Sunday, September 5, 2021

ഹൈദരാബാദ് നിസാം

                                                                      

    
                                                                
കാകതിയ രാജവംശം മുതൽ ബാഹ്മിനി സുൽത്താനെറ്റിനെക്കുറിച്ചും ഖുത്വബ് ഷാഹി സുൽത്താനേറ്റിനെയും തുടർന്ന് ഹൈദരാബാദ് മുഗൾ വംശത്തിന്റെ അധീനതയിൽ ആകുന്നതു വരെ ഉള്ള ചരിത്രം കഴിഞ്ഞ അദ്ധ്യായങ്ങളിൽ എഴുതിയിരുന്നല്ലോ ഹൈദരാബാദിന്റെ തുടർന്നുള്ള ചരിത്രം അറിയണം എന്ന ആഗ്രഹത്തിൽ ഞാൻ പലരോടും സംസാരിക്കുകയും അവരിൽ പലരും പറഞ്ഞ പല കഥകളും പിന്നെ വായിച്ചറിഞ്ഞതുമായ വിവരങ്ങൾ വെച്ചുമാണ് ഇവിടെ എഴുതുന്നത് . ഒരിക്കൽ രവീന്ദ്ര ഭാരതി ഹാളിൽ (നമ്മുടെ സാഹിത്യ അക്കാദമി ഹാൾ പോലെയുള്ള ഒരു പ്രധാന സ്ഥലമാണ് ഹൈദരാബാദിൽ രവീന്ദ്ര ഭാരതി) വെച്ചാണ് കേശവ് എന്ന ചരിത്ര വിദ്യാർത്ഥിയെ പരിചയപ്പെടുന്നത് . ഒരു ക്യാമറയും തൂക്കി അലസമായി അവിടെ നിന്നിരുന്ന കേശവിന്റെ മുഖത്തെ ഒരു ചിരി മതിയായിരുന്നു ഞങ്ങളെ സുഹൃത്തുക്കൾ ആക്കാൻ . പിന്നീട് പലപ്പോഴും ഞങ്ങൾ നഗരത്തിന്റെ പല ഭാഗങ്ങളിൽ വെച്ച് കാണാറുണ്ടായിരുന്നു കേശവ് എടുത്ത ചിത്രങ്ങളിൽ നിന്നാണ് ആദ്യമായി ഞാൻ ചൗ മഹല പാലസിനെക്കുറിച്ചു കേൾക്കുന്നത് "നമുക്ക് ഒരു ദിവസം പോകാം" . എന്റെ താല്പര്യം കണ്ടപ്പോൾ കേശവ് പറഞ്ഞു അങ്ങിനെ ഒരു ശനിയാഴ്ച രാവിലെ ഞങ്ങൾ പുറപ്പെട്ടു. ഹൈദരാബാദിന്റെ ചരിത്രം തേടി ഞങ്ങളുടെ അന്നത്തെ യാത്ര ചൗ മഹല പാലസിലേക്കും തുടർന്ന് സലാർ ജംഗ് മ്യൂസിയത്തിലേക്കും ആയിരുന്നു രാവിലെതന്നെ ഞങ്ങൾ ചൗമഹല പാലസിന്റെ മുന്നിൽ എത്തി . ടിക്കറ്റ് എടുത്തു അകത്തേക്ക് കടന്നപ്പോൾ ആദ്യം ശ്രദ്ധയിൽ പെട്ടത് കൊച്ചു കൊച്ചു മുറികൾ ആയിരുന്നു . "ഇവിടെയായിരുന്നോ രാജാക്കന്മാർ ജീവിച്ചിരുന്നത്?" ഞാൻ അത്ഭുതപ്പെട്ടു "ഇതെല്ലാം ഓഫീസ് മുറികൾ ആണ് . നിസാമും കുടുംബവും താമസിച്ചിരുന്നതു അവിടെയാണ്" . കോർട്ടിയാഡിന് അപ്പുറമുള്ള വലിയ കെട്ടിടം ചൂണ്ടിക്കാട്ടി കേശവ് പറഞ്ഞു . അത് ശരിയായിരുന്നു അതിനുള്ളിൽ കയറിയപ്പോഴാണ് എത്ര രാജകീയമായാണ് അവർ അക്കാലത്ത് ജീവിച്ചിരുന്നത് എന്ന് മനസ്സിലാവുന്നത്. അക്കാലത്തിന്റെ ശേഷിപ്പുകൾ പലതും മ്യൂസിയത്തിൽ എന്ന പോലെ മനോഹരമായി അടുക്കി വെച്ചിരുന്നു അന്നത്തെ പാത്രങ്ങൾ , രാജകീയ വസ്ത്രങ്ങൾ, വില കൂടിയ സാരികൾ , ആയുധങ്ങൾ , ഫർണിച്ചറുകൾ അതും കൂടാതെ ഓരോ ഭരണാധിപന്റെയും കുടുംബങ്ങളുടെയും യഥാർത്ഥ ഫോട്ടോകൾ . "എന്തൊരു ജീവിതമായിരിക്കും അക്കാലത്തു അവർ ജീവിച്ചിരിക്കുക" .. ഞാൻ പറഞ്ഞു "അത് പിന്നെ പറയാനുണ്ടോ . അതൊക്കെ പറയാനാണെങ്കിൽ കുറെ പറയാൻ ഉണ്ട്" .. കേശവ് ചരിത്രത്തിലേക്ക് കടക്കുകയാണ് എന്നെനിക്ക് മനസ്സിലായി നിസാമിന്റെ ചരിത്രം -------------------------- നിസാം ചരിത്രം തിരക്കിപ്പോയാൽ നമ്മൾ ചെന്നെത്തുക ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ട് എന്ന പ്രദേശത്തായിരിക്കും . ആദ്യത്തെ നൈസാമിന്റെ പിതാമഹനായ കാജാ ആബിദ് സമർഖണ്ടിൽ നിന്ന് ഉള്ള ഒരു യാത്രാ വഴി മുഗൾ ചക്രവർത്തിമാരുടെ ആഥിത്യം സ്വീകരിക്കുകയും അന്ന് യുവാവായിരുന്ന ഔരംഗസീബിന്റെ വീര്യം അദ്ദേഹത്തെ ആകർഷിക്കുകയും ചെയ്തു . യാത്രയുടെ തിരിച്ചു വരവിൽ കാജാ ആബിദ് വീണ്ടും മുഗൾ ചക്രവർത്തിയെ സന്ദർശിക്കുകയും അദ്ദേഹത്തിനു വേണ്ടി പ്രവർത്തിക്കാൻ തയ്യാറാണ് എന്ന് അറിയിക്കുകയും ചെയ്യുന്നു . ഭരണ കാര്യങ്ങളിലും സൈനിക കാര്യങ്ങളിലും നിപുണത പുലർത്തിയ കാജാ ആബിദിനെ ഗോൽകൊണ്ട കീഴടക്കാൻ ഔരംഗസീബിനോടൊപ്പം അയക്കുന്നു . ആ യുദ്ധത്തിൽ കാജാ ആബിദ് കൊല്ലപ്പെടുന്നു . പിന്നീട് വര്ഷങ്ങളോളം അദ്ദേത്തിന്റെ മകനും ചെറുമകനും മുഗൾ സാമ്രാജ്യത്തിനു വേണ്ടി സേവനം ചെയ്യുകയും ചെയ്യുന്നു . കാജാ ആബിദിന്റെ ചെറുമകനായ ഖമറുദിന്റെ കഴിവുകൾ കണ്ടറിഞ്ഞ മുഗൾ ചക്രവർത്തി മുഹമ്മദ്ദ് ഷാ അദ്ദേഹത്തിന് അസഫ് ജാ എന്ന സ്ഥാനപ്പേര് നൽകി ആദരിക്കുകയും ഡെക്കാൻ പ്രദേശത്തിന്റെ മേല്നോട്ടത്തിനായി അയക്കുകയും ചെയ്യുന്നു . മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും വലിയ ബഹുമതി ആയിരുന്നു അസഫ് ജാ എന്ന സ്ഥാനം. അങ്ങിനെയാണ് 1724 മുതൽ 1948 വരെ 224 വര്ഷം ഹൈദരാബാദ് നിസാം(അസഫ് ജാ ) വംശത്തിന്റെ ഭരണത്തിന് കീഴിൽ ആയി തീരുന്നത് അസഫ് ജാ ഒന്നാമൻ ആണ് ആദ്യമായി നിസാം ഓഫ് ഹൈദരാബാദ് എന്ന നാമധേയം ആദ്യമായി ഉപയോഗിച്ചത് . നിസാം എന്ന വാക്ക് ഉടലെടുക്കുന്നത് അറബി ഭാഷയിൽ നിന്നാണ് . ഉത്തരവ് അല്ലെങ്കിൽ സംവിധാനം എന്നാണ് അറബിയിൽ ആ വാക്കിന്റെ അർഥം . മുഗൾ ചക്രവർത്തിമാരുടെ ഡെക്കാനിലെ ഒരു സംവിധാനം ആയിരുന്നു നൈസാം . ഇന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന മുഗൾ സാമ്രാജ്യത്തിനു ഇത്തരം സംവിധാനങ്ങൾ അന്ന് ആവശ്യവുമായിരുന്നു പക്ഷെ മുഗൾ ഭരണത്തിന്റെ ശക്തി ക്ഷയിച്ചതോടെ മറ്റു രാജ്യങ്ങൾ ഹൈദരാബാദിനെ ആക്രമിക്കാൻ തുടങ്ങി യുദ്ധരംഗത്ത് നിപുണർ അല്ലാത്ത നിസാമിനെ മറാത്താ രാജാക്കന്മാർ തോൽപ്പിക്കുകയും പിന്നീട് മാറാത്ത രാജ്യത്തിന് കപ്പം കൊടുത്താണ് തുടർന്നുള്ള കുറെ വർഷങ്ങൾ നിസാം ഹൈദരാബാദ് ഭരിക്കുന്നത്. മറാത്തയുടെ പെഷ്വാ ആയിരുന്ന ബാജിറാവു ഒന്നാമൻ ആണ് നൈസാമിനെ യുദ്ധത്തിൽ കീഴ്പെടുത്തുന്നത് യുദ്ധത്തിൽ തോറ്റു മറാത്താ രാജ്യത്തിന് കപ്പം കൊടുക്കേണ്ടി വന്നെങ്കിലും ജനങ്ങളുടെ സാമൂഹിക സുരക്ഷയിലും സാംസ്കാരിക വളർച്ചയിലും നിസാം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു . "പലരും പറയുന്ന പോലെ ഹൈദരാബാദ് നിസാം ഭരണം കൊണ്ട് ഒരിക്കലും പിന്നോക്കാവസ്ഥയിൽ ആയിരുന്നില്ല. സ്വന്തമായി റെയിൽവേയും കറൻസിയും ഉണ്ടായിരുന്ന ഒരു നാടിനെപ്പറ്റിയാണ് അത്തരം ഒരു തെറ്റായ ചിത്രം ചിലർ രൂപപ്പെടുത്തുന്നത്" .. കേശവ് പറഞ്ഞു നിസാമിന്റെ കാലത്തു ഹൈദരാബാദ് ഉപഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും സമ്പന്നമായ രാജവംശം ആയിരുന്നു . ഗോൽകൊണ്ട മൈനുകളിൽ നിന്ന് ലഭിച്ചിരുന്ന രത്നങ്ങൾ ആയിരുന്നു ആ സമ്പന്നതയ്ക്ക് ആധാരം . നിസാം സുൽത്താന്മാർ സാമൂഹിക ക്ഷേമ രംഗത്ത് ഒരു പാട് മാറ്റങ്ങൾ ഹൈദരാബാദിൽ കൊണ്ട് വന്നിട്ടുണ്ട് . നിസാമുകളുടെ പേരിലൂള്ള ഒരു പാട് സ്കൂളുകളും കോളേജുകളും ആശുപത്രികളും ഇന്നും ഓൾഡ് സിറ്റിയുടെ പലഭാഗത്തും കാണാം . ഹൈദരാബാദ് റുപീ എന്ന പേരിൽ സ്വന്തമായി ഒരു കറൻസി സമ്പ്രദായവും അവർ രൂപപ്പെടുത്തിയിരുന്നു . ബ്രിട്ടീഷുകാരുമായി ചേർന്ന് റെയിൽവേ സംവിധാനവും നൈസാം ഭരണകാലത്തു ഹൈദരാബാദിന് ഉണ്ടായിരുന്നു ഉസ്മാൻ സാഗർ എന്നും ഹിമായത്ത് സാഗർ എന്നും പേരിലുള്ള ജല സംഭരണ വിതരണ ശൃഖലക്ക് രൂപം കൊടുക്കുന്നത് നിസാം ആണ് . ഇന്നും ഹൈദരാബാദിന്റെ പ്രധാന ജല സ്രോതസുകളായി അവൾ നില നിൽക്കുന്നു. ഇന്നത്തെ സിറ്റി കോളേജ് , പബ്ലിക് ഗാർഡൻ , ഒസ്മാനിയ മെഡിക്കൽ കോളേജ് , ഉസ്മാനിയ ആർട്സ് കോളേജ് , നിലോഫർ ഹോസ്പിറ്റൽ തുടങ്ങിയയെല്ലാം നിസാം സംഭാവനകൾ ആണ് . ചൗമഹല പാലസിന് പുറമെ പുരാണി ഹവേലി , കിംഗ് കോട്ടി പാലസ് , മെഹ്ബൂബ മാൻഷൻ , ഫലഖ് നാമ പാലസ് തുടങ്ങിയ ഒരു പാട് കൊട്ടാരങ്ങൾ നിസാമുകളും അവരുടെ സാമന്തന്മാരും ചേർന്ന് പണികഴിപ്പിച്ചിരുന്നു അവിടുത്തെ ചിത്രങ്ങളിൽ ഒരു പാട് വിൻറ്റേജ് കാറുകൾ ഉണ്ടായിരുന്നു . അതിനും പുറമെ ഫ്ലൈറ്റ് പറത്തുന്ന നിസാം സുൽത്താന്മാരുടെ ചിത്രങ്ങൾ അതിശയകരമായി തോന്നി "ഈ കാറുകൾ ഒക്കെ ഇപ്പോഴും ഇവിടെ ഉണ്ട്" .. കേശവ് എന്നെ പാലസിന്റെ പുറകിലേക്ക് നയിച്ചു പഴയ ബെൻസ് കാറുകളും മറ്റു പലവിധ മോഡൽ വാഹനങ്ങളും ഇപ്പോഴും അവിടെ സംരക്ഷിച്ചു വെച്ചിരിക്കുന്നു . ഒന്നിനും ഒരു കോട്ടവും വന്നിട്ടില്ല . വാഹനങ്ങളിലും വസ്ത്രത്തിലും ആഡംബരത്തിലും ആയിരുന്നു നിസാമുകൾ ജീവിച്ചിരുന്നത് എന്നതിന് ചൗ മഹല പാലസ് ഇന്നും സാക്ഷ്യം പറയും "അവിടുത്തെ ചിത്രങ്ങളിൽ കണ്ട സുന്ദരിയായ സ്ത്രീ നിലോഫറിന്റെ കഥ എന്താണ്? കേശവ് ആ കഥ പറയാൻ ഉത്സുകനായി നിലോഫർ : -------------------- അവസാന സുൽത്താൻ ആയിരുന്ന ഒസ്മാൻ അലി ഖാന്റെ( അസഫ് ജാ ഏഴാമൻ ) രണ്ടാമത്തെ മകൻ ആയ മൊസ്സം ജാ യുടെ ഭാര്യയാണ് ഹൈദരാബാദ് കോഹിനൂർ എന്ന് വാഴ്ത്തപ്പെട്ടിരുന്ന സുന്ദരിയായ നിലോഫർ . ടർക്കി സുൽത്താൻ പരമ്പരയിൽപ്പെടുന്ന ഓട്ടോമൻ വംശത്തിലെ രാജകുമാരി ആയിരുന്നു നിലോഫർ 1916 ഇൽ ഇസ്താൻബുളിൽ ജനിച്ച നിലോഫർ അച്ഛന്റെ മരണ ശേഷം പാരിസിലേക്ക് താമസം മാറുകയും . പിന്നീട് ലണ്ടനിൽ വെച്ച് മോസ്സം ജായുമായുള്ള വിവാഹം നടക്കുകയുമായിരുന്നു. വിവാഹ ശേഷം 1931 ഡിസംബറിൽ ഇന്ത്യയിൽ വന്ന നിലോഫർ ജനങ്ങളുമായി കൂടുതൽ ഇടപഴകുകയും സാമൂഹ്യ സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. മറ്റൊരു രാഞ്ജിയും ഇത്രമേൽ ജനങ്ങളിലേക്ക് ഇറങ്ങി ചെന്നിട്ടില്ല എന്നതിന് ഉള്ള തെളിവാണ് ഇന്നും നിലോഫറിന്റെ ഓര്മകളോട് ജനങ്ങൾ കാണിക്കുന്ന സ്നേഹം തന്റെ പ്രിയപ്പെട്ട തോഴി മതിയായ ചികിത്സാ കിട്ടാതെ മരിക്കാൻ ഇടവന്നതിന്റെ വെളിച്ചത്തിൽ ആണ് ആതുര ശുശ്രൂഷ രംഗത്ത് കൂടുതൽ സൗകര്യങ്ങൾ വേണം എന്ന് നിലോഫർ നിസാമിനോട് ആവശ്യപ്പെടുന്നതും അങ്ങിനെയാണ് റെഡ് ഹിൽ പരിസരത്തു നിലോഫർ ഹോസ്പിറ്റൽ ഉണ്ടാകുന്നതും കുട്ടികൾ ഇല്ലാതിരുന്ന നിലോഫർ വിഷാദ രോഗത്തിന് അടിമപ്പെടുകയും പിന്നീട് വര്ഷങ്ങള്ക്കു ശേഷം മോസംജാ യുമായി വിവാഹബന്ധമാ വേർപ്പെടുത്തി നിലോഫർ വീണ്ടും പാരിസിലേക്ക് പോകുകയും ചെയ്തു "1989 ഇൽ പാരിസിൽ വെച്ചാണ് നിലോഫർ മരിക്കുന്നത്. പാരിസിലും ഇന്ത്യയിലും ഒരു പാട് ആരാധകരെ സൃഷ്ടിച്ച ആ മനോഹര വ്യക്തിത്വം അങ്ങിനെ കാല യവനികക്കുള്ളിൽ മറഞ്ഞു . ഇന്നും ചൗ മഹല പാലസിൽ നിലോഫറിന്റെ മനോഹരമായ ചിത്രങ്ങൾ കാണാം . അത്രമേൽ സുന്ദരിയായ ഒരു സ്ത്രീയും ആ രാജപരമ്പരയിൽ ഇല്ല എന്ന് നിസ്സംശയം പറയാം" ലേഡി ഹയാദ്രി ക്ലബ് ----------------------------------- നിസാം ഭരണകാലത്തു സ്ത്രീകൾ എത്രമേൽ സ്വതന്ത്രർ ആയിരുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലേഡി ഹൈദരി ക്ലബ് . സ്ത്രീകൾക്ക് മാത്രമായി 1929 ഇൽ ഒരു ക്ലബ് ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ ഇന്ന് ആരെങ്കിലും വിശ്വസിക്കുമോ? . നൈസാമിന്റെ മന്ത്രിമാരിൽ ഒരാളായ അക്ബർ ഹയാദ്രി യുടെ ഭാര്യ ആമിന ഹയാദ്രി യുടെ ഓർമ്മക്കായാണ് ആ ക്ലബ് നിലവിൽ വന്നത് . നിലോഫർ ഇന്ത്യയിൽ എത്തിയതോടെ ആ ക്ലബ് ഇന്ത്യക്കാരും വിദേശികളുമായ വനിതകളുടെ സംഗമസ്ഥലമായി മാറി . സലാർ ജംഗ് മ്യൂസിയം . ---------------------------- ഞങ്ങളുടെ അടുത്ത യാത്ര സലാർ ജംഗ് മ്യൂസിയത്തിലേക്കായിരുന്നു . "ആരായിരുന്നു സലാർ ജംഗ്?" "സലാർ ജംഗ് ഫാമിലിയ്ക്ക് ആയിരുന്നു നിസാമിന്റെ കീഴിൽ ഉള്ള അപൂർവങ്ങളായ വസ്തുക്കളും ആഭരണങ്ങളും രത്നങ്ങളും സൂക്ഷിക്കുന്നതിനുള്ള അധികാരം . അന്ന് അത് അവർ സൂക്ഷിച്ചിരുന്ന കെട്ടിടമാണ് ഇന്നത്തെ സലാർ ജംഗ് മ്യൂസിയം . കുറച്ചു വര്ഷങ്ങള്ക്കു മുന്പ് വരെ നിസാം ജ്വവൽ ഷോ സാലറി ജംഗ് മ്യൂസിയത്തിൽ നടന്നു വന്നിരുന്നു . ഇപ്പോൾ ആ ആഭരഞങ്ങളും രത്നങ്ങളും റിസർവ് ബാങ്കിന്റെ അധീനതയിൽ ആണ് " സലാർ ജംഗ് ഫാമിലിക്ക് പുറമെ പൈഗ ഫാമിലിയും നിസാം ഭരണത്തോടെ കൂറ് പുലർത്തിയിരുന്ന കുടുംബങ്ങൾ ആയിരുന്നു . രാജ്യത്തിൻറെ നിയമവും ആഭ്യന്തര സുരക്ഷയും കൈകാര്യം ചെയ്തിരുന്നതും കരം പിരിച്ചിരുന്നതും പൈഗ ഫാമിലി ആയിരുന്നു . പൈഗ ഫാമിലിയിൽ പെട്ടവരെ അടക്കം ചെയ്ത പൈഗ റൂംബ്സ് ഇന്ന് ഹൈദരാബാദ് സന്ദർശിക്കുന്ന ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന സ്ഥലമാണ് സെക്കന്തരാബാദിന്റെ ഉദയം --------------------------------------------- "നമ്മൾ ഇത് വരെ പറഞ്ഞത് മുഴുവൻ ഹൈദെരാബാദിനെക്കുറിച്ചല്ലേ? എങ്ങിനെയാണ് സെക്കന്തരാബാദ് പിൻകാലത്തു പ്രസിദ്ധി നേടുന്നത് ?" അസഫ് ജാ മൂന്നാമനായ സിക്കന്ദർ ജായുടെ കാലത്താണ് ബ്രിട്ടീഷുകാരുമായി ഹൈദരാബാദിന്റെ സൗഹൃദം തുടങ്ങുന്നത് . ഏതാണ്ട് അയ്യായിരത്തോളം വരുന്ന ബ്രിട്ടീഷ് സൈനികർക്ക് താവളമായി സൃഷ്ടിച്ച സ്ഥലമാണ് ഇന്നത്തെ സെക്കന്തരാബാദ് . സിക്കന്ദർ ജാ യുടെ പേരിനോട് ചേർന്നാണ് സെക്കന്തരാബാദ് എന്ന സ്ഥലം ജനിക്കുന്നത് . പിന്നീട് സ്വാതന്ത്ര്യം വരെ സെക്കന്തരാബാദ് ബ്രിട്ടീഷുകാരുടെ ഏറ്റവും വലിയ കന്റോൺമെന്റ് ആയി മാറുകയും ചെയ്തു "ഇന്ന് ഹൈദെരാബാദിനും സെക്കന്തരാബാദിനും പുറമെ സൈബറാബാദ് രൂപം കൊണ്ടിരിക്കുന്നു . നിങ്ങൾ ഒക്കെ സൈദരാബാദിൽ ജോലി അന്വേഷിച്ചു വന്നവരല്ലേ? എത്ര ശ്രമിച്ചാലും ഹൈദരാബാദിന്റെ ചരിത്രത്തിനോളം എത്താൻ സൈദരാബാദിനു കഴിയില്ല " കേശവ് അത് ഒന്ന് ഊന്നിപറഞ്ഞപോലെ തോന്നി നിസാം ഭരണത്തിന്റെ അസ്തമയം --------------------------------- ഒസ്മാൻ അലി ഖാൻ ആയിരുന്നു നൈസാം ഭരണാധികാരികളിൽ അവസാനത്തെ അസഫ് ജാ ഏറ്റവും കാര്യശേഷി ഉള്ള ഭരണാധികാരി ആയിരുന്നു അദ്ദേഹം . ബ്രിട്ടീഷുകാരുമായി നല്ല സൗഹൃദത്തിൽ ആയിരുന്നു ഒസ്മാൻ അലി ഖാൻ ഒന്നാം ലോക മഹായുദ്ധ കാലത്തു ബ്രിട്ടീഷുകാർക്ക് സാമ്പത്തികമായ സഹായ സഹകരണങ്ങൾ നൽകിയിരുന്നു . ഒസ്മാൻ അലി ഖാൻ ആയിരുന്നു ഒരു കാലത്തു ലോകത്തിലെ ഏറ്റവും സമ്പന്നനായ മനുഷ്യൻ . അന്ന് അദ്ദേഹത്തിന്റെ ആസ്തി 660 കോടിയിൽ പരം രൂപ ആയിരുന്നു എന്ന് പറയപ്പെടുന്നു .അതിന്റെ ഇന്നത്തെ മൂല്യം കണക്കാക്കിയാൽ ഏതാണ്ട് 250 ബില്ല്യൻ അമേരിക്കൽ ഡോളർ വരും ഇന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിയ്ക്കുന്ന ഒസ്മാനിയ യൂണിവേഴ്സിറ്റി 1917 ഇൽ സ്ഥാപിച്ചത് ഒസ്മാൻ അലി ഖാൻ ആയിരുന്നു. ഹുസൈൻ സാഗറിന് അടുത്ത് ആന്ധ്രാദേശത്തെയും ഹൈദരാബാദിനെയും സ്വാധീനിച്ച ചരിത്രവ്യക്തികളുടെ വെങ്കല പ്രതിമകൾ കാണാം. ഇന്ന് ഹൈദരബാദിന്റെ ഒരു പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനഷൻ ആണത്. അസഫ് ജാ ആറാമൻ നിസാമിന്റെ പ്രതിമയും അവിടെ കാണാം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോഴും ഹൈദരാബാദ് നിസാം ഇന്ത്യയോടും പാകിസ്താനോടും ചേരാതെ സ്വതന്ത്രമായി നിന്നു . അവസാനം ഓപ്പറേഷൻ പോളോ എന്ന ദൗത്യത്തിലൂടെ ഇന്ത്യൻ സൈന്യം ഡെക്കാനിൽ പ്രവേശിക്കുകയും തുടർന്ന് മറ്റ്‌ മാർഗങ്ങൾ ഇല്ലാതെ നിസാം അധികാരം ഒഴിയാൻ നിര്ബന്ധിതമാവുകയുമായിരുന്നു നിസാം വംശത്തിന്റെ കോടിക്കണക്കിനു വരുന്ന സ്വത്തുക്കൾ അങ്ങിനെ ഇന്ത്യൻ സർക്കാരിന്റെ അധീനതയിൽ ആയി മാറുകയും ചെയ്തു. ഇന്ന് അതെല്ലാം പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള പൈതൃക സ്ഥാനങ്ങൾ ആണ്. അധികാരം നഷ്ട്ടപെട്ടെങ്കിലും ജനങ്ങളുടെ മനസ്സിൽ രാജപ്രമുഖ് എന്ന സ്ഥാനം നൈസാം നിലനിർത്തിയിരുന്നു . 1967 ഇൽ ഒസ്മാൻ അലി ഖാൻ അന്തരിച്ചു , തുടന്ന് വന്ന അസ്ലം ജായ്ക്ക് അസഫ് ജാ എന്ന സ്ഥാനം ലഭിച്ചില്ലെങ്കിലും അദ്ദേഹം നിസാം എന്ന പേരിൽ അറിയപ്പെട്ടിരുന്നു . അപ്പോഴേക്കും ഇന്ത്യ സർക്കാർ രാജ കുടുംബങ്ങൾക്ക് വേണ്ടി നൽകി വന്നിരുന്ന പ്രിവിപ്പേഴ്സ് നിർത്തലാക്കിയിരുന്നു . അസ്ലം ജാ യുടെ മകൻ മുഖരം ജാ പിന്നീട് ഇസ്താൻ ബുളിലേക്ക് പോയെങ്കിലും ഇന്നും നിസാം കുടുംബം ചൗ മഹലാ പാലസിന്റെ പരിസരങ്ങളിൽ കുറെ അധികം ഭൂമിയുടെ അധിപരായി തുടരുന്നു എന്ന് പറയപ്പെടുന്നു മുഖരം ജാ ഗതകാല സ്മരണകളും പേറി ഇന്നും ഇസ്താൻബുളിൽ ജീവിച്ചിരിക്കുന്നുണ്ട് അവരിൽ ആരും പിന്നീട് നിസാം എന്ന സ്ഥാനപേര് ഉപയോഗിച്ചിട്ടില്ല . നിസാം എന്ന പേര് ഇന്ന് പഴയ തലമുറയുടെ ഓർമകളിൽ മാത്രമായി അവശേഷിക്കുന്നു . "മെക്ക മസ്ജിദിലും കിംഗ് കോട്ടി പാലസിലുമായാണ് മരണപ്പെട്ട നിസാം സുൽത്താന്മാരെ അടക്കം ചെയ്തിരിക്കുന്നത്. ചാര്മിനാറിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന മെക്ക മസ്ജിദ് ഇന്ന് അറിയപ്പെടുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആണ്" കേശവ് പറഞ്ഞു പുതിയ ഹൈദരാബാദിന് നൈസാം എന്നത് ഒരു കെട്ടു കഥ പോലെ ആണ് . എങ്കിലും പഴയ ഹൈദരാബാദിൽ പോയാൽ ഇന്നും അവർ പണിതുയർത്തിയ കെട്ടിടങ്ങളും ആശുപത്രികളും കോളേജുകളും കാണാം . ചൗമഹല പാലസിലും ഫലഖ് നാമ പാലസിലും അവരുടെ രാജകീയ ജീവിതത്തിന്റെ ശേഷിപ്പുകൾ കാണാം . സലാർ ജംഗ് മ്യൂസിയത്തിൽ അവരുടെ ഓർമ്മകൾ പേറുന്ന ഒരു പാട് വസ്തു വകകൾ കാണാം . മെക്കാ മസ്ജിദിലും പൈഗ റൂംബ്സിലും അവരുടെ അവസാന നിദ്രയുടെ ഓര്മപ്പെടുത്തലുകളും കാണാം മറ്റേത് രാജ്യവംശം പോലെയും ധാരാളിത്തവും ധൂർത്തും നിസാം കാലത്തും ഉണ്ടായിരുന്നു എന്നത് വിസ്മരിക്കാനാവില്ല..അതി ദാരിദ്ര്യം അനുഭവിച്ചിരുന്ന ഒരു പാട് ജനങ്ങൾ അക്കാലത്തു രാജ്യത്തു ഉണ്ടായിരുന്നു. ഒരു പരിധിവരെ ഹൈദരാബാദ് നഗരത്തിനു പുറത്തേക്ക് വികസനം കൊണ്ടു പോകാൻ നിസാമിന് കഴിഞ്ഞിരുന്നില്ല മ്യൂസിയത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ നേരം ഇരുട്ടാൻ തുടങ്ങിയിരുന്നു . പുറത്തു കണ്ട ചെറിയ ഹോട്ടലിൽ നിന്ന് ഇറാനി ചായയും ഉസ്മാനിയ ബിസ്ക്കറ്റും കഴിച്ചു ഞങ്ങൾ കുറെ നേരം നിശബ്ദമായി ഇരുന്നു. പിരിയാൻ സമയത്തു കേശവ് പറഞ്ഞു "ചരിത്രം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് . നമ്മൾ എത്ര ഇല്ലാതാക്കാൻ ശ്രമിച്ചാലും അതിന്റെ ശേഷിപ്പുകൾ അവിടവിടെ അവശേഷിക്കും . ഇനി എത്ര തലമുറ കഴിഞ്ഞാലും ഹൈദരാബാദ് അറിയപ്പെടുക നിസാമിന്റെ പേരിൽ തന്നെ ആയിരിക്കും. നമ്മുടെ മൊഴികളിലൂടെ അവരുടെ കഥകൾ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് യാത്ര തുടരും "