾ അത് ഞാൻ അത്ര കാര്യമായി എടുത്തില്ല എന്നതും സത്യമാണ്. പക്ഷെ ആദ്യ തവണ പോയതോടെ അതിനെക്കുറിച്ചുള്ള എന്റെ മനസ്സിലെ പ്രതിലോമ ചിന്തകൾ വഴി മാറി പണ്ട് അധികമാരാലും ശ്രദ്ധിക്കപ്പെടാതെ ഗ്രാമത്തിന്റെ ഒരറ്റത്ത് കാറ്റത്തും മഴയത്തും വെയിലത്തും ആരോടും പരിഭവമില്ലാതെ നിന്നിരുന്ന ഒന്നാണ് കല്ലുത്തിപ്പാറ . കുട്ടികൾ വല്ലപ്പോഴും കളിയ്ക്കാൻ പോവുകയും അപൂർവം നാട്ടുകാർ വല്ലപ്പോഴും കാറ്റ് കൊള്ളാൻ പോകുകയും ചെയ്തിരുന്ന കല്ലുത്തിപ്പാറ തികച്ചും മണൽ പ്രദേശമായ ഞങ്ങളുടെ നാടിന്റെ ഭൂമിശാസ്ത്രവുമായി സമരസപ്പെടാത്ത പോലെ ആ പാറയും അതിനടുത്ത കുറച്ചു സ്ഥലങ്ങളും വേറിട്ട് നിന്നിരുന്നു . എങ്ങിനെയാണ് ഞങ്ങളുടെ നാട്ടിൽ അവിടെ മാത്രം കരിങ്കല്ലിന്റെ സാന്നിധ്യവും പിന്നെ കല്ലുത്തിപ്പാറ എന്ന് വിളിക്കുന്ന കരിങ്കൽ പാറയും ഉണ്ടായത് എന്നത് ഒരു ഭൂമിശാസ്ത്രപരമായ പഠനം അർഹിക്കുന്ന ഒന്നാണ് കൈതോലകൾക്കൊണ്ടു അരികു തീർത്ത പൊന്നാം തോട് പാറയെ ചുറ്റി കടാക്ഷിച്ചു പോകുന്നുണ്ട്. മറുവശത്തതു ആരും കയറിച്ചെല്ലാൻ ധൈര്യപ്പെടാത്ത നായാടിപ്പറമ്പ്. അവിടെ നിറയെ മുളംകൂടുകളും പനയും മറ്റും നിറഞ്ഞു കാടു പിടിച്ചു കിടക്കുകയായിരുന്നു അന്നൊക്കെ തോടിലെ വെള്ളം കുറയുമ്പോൾ ആണ് ഞങ്ങൾ കുട്ടികൾ പാറയിൽ കയറാൻ പോകുന്നത് . കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ. കൂടെ പാപ്പനോ പട്ടാളത്തിൽ നിന്ന് റിട്ടയർ ചെയ്തു വന്ന വലിയച്ഛനോ കൂടെ ഉണ്ടാവും അവിടെ അധികമാരും ഉണ്ടാവാറില്ല . പക്ഷെ ആ പാറയുടെ മുകളിൽ അന്ന് ഒരു വലിയ കാൽപാദം കൊത്തിവെച്ചിരുന്നു. അതും വലതു കാലിന്റെ മാത്രം . ഞങ്ങൾ അന്ന് കേട്ടിരുന്നത് അത് ഭഗവാൻ കൃഷ്‌ണന്റെ കാല്പാദം ആണെന്നും അടുത്ത പാദം ഭഗവാൻ ഓണപ്പാറയിൽ ആണ് വെച്ചത് എന്നുമൊക്കെയാണ് തുമ്പിക്കൈ നീട്ടി വെച്ച് ചരിഞ്ഞു കിടന്നുറങ്ങുന്ന ആനയെപ്പോലെ ആയിരുന്നു ആ പാറയുടെ രൂപം. അങ്ങിനെയായിരുന്നു ഞാൻ മനസ്സിൽ സങ്കല്പിച്ചിരുന്നതും . ആനയുടെ കാലിലൂടെ കയറി ഉദരഭാഗത്തു എത്തുമ്പോൾ നമ്മൾ ഏറ്റവും ഉയരത്തിൽ എത്തുകയും , പിന്നീട് അങ്ങോട്ട് ഒരു തുമ്പിക്കൈ നീണ്ടു കിടക്കുന്നപോലെ പാറയുടെ ഭാഗം നീണ്ടു മെലിഞ്ഞു കിടന്നു . അതിന്റെ തുഞ്ചത്തു എത്താൻ അന്ന് ധൈര്യശാലികൾക്ക് മാത്രമേ കഴിയൂ . കാരണം കാൽ ഒന്ന് തെറ്റിയാൽ താഴെ മുളംകാടുകളിൽ പോയി വീഴും ചരിഞ്ഞു കിടക്കുന്ന ആനയുടെ കൈകാലുകൾക്കിടയിലെന്നപോലെ അവിടെ ഇളം മുളകൾ വളർന്നു നിന്നിരുന്നു തനിക്കു കഴിക്കാനുള്ള മുളകൾ വാരിപ്പിടിച്ചു ശാന്തനായി കിടക്കുകയായാണ് ആ കൊമ്പൻ എന്ന് തോന്നിപ്പോകും ആ പാറയുടെ മുകളിൽ നിന്നാണ് ഞങ്ങൾ മനോഹര മായ സൂര്യാസ്തമയം കാണുന്നത് . അകലെ തെങ്ങിൻ തലപ്പുകൾക്ക് ഇടയിലൂടെ സൂര്യൻ കടലിൽ മറയുന്നതു വരെ ഞങ്ങൾ നോക്കി നിൽക്കും അന്നും അത്ഭുതമായി തോന്നിയിരുന്ന ഒന്നുണ്ടായിരുന്നു ആ പാറയുടെ മുകളിൽ ഒരിക്കലും വറ്റാത്ത ഒരു വെള്ളത്തിന്റെ ഉറവ . എത്ര വേനലിലും അതിലെ വെള്ളം വറ്റുമായിരുന്നില്ല . ചെറുപ്പത്തിൽ വലിയച്ഛൻ പറഞ്ഞിരുന്നത് അത് അറബിക്കടലിയ്ക്കുള്ള ഒരു വഴി ആണെന്നാണ് ഞങ്ങൾ അതിലെ വെള്ളം തൊടാൻ നോക്കിയപ്പോൾ വലിയച്ഛൻ മുടക്കി . അത് മനുഷ്യര്ക്ക് ഉള്ളതല്ല . ആകാശത്തിലൂടെ പോകുന്ന യക്ഷന്മാർക്കും ഗന്ധർവന്മാർക്കും വിശ്രമിക്കാനും ദാഹം മാറ്റാനും ഉള്ളതാണ് എന്നൊക്കെയാണ് . വലിയച്ഛൻ ഒരു പക്ഷെ ഞങ്ങൾ കുട്ടികളോട് താമശ പറഞ്ഞതായിരിക്കാം. പക്ഷെ അന്ന് അവിടെ നിന്ന് പോരുമ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല പിൻക്കാലത്തു ഒരു ക്ഷേത്രം വരുമെന്ന്. കുട്ടിക്കാലം കഴിഞ്ഞതോടെ ഞങ്ങൾ പിന്നീട് ആ വഴിക്കു പോകാതായി . എല്ലാറ്റിനും സാക്ഷിയെന്ന പോലെ ആ പാറ ആരാലും നശിപ്പിക്കപ്പെടാതെ അവിടെ കിടന്നു ഏതാണ്ട് ഇരുപത്തി അഞ്ചു വർഷങ്ങൾക്ക് മുൻപാണ് അവിടെ ക്ഷേത്രം എന്നൊരു ആശയം നാട്ടുകാർ മുന്നോട്ടു വെയ്ക്കുന്നത്. വളരെ പെട്ടെന്ന് അതിനു ഒരു ജനകീയ ഭാവം വരികയും നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണങ്ങൾ കൂടിയായപ്പോൾ ക്ഷേത്രം അവിടെ യാഥാർഥ്യമായി പാറയുടെ നടുവിലെ മുളങ്കൂടുകൾ വെട്ടി മാറ്റി അവിടെയാണ് ഇന്ന് കാണുന്ന ക്ഷേത്ര സമുച്ചയം ഉണ്ടാക്കിയിരിക്കുന്നത് . മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്ന് ഇവിടെയുള്ള വ്യത്യാസം ചുറ്റുമതിൽഇല്ല എന്നതാണ് . അതിനു പകരം ക്ഷേത്രത്തിനു സംരംക്ഷണം ഒരുക്കുന്നത് ആ വലിയ പാറ തന്നെയാണ് . അതിനേക്കാൾ വലിയ സുരക്ഷിതത്വം ഒരു ക്ഷേത്രത്തിനു ആർക്കു നൽകാൻ കഴിയും? മുളംകാടുകൾ വെട്ടി വീഴ്ത്തിയപ്പോഴാണ് അവിടെ ഒരു മണിക്കിണർ കാണുന്നത് . നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ . ഏതോ കാലത്തു അവിടെ ആരൊക്കെയോ ജീവിച്ചിരുന്നു എന്നതിന് തെളിവായി അതിലും വറ്റാത്ത വെള്ളം ഉണ്ടായിരുന്നു . ഇന്നും ക്ഷേത്രത്തിലേക്കുള്ള വെള്ളം എടുക്കുന്നത് ആ കിണറിൽ നിന്നാണ് ഞങ്ങൾ ചെല്ലുമ്പോൾ നേരം വെളുക്കാൻ തുടങ്ങിയിരുന്നു. കൗണ്ടറിൽ ഇരുന്നു പ്രകാശേട്ടൻ കൈ കാണിച്ചു. . അമ്പലത്തിലെ വഴിപാട് കാര്യങ്ങൾ നോക്കുന്നത് അദ്ദേഹമാണ്. വഴിപാടുകൾ എഴുതിച്ചു രസീതും കൈ പിടിച്ചു ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു കാൽകഴുകി നിലത്തു വിരിച്ച കരിങ്കൽ നടപ്പാതയിലൂടെ നടക്കുമ്പോൾ തണുപ്പ് വിരലുകളിലൂടെ അരിച്ചു കയറാൻ തുടങ്ങി. അമ്പലവും ചുറ്റു പാടുകളും വളരെ മനോഹരമായി വൃത്തിയായി വെച്ചിരിക്കുന്നു. വൃത്തിയും ഭക്തിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ് എന്റെ വിശ്വാസം . വൃത്തിയുള്ള അമ്പലങ്ങളിൽ പോവാൻ മാത്രമേ എനിക്ക് ഇഷ്ടമുള്ളൂ തമിഴ്നാട്ടിലും മറ്റും പോകുമ്പോൾ അമ്പലത്തിന്റ ഉള്ളിൽ തന്നെ ഇരുന്നു ഭക്ഷണം ആൾക്കാർ കഴിക്കുന്നത് കണ്ടിട്ടുണ്ട് . എന്നിട്ടു ഭക്ഷണാവശിഷ്ടങ്ങൾ അവിടവിടെ കിടക്കുനതു കാണാം . കേരളത്തിലെ അമ്പലങ്ങൾ പൊതുവിൽ വളരെ നന്നായി പരിപാലിക്കപ്പെടുന്നു. കല്ലുത്തിപ്പാറ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം തന്നെ വൃത്തിയുള്ള ചുറ്റുപാടുകളാണ് . ഒരു പക്ഷെ അധികം ജനങ്ങൾ ഇവിടെ വരാത്തത് കൊണ്ടുമായിരിക്കാം പ്രധാനമായും രണ്ടു പ്രതിഷ്ഠകൾ ആണ് ഇവിടെ ഉള്ളത് പിന്നെ ഉപദൈവങ്ങളും .കൃഷ്ണന്റെ കാല്പാദം പതിഞ്ഞ കല്ലുത്തിപ്പാറയിൽ പ്രധാന പ്രതിഷ്ഠഭഗവാൻ ശ്രീകൃഷ്‌ണന്റേതു തന്നെ. പിന്നെ നാടിന്റെ ചൈത്യനമായ ദേവി പ്രതിഷ്ഠയും ഞങ്ങളുടെ നാട്ടിൽ വിഷ്ണു ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ കുറവാണ് തുളസിമാലയും തെച്ചി മാലയും ചാർത്തി നിൽക്കുന്ന കൃഷ്ണവിഗ്രഹം കാണുമ്പോൾ ഗുരുവായൂരപ്പന്റെ മുന്നിൽ നിൽക്കുന്ന പോലെത്തന്നെ ഉള്ള ഒരു ഫീൽ ആണ്. ഗുരുവായൂരിൽ നമുക്ക് സെക്കൻഡുകൾ മാത്രമേ നടയിൽ നില്ക്കാൻ ഉള്ള അനുവാദം ഉള്ളൂ . ഇവിടെ നമുക്ക് എത്ര വേണമെങ്കിലും നിൽക്കാം പ്രാർത്ഥിക്കാം . അവിടെ പറയാൻ ബാക്കി വെച്ചത് ഇവിടെ പറയാം . നാട്ടിൻപുറത്തെ ചെറിയ അമ്പലങ്ങളുടെ ഭംഗി അതാണ് . നമ്മുടെ മനസ്സ് നിറയുന്നത് വരെ നടയിൽ നിൽക്കാം പ്രാർത്ഥിക്കാം . തുളസിമാലയും പാൽപ്പായസവും വെണ്ണ നിവേദ്യം തന്നെയാണ് ഇവിടെയും കണ്ണന് പ്രിയ വഴിപാട് , അവിടെ തൊഴുതു വലം വെച്ചിറങ്ങിയാൽ പിന്നെ ഗണപതിയുടെയും അയ്യപ്പന്റേയും ചെറിയ അമ്പലങ്ങൾ . അവിടെ തൊഴുതു നേരെ ചെല്ലുന്നതു ദേവിയുടെ നടയിലാണ് . അതും മറ്റൊരു ചെറിയ അമ്പലമാണ്. ഭഗവതി അഥവാ ദേവി ആണ് എല്ലാ നാട്ടിൻപുറങ്ങളിലും ജനങ്ങളുടെ ശക്തി സ്രോതസ്സ്. ഇവിടെയും സ്ഥിതി മറിച്ചല്ല . ചുവന്ന പൂക്കൾ കൊണ്ട് അലംകൃതയായ ദേവിയെ ധ്യാനിച്ച് മടങ്ങുമ്പോൾ തിരുമേനി കുറച്ചു പായസം വാഴയിലയിലാക്കി കൈയ്യിൽ വെച്ച് തന്നു. പായസത്തിനു മുകളിൽ തെച്ചിപ്പൂവും തുളസിയിലയും . ദേവി ക്ഷേത്രങ്ങളിലെ ശർക്കരപായസത്തിനു ഒരു പ്രത്യേക രുചിയാണ് . അരി പൂർണമായി വേവാതെ ആണ് ആ പായസം ഉണ്ടാക്കുന്നത് . കൃത്യമായി ആ വേവിൽ നിർത്തുമ്പോഴാണ് പായസത്തിന്റെ രുചി കൂടുന്നത് . നമ്മൾ എത്ര ശ്രമിച്ചാലും വീട്ടിൽ ഉണ്ടാക്കിയാൽ ഈ രുചി കിട്ടില്ല പഴയ ഓർമയിൽ പാറയുടെ മുകളിലേക്ക് ഞാൻ ഒന്ന് നോക്കി . "ഇപ്പോൾ കയറാൻ പാടുണ്ടോ?" ഞാൻ തിരുമേനിയോട് തിരക്കി "പൂജ സമയത്തൊഴിച്ചു എപ്പോൾ വേണമെങ്കിലും കയറാം" . തിരുമേനി പറഞ്ഞു പതിയെ കയറുമ്പോൾ ആദ്യം കണ്ണിൽ പെട്ടത് ആ വറ്റാത്ത ഉറവ തന്നെ ആയിരുന്നു . ഇപ്പോൾ അതിൽ താമരകൾ വിരിഞ്ഞു നിൽക്കുന്നു . ക്ഷേത്രം ഭാരവാഹികൾ ആയിരിക്കും താമര അവിടെ എത്തിച്ചത് . വെള്ളം നിറഞ്ഞു നിൽക്കുന്നു . എവിടെ നിന്നായിരിക്കും ഇത്രയും ഉയരത്തിൽ വറ്റാതെ നില്ക്കാൻ മാത്രം ഉള്ള വെള്ളം അതിലേക്ക് വരുന്നത് ? പാറയുടെ മുകളിൽ എത്തി ശ്രീകൃഷ്ണ പാദം ഇപ്പോൾ പൂജിക്കിപ്പെടുന്ന സ്ഥലമായി മാറിയിരിക്കുന്നു . പാറയുടെ മുകളിൽ നിന്ന് ആ അമ്പലം കാണുന്നത് ഒരു കാഴ്ച തന്നെയാണ് . ഇത്രയും മനോഹരമായ കാഴ്ച ഞങ്ങളുടെ നാട്ടിൽ വേറെ ഇല്ല എന്ന് തോന്നിപ്പോകും . അകലെ താഴെ തെളിനീർ നിറഞ്ഞു പാറക്കുളം . അവിടെ പണ്ട് നിറയെ ആൾക്കാർ കുളിച്ചിരുന്നു . ഇപ്പോൾ ജനങ്ങൾ വരുന്നുണ്ടോ എന്നറിയില്ല . തെങ്ങിൻ തലപ്പുകൾക്കിടയിൽ പടിഞ്ഞാറ് തൈക്കാടും തെക്ക് ചിറ്റാട്ടുകരയും ഞാൻ അടയാളപ്പെടുത്താൻ ശ്രമിച്ചു. അവിടെ ആകെ ഒരു ശാന്തയും ദൈവികതയും നിറഞ്ഞു നിന്നിരുന്നു . ഞങ്ങൾ പണ്ട് വന്നിരുന്ന ആർക്കും വേണ്ടാതെ കിടന്നിരുന്ന സ്ഥലമല്ല . ഇന്ന് അതിനു ഒരു പുനർജ്ജനി ഉണ്ടായിരിക്കുന്നു വെയിലിനു തിളക്കം കൂടി തുടങ്ങി . ഞങ്ങൾ പതുക്കെ താഴേക്കിറങ്ങി . തീരുമേനി പൂജ കഴിഞ്ഞു നട അടച്ചു കഴിഞ്ഞിരുന്നു താഴെ വന്നു നാഗ ദൈവങ്ങളോട് പ്രാർത്ഥിച്ചു ഞങ്ങൾ മടങ്ങാനൊരുങ്ങി . അപ്പോഴാണ് മനോഹരമായ മറ്റൊരു കാഴ്ച കണ്ടത് . ഒരു മുളങ്കാട് ..വയനാട് പോയപ്പോഴാണ് ഇത്തരം മുളങ്കാടുകളിൽ ഓടി നടന്നതും ഫോട്ടോ എടുത്തതും . ആരായിരിക്കും ഇത്ര മനോഹരമായി ഇത് നില നിർത്തി പോരുന്നത് . ഏതായാലും ഫോട്ടോ എടുക്കാനും പ്രകൃതിയുടെ വേറിട്ട ഒരു സൗന്ദര്യം അനുഭവിക്കാനും അത് വഴിയൊരുക്കി. പ്രകൃതിയും ദൈവങ്ങളും നമ്മുടെ വിശ്വാസങ്ങളും ഇഴ ചേർന്ന് കിടക്കുന്നു . ഒന്നിൽ നിന്ന് മറ്റൊന്നിനെ വേർപ്പെടുത്തിയെടുക്കാൻ ബുദ്ധിമുട്ടാണ്. മനോഹരമായ സങ്കൽപ്പങ്ങളും സ്ഥലികളും ആരൊക്കെയോ നമുക്ക് വേണ്ടി ഒരുക്കുന്നു. നമ്മുടെ ചെറിയ ജീവിതം അത് ആസ്വദിക്കാനും നിലനിർത്താനും വേണ്ടിയുള്ളതാകട്ടെ. നാട്ടിൽ വരുമ്പോൾ വീണ്ടും ഇവിടെ വരണം എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് ഞങ്ങൾ അവിടെ നിന്നും അന്ന് മടങ്ങിയത് ഇന്ന് ഈ ക്ഷേത്രം കല്ലൂർ തലൈ എന്ന പേരിൽ ആണ് അറിയപ്പെടുന്നത് . ഗുരുവായൂർ അമ്പലത്തിൽ നിന്ന് ഏതാണ്ട് അഞ്ചു കിലോമീറ്റർ അകലെ തൃശൂർ ഗുരുവായൂർ റൂട്ടിൽ കണ്ടാണിശ്ശേരി എന്ന സ്ഥലത്താണ് ആണ് ഈ ക്ഷേത്രം നിലനിൽക്കുന്നത് .

തിരുവില്വാമല ക്ഷേത്രം

 ഏതാണ്ട് ഇരുപത്തി അഞ്ചു വർഷങ്ങൾക്കു മുൻപാണ് തിരുവില്വാമല ക്ഷേത്രത്തിൽ ആദ്യമായി പോകുന്നത്. അന്ന് ഗുരുവായൂർ ഏകാദശിയായിരുന്നു .

അന്നാണ് തിരുവില്വാമലയിലെ പ്രസിദ്ധമായ പുനർജ്ജനി നൂഴൽ നടക്കുന്നത് . കൊല്ലത്തിൽ ആ ഒരു ദിവസം മാത്രമേ പുനർജ്ജനി നൂഴൽ നടക്കുന്നുള്ളൂ ആരാണ് അങ്ങിനെ ഒരു ആശയം പറഞ്ഞത് എന്നോർമ്മയില്ല. പക്ഷെ ഞങ്ങൾ കണ്ടാണിശ്ശേരിയിലെ കൂട്ടുകാർ എല്ലാവരും ഉണ്ടായിരുന്നു ആ യാത്രയിൽ. നാട്ടിൽ നിന്ന് ഞങ്ങൾ എല്ലാവരും ചേർന്ന് അഞ്ചോ ആറോ ബൈക്കുകളിൽ ആയിട്ടായിരുന്നു ആ യാത്ര. പുലർക്കാലത്തു ഏതാണ്ട് നാലു മണിയോടെ ഞങ്ങൾ യാത്ര തുടങ്ങി . കേച്ചേരിയും വേലൂരും പിന്നിട്ട് വടക്കാഞ്ചേരിയിൽ എത്തുമ്പോഴേക്കും മരം കോച്ചുന്ന തണുപ്പായി മാറിയിരുന്നു . വടക്കാഞ്ചേരിയിലെ കുന്നുകളും മരങ്ങളും വഴിത്താരകളും മഞ്ഞു മൂടി നിന്നു അകലെ പാടത്തിനു നടുവിൽ ഉത്രാളിക്കാവിന്റെ രൂപ രേഖ മഞ്ഞിന്റെ നേർത്തപാളികൾക്കിടയിലൂടെ കാണാമായിരുന്നു. ഉത്രാളിക്കാവ് പിന്നിട്ട് അകമലയിൽ ശാസ്താവിന് വഴിപാടുമിട്ടിട്ടാണ് ഞങ്ങളുടെ യാത്ര തൃശ്ശൂർ ജില്ലയിൽ ആണ് തിരുവില്വാമലയെങ്കിലും പാലക്കാടിന്റെ അതിർത്തിയോട് ചേർന്ന് കിടക്കുന്നതു കൊണ്ട് പലരും കരുതുന്നത് തിരുവില്വാമല പാലക്കാട് ജില്ലയിൽ ആണെന്നാണ്. ചേലക്കരയും പഴയന്നൂരും പിന്നിട്ടു തിരുവില്വാമല ഗ്രാമത്തിലേക്ക് കടക്കുമ്പോൾ നേരം വെളുത്തു തുടങ്ങിയിരുന്നു . ഏതാണ്ട് നാൽപതു കിലോമീറ്റർ ഞങ്ങൾ ബൈക്ക് ഓടിച്ചു കഴിഞ്ഞിരുന്നു അപ്പോൾ തിരുവില്വാമല ഗ്രാമത്തിനു ഒരു ദൈവിക ഭാവമാണ് . അവിടെ എല്ലാം വില്വാദ്രിനാഥനുമായി ബന്ധപെട്ടതാണ് . ഒരു പക്ഷെ തിരുവില്വാമല എന്ന ഗ്രാമം കേരളത്തിൽ അറിയപ്പെടാൻ രണ്ടു കാരണങ്ങൾ ഉണ്ട് ഒന്ന് വില്വാദ്രിനാഥ ക്ഷേത്രം രണ്ടാമത് പ്രസിദ്ധനായ എഴുത്തുകാരൻ വി കെ എന്റെ നാട്. തിരുവില്വാമലക്കാർ ഭാഗ്യം ചെയ്തവരാണ് ഞാൻ മനസ്സിൽ ഓർത്തു ഞങ്ങളുടെ ബൈക്കുകൾ അമ്പലത്തിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു . മനസ്സ് നിറയെ ആവേശമാണ് . ഒന്നാമതായി ആദ്യമായി അവിടെ വരുന്നതിന്റെയും രണ്ടാമത് പുനർജ്ജനി ഗുഹയിലൂടെ ഉള്ള നൂഴൽ എങ്ങിനെയിരിക്കും എന്നുള്ള ആകാംഷയും ഒരു ചെറിയ കുന്നിന്റെ മുകളിൽ ആണ് തിരുവില്വാമല ക്ഷേത്രം നിൽക്കുന്നത്. അമ്പലത്തിന്റെ അടിവാരത്തു ബൈക്കുകൾ പാർക്ക് ചെയ്തു ഞങ്ങൾ പതുക്കെ അമ്പലത്തിലേക്കുള്ള പടികൾ കയറാൻ തുടങ്ങി പരശുരാമൻ ക്ഷത്രിയ നിഗ്രഹത്തിനു ശേഷം ഭക്തിമാർഗ്ഗത്തിലൂടെ പാപമോഷം തേടി നടക്കുമ്പോൾ പരശുരാമനാൽ കൊല്ലപ്പെട്ട ക്ഷത്രിയയുടെ പ്രേതങ്ങൾ തങ്ങൾക്ക് ഇനിയും മോക്ഷം കിട്ടിയില്ല എന്നും പരശുരാമൻ അവർക്കു മോക്ഷം ലഭിക്കാൻ ഉള്ള മാർഗം ഉപദേശിക്കണം എന്നും പറയുന്നു . ഇത് കേട്ട് ദുഖിതനായ പരശുരാമൻ മഹാവിഷ്ണുവിന്റെ ധ്യാനിക്കുകയും പരമശിവൻ കുടുംബസമേതം വില്വാദ്രി മലയിൽ എത്തുന്നുണ്ട് എന്ന വെളിപാട് ലഭിക്കുകയും ചെയ്യുന്നു . അവിടെ എത്തിയ പരശുരാമന് ഭഗവൻ ശിവൻ മഹാവിഷുണിന്റെ വിഗ്രഹം നൽകുകയും മരണപ്പെട്ട ക്ഷത്രിയരുടെ പ്രേതങ്ങൾക്ക് കാണാൻ പറ്റിയ വിധത്തിൽ അത് പ്രതിഷ്ഠിക്കണം എന്ന് അരുൾ ചെയ്യുകയും ചെയ്തു. ഭൂതമല എന്ന് വിളിക്കപ്പെടുന്ന മലയിൽ അങ്ങിനെ പരശുരാമനാൽ നൽകപ്പെട്ട വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടു എന്നും ക്ഷത്രിയയുടെ പ്രേതങ്ങൾ അതിനെ ആരാധിച്ചു മോക്ഷം നേടി എന്നുമാണ് ഒരു ഐതീഹ്യം . പരശുരാമൻ പിന്നീട് ദേവഗുരു ബ്രഹസ്പതിയുടെ ഉപദേശപ്രകാരം വിശ്വകര്മാവുമായി ചേർന്ന് അവിടെ ഒരു ഗുഹ നിർമിക്കുകയും . അതിനകത്തു മനുഷ്യന്റെ ജീവിതം പോലെ വളവുകളും തിരിവുകളും ഇറക്കങ്ങളും കയറ്റങ്ങളും ഉണ്ടായിരുന്നു . അതിലൂടെ കടന്നു വന്നാൽ ഒരു ജന്മത്തിലെ പാപങ്ങൾ ശമിക്കും എന്ന് ദേവഗുരുവും ഇന്ദ്രനും പരശുരാമനെ അറിയിക്കുന്നു അങ്ങിനെ ക്ഷത്രിയർ അതിലൂടെ നൂഴ്ന്നു പുറത്തു വരികയും അവിടെ ഉള്ള പാപനാശിനി എന്ന ഉറവിലെ വെള്ളം കുടിക്കുകയും ചെയ്തു മോക്ഷം നേടുകയും ചെയ്യുന്നു . ഏതൊരു മനുഷ്യനും ഒരിക്കൽ അതിലൂടെ നൂഴ്ന്നു പുറത്തു വന്നാൽ ജീവിതത്തിലെ പാപങ്ങൾ എല്ലാം ശമിച്ചു എന്നാണ് വിശ്വാസം തൂവൽകൊട്ടാരം എന്ന സിനിമയിൽ സഹോദരന്റെ മരണത്തിനു ഉത്തരവാദിയായ മഞ്ജുവാരിയർ തന്റെ കുറ്റബോധം തീർക്കുന്നതു ഈ പുനർജ്ജനി ഗുഹയിലൂടെ നൂഴ്ന്നാണ് .ഏറെക്കാലം ഒറ്റപ്പാലത്തു താമസിച്ചിരുന്ന തിരക്കഥാകൃത്തു ലോഹിതദാസിനേയും ഈ അമ്പലവും അവിടുത്തെ ആചാരങ്ങളും ഏറെ സ്വാധീനിച്ചിരുന്നു എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണത് ശങ്കരനും നാരായണനും ഒരേ പോലെ പ്രാധാന്യം ഉണ്ടായിരുന്നു ക്ഷേത്രം പിൽക്കാലത്തു ശ്രീരാമ ക്ഷേത്രമായി പരിണമിക്കുകയാണ് ചെയ്തതത് . കേരളത്തിൽ തൃപ്രയാറും കടവല്ലൂരും കഴിഞ്ഞാൽ ഏറ്റവും പ്രസിദ്ധമായ ശ്രീ രാമക്ഷേത്രം കൂടിയാണ് തിരുവില്വാമല കഥകൾ ആലോചിച്ചു മുകളിൽ എത്തിയത് അറിഞ്ഞില്ല . ഇപ്പോൾ ഈ അമ്പലത്തിൽ രണ്ടു നടയ്ക്കും ഒരേ പോലെ പ്രാധാന്യം ഉണ്ട് .പടിഞ്ഞാറേ നടയിൽ ശ്രീരാമനും കിഴെക്കെ നടയിൽ ലക്ഷ്മണനും ആണ് പ്രതിഷ്ഠ . ഇപ്പോൾ ഉള്ള വിഗ്രഹങ്ങൾ സ്വയംഭൂ ആയി ഉണ്ടായിട്ടുള്ളതാണ് എന്നാണ് പറയപ്പെടുന്നത് . പടിഞ്ഞാറേ നടയിലൂടെ അമ്പലത്തിലേക്ക് പ്രവേശനം ഇല്ല . കിഴക്കേ നടയിലെ ദർശനം മോക്ഷകാരകവും പടിഞ്ഞാറേ നടയിലെ ദർശനം മറ്റു ലൗകികമായ ആഗ്രഹപൂർത്തീകരണങ്ങൾക്ക് കാരണമാവുകയും ചെയ്യും എന്നാണ് വിശ്വാസം ഞങ്ങൾ ക്ഷേത്രത്തിന്റെ വടക്കു വശത്തുകൂടെ കിഴക്കേ നട ലക്ഷ്യമാക്കി നടന്നു. കുന്നിന്റെ ആ ഉയരത്തിൽ നിന്ന് നോക്കുമ്പോൾ ചുറ്റുപാടും പച്ച പിടിച്ചു നിൽക്കുന്ന വൃക്ഷ തലപ്പുകൾ ആണ് നമ്മുടെ കണ്ണുകളെ കുളിരണിയിക്കുക . അവിടെ നിന്ന് നോക്കിയാൽ അകലെ ഭാരതപ്പുഴയുടെ ചില ഭാഗങ്ങൾ കാണാം . അകലെ ട്രെയിൻ മെല്ലെ മെല്ലെ നീങ്ങുന്നത് കാണാം . നല്ല തണുത്ത കാറ്റ് അടിയ്ക്കുന്നുണ്ടായിരുന്നു വടക്കേ നടയ്ക്കു നേരെയായി താഴേക്ക് കുറെ പടികൾ . ഏതാണ്ട് മുന്നൂറു മീറ്റർ താഴേക്ക് ഇറങ്ങിയാൽ അമ്പലക്കുളമായി. അവിടെ പോയി തണുത്ത വെള്ളത്തിൽ കാലും മുഖവും കഴുകി തിരികെ മുകളിൽ എത്തുമ്പോഴേക്കും ഞങ്ങൾ കിതയ്ക്കാൻ തുടങ്ങിയിരുന്നു ഇനി അധികം സമയം കളയാൻ ഇല്ല . പുനർജനി ഗുഹയുടെ പരിസരത്തു എത്തണം . കിഴക്കേ നടയിൽ നിന്ന് ഏതാണ്ട് ഒന്നരകിലോമീറ്റർ നടന്നാൽ ആണ് അവിടെ എത്താൻ കഴിയുക . ആൾക്കാർ അങ്ങോട്ട് നടന്നു തുടങ്ങിയിരിക്കുന്നു ഞങ്ങൾ ചെല്ലുമ്പോൾ നൂഴൽ ആരംഭിച്ചിച്ചിട്ടില്ല . ഞങ്ങൾ ഒന്ന് പോയി നോക്കി. ഒരു പാറയുടെ അടിയിൽ ഒരാൾക്ക് കടക്കാവുന്ന ഒരു ഗുഹ . അതിനുള്ളിൽ വല്ല ജീവികൾ ഉണ്ടാകുമോ എന്ന ഭയം ഞങ്ങളെ അലട്ടി. അതിലൂടെ കടന്നു പാറയ്ക്കടിയിലൂടെ നൂഴ്ന്നു ഏതാണ്ട് നൂറ്റമ്പതു മീറ്റർ പോകണം . പുറത്തു വരുന്നത് ആ പാറയുടെ ഏറ്റവും മുകളിൽ ഉള്ള ദ്വാരത്തിലൂടെ ആണ് സംഗതി നടക്കില്ല എന്ന് എന്റെ മനസ്സ് പറഞ്ഞു. അടഞ്ഞ സ്ഥലങ്ങൾ എനിക്ക് എപ്പോഴും ഒരു ഭയമാണ് . ശ്വാസം കിട്ടാത്ത പോലെ തോന്നും . എന്ത് ചെയ്യണം എന്ന് ആലോചിച്ചു നിൽക്കുമ്പോഴേക്കും പൂജാരിയും പരിവാരങ്ങളും അവിടെ എത്തി പൂജാരി പൂജ ചെയ്തു മുകളിൽ നിന്ന് ഒരു ചെറുനാരങ്ങാ ഇട്ടാൽ അത് താഴെ ഗുഹയുടെ കവാടത്തിൽ എത്തും എന്നാണ് വിശ്വാസം. പൂജ കഴിഞ്ഞു ക്ഷേത്രക്കാരിൽ ഒരാൾ ആണ് ആദ്യം കടക്കുന്നത് . അതിനു പിന്നാലെ കടക്കേണ്ടത് ഞങ്ങൾ ആണ് . മറ്റുള്ളവർ ഞങ്ങൾ കടക്കാൻ വേണ്ടി പിന്നോട്ട് മാറി നിൽക്കുന്നു . അന്നത്തെ ചെറുപ്പം. കൂട്ടുകാരിൽ ധൈര്യവാനായ ഒരാൾ ആദ്യം ക്ഷേത്രക്കാരന്റെ പിന്നാലെ കടന്നു . അവനു പിന്നിൽ മറ്റുള്ളവരും . ഞാൻ അവസാനം ആയിരുന്നു. ഗുഹയ്ക്ക് അകത്തു കടന്നതോടെ കാര്യങ്ങൾ മാറി . ഒന്നും കാണാനില്ല . നമുക്ക് എഴുന്നേറ്റു നില്ക്കാൻ പറ്റില്ല . മുന്നിൽ പോകുന്ന ആളിന്റെ കാൽ പിടിച്ചു വേണം നമ്മൾ പോകാൻ . ചില സ്ഥലങ്ങളിൽ പെട്ടെന്നുള്ള വളവുകൾ . ചില സ്ഥലങ്ങളിൽ ഇറക്കം , ചില സ്ഥലങ്ങളിൽ കുത്തനെ ഉള്ള കയറ്റം . ചില സ്ഥലങ്ങളിൽ മലർന്നു കിടന്നു നിരങ്ങണം , ചില സ്ഥലങ്ങളിൽ കമിഴ്ന്നു കിടന്നും . നമുക്ക് മുന്നേ പോകുന്ന ആൾ ഓരോ സ്ഥലവും എങ്ങിനെ കടക്കണം എന്ന് പറഞ്ഞു തരും . അത് നമ്മൾ നമ്മുടെ പിറകെ വരുന്ന ആൾക്ക് പറഞ്ഞു കൊടുക്കണം . അങ്ങിനെ ഒരു മനുഷ്യ ജന്മത്തിൽ കുട്ടിയായി നമ്മൾ ജനിച്ചത് മുതൽ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ഒരിക്കൽ കൂടി അവിടെ പുനഃസൃഷ്ടിക്കപെടുന്നു . അവസാനം നിരങ്ങി നിരങ്ങി വാർധക്യത്തിന് സമാനമായ രീതിയിൽ നമ്മൾ ഗുഹയ്ക്ക് പുറത്തെത്തുന്നു പുറത്തുവന്നു തീർത്ഥം കഴിക്കുന്നതോടെ ഒരു വലിയ ശാന്തി മനസ്സിന് അനുഭവപ്പെടും . അപ്പോഴേക്കും ജന തിരക്ക് കൂടാൻ തുടങ്ങിയിരുന്നു. ഞങ്ങൾ വളരെ സന്തോഷത്തോടെ പാപങ്ങൾ എല്ലാം ശമിച്ച സന്തോഷത്തിൽ തിരികെ ക്ഷേത്ര പരിസരത്തേക്ക് നടന്നു പിന്നെ നേരെ പോയി കുളത്തിൽ നീന്തിക്കുളിച്ചു കയറി. നല്ല തണുത്ത വെള്ളം . മനസ്സും ശരീരവും ശാന്തമായി . ശരിയ്ക്കും ഉന്മേഷം തരുന്ന ഒരു . അനുഭവമായിരുന്നു അത് കിഴക്കേ നടയിലൂടെ കടന്നു ലക്ഷ്മണ സ്വാമിയേ തൊഴുതു ഗണപതിയെ വണങ്ങി പടിഞ്ഞാറേ നടയിലേക്ക്. ശ്രീരാമന്റെ സ്വയംഭൂ വിഗ്രഹത്തിനു മുന്നിൽ തൊഴുതു നിൽക്കുമ്പോൾ മനസ്സ് തീർത്തും ഭക്തിസാന്ദ്രമാകും പുറത്തു കടന്നാൽ പിന്നെ ഉള്ളത് ആഞ്ജനേയന്റെ അമ്പലമാണ് .അവിടെ പ്രധാന വഴിപാട് വടമാല ആണ് . മനസ്സിൽ വിചാരിച്ച കാര്യങ്ങൾ നടക്കും എന്നാണ് ആഞ്ജനേയന് വടമാല കഴിക്കുന്നതിന്റെ പിറകിൽ ഉള്ള വിശ്വാസം. പഠനത്തിൽ മികവ് കിട്ടാൻ കുട്ടികൾ കടലാസ്സിൽ ആയിരം തവണ ആഞ്ജനേയ സ്തുതി എഴുതി അവിടെ നിറയെ തൂക്കി ഇട്ടിരിക്കുന്നതും കാണാം തെക്കേനടയിൽ താഴെയായാണ് അയ്യപ്പന്റെയും ശിവപാർവ്വതിമാരുടെയും പ്രതിഷ്ഠ . പടികൾ ഇറങ്ങി പോയി അവിടെ തൊഴുതു വീണ്ടും തിരികെ മുകളിൽ എത്തണം തെക്കു പടിഞ്ഞാറേ മൂലയിൽ പണ്ടൊരു വലിയ ആൽമരം ഉണ്ടായിരുന്നു. അവിടെ ഗുരുവായൂരപ്പന്റെ സങ്കല്പം ആണ് . അത് ഒരിക്കൽ വീണു പോവുകയും ഇന്നിപ്പോൾ അവിടെ ചെറിയൊരു ആൽമരം വളർന്നു വരുന്നു . ഒരു കൗതുകം അവിടെ ഉള്ളത് ആ ആല്മരത്തിൽ ഒരു ഓന്ത്‌ ഇപ്പോഴും ഉണ്ടാകുമെന്നും അതിനെ കാണുന്നത് നല്ല സൂചനയാണെന്നും ഭക്തർ കരുതുന്നു . ആ മരത്തിനു ചുറ്റും ഭക്ത ജനങ്ങൾ ഓന്തിനെ കണ്ടുപിടിക്കാൻ വേണ്ടി നിൽക്കുന്നതും കാണാം സംഗതി എന്തായാലും ആ മരത്തിൽ സ്ഥിരമായി അത് താമസിക്കുന്നുണ്ട് എന്നത് സത്യമാണ് .. പിന്നീട് പല തവണ പോയപ്പോഴും അതിനെ അവിടെ കണ്ടതായി ഓർക്കുന്നു പടിഞ്ഞാറേ നടയിൽ വന്നു ഭഗവാനെ ഒന്ന് കൂടി തൊഴുതു പിന്നെ താഴോട്ട് ഇറങ്ങുമ്പോൾ ആണ് ഇടതു വശത്തു സരസ്വതി സങ്കല്പം . അവിടെ ആൽമരചുവട്ടിൽ കുട്ടികൾ ഒന്നിന് മുകളിൽ ഒന്നായി കല്ലുകൾ അടക്കി വെക്കും . വീഴാതെ എത്ര ഉയരത്തിൽ വെക്കുന്നുവോ അത്രയും ഉന്നതമായ വിദ്യാഗുണം ഉണ്ടാവും എന്നാണ് വിശ്വാസം അതോടെ ദർശനം കഴിഞ്ഞു. പടികൾ ഇറങ്ങി താഴെ എത്തുമ്പോൾ നല്ല വിശപ്പായിരുന്നു . അന്ന് കഴിച്ച ദോശയ്ക്കും ചായക്കും ഒരു പാട് രുചി തോന്നി മെല്ലെ ഞങ്ങൾ വില്വാദ്രി മലയോട് യാത്രപറഞ്ഞു . ഇനി വീട്ടിലെത്തി ഗുരുവായൂരിലേക്ക്. അവിടെ അന്ന് ഏകാദശി ആയിരുന്നല്ലോ ജീവിതം എത്ര അത്ഭുതങ്ങൾ നിറഞ്ഞതാണ് . പിന്നീട് തിരുവില്വാമല ജീവിതത്തിന്റെ ഭാഗമായി. നാട്ടിൽ പോകുമ്പോൾ ഇന്നും സമയം കണ്ടെത്തി അവിടെ എത്താൻ ശ്രമിക്കും . അവിടെ തൊഴുതിറങ്ങിയാൽ ഇന്നും മനസ്സിന് ഒരു വല്ലാത്ത ശാന്തതയാണ്

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രം



തൃശൂർ ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ ധന്വന്തരി ക്ഷേത്രമാണ് നെല്ലുവായ് ധന്വന്തരി ക്ഷേത്രം . ഈ അമ്പലത്തോട് ചെറുപ്പം മുതൽക്കേ എനിക്ക് അടുപ്പം ഉണ്ടായിരുന്നു . അതിനു കാരണം നെല്ലുവായ്ക്ക് തൊട്ടുള്ള പഴവൂർ എന്ന ഗ്രാമത്തിൽ ആയിരുന്നു എന്റെ അമ്മാവന്റെ വീട് എന്നതാണ് .

ഒരു പുഴയുടെ രണ്ടു കരകൾ ആണ് നെല്ലുവായയും പഴവൂരും അമ്മാവന്റെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ പുഴകടന്നു കുറച്ചു ദൂരം വയൽവരമ്പിലൂടെ നടന്നാൽ നെല്ലുവായ് ക്ഷേത്രം കാണാം. വേനൽ അവധിക്കാലത്തു പുഴയിൽ കുളിയ്ക്കാൻ പോകുക എന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ വിനോദം. വര്ഷക്കാലത്തു മദിച്ചൊഴുകിയിരുന്ന പുഴ അപ്പോഴേക്കും വെള്ളം കുറഞ്ഞു മെലിഞ്ഞു കാണും. എങ്കിലും ചില സ്ഥലങ്ങളിൽ മുങ്ങിക്കുളിക്കാവുന്നത്ര വെള്ളം കാണും . അവിടെ വെള്ളമൊഴുകി അരികുകൾ മിനുസമാർന്ന കല്ലുകൾ ചവിട്ടി ഞങ്ങൾ വെള്ളത്തിൽ ഇറങ്ങും. പരൽ മീനുകൾ കാൽ വിരലുകളിൽ വന്നു കടിയ്ക്കും. മുങ്ങാംകുഴിയിട്ടും നീന്തിയും ഞങ്ങൾ മദിക്കും അന്ന് കടവുകളിൽ ആ ഗ്രാമത്തിലുള്ളവർ മിക്കവാറും കുളിയ്ക്കാനും തുണികൾ കഴുകാനും വരുമായിരുന്നു . വെള്ളമുള്ള സ്ഥലങ്ങളിൽ ഒക്കെ വരി വരിയായി അലക്കു കല്ലുകൾ കാണാം . നമ്മൾ വീട്ടിൽ നിന്ന് അമ്മയും ചെറിയമ്മയും അമ്മായിയും അവരുടെ മക്കളും ഒക്കെ ചേർന്ന് ജാഥയായിട്ടാണ് പുഴയിലേക്ക് പോകുന്നത് . അവിടെ ചെന്ന് ഒരു കടവിലെ അലക്കു കല്ലുകൾ മുഴുവൻ പിന്നെ പെണ്ണുങ്ങൾ ഏറ്റെടുക്കും . അവർ വസ്ത്രങ്ങൾ അലക്കിത്തീരും വരെ കുട്ടികളായ ഞങ്ങൾക്ക് വെള്ളത്തിൽ കളിയ്ക്കാൻ ഉള്ള സ്വാതന്ത്ര്യമുണ്ട്. കുളി കഴിഞ്ഞു വീട്ടിൽ വന്ന ശേഷമാണ് നെല്ലുവായ് അമ്പലത്തിലേക്കുള്ള യാത്ര . ആയുർവേദ ഡോക്ടർ ആയിരുന്നു നാരായണമാമൻ ആണ് മിക്കവാറും ആ യാത്രയുടെ ക്യാപ്റ്റൻ. വീട്ടിൽ നിന്ന് നടന്നാണ് യാത്ര. പുഴ കയറി ഇറങ്ങി പാട വരമ്പത്തുകൂടെ വരിയായി നടക്കുമ്പോൾ മൂപ്പർ പറഞ്ഞു തന്ന അമ്പലത്തിന്റെ ചരിത്രം ആണ് ഞങ്ങൾക്ക് പിൽക്കാലത്തു ഈ അമ്പലത്തിനോടുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കാൻ സഹായിച്ചത് സൂര്യൻ പടിഞ്ഞാറു അസ്തമിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരിക്കും . വയൽ വരമ്പിലെ ആറ്റുവഞ്ചി ചെടികൾ ഞങ്ങളെ തലയാട്ടി സ്വീകരിക്കുന്ന പോലെ തോന്നും. സൂര്യന് എതിരായി ഞങ്ങൾ കിഴക്കോട്ട് നടക്കും. ഞങ്ങളുടെ വശങ്ങളിളെ നിഴലുകൾ ഞങ്ങളെക്കാൾ മുന്നേ ലക്ഷ്യത്തിലെത്തണം എന്ന പോലെ നീളത്തിൽ ചലിച്ചു കൊണ്ടിരിക്കും. കുറച്ചു നടന്നാൽ അകലെ അമ്പലത്തിന്റെ രൂപരേഖ പതിയെ പ്രത്യക്ഷപ്പെട്ട് തുടങ്ങും "അശ്വനി ദേവന്മാർ ആണ് ഈ അമ്പലത്തിലെ പ്രതിഷ്ഠ ഇവിടുത്തെ ജനങ്ങൾക്ക് നൽകിയത്" അമ്മാവൻ കഥ പറയാൻ തുടങ്ങും.. ഒരിക്കൽ അമ്പലത്തിലെ പഴയ പ്രതിഷ്ഠ കാലപ്പഴക്കത്താൽ ദ്രവിച്ചു പോയി . മരത്തിൽ പുതിയൊരു പ്രതിഷ്ഠനിർമിക്കാൻ ക്ഷേത്രം അധികാരികൾ തീരുമാനിച്ചു. മുരിങ്ങത്തേരിയിൽ ആണ് പ്രതിഷ്ഠ നിർമാണം അന്ന് നടന്നിരുന്നത് . മരത്തിൽ പൂർത്തിയായ പ്രതിഷ്ഠ അമ്പലത്തിലേക്ക് ആഘോഷപൂർവം കൊണ്ട് വരുന്നതിനു ഇടയ്ക്ക് വഴിയിൽ അശ്വനി ദേവന്മാർ മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെടുകയും അവരുടെ കയ്യിൽ ഉണ്ടായിരുന്ന മറ്റൊരു പ്രതിഷ്ഠ നാട്ടുകാർക്ക് നൽകി അത് അമ്പലത്തിൽ പ്രതിഷ്ഠിക്കണം എന്ന് നിർദ്ദേശിക്കുകയും ചെയ്തു എന്നാണ് ഐതീഹ്യം. ഭക്ത ജനങ്ങൾ അപ്രകാരം ചെയ്യുകയും ചെയ്തു ദേവവൈദ്യന്മാർ ആയ അശ്വനി ദേവന്മാരുടെ ഇഷ്ടപ്രകാരം പ്രതിഷ്ഠിക്കപ്പെട്ടതു കൊണ്ട് പിൻക്കാലത്തു നെല്ലുവായ് അമ്പലം ആയുർവേദ വൈദ്യൻമാരുടെ ഇഷ്ട ക്ഷേത്രം ആയി മാറുകയും ചെയ്തു പാലാഴി മദനകാലത്തു നാലുകൈകളുമായി പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിന്റെ രൂപം ആണ് അവിടുത്തെ പ്രതിഷ്ഠയ്ക്ക് എന്നാണ് വിശ്വാസം . നാലുകൈകളിൽ ഒന്നിൽ ശംഖും മറ്റൊന്നിൽ ചക്രവും മൂന്നാമത്തെ കയ്യിൽ അമൃത കുംഭവും നാലാമത്തെ കയ്യിൽ അട്ടയും ആണ് എന്നാണ് വിശ്വാസം ആയുർവേദ വിധി പ്രകാരം ത്വക് രോഗ അട്ട ചികിത്സാവിധിയിൽ ഉപയോഗിക്കുന്ന ഒന്നാണ് . അത് കൊണ്ട് തന്നെ എത്ര വലിയ ത്വക് രോഗങ്ങളും നെല്ലുവായ് ക്ഷേത്രത്തിൽ വന്നു ഭജനമിരുന്നു ഔഷധ സേവാ നടത്തിയാൽ മാറും എന്നൊരു വിശ്വാസം കൂടിയുണ്ട് ഡോക്ടർമാർ ആയി തങ്ങളുടെ ഔദ്യോഗിക ജീവിതം തുടങ്ങുന്നവർ ഇവിടെ വന്നു അനുഗ്രഹം വാങ്ങിയാണ് തങ്ങളുടെ കർമപദത്തിലേക്ക് കടക്കുന്നത്. ഭജനയോടൊപ്പം അഷ്ടാംഗ ഹൃദയത്തിലെ കുറച്ചു ഭാഗവും അവർ വായിക്കാറുണ്ട്. തങ്ങളുടെ ജീവിതത്തിൽ ശുദ്ധമായ രോഗിസേവനം നടത്താനും അവർ നിർദ്ദേശിക്കുന്ന ചികിത്സാവിധികൾ രോഗികൾക്ക് ആശ്വാസമേകാൻ ധന്വന്തരിയുടെ അനുഗ്രഹം ആവശ്യമാണെന്നുമുള്ള വിശ്വാസം ആണ് അതിനു പിന്നിൽ. കുട്ടഞ്ചേരി മൂസ് വൈദ്യരത്‌നം വാരിയർ തുടങ്ങിയവർ ഇവിടെ വന്നു ഭജന ജപിച്ചിരുന്നു എന്ന് പറയപ്പെടുന്നു വിദ്വാൻ മച്ചാട്ട് ഇളയത് ഇവിടെ സ്ഥിരമായി ഇരുന്നു ഭജന പാടുകയും സ്ത്രോത്ര പഞ്ചശിഖ എന്ന സ്ത്രോത്ര മാല എഴുതുകയും ചെയ്തു എന്നും അദ്ദേഹത്തെ അലട്ടിയിരുന്നു ത്വക് രോഗം ഭേദപ്പെട്ടു എന്നും പറയപ്പെടുന്നു എല്ലാ വർഷത്തിലും കുംഭ മാസം ഒന്നാം തിയതി സ്ത്രോത പഞ്ചശിഖ പാരായണവും ധന്വന്തരി അഷ്‌ട്ടോത്തര പാരായണവും ഇവിടെ നടക്കുന്നു. അതിൽ പങ്കെടുക്കാൻ ഒരു പാട് പേര് വര്ഷം തോറും ഇവിടെ എത്തും. മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു അത് നല്ലതാണു എന്നാണ് വിശ്വാസം ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം ധനുമാസത്തിലെ സ്വർഗ്ഗവാതിൽ ഏകാദശിയാണ്. അന്നത്തെ പകൽപ്പൂരത്തിന്റെ പ്രത്യേകത ആനകളെ സൗജന്യമായാണ് അവിടെ പൂരത്തിന് എത്തിക്കുന്നത് . ആനകളുടെ വയറിലെ ഇരണ്ടകെട്ട് മാറാൻ ഇവിടുത്തെ നടയിൽ വന്നു അന്നം കൊടുത്താൽ മതി എന്നൊരു വിശ്വാസത്തിന്റെ പുറത്താണ് ആനയുടെ ഉടമസ്ഥർ ആനകളെ ഇവിടെ എത്തിക്കുന്നത് പണ്ടൊക്കെ ഏകാദശി ഏഴ് ദിവസം വലിയ ആഘോഷം ആയിരുന്നു . കഥകളിയും കലാരൂപങ്ങളും നിറഞ്ഞ ആഘോഷം കഥകൾ ഒക്കെ പറഞ്ഞു തീരുമ്പോഴേക്കും ഞങ്ങൾ അമ്പലനടയിൽ എത്തിയിട്ടുണ്ടാവും. സ്വർണവർണ്ണ സൂര്യൻ വയലുകളെ കുങ്കുമചായം പൂശാൻ തുടങ്ങിയിരിക്കും . കുളത്തിൽ കാൽ കഴുകി നേരെ അമ്പലത്തിലേക്ക്. തൂവെണ്ണ ചാർത്തിയ ഭഗവത് രൂപം ആണ് കണ്ണിൽ ആദ്യം പെടുക . ഇവിടുത്തെ പ്രധാന വഴിപാടാണ് വെണ്ണ ചാർത്ത് . അസുഖനിവാരണത്തിനാണ് ഭക്തർ ഓരോ ദിവസത്തെ വെണ്ണ ചാർത്തു വഴിപാട് നേരുന്നത് . ബുക്ക് ചെയ്താൽ മാസങ്ങൾ കാത്തിരിക്കണം നമ്മുടെ ഊഴം കിട്ടാൻ . മുന്നിലെ വാതിലിലൂടെ ശ്രീ കോവിലിലേക്ക് പ്രവേശനം ഇല്ല . പിറകിലെ വാതിലൂടെ കടന്നാൽ ഗണപതിയെ വണങ്ങി ധ്വനന്തരി മൂർത്തിയുടെ മുന്നിൽ എത്താം . ശംഖു ചക്രധാരിയായ ഭഗവാനെ അടുത്ത് നിന്ന് തൊഴാം വഴിപാടുകൾ കഴിപ്പിക്കാം . വെണ്ണയാൽ മൂടിയ ആ രൂപം കാണുമ്പോൾ വെണ്ണയുടെ തണുപ്പു നമ്മുടെ മനസ്സിലേക്ക് കിനിഞ്ഞിറങ്ങുന്ന പോലെ തോന്നും. വിളക്കും മാലയും വഴിപാടായി കഴിപ്പിക്കാൻ അവിടെ സൗകര്യമുണ്ട് . അതെല്ലാം കഴിഞ്ഞു ഭഗവാനെ വണങ്ങി പുറത്തിറങ്ങുമ്പോൾ ഒരു വല്ലാത്ത സുഖമാണ് ..ശാന്തതയാണ് പുറത്തിറങ്ങി തെക്കു കിഴക്കേ മൂലയിൽ ഉള്ള ഉപദൈവങ്ങളെ വണങ്ങി പൂഴി മണ്ണ് നിറഞ്ഞ മുറ്റത്തെ നടപ്പാതയിലൂടെ വന്നാൽ പുതുതായി പണിത അയ്യപ്പൻ കോവിൽ കാണാം . നീരാഞ്ജനം ആണ് അവിടെ പ്രധാന വഴിപാട് അവിടെ തൊഴുതു ഒരിക്കൽ കൂടി നേർ നടയിൽവന്നു ഭഗവാനെ തൊഴുതു പുറത്തിറങ്ങുന്നതോടെ ദർശനം കഴിഞ്ഞു അവിടുത്തെ കൗണ്ടറിൽ മുക്കുടി നിവേദ്യം വാങ്ങാൻ കിട്ടും . അവിടെ തന്നെയാണ് വെണ്ണ ചാർത്തു വേണമെങ്കിൽ പൈസ അടക്കേണ്ടത് . മുക്കുടി നേദ്യം വയറിലെ അസുഖങ്ങൾ ഭേദമാവാൻ വളരെ നല്ലൊരു ഔഷധക്കൂട്ടാണ്‌. ഏതെങ്കിലും ഒരു അമ്പലത്തിൽ ഔഷധം പ്രസാദമായി ലഭിക്കുന്നു എങ്കിൽ അത് ഒരു ധന്വന്തരി ക്ഷേത്രം ആയിരിക്കും എന്നാണ് വിശ്വാസം പുറത്തിറങ്ങി ആല്മരച്ചോട്ടിലെ നാഗങ്ങളെ വണങ്ങുന്നതോടെ ക്ഷേത്ര ദർശന ചടങ്ങുകൾ കഴിയുന്നു സൂര്യൻ അപ്പോഴേക്കും പടിഞ്ഞാറ് അസ്തമിച്ചു കാണും . അവിടം മുഴവൻ അസ്തമനത്തിന്റെ രക്തശോണിമ പരന്നു കിടക്കും . പതിയെ ഞങ്ങൾ പാടവരമ്പിലേക്ക് ഇറങ്ങും . കനം വെച്ച് വരുന്ന ഇരുട്ടിൽ ശാന്തരായി നിശബ്ദരായി ഞങ്ങൾ നടക്കും . തിരിഞ്ഞു നോക്കിയാൽ ഞങ്ങൾക്ക് പിറകിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള അമ്പലം ദീപാലങ്കാരങ്ങളിൽ മുങ്ങി നിൽക്കുന്നുണ്ടാവും. ഇനി അടുത്ത വര്ഷം കാണാം എന്ന് മനസ്സിൽ പറഞ്ഞു ഞങ്ങൾ മടക്കയാത്ര തുടരും

അനന്തഗിരി ഹിൽസ്


ഹൈദരാബാദിൽ ജീവിക്കുന്ന ഞങ്ങളെപ്പോലെയുള്ളവർക്ക് കേരളത്തിന്റെ പച്ചപ്പും ഹരിതാഭയും എന്നും ഒരു നൊസ്റ്റാൾജിയ തന്നെയാണ്.

മഴക്കാലമാകുമ്പോൾ കാർമേഘം മൂടിയ മാനത്തുനിന്ന് മഴ ആർത്തലച്ചു പെയ്യുന്നതും, തറവാട് വീടിന്റെ ഓടിട്ട ഇറയത്തുനിന്ന് വെള്ളം ഇറ്റിറ്റി വീഴുന്നതും, കാറ്റത്തു തെങ്ങിൻതലപ്പുകൾ ആടുന്നതും, പറമ്പിലെ ചാലുകളിൽ മഴവെള്ളം ഒന്ന് ചേർന്ന് ഒഴുകുന്നതും ഒക്കെ ആലോചിക്കുമ്പോൾ ഒരു വല്ലാത്ത മിസ്സിംഗ് ഫീൽ ചെയ്യും.
പൊതുവിൽ ഹൈദരാബാദിലെ കാലാവസ്ഥ ചൂടുള്ളതാണ്. വളരെ കുറച്ചു മഴ മാത്രമാണ് ഇവിടെ ലഭിക്കുന്നത് . പക്ഷെ നഗരത്തിലെ തടാകങ്ങൾ എല്ലാം വേനൽക്കാലത്തും വറ്റാതെ നിൽക്കുന്നത് ഇവിടുത്തെ മണ്ണിന്റെ പ്രത്യേകത കൊണ്ടായിരിക്കണം. നമ്മുടെ നാട്ടിലെ പോലെ ആറു മാസം നല്ല മഴ കിട്ടിയിരുന്നെങ്കിൽ ഇവിടം സ്വർഗമായേനെ .
നഗരത്തിൽ റോഡിൻറെ വശങ്ങളിൽ പരമാവധി മരങ്ങൾ മുൻസിപ്പാലിറ്റി വെച്ച് പിടിപ്പിക്കുന്നുണ്ട്. അവിടവിടെ പാർക്കുകൾ ഉണ്ടെങ്കിലും അതിനൊന്നും നമ്മുടെ നാട്ടിലെ പോലെ ഒരു പച്ചപ്പ്‌ ഇല്ല
പക്ഷെ എന്തിനും ഒരു പരിഹാരം ഉണ്ടല്ലോ .ഒരു ചെറിയ ഹരിതാഭയാർന്ന പിക്നിക് സ്പോട്ട് ഉണ്ട് ഹൈദരാബാദിൽ നിന്ന് ഏതാണ്ട് 80 കിലോമീറ്റർ സഞ്ചരിച്ചാൽ
ഈസ്റ്റേൺ ഘാട്ട്സിന്റെ ഭാഗമായ അനന്തഗിരി ഹിൽസ് ഇന്ന് വികാരാബാദ് ഫോറസ്റ്റ് ഡിവിഷന്റെ ഭാഗമാണ് . കടൽ നിരപ്പിൽ നിന്ന് ഏതാണ്ട് 1200 അടി ഉയരത്തിൽ ആണ് അനന്തഗിരി ഹിൽസ് സ്ഥിതി ചെയ്യുന്നത്
തികച്ചും കേരളത്തിലെത്തിയ ഒരു പ്രതീതി അവിടെ പോയാൽ തോന്നും . വല്ലപ്പോഴും സ്ഥിരമായി കാണുന്ന കാഴ്ചകളിൽ നിന്ന് ഒരു മോചനം തേടി ഞങ്ങൾ ക്യാമ്പ് ചെയ്യുന്ന സ്ഥലമാണ് അവിടം
നഗരത്തിൽ നിന്ന് അതി രാവിലെ പുറപ്പെട്ടാൽ വലിയ തിരക്കിൽ പെടാതെ ഏകദേശം ഒന്നര മണിക്കൂർ കൊണ്ട് അനന്തഗിരിയിൽ എത്താം .
കോമ്മേഴ്സ്യൽ ആയുള്ള ഒരു സംഭവവും ഇവിടെയില്ല . പ്രകൃതിയെ ഇഷ്ട്ടപെടുന്നു എങ്കിൽ ഇവിടെ വരാം , ക്യാമ്പ് ചെയ്യാം. ട്രെക്കിങ് ചെയ്യാനുള്ള അനുവാദം ഉണ്ട് .
താഴെ ക്യാമ്പ് ചെയ്തു ഭക്ഷണം ഒക്കെ കഴിച്ചു ഞങ്ങൾ കുന്നിന്റെ മുകളിൽ കയറി . മനോഹരമായ കാഴ്ച ആയിരുന്നു അതിന്റെ മുകളിൽ .. പുൽത്തകിടിയിൽ പരന്നു കിടക്കുന്ന ഉരുളൻകല്ലുകൾ. ഇത്രയ്ക്കു അധികം കല്ലുകൾ അവിടെ എങ്ങിനെ വന്നു പെട്ടു എന്ന് ഞങ്ങൾ ആലോചിച്ചു .. വർഷങ്ങൾ ആയി കുന്നിന്റെ മുകളിൽ പെയ്യുന്ന മഴവെള്ളം ഒഴുകി വരുന്ന വഴിയിൽ കിടക്കുന്നതു കൊണ്ടായിരിക്കണം കല്ലുകൾക്ക് ഇത്ര മിനുസം .
അകലെ കോട്ടപ്പള്ളി റീസർവോയറിന്റെ ഭാഗമായ നാഗസമുദ്രം തടാകം കാണാം . ഹൈദരാബാദിനെപ്പറ്റി
മുൻപ് എഴുതിയിരുന്നപ്പോൾ പറഞ്ഞിരുന്ന മുസി നദിയുടെ തുടക്കം അനന്തഗിരിയിലാണ് . ഇവിടെ നിന്ന് പുറപ്പെട്ട ഹൈദെരാബാദിലൂടെ ഒഴുകി ദൂരെ കൃഷ്ണ നദിയിൽ എത്തുമ്പോഴേക്കും ഏതാണ്ട് 240 കിലോമീറ്റെർ ദൂരം അത് താണ്ടി കാണും
ഞങ്ങളുടെ ഭക്ഷണ സാമഗ്രികളും ക്യാമ്പ് ചെയ്യാനുള്ള മറ്റു സാധനങ്ങളും എല്ലാം താഴെ വെച്ചാണ് ഞങ്ങൾ കുന്നു കയറിയത് . കുന്നിന്റെ മുകളിൽ എത്തി കാഴ്ചകൾ കണ്ടു താഴെ സാധനങ്ങൾ ഇരിക്കുന്നുണ്ട് എന്നതൊക്കെ ഞങ്ങൾ മറന്നു
കുറച്ചു കഴിഞ്ഞു രണ്ടു നാട്ടുകാർ താഴെ നിന്ന് ഉറക്കെ തെലുഗിൽ എന്തൊക്കെയോ പറഞ്ഞു ഞങ്ങളുടെ അടുത്ത് വന്നു . ഒരു നിമിഷം അവർ എന്താണ് പറയുന്നത് എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല . ഹൈദരാബാദ് നഗരത്തിൽ ഹിന്ദിയും ഇംഗ്ലീഷും ഒക്കെ ചേർന്നുള്ള ഒരു മിക്സഡ് ഭാഷ ആയതു കൊണ്ട് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല . ഇത് തികച്ചും തനി നാടൻ തെലുഗു . ഇനി ഇപ്പൊ നമ്മുടെ നാട്ടിലെ പോലെ സദാചാര പൊലീസിങ് ആണോ എന്ന് ഒരു നിമിഷം ചിന്തിച്ചു . പക്ഷെ പൊതുവിൽ ഹൈദരാബാദിലും പരിസരങ്ങളിലും അത്തരം ശല്യം കുറവാണ് . മറ്റുള്ളവരുടെ കാര്യത്തിൽ ആരും പോയി അനാവശ്യമായി തലയിടാറില്ല ..പിന്നെ എന്താണ് എന്ന് ചിന്തിച്ചപ്പോഴാണ് അവർ പറയുന്നത് മനസ്സിലായത് .
അവർ മാത്രമല്ല കുറെ ആടുകളും പിന്നെ രണ്ടു മൂന്ന് വളർത്തു നായ്ക്കളും അവരുടെ കൂടെ ഉണ്ട് . ഞങ്ങൾ താഴെ ക്യാമ്പിൽ ഭക്ഷണം ഒക്കെ വെച്ച് ഇങ്ങോട്ടു വന്നാൽ അതെല്ലാം ആടുകളും പട്ടികളും കഴിക്കും അത് കൊണ്ട് അവർ അതെല്ലാം എടുത്തു മരത്തിന്റെ മുകളിൽ കയറ്റി വെച്ചിട്ടുണ്ട് എന്നാണ് അവർ പറയുന്നത് .
ചില സമയത്തു അങ്ങിനെയാണ് .. ചില നല്ല മനുഷ്യരെ നമ്മൾ അവിചാരിതമായി കണ്ടു മുട്ടും .
അവരോടു യാത്ര പറഞ്ഞു ഞങ്ങൾ താഴെ വന്നു . എല്ലാം വൃത്തിയായി മടക്കി മരത്തിന്റെ മുകളിൽ കയറ്റി വെച്ചിരിക്കുന്നു . മനസ്സുകൊണ്ട് ആ നല്ല മനുഷ്യരോട് യാത്ര പറഞ്ഞു ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു
തിരിച്ചു വരുമ്പോൾ കുറെ ഗ്രാമങ്ങൾ കടന്നു വേണ്ടി വന്നു വരാൻ , ഏതോ പാർട്ടിയുടെ സമ്മേളനം കാരണം മെയിൻ റോഡ് അവർ ബ്ളോക് ചെയ്തിരുന്നു . ഗ്രാമ ഭംഗി ആസ്വദിച്ചു കാർ ഓടിച്ചു വരുമ്പോഴാണ് അതി ഗംഭീര മഴ . വണ്ടി ഓടിക്കാൻ പോലും സാധിക്കാത്ത അത്ര വലിയ മഴ. കേരളം വിട്ടു ഇവിടെ വന്ന ശേഷം ആദ്യമായാണ് ഇങ്ങനെ ആർത്തലച്ച് തുള്ളിക്ക് ഒരു കുടം എന്ന കണക്കിൽ പെയ്യുന്നത് കാണുന്നത് . ഏതാണ്ട് അരമണിക്കൂർ മഴ നിർത്താതെ പെയ്തു . മഴ കാണാനുള്ള ആഗ്രഹം ഏതായാലും തീർന്നു എന്നു പറയാം
ഒരു വിധേന മഴയത്തു വണ്ടി ഓടിച്ചു തിരികെ നഗരത്തിൽ എത്തിയപ്പോൾ ആണ് അതിശയം അവിടെ ഒരു തുള്ളി പോലും മഴ പെയ്തിട്ടില്ല .അനന്തഗിരിയുടെ ഭൂമിശാസ്ത്രവും ഹൈദരാബാദിന്റെ ഭൂമിശാസ്ത്രവും എത്ര മേൽ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ഞങ്ങൾ ഓർത്തു . ഒരു പക്ഷെ അനന്തഗിരിയോട് പ്രകൃതി കുറെ കനിവ് കാട്ടുന്നു എന്ന് വേണം കരുതാൻ
ചെറിയൊരു സ്ഥലമാണെങ്കിലും ഓർക്കാൻ ഒരു പാട് നല്ല നിമിഷങ്ങൾ അനന്തഗിരി നമുക്ക് നൽകും . ഇടയ്ക്കൊന്നു മനസ്സും ശരീരവും ഫ്രഷ് ആകാൻ ഇത്തരം യാത്രകൾ നല്ലതാണ്
ഒരു ചെറിയ യാത്ര തന്ന നല്ല കുറച്ചു ഓർമകളും പേറി ഞങ്ങളുടെ കാർ വീട് ലക്ഷ്യമാക്കി നഗരത്തിലൂടെ നീങ്ങി

ഹുസ്സൈൻ സാഗർ , നെക്‌ലേസ് റോഡ്

                                                                



നാലോ അഞ്ചോ ദിവസം നീണ്ടു നിൽക്കുന്ന ഹൈദരാബാദ് യാത്ര. ഗോൽകൊണ്ടയും, ചാർമിനാറും, നിസാം ഭരണത്തിന്റെ ശേഷിപ്പുകളും, രാമോജി ഫിലിം സിറ്റിയും കണ്ടു കഴിയുമ്പോഴേക്കും യാത്രയുടെ ക്ഷീണം എല്ലാവരിലും നിഴലിച്ചു തുടങ്ങും. അവസാന ദിവസം അധികം യാത്ര ചെയ്യാതെ നന്നായി ഒന്ന് റീലാക്സ് ചെയ്യാനാണ് ആൾക്കാർ ആഗ്രഹിക്കുക. ആ യാത്ര മനോഹരമായ ഒരു സായാഹ്നത്തോടെ അവസാനിപ്പിക്കാൻ ഹുസ്സൈൻ സാഗറും നെക്ലേസ് റോഡും പോലെ മറ്റൊരു സ്ഥലം ഹൈദരാബാദിൽ വേറെയില്ല ഹുസ്സൈൻ സാഗർ തടാകത്തിൽ നിന്ന് വരുന്ന മന്ദമാരുതന്റെ തലോടലേറ്റ് അതിനു ചുറ്റും മനോഹരമായി കെട്ടിയൊരുക്കിയ നടപ്പാതയിലൂടെ ഒരു വൈകുന്നേരം മറ്റു ചിന്തകൾ ഒന്നും ഇല്ലാതെ നടക്കാൻ സാധിക്കുക എന്നത് ഹൈദരാബാദ് നിവാസികളെ സംബന്ധിച്ചും ഇവിടെ വരുന്ന ടൂറിസ്റ്റുകളെ സംബന്ധിച്ചും ജീവിതത്തിൽ കിട്ടാവുന്ന കുറച്ചു നല്ല നിമിഷങ്ങളിൽ ചിലതാണ് ഒരു കരയിൽ ഹൈദരാബാദിനേയും മറുകരയിൽ സെക്കൻന്ദരാബാദിനെയും സ്പർശിച്ചു കിടക്കുന്ന ഹുസൈൻ സാഗർ തടാകത്തെ ചുറ്റി ഒരു നെക്ലേസ് പോലെ കിടക്കുന്നതു കൊണ്ടാണ് ആ റോഡിനു നെക്ലേസ് റോഡ് എന്ന പേര് വരുന്നത്. 1946 ഇൽ നിസാം ഭരണകാലത്തിന്റെ അവസാന നാളുകളിൽ ആണ് നെക്ലേസ് റോഡ് നിലവിൽ വരുന്നത്. എന്നാൽ ഹുസ്സൈൻ സാഗർ എന്ന മനുഷ്യ നിർമിത തടാകം അതിനേക്കാൾ എത്രയോ വര്ഷം മുൻപ് രൂപം കൊണ്ടതാണ് ഹുസ്സൈൻ സാഗർ നിർമ്മിക്കപ്പെടുന്നത് ഏതാണ്ട് അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് ഖുതബ് ഷാ ഭരണകാലത്താണ്. 1593 ഇൽ ഇബ്രാഹിം ഖുലി ഖുതബ് ഷായുടെ കാലത്താണ് പുതിയ തലസ്ഥാനമായ ഹൈദരാബാദിന്റെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നഗരത്തിന്റെ മധ്യത്തിൽ മുസി നദിയുടെ കൈവഴിയോട് ചേർന്ന് ഈ തടാകം നിര്മിക്കുന്നത് . അതിന് നേതൃത്വം കൊടുത്തത് ഹുസൈൻ ഷാ വാലി എന്ന നഗര ശില്പി ആയിരുന്നു. അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥമാണ് ഹുസ്സൈൻ സാഗർ എന്ന പേര് ആ തടാകത്തിനു വരുന്നത്. ഹുസ്സൈൻ സാഗറിന് ശേഷം വളരെ വര്ഷങ്ങൾ കഴിഞ്ഞാണ് ഒസ്മാൻ സാഗർ ഹിമായത്ത് സാഗർ തുടങ്ങിയ പദ്ധതികൾ വരുന്നതും നഗരത്തിന്റെ ജലക്ഷാമം ഏറെക്കുറെ പൂർണമായി പരിഹരിക്കപ്പെടുന്നതും. ഹുസ്സൈൻ സാഗർ ആദ്യം വെറും ഒരു തടാകം മാത്രമായിരുന്നു എങ്കിലും പിന്നീട് വെള്ളത്തിന്റെ ഒഴുക്ക് ക്രമീകരിക്കാൻ ഒരു ഡാം (ബണ്ട് ) തടാകത്തിന്റെ ഒരു വശത്തു നിർമിക്കുകയും അങ്ങിനെ ടാങ്ക് ബണ്ട് എന്ന പേര് കൂടെ ഹുസൈൻ സാഗറിന് വരികയും ചെയ്തു. ഇന്ന് കൂടുതലും ടാങ്ക് ബണ്ട് എന്ന പേരിൽ ആണ് ആ പ്രദേശം അറിയപ്പെടുന്നത് മുംബൈയോ കൊച്ചിയോ പോലെ കടലിന്റെ സാമിപ്യമോ മറൈൻ ഡ്രൈവോ ഹൈദരാബാദിന് ഇല്ല. അത് കൊണ്ട് തന്നെ ഈ വലിയ തടാകവും അതിനു ചുറ്റുമുള്ള വഴിയുമാണ് ജനങ്ങളുടെ അത്തരത്തിലുള്ള ആഗ്രഹങ്ങൾക്ക് ഒരു പരിധിവരെ ആശ്രയം. ഒരറ്റത്ത് ഹൈദരാബാദിലെ NTR പാർക്ക് മുതൽ തുടങ്ങി മറ്റേ അറ്റത്തു സെക്കൻഡറാബാദിലെ സഞ്ജീവയ്യ പാർക്ക് വരെ നീണ്ടു കിടക്കുന്ന ഒന്നാണ് നെക്ലേസ് റോഡ്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് പീപ്പിൾ പ്ലാസ. ഇവിടെയാണ് പലപ്പോഴും എക്സിബിഷനുകളും ബുക്ക് ഫെസ്ടിവലുകളും, മാരത്തോൺ ഓട്ടത്തിന്റെ ഫ്ലാഗ് ഓഫ് തുടങ്ങി പുതിയ നാഗരിക ജീവിതത്തിന്റെ ശീലങ്ങൾ ഒത്തു ചേരുന്നത് . കൊറോണ കാലത്തിനു മുൻപ് സൺഡേ ഫൺഡേ (Sunday Funday at Tank Bund) എന്ന പേരിൽ ടൈംസ് ഓഫ് ഇന്ത്യ എല്ലാ ഞായറാഴ്ചയും നഗരത്തിലെ ജനങ്ങൾക്ക് ഞായാഴ്ച രാവിലെ ഒത്തു ചേരാൻ ഉള്ള അവസരം ഒരുക്കിയിരുന്നു. അന്നേ ദിവസം കുട്ടികൾക്ക് വേണ്ടി ഒരു പാട് ഇവന്റുകൾ അവിടെ നടക്കുകയും ചെയ്യുകയും ചെയ്തു വന്നിരുന്നു. സ്പോർട്സ് പ്രേമികളും ഭക്ഷണ പ്രേമികളും അന്നവിടെ തടിച്ചു കൂടും . അന്നൊക്കെ തിങ്കളാഴ്ച ടൈംസ് എടുത്തു നോക്കിയാൽ ഫൺഡേ വിശേഷങ്ങളുടെ ഫോട്ടോകൾ നിറഞ്ഞിരിക്കും തടാകത്തിന്റെ അങ്ങേക്കരയിലൂടെയും സെക്കന്ദരാബാദ് എത്താം. അതിലൂടെ പോകുമ്പോൾ ആന്ധ്രയിലെയും തെലുങ്കാനയിലെയും ഒരു പാട് പ്രമുഖരുടെയും ചരിത്രവ്യക്തികളുടെയും വെങ്കല പ്രതിമകൾ കാണാം. നിസാമിനോട് പോരാടിയ ധീരനായ കോമ്മരം ബീമിന്റെയും കാകതിയ രാജ്യവംശത്തിലെ റാണിയായിരുന്ന രുദ്രമാദേവിയുടെയും, പ്രശസ്ത കവിയായ ബെല്ലാരി രാഘവ യുടെയും പ്രതിമകൾ അതിലുണ്ട് . ഏറെ സങ്കടകരമായ കാര്യം ആന്ധ്രാ തെലുങ്കാന വിഭജന സമരങ്ങൾ നടക്കുന്ന കാലത്തു ഇതിൽ പല പ്രതിമകളും നശിപ്പിക്കപ്പെട്ടു എന്നതാണ്. അതിൽ ജന്മം കൊണ്ട് ആന്ധ്രാക്കാരായിരുന്നവരുടെയെല്ലാം പ്രതിമകൾ അന്ന് നശിപ്പിക്കപ്പെട്ടു. ഇന്നിപ്പോൾ അവയെല്ലാം അറ്റകുറ്റപണികൾ നടത്തി പഴയ രൂപത്തിൽ ആക്കിമാറ്റിയിട്ടുണ്ട്. മനുഷ്യൻ്റെ ചിന്താ ശക്തി ഇല്ലാതാക്കുന്ന ആൾക്കൂട്ടത്തിന്റെ അത്തരം ആട്ടങ്ങളുടെ ഒരുകാലഘട്ടം ഹൈദരാബാദ് പിന്നിട്ടു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം നമ്മുടെ അന്നത്തെ ദിവസം എങ്ങിനെ പ്ലാൻ ചെയ്യണം എന്നത് നമുക്ക് അവിടെ എന്തെല്ലാം കാണണം എന്നതിനെ ആശ്രയിച്ചിരിക്കും. അവസാന ദിവസം അല്പം വൈകി ഉറക്കമുണർന്നാലും മതി കാരണം നമ്മുടെ അന്നത്തെ കാഴ്ചകൾ മനോഹരമാകുന്നത് വൈകുന്നേരത്തോടെ മാത്രമാണ് യാത്രയിൽ കുട്ടികൾ കൂടെ ഉണ്ടെങ്കിൽ അവർക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്നോ വേൾഡ്(Snow World) ഹുസ്സൈൻ സാഗറിന്റെ അതിരിനോട് ചേർന്നാണ്. യൂറോപ്പിലും അമേരിക്കയിലും പോയി മഞ്ഞു കാണാൻ പറ്റാത്തവരാണോ നിങ്ങൾ? മഞ്ഞിൽ കളിക്കണം എന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ സ്നോ വേൾഡ് നിങ്ങൾക്ക് ഒരു നല്ല അനുഭവം തരും. ഹൈദരാബാദിന്റെ ചൂടിനിടയിലും ഇത്രയും തണുത്തു മരവിച്ചു പോകുന്ന ഒരു സ്നോ പാർക്ക് എങ്ങിനെ ഉണ്ടാക്കിയെടുത്തു എന്നത് ഒരു അതിശയമാണ്. സംഗതി അതിന്റെ ഉള്ളിൽ കടന്നാൽ എല്ലാവരും കുട്ടികളെപ്പോലെ ആയി മാറും.. കുട്ടികളെക്കാൾ കൂടുതൽ മുതിർന്നവർ ആണ് പരസ്പരം മഞ്ഞുകട്ടകൾ എറിഞ്ഞു കളിക്കുന്നത് കണ്ടിട്ടുള്ളത് ഏതാണ്ട് അര മണിക്കൂർ സമയം ആണ് നമുക്ക് കാണാൻ അനുവദിച്ചിട്ടുള്ളത്. അതിന്റെ എൻട്രി ഫീസും കുറച്ചു കൂടുതൽ ആണ് സ്നോ വേൾഡ് കഴിഞ്ഞാൽ പിന്നെ കുട്ടികളെ കൊണ്ട് പോകാവുന്ന സ്ഥലമാണ് NTR പാർക്ക്. അവിടെ പോയാൽ കാണുന്ന പ്രധാന കാഴ്ച ആണ് മെഹന്ദി ഇടാൻ സന്ദർശകരെ കാത്തിരിക്കുന്ന സ്ത്രീകളും, നിങ്ങളുടെ ഭാവി ഫലം പറയാൻ തത്തയെയും കൊണ്ട് നടക്കുന്ന ഭാഗ്യം പറയുന്ന ജ്യോതിഷികളും പിന്നെ നമ്മുടെ ചിത്രം അഞ്ചു മിനിറ്റ് കൊണ്ട് വരച്ചു തരുന്ന പെന്സിൽ ഡ്രോയിങ് കലാകാരന്മാരും. അവരുടെ ജീവിത മാർഗമാണ് അവിടെ വരുന്ന സന്ദർശകർ. ഇതിലൊന്നും നിങ്ങൾക്ക് കമ്പം ഇല്ലെങ്കിലും പറ്റുമെങ്കിൽ അവരുടെ സേവനം സ്വീകരിക്കുക, കാരണം അതവരുടെ ജീവിതമാർഗമാണ് ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാണ് നമ്മൾ അന്നത്തെ ദിവസം തുടങ്ങിയത് എങ്കിൽ NTR പാർക്ക് കണ്ടു കഴിയുമ്പോഴേക്കും സമയം വൈകുന്നേരം ഏതാണ്ട് അഞ്ചു മണി ആകും. അപ്പോഴാണ് ബിർള മന്ദിർ സന്ദർശിക്കാൻ പറ്റിയ സമയം. ഹുസ്സൈൻ സാഗറിന്റെ കരയിൽ ഒരു ചെറിയ കുന്നിൽ ആണ് ബിർള മന്ദിർ സ്ഥിതി ചെയ്യുന്നത്. ബിർള ഫൌണ്ടേഷൻ ഇന്ത്യയുടെ പല ഭാഗത്തും നിർമിച്ചിട്ടുള്ള അമ്പലങ്ങളുടെ അതെ രീതിയിൽ തന്നെയാണ് പൂർണമായും മാർബിളിൽ തീർത്ത ഈ അമ്പലം അവിടെ നിർമിച്ചിട്ടുള്ളത്. രണ്ടായിരം ടൺ മാർബിൾ കൊണ്ടാണ് ആ അമ്പലം ഉണ്ടാക്കിയിരിക്കുന്നത്. ഏതാണ്ട് പത്തു വർഷത്തോളം എടുത്തു അതിന്റെ നിർമാണം പൂർത്തിയാകാൻ. 1976 മുതൽ അമ്പലം ജനങ്ങൾക്ക് വേണ്ടി തുറന്നു കൊടുത്തിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ നിർദ്ദേശപ്രകാരം എല്ലാ ജാതി മത വിശ്വാസത്തിൽപ്പെട്ടവർക്കും ബിർളാ മന്ദിൽ പ്രവേശിക്കാം. ശ്രീ വെങ്കിടേശ്വരൻ ആണ് പ്രധാന പ്രതിഷ്ഠ കൂടാതെ ദേവി പദ്മാവതി, ആണ്ടാൾ എന്നീ പ്രതിഷ്ഠകളും അവിടെ ഉണ്ട്. പൂജ ആചാര സംരക്ഷണം തുടങ്ങിയവയ്ക്ക് വേണ്ടിയല്ല ബിർള മന്ദിർ നില കൊള്ളുന്നത്. ദൈവവിശ്വാസം എന്നാൽ ഇവിടെ ശാന്തത എന്നാണ് അർഥം. ഇത്ര ജനങ്ങൾ വരുന്നു എങ്കിലും പരിപൂർണമായ നിശബ്ദതയിൽ ആണ് അവിടുത്തെ ദർശനം എല്ലാവരും പൂർത്തിയാക്കുന്നത്. ബഹളമോ അനിയന്ത്രിതമായ നാമജപഘോഷമോ, അന്നദാനമോ ഒന്നുമില്ല.വരുന്നവർക്ക് ഒരു മെഡിറ്റേഷൻ അനുഭൂതി നൽകുക എന്നതാണ് ഓരോ ബിർള മന്ദിറിന്റെയും ലക്ഷ്യം. നിശബ്ദമായി വെങ്കിടേശ്വരനെ വണങ്ങി ജനങ്ങൾ താഴെ വന്നു മാർബിൾ തറയിൽ കുറച്ചു നേരം ഇരിക്കും. അവിടെ ഇരുന്നാൽ താഴെ നെക്ലേസ് റോഡും ഹുസ്സൈൻ സാഗറും വൈകുന്നേരത്തെ മനോഹര വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന കാഴ്ച കാണാം. ആ കാഴ്ച നഷ്ട്ടപെടാതിരിക്കാനാണ് ബിർള മന്ദിർ സന്ദർശനം എല്ലാവരും വൈകുന്നേരത്തേക്ക് മാറ്റുന്നത് . ആ പരിസരത്ത് ഇരുന്നാൽ മനസ്സിൽ കുളിർമ പെയ്യുന്ന ഒരു ഫീൽ ആണ്. രാത്രിയാവുന്നതോടെ മാർബിളിന്റെ തണുപ്പിനോടൊപ്പം ഹുസ്സൈൻ സാഗറിൽ നിന്ന് വീശുന്ന തണുത്ത കാറ്റും ആ സായാഹ്നത്തെ ഏറെ ഹൃദ്യമാക്കും ആ ഒരു രാത്രി കൂടിയേ നമുക്ക് ഹൈദരാബാദിൽ ഉള്ളൂ.. കുറെ കൂടെ കാഴ്ചകൾ കണ്ടു തീർക്കാനുണ്ട് ബിർള മന്ദിറിൽ നിന്ന് തിരിച്ചിറങ്ങി കാർ രവീന്ദ്ര ഭാരതിയുടെ മുന്നിലൂടെ ആണ് വന്നത്. ഹൈദരാബാദിന്റെ സാംസ്കാരിക തലസ്ഥാനമാണ് രവീന്ദ്ര ഭാരതി ഹാൾ. അവിടെ ഒരു പ്രോഗ്രാം നടത്തി എന്നത് നർത്തകിമാരും കവികളും ഏറെ അഭിമാനത്തോടെയാണ് പറയുക. മിക്കവാറും ആഴ്ചകളിൽ അവിടെ സാഹിത്യ സമ്മേളനങ്ങളോ സാംസ്കാരിക പരിപാടികളോ ഉണ്ടാവും നമ്മുടെ അടുത്ത യാത്ര ഹുസ്സൈൻ സാഗറിന്റെ കരയിൽ ഉള്ള ലുംബിനി പാർക്കിലേക്കാണ്. കുട്ടികൾക്കു കൗതുകമുള്ള ഒരു പാട് റൈഡുകൾ ഇവിടെയുണ്ട്. ലുംബിനി പാർക്കിൽ നിന്നാണ് ഹുസ്സൈൻ സാഗറിലെ യാത്രയ്ക്കുള്ള ബോട്ടുകൾ പുറപ്പെടുന്നത് രണ്ടു തരം ബോട്ടുകൾ ഉണ്ട്. ഒന്ന് തടാകത്തിന്റെ നടുവിൽ ഉള്ള ബുദ്ധ പ്രതിമയുടെ അടുത്ത് പോകുന്ന ചെറിയ ബോട്ടുകളും മറ്റേതു തടാകം മുഴുവൻ കറങ്ങി വരുന്ന രീതിയിൽ ഉള്ള വലിയ ബോട്ടുകളും. സന്ദർശകർക്ക് വേണ്ടി അത്തരം വലിയ്യ് ബോട്ടുകളിൽ DJ യും നർത്തകരും ഒക്കെ കാണും ലുംബിനി പാർക്കിൽ ചെന്ന് ബുദ്ധ പ്രതിമ വരെ പോകുന്ന ബോട്ടിൽ പോകാൻ ഉള്ള ടിക്കറ്റ് ആണ് ഞങ്ങൾ എടുത്തത്. ടിക്കറ്റ് എടുത്തു ബോട്ട് വരാൻ കാത്തു നിൽക്കുന്നതിനിടയ്ക്ക് ഞാൻ ആ ബുദ്ധ പ്രതിമയുടെ ചരിത്രം ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു ആ ബുദ്ധ പ്രതിമ കാര്യം പറയുമ്പോൾ മറക്കാൻ പാടില്ലാത്ത ഒരു വ്യക്തി ഉണ്ട്. ആന്ധ്രാ പ്രദേശ് മുൻമുഖ്യമന്ത്രി ശ്രീ NTR (N T രാമറാവു ). ഒരിക്കൽ അമേരിക്കയിൽ പോയപ്പോൾ സ്റ്റാച്യു ഓഫ് ലിബർട്ടി കണ്ട NTR ഹൈദെരാബാദിനും സ്വന്തമായി അത്തരം ഒരു ഐക്കൺ വേണമെന്നു മനസ്സിൽ ആഗ്രഹിക്കുന്നു. സമാധാനത്തിന്റെ പ്രതീകമായ ബുദ്ധന്റെ പ്രതിമ ഹുസൈൻ സാഗറിൽ പ്രതിഷ്ഠിക്കാൻ അദ്ദേഹം തീരുമാനിക്കുന്നു. ലോകത്തിലെ അത്തരം നിർമിതികളോട് കിടപിടിക്കുന്ന രീതിയിൽ ഉള്ളതായിരിക്കണം ആ ബുദ്ധ പ്രതിമ എന്ന് അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു. അതിനുള്ള അന്വേഷണം അദ്ദേഹത്തെ കൊണ്ടെത്തിക്കുന്നത് നൽഗൊണ്ട ജില്ലയിലെ റായ് ഗിരി എന്ന സ്ഥലത്താണ്. അവിടെ ഒരു കൂറ്റൻ ഗ്രാനൈറ്റ് ശില അദ്ദേഹം മനസ്സിൽ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള പ്രതിമ നിർമ്മാണത്തിന് അനുയോജ്യമാണെന് പ്രമുഖ ശില്പി ഗണപതി സ്ഥാപതി അദ്ദേഹത്തെ അറിയിക്കുന്നു. 1985 ഇൽ പ്രതിമാ നിർമ്മാണം NTR ഉത്ഘാടനം ചെയ്യുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ ഭരണ കാലത്തു അത് ഹുസ്സൈൻ സാഗറിൽ സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 1989 ഇൽ NTR മുഖ്യമന്ത്രി പദം ഒഴിഞ്ഞ ശേഷമാണ് പിന്നീട് വന്ന സർക്കാർ 1990 ഇൽ പ്രതിമ നൽഗൊണ്ടയിൽ നിന്ന് ഹൈദരാബാദ് എത്തിക്കാൻ ഒരു പ്രൈവറ്റ് കമ്പനിയെ ചുമതലപ്പെടുത്തുകയും ചെയ്തു. നൽഗൊണ്ടയിൽ നിന്ന് ഏതാണ്ട് നാൽപതു കിലോമീറ്റർ ദൂരം സഞ്ചരിച്ചു പ്രതിമ വഹിച്ച ട്രെയിലറുകൾ ഹുസ്സൈൻ സാഗറിന്റെ കരയിൽ എത്തി. പക്ഷെ അതിലും ദുർഘടമായിരുന്നു തടാകത്തിന്റെ നടുക്ക് കെട്ടിയ തറയിലേക്ക് പ്രതിമയെ എത്തിക്കുക എന്നത്. വലിയൊരു ബാർജിൽ കയറ്റി പ്രതിമയെ തടാകത്തിലൂടെ കൊണ്ട് പോകുന്നതിനിടെ പ്രതിമ ചെരിയുകയും വെള്ളത്തിലേക്ക് ബാർജോടെ മുങ്ങിപ്പോവുകയും ചെയ്തു. പത്തോളം ഹതഭാഗ്യരായ തൊഴിലാളികൾ അന്ന് ആ പ്രതിമയ്ക്ക് അടിയിൽ പെട്ട് മരണമടഞ്ഞു പിന്നീട് ഏതാണ്ട് രണ്ടു വർഷത്തെ പരിശ്രമത്തിനു ഒടുവിലാണ് ഒരു ജപ്പാനീസ് കമ്പനി ആ പ്രതിമയെ പൊക്കി എടുക്കുന്നത്. വെള്ളത്തിൽ നിന്ന് എടുക്കുമ്പോൾ പ്രതിമയ്ക്ക് ഒരു കേടു പാടും ഉണ്ടായിരുന്നില്ല എന്നത് എല്ലാവര്ക്കും ആശ്വാസം പകരുന്ന ഒന്നായിരുന്നു. 1992 ഇൽ തടാകത്തിന്റെ നടുവിലെ തറയിൽ പ്രതിമ വിജയകരമായി സ്ഥാപിച്ചു ഏതാണ്ട് 18 മീറ്റർ ഉയരവും 305 ടൺ ഭാരവുമുള്ള ആ പ്രതിമയുടെ നിർമാണ ചെലവ് തന്നെ അന്നത്തെ മൂന്ന് മില്ല്യൺ അമേരിക്കൻ ഡോളറിനു ഒത്ത തുകയായിരുന്നു. ഒരു പാട് പരീക്ഷകൾക്കപ്പുറം ആ പ്രതിമ സ്ഥാപിതമായപ്പോൾ അത് NTR അദ്ദേഹത്തിന്റെ ഭരണ കാലത്തു പ്രതീക്ഷിച്ച പോലെ ഹൈദരാബാദിന്റെ ഐക്കൺ ആയി മാറുകയും ഇന്ന് സന്ദർശകരെ ഏറെ ആകർഷിക്കുന്ന ഒന്നായി ആ പ്രതിമ മാറുകയും ചെയ്തു. ഇതിനിടെ ഞങ്ങൾക്ക് പോകാനുള്ള ബോട്ട് വന്നു. ഏതാണ്ട് പതിനഞ്ചു മിനിറ്റ് യാത്ര. അവിടെ നമുക്ക് പ്രതിമ നിൽക്കുന്ന വിതാനത്തിൽ ഇറങ്ങാം . നമ്മൾ അകലെ നിന്ന് നോക്കുന്ന പോലെ അല്ല. അത് തടാകത്തിനു നടുവിൽ നിൽക്കുന്ന വലിയൊരു ഒരു ദ്വീപ് തന്നെയാണ് . അവിടെ ചെന്ന് ബുദ്ധന്റെ പ്രതിമയുടെ മുന്നിൽ നിന്നാൽ നമ്മൾ വെറും ഒരു പുൽക്കൊടി പോലെ ആണ് എന്ന് നമുക്ക് തോന്നിപ്പോകും. അത്രയ്ക്കും ഭീമാകാരനായ പ്രതിമയാണ് അത്. കരയിൽ നിന്ന് നോക്കുമ്പോൾ അതിന്റെ വലിപ്പം നമുക്കു ശരിക്കു മനസ്സിലാവില്ല എന്നതാണ് സത്യം അവിടെ ചെന്നാൽ ബുദ്ധ പ്രതിമ കാണുമ്പോൾ ശാന്തിയെക്കാൾ അതിന്റെ വലിപ്പമാണ് നമ്മുടെ ചിന്തകളിൽ വരിക. അത് അവിടെ പ്രതിഷ്ഠിക്കാൻ ഉള്ള കുറെ മനുഷ്യരുടെ ആർജ്ജവവും അതിനു ജീവൻ കൊടുക്കേണ്ടി വന്ന ഹതഭാഗ്യരെയും എനിക്ക് ഒരേ സമയം ഓർമ്മ വന്നു. അതിനു വേണ്ടിയുള്ള ശ്രമത്തിൽ മരണപ്പെട്ടവർ ആരൊക്കെയാണ് അവരുടെ ബന്ധുക്കളെ വേണ്ട വിധത്തിൽ സർക്കാർ ആദരിച്ചിരുന്നോ എന്നൊന്നും വ്യക്തമല്ല. മരിച്ചു പോയവരുടെ പേരുകൾ അവിടെ എഴുതി വെക്കണമായിരുന്നു എന്ന് എനിക്ക് അവിടെ പോകുമ്പോൾ ഒക്കെ തോന്നാറുണ്ട് അവിടെ നിന്നാൽ നാല് വശത്തും വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന നഗരത്തിന്റെ ദൃശ്യം ഒന്ന് ക്യാമറയിൽ പകർത്തേണ്ടത് തന്നയാണ്. നെക്ലേസ് റോഡിലൂടെ വെളിച്ചം വിതറി പോകുന്ന വാഹനങ്ങൾ കാണുമ്പോൾ സ്വർണവർണ്ണത്തിൽ ഒഴുകുന്ന പുഴ പോലെ തോന്നും. അകലെ സന്ദർശകർ ഒഴിഞ്ഞ ബിർള മന്ദിർ ശാന്തമായ ഐരാവതം പോലെ നിൽക്കുന്ന കാഴ്ച നമ്മുടെ മനസ്സിൽ ഏറെക്കാലം നിൽക്കും തിരികെ പോകാനുള്ള സമയമായി. ബോട്ടിലേക്ക് എല്ലാവരോടും കയറാൻ സെക്യൂരിറ്റി ഗാർഡുകൾ നിർബന്ധിക്കുന്നു. ഇനി ഇന്ന് അവിടേയ്ക്ക് ബോട്ട് സർവീസ് ഇല്ല. ഒരു ദിവസത്തെ അവരുടെ അദ്ധ്വാനം അവസാനിച്ചതിന്റെ ആശ്വാസം അവരുടെ മുഖത്ത് കാണാം. തിരികെ വരുമ്പോൾ ശ്രദ്ധിച്ചു തടാകത്തിലെ വെള്ളം ഏറെ മലിനമായിരിക്കുന്നു. വിദേശ രാജ്യങ്ങളിലെപ്പോലെ തടാകങ്ങൾ ശുദ്ധമായി സംരക്ഷിക്കാൻ നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഓരോ ദിവസവും ഇത്രയും ബോട്ടുകൾ സർവീസ് നടത്തുകയും അതോടൊപ്പം ജനങ്ങളുടെ അശ്രദ്ധമായ പെരുമാറ്റവും ഹുസ്സൈൻ സാഗറിനെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഓരോ വർഷവും ഗണേശോത്സവം കഴിയുമ്പോൾ നിമഞ്ജനം ചെയ്ത പ്രതിമളുടെ മണ്ണും പൊടിയും തടാകത്തെ ഏറെ വീർപ്പുമുട്ടിക്കുണ്ടാവണം. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് നമ്മുടെ വിശ്വാസങ്ങൾ കൊണ്ട് നടക്കാൻ നമ്മൾ എന്നാണ് പഠിക്കുക? ലുംബിനി പാർക്കിൽ നിന്ന് ഞങ്ങൾ നടപ്പാതയിലൂടെ നടന്നു.തടാകത്തിൽ നിന്ന് വരുന്ന കാറ്റേറ്റ് വൃത്തിയായി കെട്ടിയ നടപ്പാതയിലൂടെ നടക്കാൻ ഒരു പ്രത്യേക സുഖമാണ്. അന്തരീക്ഷം കുറെ കൂടി തണുത്തിരിക്കുന്നു. ഉച്ച മുതലുള്ള യാത്രയുടെ ആലസ്യം ആ തണുത്ത കാറ്റ് എങ്ങോട്ടോ കൊണ്ട് പോയി. ഇനി ലക്ഷ്യം പ്രസാദ് IMAX തീയേറ്റർ ആണ്. സിനിമ കാണാൻ അല്ലെങ്കിലും ആ മാളിന് ഒരു എനെർജിയുണ്ട്. പോയാൽ നിറയെ ചുറുചുറുക്കുള്ള ചെറുപ്പക്കാരെ കാണാം. നഗരത്തിലെ കോളേജ് വിദ്യാർത്ഥികൾ കൂട്ടമായി എത്തുന്ന സ്ഥലത്താണ് IMAX തീയേറ്ററും പരിസരവും. ഏതാണ്ട് പത്തോളം സ്ക്രീനുകൾ അവിടെയുണ്ട്. IMAX സ്ക്രീൻ ഉൾപ്പെടെ വിശപ്പ് ഞങ്ങളെ തളർത്താൻ തുടങ്ങിയിരുന്നു. അതിനോട് അടുത്ത് തന്നെയാണ് നഗരത്തിലെ പ്രശസ്തമായ പാരാഡൈസ് ഹോട്ടൽ ശൃഖലയുടെ പ്രീമിയം ഹോട്ടൽ. അവിടെയാണ് നഗരത്തിൽ വരുന്ന എല്ലാ സെലിബ്രിറ്റികളും സ്പെഷ്യൽ ഹൈദരാബാദ് ബിരിയാണി കഴിക്കാൻ വരുന്നത്. വളരെ വലിയ ഹോട്ടൽ ആണത്. അവിടെ വന്ന ഓരോ സെലിബ്രിറ്റിയും അവിടെ ചിലവഴിച്ച നിമിഷങ്ങളുടെ ഫോട്ടോകൾ അവിടെ വെച്ചിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കർ മുതൽ പല രാജ്യങ്ങളുടെയും പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും വരെ ആ ലിസ്റ്റിൽ പെടുന്നു. എല്ലാവരും നടന്നു തളർന്നിരുന്നു. സ്പെഷ്യൽ ഹൈദരാബാദ് ബിരിയാണിയും അതിനു ശേഷം ആപ്രിക്കോട്ടു കൊണ്ട് ഉണ്ടാക്കിയ ഖുബാനി കാ മീഠായും കഴിച്ചതോടെ എല്ലാവരുടെയും വയറും മനസ്സും നിറഞ്ഞു അഞ്ചു ദിവസത്തെ ഹൈദരാബാദ് സന്ദർശനം അവിടെ കഴിയുകയാണ്. നാട്ടിൽ നിന്ന് നാളെ വന്നവർ തിരിച്ചു പോകും. കഴിഞ്ഞ കുറച്ചു ദിവസം കൊണ്ട് അവരിൽ പലർക്കും ഹൈദെരാബാദിനോട് ഒരു വൈകാരിക അടുപ്പം വന്നതായി ഞാൻ ശ്രദ്ധിച്ചു. അവരുടെ വാക്കുകളിലും അത് പ്രകടമായിരുന്നു. ഇവിടെ വരുന്നവർ ഏതാണ്ട് ആയിരം കൊല്ലത്തെ ഈ നാടിനറെ ചരിത്രം അറിഞ്ഞാണ് തിരിച്ചു പോകുന്നത്. വെറും ഒരു ഐ ടി ഡെസ്റ്റിനേഷൻ മാത്രമല്ല ഹൈദരാബാദ്, അതിനു ഒരു പാട് ചരിത്രമുണ്ട്. ഒരു പാട് പേരുടെ പ്രയത്നമുണ്ട് അത് ഇന്നത്തെ രീതിയിൽ ആയി മാറാൻ ഞങ്ങൾ ഇനിയും ഇവിടെ വരും അവരിൽ ചിലർ എന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു. യാത്ര പറഞ്ഞു അവർ അവരുടെ ഹോട്ടലിലേക്ക് മടക്കയാത്ര ആരംഭിച്ചു അവരെ യാത്രയാക്കി ഞാൻ തിരികെ വീട്ടിലേക്ക് യാത്ര തുടർന്നു. നാളെ മുതൽ പഴയ ജീവിത രീതികളിലേക്ക്, അടുത്ത സന്ദർശകർ വരും വരെ. മിർസ ഗാലിബിന്റെ ഒരു ഷായരി ഞാൻ ഓർത്തു "Hazaaron Khvaahishen aisi ki har Khvaaish pe dam nikale, bahut nikale mere armaan, lekin phir bhi kam nikale"