Thursday, December 23, 2021

ഗേറ്റ്

ഒരു ഒഴിഞ്ഞ പറമ്പ് അതിൽ ഒരു പഴയ വീട്. അതിന്റെ ഉമ്മറത്ത് വൈകുന്നേരങ്ങളിൽ മൂന്ന് പേർ ഒത്തുകൂടി..ആ മൂന്നു പേരെ അന്വേഷിച്ച് അടുത്ത മൂന്ന് പേർ എത്തി..മൂന്ന് ആറായി 


വീടിന്റെ കോലായിലെ ഇരിപ്പ് പുരയിടത്തിന്റെ ഉടമസ്ഥന് അത്ര പിടിച്ചില്ല എന്നു തോന്നുന്നു...വീട് പൊളിച്ചു കളഞ്ഞു..എന്നിട്ട് പുരയിടത്തിന് ചുറ്റും കമ്പിവേലി കെട്ടി ഒരു ഗേറ്റും വെച്ചു


ആറു പേരും ഗേറ്റിന്റെ മുന്നിൽ വന്നു വീട് നിന്നിരുന്ന സ്ഥലം നോക്കി ഗതകാല സ്മരണകൾ അയവിറക്കി..  ക്ഷീണിച്ചപ്പോൾ ഗേറ്റിന്റെ മുന്നിൽ ഇരുന്നു...


പിറ്റേന്നും അവർ ആറു പേർ വന്നു.. അവരെ തേടി അടുത്ത ആറു പേർ കൂടി വന്നു..ആറ് പന്ത്രണ്ടായി..പന്ത്രണ്ട് ഇരുപത്തിനാലായി..


ഇരുപത്തിനാലിൽ കഴിയാവുന്നവർ ദിവസേന ഗേറ്റിൽ എത്തി.. കളി ചിരി തമാശകൾ നിറഞ്ഞു..പൂരവും. പെരുന്നാളും നേർച്ചയും കൊണ്ടു.. കല്യാണവും അടിയന്തിരങ്ങളും കൂടി


നഷ്ടപ്രണയങ്ങൾ കണ്ണീരുപ്പായി ആ പൂഴിമണ്ണിലലിഞ്ഞു. പരസ്പരം തോളിൽ തട്ടി ആശ്വസിപ്പിച്ചു


ആദ്യം വീട്ടുകാർ പറഞ്ഞു.."നിന്റെ ഒരു ഗേറ്റ്, ആ വഴിവക്കിലൊന്നും പോയിരിക്കേണ്ട"


പിന്നെ പിന്നെ അംഗീകരിച്ചു.. "ഗേറ്റ് കൂട്ടുകാരോട് പറയുന്നില്ലേ, അവർ വരില്ലേ" എന്നൊക്കെയുള്ള സ്നേഹാന്വേഷണങ്ങൾ


കാലം കടന്നു പോയി.."പൂരപറമ്പുകളും നാടക സന്ധ്യകളും സിനിമാ കൊട്ടകകളും  മാത്രമല്ല ജീവിതം" കാരണവന്മാർ ഉപദേശിച്ചു


ഓരോരുത്തരായി പണിക്ക് പോകാൻ തുടങ്ങി. നിൽക്കക്കള്ളി ആയവർ പെണ്ണ് കെട്ടാൻ തീരുമാനിച്ചു


ഒന്നാമൻ ആദ്യം കെട്ടി. പിറകെ രണ്ടാമനും..കെട്ടിയോൾമാരെ ഗേറ്റ് കൊണ്ട് വന്നു കാണിച്ചു...പിന്നെ കല്യാണങ്ങളുടെ വർഷങ്ങൾ.. ആദ്യം കെട്ടിയവർ കുടുംബസമേതം മറ്റുള്ളവരുടെ കല്യാണങ്ങളിൽ പങ്കു ചേർന്നു


വർഷങ്ങൾ കഴിഞ്ഞു ..കുട്ടികൾ ഉണ്ടായി. ഒന്നും രണ്ടും വീതം. പറഞ്ഞാൽ മനസ്സിലാകുന്ന പ്രായത്തിൽ കുട്ടികളെ ഗേറ്റ് കാണിച്ചു ചരിത്രം പറഞ്ഞു കൊടുത്തു


ഭാര്യമാർ തമ്മിൽ തമ്മിൽ കാണുമ്പോൾ പറഞ്ഞു "ഇവരുടെ ഒരു ഗേറ്റ് കമ്പനി, ഒരു കാര്യവും  നമ്മളോട് മുഴുവനായി വിട്ട് പറയില്ല"


അതങ്ങനെയാണ്.. മുപ്പത് വർഷത്തെ കഥയാണ്..അതിൽ എവിടെ ഏത് അധ്യായം പറയണം ഏത് പറയാതിരിക്കണം എന്ന മിനിമം പ്രോട്ടോകോൾ ഓരോരുത്തരും പാലിക്കുന്നു


ഇന്നും ആ ഗേറ്റും പറമ്പും അവിടെ ഉണ്ട്.. ഞങ്ങൾ ഇരിപ്പ് നിർത്തി എന്നു മാത്രം. മറ്റാരും പിന്നീട് അവിടെ ഇരുന്നിട്ടുമില്ല.


പുസ്തകപ്രകാശനത്തിന്റെ തലേന്ന് ഒന്ന് ഒത്തു കൂടണം നീ ഫാമിലിയുമായി വരണം എന്നു പറഞ്ഞപ്പോൾ ഇത്രയ്ക്ക് വലിയൊരു ചടങ്ങ് പ്രതീക്ഷിച്ചില്ല..


ഗേറ്റ് കുടുംബം വളർന്നിരിക്കുന്നു..നാട്ടിൽ ഉള്ളവർ കുടുംബസമേതം എത്തിയിട്ടുണ്ട്‌.


വരാൻ കഴിയാത്തവരെ മനസ്സിലോർത്തു..


 അകാലത്തിൽ വിട്ടുപോയവന്റെ സ്മരണ മനസ്സിൽ നിറഞ്ഞു


സ്വന്തം പേര് എഴുതിയ ഒരു ഫലകം സമ്മാനമായി കിട്ടി..ജീവിതത്തിൽ ആദ്യമായി.. പക്ഷെ അതിലേറെ സന്തോഷിപ്പിച്ചത് അതിന്റെ മുകളിൽ എഴുതിയ "gate" എന്ന വാക്കാണ്


അതേ ഗേറ്റ് ഒരു പ്രതീകമാണ് കാൽനൂറ്റാണ്ട് കടന്ന കറകളഞ്ഞ സൗഹൃദത്തിന്റെ പ്രതീകം.


ഒരു പക്ഷെ  കാലപ്രവാഹത്തിൽ ആ ഗേറ്റ് അവിടെ നിന്ന് മാറ്റപ്പെട്ടാലും മനസ്സിൽ നിന്ന് ആ ഗേറ്റിന്റെ പഴയ ചിത്രം ഒരിക്കലും മായില്ല.. അതിന്റെ അഴികളിൽ പിടിച്ച്  വൈകുന്നേരങ്ങളിൽ ഞങ്ങൾ വീണ്ടും ഒത്തുകൂടും പറയാൻ ബാക്കി വെച്ച വിശേഷങ്ങൾ പങ്കു വെക്കാൻ

സ്നേഹത്തിന്റെ കൈവഴികൾ

വീട്ടിൽ പണ്ടൊ‌ക്കെ പലരും വരുമായിരുന്നു. വീണയുമായി വരുന്ന പുള്ളുവനും, പുള്ളോർകുടവുമായി വരുന്ന പുള്ളുവത്തിയും, മൺകലം വിൽക്കാൻ വരുന്ന കുമ്പാരത്തിയും, കൈ നോക്കാൻ വരുന്ന കുറത്തിയും, തണ്ടാത്ത്യോ എന്ന് വിളിച്ചു വരുന്ന നായാടികളും തുടങ്ങി പലരും വരും. മിക്കവാറും ഏതാണ്ട് ഉച്ച ഊണിന്റെ സമയം നോക്കിയാണ് പലരും എത്താറ്


പുള്ളുവനും പുള്ളുവത്തിയും അമ്മയുടെ പഴവൂരിലെ വീട്ടിൽ കളം കഴിക്കാൻ വരുന്നവരുടെ എന്തെങ്കിലും ഒക്കെ ബന്ധം പറയും. അപ്പൊ പിന്നെ അമ്മയ്ക്ക് ഒരു ആവേശമാണ്. നാവേറ് പാട്ടൊക്കെ പാടി പുള്ളുവനും പുള്ളുവത്തിയും രംഗം കൊഴുപ്പിക്കുകയും ചെയ്യുന്നതോടെ അമ്മ ഫ്ലാറ്റ്. 


പിന്നെ അമ്മയുടെ സ്വാഭാവികമായ ചോദ്യം


" ങ്ങള് ഊണ് കഴിച്ചാ?"


നിര്ബന്ധിച്ചാൽ ആവാം എന്ന മട്ടിൽ അവർ ഒന്ന് അമർന്നിരുന്ന് തോളിലെ മുണ്ടെടുത്ത് വിയർപ്പാറ്റും.


വരുന്നവർക്കൊക്കെ അമ്മയുടെ മീൻ കറി ആണ് പഥ്യം.  പപ്പടം ഉണ്ടെങ്കിൽ അതും കാച്ചി ഓരോന്ന് ചോറിന്റെ കൂടെ കൊടുക്കും.


അവർക്ക് വെള്ളം കൊണ്ട് കൊടുക്കുക അച്ചാറോ മറ്റോ വിളമ്പി കൊടുക്കുക എന്നതൊക്കെയാണ് ഞങ്ങൾ കുട്ടികളുടെ ജോലി


ഭക്ഷണം കഴിഞ്ഞു പോകുമ്പോൾ തോളിലെ മുണ്ടിന്റെ തലയ്ക്കൽ ഒരു നാഴി അരിയും കൊടുക്കും..പൈസ ആയി കൊടുക്കുന്നത് അന്ന് കുറവാണ്.


അങ്ങിനെ എത്രയോ പേർ അന്നൊക്കെ വരുമായിരുന്നു. 


പിന്നെ ആണ് നമ്പുഴ പൂരത്തിന്റെ ഭാഗമായി ഒരു ആന എഴുന്നള്ളിപ്പ് വീടിൻറെ പടിയ്ക്കലിൽ നിന്ന് തുടങ്ങുന്നത്.  അതോടെ അമ്മയുടെ ഭക്ഷണത്തിന് ആവശ്യക്കാർ കൂടി. ആനക്കാരും, വിളക്ക് പിടിക്കാൻ വരുന്ന ചെട്ടിയാർമാരും, ആനപ്പുറത്ത് കയറാൻ വരുന്ന ഹരിമോനും, പൂരം കാണാൻ വരുന്ന രാജേട്ടനും എല്ലാവർക്കും വരിയായി ഭക്ഷണം കൊടുക്കും..അമ്മയ്ക്ക് ആരോഗ്യം ഉള്ള കാലത്തോളം ഇതൊക്കെ മുടങ്ങാതെ നടന്നു വന്നു


ഇതൊക്കെ അമ്മയ്ക്ക് സ്വന്തം വീട്ടിൽ നിന്ന് കിട്ടിയ ശീലമാണ്..അമ്മയുടെ അമ്മ, ഞങ്ങളുടെ അമ്മമ്മ അവിടെ വരുന്നവർക്കും പോണവർക്കും എത്രയോ വെച്ചു വിളമ്പിയിരിക്കുന്നു. ഊണിന്റെ സമയത്ത് വീട്ടുകാരെ കൂടാതെ മൂന്നോ നാലോ പേർ എന്നും ഉണ്ടാവും പഴവൂരിലെ ആ വീട്ടിൽ


നാട് വിട്ട് ഹൈദരാബാദിലേക്ക് പോകുമ്പോൾ ഞാൻ പിന്നിൽ ഉപേക്ഷിച്ചു പോയത് നാടും കൂട്ടുകാരെയും ബന്ധുക്കളെയും മാത്രമല്ല രുചിയുടെ ആ കൈപുണ്യവുമായായിരുന്നു.


തെലുങ്കന്മാരുടെ ചോറും പപ്പുവും(പരിപ്പ് കൊണ്ടുള്ള ഈ വിഭവം ആണ് അവർ പ്രധാനമായി ചോറിന്റെ കൂടെ കഴിക്കുക) ആവക്കായ അച്ചാറും ആദ്യം കഷ്ടപ്പെട്ട് കഴിക്കുമ്പോൾ നാട്ടിലെ നഷ്ടപ്പെട്ട രുചിയോർത്ത് ഒരു പാട് സങ്കടം തോന്നിയിട്ടുണ്ട്.


വെളിച്ചെണ്ണയും ചെറിയ ഉള്ളിയും ചേർത്ത കറികൾ കഴിക്കാൻ അന്നൊ‌ക്കെ എത്ര ആഗ്രഹിച്ചിട്ടുണ്ട്.  


ഇടയ്ക്ക് വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ ഞാൻ വാരിവലിച്ചു ചോറും സാമ്പാറും മീന്കറിയുമൊക്കെ കഴിക്കുന്നത് കണ്ട് അമ്മ അതിശയത്തോടെ നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട്. അമ്മ വിചാരിച്ചു കാണും ഹൈദരാബാദ് ഒരു ദാരിദ്ര്യം പിടിച്ച സ്ഥലമാണെന്ന്


ആദ്യത്തെ രണ്ടു കൊല്ലം അടുക്കള പോലും ഇല്ലാത്ത ഒരു വീട്ടിൽ ഹോസ്റ്റലിൽ എന്ന പോലെ ആണ് ഞങ്ങൾ നാലു പേർ ജീവിച്ചത്.. ഭക്ഷണം എപ്പോഴും പുറത്തു നിന്നു തന്നെ.


പിന്നീടെപ്പോഴോ സ്വന്തമായി പാചകം ചെയ്തു കഴിക്കണം എന്ന ചിന്തയിൽ ആണ് ഗചിബൗളി എന്ന സ്ഥലത്ത് ഒരു വീടെടുത്ത് താമസം ആരംഭിക്കുന്നത്.


അന്ന് ആ കോളനിയിൽ ഒരു ചെറിയ ഹോട്ടൽ ഉണ്ടായിരുന്നു. പവിത്ര മെസ്സ്. 


ഒരു ദിവസം രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോൾ ആ ഹോട്ടൽ നടത്തുന്ന സ്ത്രീയും അവരുടെ സഹായികളായ സ്ത്രീകളും അവിടെ വട്ടത്തിൽ ഇരുന്നു അത്താഴം കഴിക്കുന്നത് കണ്ടു. ഭക്ഷണത്തിനും സംസാരത്തിനും ഒപ്പം ഉറക്കെ തമാശകൾ പറഞ്ഞ് ചിരിക്കുന്നുമുണ്ട്. 


ഞാൻ ആലോചിച്ചു എനിക്ക് നല്ല ജോലിയുണ്ട് എന്നാലും ഇവരെപ്പോലെ മനസ്സ് തുറന്ന് ചിരിക്കാൻ കഴിയുന്നുണ്ടോ..ഓരോ ദിവസവും ജോലി കഴിഞ്ഞു വരുമ്പോൾ പിറ്റേന്ന് ഓഫീസിൽ പോയി ചെയ്ത് തീർക്കേണ്ട കാര്യങ്ങൾ ആയിരിക്കും മനസ്സിൽ ആധിയായി നിൽക്കുക


പതിയെ പതിയെ ഞാൻ അവരെ ശ്രദ്ധിക്കാൻ തുടങ്ങി. അവർ കാലത്തും ഉച്ചക്കും കുറച്ചു പതിവ്കാർക്ക് മാത്രമാണ് ഭക്ഷണം കൊടുക്കുന്നത്. അന്ന് ഗചിബൗളി ഇന്നത്തെപ്പോലർ അത്ര തിരക്കുള്ള  സ്ഥലം ആയി മാറിയിട്ടില്ല. 


ഒരു ദിവസം ഞാൻ അവിടെ കയറി ചെന്നു. 


പതിവില്ലാത്ത ഒരാളെ കണ്ടതോടെ അവർ എന്നെ ചോദ്യരൂപത്തിൽ നോക്കി


"ഏൻ കാവാലി" തെലുഗിൽ എന്തു വേണം എന്നാണ് ചോദിക്കുന്നത്


ഞാൻ അട്ടിയായി വെച്ചിരുക്കുന്ന ദോശ ചൂണ്ടിക്കാണിച്ചു


അവിടെ നിന്ന് ദോശ കഴിച്ചു. കുറെ നാളുകൾക്ക് ശേഷം രുചിയുള്ള ഒരു ആഹാരം കഴിച്ചു എന്നു തോന്നുന്നത് അന്നാണ്.


പിന്നെ പിന്നെ ഉച്ചയ്ക്ക് ചോറും വൈകിട്ട്‌ ഉള്ള ഭക്ഷണവും അവിടെയാക്കി.


പപ്പുവും മജ്‌ജിക പുലസുവും(തെലുഗു മോര് കറി) ഇഷ്ടപ്പെടാൻ തുടങ്ങി


അവരുമായുള്ള അടുപ്പം.കൂടി. പിന്നെ പിന്നെ എനിക്ക് മാത്രമായി സ്‌പെഷ്യൽ ആയി അവർ വേറെ കറികൾ ഉണ്ടാക്കി വെക്കും. ആന്ധ്രാ  സ്റ്റൈൽ ചിക്കൻ കറിയൊക്കെ അങ്ങിനെയാണ് എന്റെ മെനുവിൽ വന്നത്


ഒരു സാധാരണ തെലുഗു വീട്ടമ്മയ്ക്ക് നൂറു തരം കറികൾ വെക്കാൻ അറിയും എന്നു മനസ്‌സിലാവുന്നത് അന്നാണ്. മിക്കവാറും എല്ലാ തെലുഗു വീട്ടമ്മമാരും കുക്കിങിന്റെ കാര്യത്തിൽ ഓരോ എൻസൈക്ലോപീഡിയ ആണ്.. ഇത്രയേറെ വിഭവങ്ങൾ മറ്റൊരു സംസ്ഥാനത്തും ഉണ്ടാവും എന്ന് തോന്നുന്നില്ല


പതിയെ പതിയെ എന്റെ നാവിന് തെലുഗു രുചിയായി.  


അവരെ ഞാൻ ആന്റി എന്നു വിളിച്ചു.ഞാൻ മാത്രമല്ല അവിടെ ഉള്ളവർ എല്ലാവരും അങ്ങിനെ ആണ് വിളിക്കുന്നത്


അവരുടെ ഹോട്ടൽ പലർക്കും അത്താണിയാണ്. ഗ്രാമത്തിൽ നിന്ന് തൊഴിൽ തേടി നഗരത്തിൽ എത്തുന്ന ഒരു പാട് പേർ അവിടെ അവരെ സഹായിക്കാൻ കൂടും. പിന്നെ അവർക്ക് സ്‌ഥിരം ഒരു വരുമാനം ആകുന്നത് വരെ ആന്റി അവർക്ക് സംരക്ഷണം കൊടുക്കും


അങ്ങിനെ എത്രയോ പേർ വന്നു..എല്ലാവർക്കും ആന്റി എന്നെ ഒരു അത്ഭുതവസ്തുവിനെ പരിചയപ്പെടുത്തും പോലെ പരിചയപ്പെടുത്തും. പിന്നീട് നഗരത്തിന്റെ എവിടെ വെച്ചു കണ്ടാലും അവർ ഓടിയെത്തും.. സന്തോഷതോടെ വർത്തമാനം പറയും


ഞാൻ ആ ആന്റിയെ പറ്റി പഠിയ്ക്കാൻ ശ്രമിച്ചു. തെന്നാലി എന്ന ഗ്രാമത്തിൽ നിന്ന് 2001 ഇൽ ആണ് അവർ ഹൈദരാബാദിലേക്ക് വണ്ടി കയറുന്നത്‌. ഏതാണ്ട് അതേ സമയത്താണ് ഞാനും കേരളത്തിൽ നിന്ന് ജോലിയ്ക്കായി ഹൈദരാബാദിലേക്ക് തിരിക്കുന്നത്. ഒരു പക്ഷെ ഞങ്ങൾ തമ്മിൽ കാണാൻ എന്തെങ്കിലും നിയോഗം ഉണ്ടായിരുന്നിരിക്കും


പത്താം ക്ലാസ് വരെ അവർ പഠിച്ചിട്ടുണ്ട്. എന്നെ കുറെ തെലുഗു പഠിപ്പിക്കാൻ അവർ ശ്രമിച്ചു. അവസാനം അവർ ഇംഗ്ലീഷിൽ എന്നോട് സംസാരിക്കാൻ തുടങ്ങി. പണ്ടത്തെ വിദ്യാഭ്യാസത്തിന്റെ ബാക്കി അവരിൽ  ഉണ്ടെന്ന് 

അപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്.


കല്യാണം കഴിഞ്ഞതോടെ ഞാൻ നഗരത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മാറി. എന്നാലും അവർ ഇടയ്ക്ക് വിളിക്കും. ദിവ്യയും പിന്നെ ഉണ്ണിയും അവരുടെ പ്രിയപ്പെട്ടവരുടെ ലിസ്റ്റിൽ ഇടം പിടിച്ചു.ഇടയ്ക്ക് ഞങ്ങളെ വിളിച്ച് ഭക്ഷണം തരും


പതിയെ ദിവ്യയ്ക്കും ആന്റിയുടെ വിഭവങ്ങൾ പ്രിയമാവാൻ തുടങ്ങി


ഇന്ന് ഞങ്ങൾ വീട്ടിൽ കൂടുതൽ ഉണ്ടാക്കുന്നതും പപ്പുവും മജ്‌ജിക പുലുസുവും ഒക്കെ ആണ്


രണ്ടു മാസം കൂടുമ്പോൾ ഞങ്ങൾക്ക് വേണ്ടി ചോറും കറികളും ഉണ്ടാക്കി ബിഗ് ഷോപ്പറിൽ നിറച്ച് കൊണ്ട്  ആന്റി വീട്ടിൽ വരും


ആന്റി ഭക്ഷണം കൊണ്ട് വന്നാൽ ദിവ്യയ്ക്ക് വളരെ സന്തോഷമാണ്. പിന്നെ രണ്ടു മൂന്നു ദിവസത്തേക്ക് ഭക്ഷണം ഉണ്ടാക്കേണ്ടല്ലോ.. അച്ചാറും ചമ്മന്തിയും പപ്പുവും ആന്റിയുടെ സ്‌പെഷ്യൽ ചിക്കനും ഒക്കെ ആയി കുറെ സ്റ്റീൽ കുട്ടകങ്ങൾ ഉണ്ടാവും ആ സഞ്ചിയിൽ


അവർ എപ്പോഴും പറയും. ഞാൻ രണ്ടു പേർക്ക് മാത്രമേ ഭക്ഷണം ഉണ്ടാക്കാറുള്ളൂ. ഒന്ന് അവരുടെ സ്വന്തം മകനും പിന്നെ എനിക്കു വേണ്ടിയും. ഹോട്ടലിലെ മറ്റു പാചകം ഒക്കെ സഹായികൾ ആണ് കൈകാര്യം ചെയ്യുന്നത്


പലപ്പോഴും തിരക്കിനിടയിൽ ഞാൻ ആന്റിയെ വിളിക്കാൻ മറക്കും. പക്‌ഷേ ആന്റി എന്നെ വിളിക്കും വിശേഷങ്ങൾ തിരക്കും,ഹോട്ടലിലേക്ക് വരാൻ പറയും.


അവർ എനിക്കാരാണെന്ന് ഞാൻ ഇടയ്ക്ക് ആലോചിച്ചു നോക്കും..ഒരു ഉത്തരമേ മനസ്സിൽ തോന്നിയിട്ടുള്ളു.. നാട്ടിൽ അമ്മ ആർക്കൊക്കെയോ കൊടുത്ത ഭക്ഷണം ആന്റി എനിക്ക് തിരിച്ചു തരികയാണ് എന്ന്. അതല്ലാതെ തെന്നാലി എന്നു കേട്ടുകേൾവി മാത്രമുള്ള ഗ്രാമത്തിൽ നിന്നു വന്നു ഇങ്ങു കേരളത്തിൽ നിന്ന് വന്ന ഒരാൾക്ക് എന്തിനു ഇഷ്ടത്തോടെ ഇത്രനാളും ഭക്ഷണം വെച്ചു കൊടുക്കണം. അമ്മ "കൊടുത്തു വെച്ചതിന്റെ"  പുണ്യം എന്നു തന്നെയാണ് അതിന് കൊടുക്കാവുന്ന ഏറ്റവും നല്ല വിശേഷണം


എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് നല്ല ഭക്ഷണത്തിലൂടെയാണ്  നല്ല ബന്ധങ്ങൾ ഉണ്ടാവുന്നത്.. കാരണം അതവർ തരുന്നത് അവരുടെ സ്നേഹം ചേർത്താണ്.. അത് നമ്മുടെ നാവിലല്ല ഹൃദയത്തിലാണ് അലിഞ്ഞു ചേരുന്നത്

കൊമരം ഭീം


ഹൈദരാബാദിലെ ഹുസ്സൈൻ സാഗറും ടാങ്ക് ബണ്ടും സന്ദർശിക്കുന്ന വേളയിൽ അവിടെ റോഡിന്റെ ഇരുവശത്തും സ്ഥാപിച്ചിട്ടുള്ള പ്രതിമകൾ ആരുടെയും കണ്ണിൽപെടും. മനോഹരമായ പുൽത്തകിടിയിൽ ഓരോ പ്രതിമയും അതിന്റ കൃത്യമായ വിവരണങ്ങളോടെയാണ് സ്ഥാപിച്ചിരിക്കുന്നത്..


അതിൽ പലപ്പോഴും എന്റെ ശ്രദ്ധ പതിഞ്ഞിട്ടുള്ള പ്രതിമയാണ് കൊമരം ഭീം എന്ന ഒരു ആദിവാസി നേതാവിന്റെ പ്രതിമ.. തെലുങ്കാന സമരത്തിനിടയ്ക്ക് മറ്റു പല പ്രതിമകളും നശിപ്പിക്കപ്പെട്ടപ്പോൾ കൊമരം ഭീമിന്റെ പ്രതിമയിൽ മാലയിട്ട് ആദരിക്കുകയാണ് സമരക്കാർ ചെയ്തത്.


അത് എന്ത് കൊണ്ടായിരിക്കും എന്ന ചോദ്യമാണ് കൊമരം ഭീമിനെക്കുറിച്ച് പഠിയ്ക്കാൻ ഇട വന്നത്


ഹൈദരാബാദ് നഗരം നിസാം ഭരണത്തിൽ അഭിവൃദ്ധിപ്പെട്ടെങ്കിലും ഉൾനാടുകളിലും ഗ്രാമപ്രദേശങ്ങളിലും ജനജീവിതം അക്കാലത്ത് ദുസ്സഹമായിരുന്നു. പ്രത്യേകിച്ചും കാടിനെയും കൃഷിയേയും ആശ്രയിച്ചു ജീവിക്കുന്ന ആദിവാസികളെ ആണ് റവന്യൂ ഉദ്യോഗസ്ഥരും വനപാലകരും ഏറെ ഉപദ്രവിച്ചിരുന്നത്... കൃഷി ചെയ്തു കിട്ടുന്ന വിളവ്‌ മുഴുവൻ നികുതിയായി ഇത്തരക്കാർ ആദിവാസികളിൽ നിന്ന് ഈടാക്കിയിരുന്നു


അത്തരത്തിൽ പീഡനം അനുഭവിച്ചിരുന്ന ഗോണ്ടി ആദിവാസി ഗോത്രത്തിൽ 1900 ഇൽ ആണ് കൊമരം ഭീം ജനിക്കുന്നത്. ചെറുപ്പം മുതൽ ഭീം കണ്ടത് ആദിവാസി ജീവിതത്തിൽ ഉദ്യോഗസ്ഥരുടെ ഇത്തരത്തിൽ ഉള്ള കടന്നു കയറ്റമാണ്


ഒരിക്കൽ നികുതിപ്പണം കൊടുക്കാൻ ഇല്ലാത്തതിന്റെ പേരിൽ ആദിവാസികൾ കൃഷി ചെയ്തുണ്ടാക്കിയതെല്ലാം ഉദ്യോഗസ്ഥർ കൊണ്ട് പോവുകയും അതിനെതിരെ സമരം ചെയ്‌ത ഭീമന്റെ അച്ഛൻ കൊലപ്പെടുകയും ചെയ്യുന്നു. അച്ഛന്റെ മരണം നേരിൽ കണ്ട ഭീം ഈ ദുരിതത്തിന് പരിഹാരം കാണും എന്ന് പ്രതിഞ്ജയെടുക്കുന്നു


പിന്നീട് ഭഗത് സിംഗിന്റെ പ്രവർത്തനങ്ങളിൽ നിന്ന് ആവേശം ഉൾക്കൊണ്ട് നിസാമിനും ജമീന്ദർമാർക്കും എതിരെഒരു ഗറില്ല മോഡൽ യുദ്ധത്തിന് ഭീം തുടക്കം കുറിക്കുന്നു.. അന്ന് ഭീം ഉയർത്തിയ മുദ്രാവാക്യമാണ് "ഭൂമി വെള്ളം കാട്".. തങ്ങൾക്കും ഇതിൽ അവകാശമുണ്ട് എന്നു ഉറക്കെ പറയാൻ ആദിവാസികൾക്ക് ധൈര്യം കൊടുത്തത് ഈ മുദ്രാവാക്യം ആയിരുന്നു.


നിസാം ഭരണത്തിന് എതിരെ ഒരു ഗറില്ല യുദ്ധം തന്നെ ഭീം പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായി പലയിടത്തും ആക്രമണങ്ങൾ ഉണ്ടായി. ഏറ്റുമുട്ടലുകൾക്കിടയിൽ ഒരു ജമീന്ദാർന്കൊല്ലപ്പെടുകയും അതിന്റെ കുറ്റം ഭീമിൽ ചാർത്തപ്പെടുകയും ചെയ്തു. തുടർന്ന് ഒളിവിൽ പോയ ഭീം അസാമിൽ എത്തുകയും അവിടെ തൊഴിലാളികൾക്കിടയിൽ പ്രവർത്തനം തുടരുകയും ചെയ്തു .അവിടെ വെച്ചു പോലീസ് പിടിയിൽ അകപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ട ഭീം പിന്നീട്‌ ജയിൽ ചാടി തൻറെ സ്വദേശമായ അസിഫാബാദിൽ എത്തുകയും ചെയ്തു


തുടർന്നാണ് അല്ലുരി സീതാരാമയ്യ എന്ന മറ്റൊരു നേതാവിനെ പരിചയപ്പെടുന്നതും നിസാം ഭരണത്തെ എതിർത്തുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ചേർന്ന് ഒരു വിശാല ഗറില്ല സഖ്യം ഉണ്ടാകുന്നതും.


നിസാം പലതരത്തിലുള്ള ഒത്തു തീർപ്പ് വ്യവസ്ഥകൾ വച്ചെങ്കിലും ഗറില്ല യുദ്ധം തുടരാൻ ആയിരുന്നു ഭീമന്റെ തീരുമാനം. 


അവസാനം കൂട്ടത്തിൽ ഒരാളുടെ ചതിയിൽപെട്ട് 1940 ഇൽ നിസാം പോലീസ് ഭീമിന്റെ കാട്ടിലുള്ള സങ്കേതം വളയുകയും ഭീമിനോട് കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.. അതിന് തന്റെ അഭിമാനം സമ്മതിക്കുന്നില്ല എന്ന് പറഞ്ഞു ഭീമും കൂട്ടരും തങ്ങളുടെ കൈവശം ഉള്ള വാളും മഴുവും ഒക്കെയായി പോലീസിനെ നേരിട്ടു. പക്ഷെ നിറ തോക്കുമായി വന്ന പോലീസിനോട് ഏറെ നേരം പിടിച്ചു നിൽക്കാൻ ഭീമനും സംഘത്തിനും കഴിഞ്ഞില്ല..അവർ എല്ലാവരും അവിടെ രക്തസാക്ഷികൾ ആവുകയും ചെയ്തു


ഭീമിന്റെ പോരാട്ടവീര്യം ഉൾക്കൊണ്ടാണ് പിൽക്കാലത്ത്  നക്സലൈറ്റ് വിഭാഗങ്ങൾ തെലുങ്കാനയിലും പരിസരത്തും രൂപം കൊള്ളുന്നത്. പിൽക്കാലത്ത് പല രക്തരൂക്ഷമായ ആക്രമണങ്ങൾ ഇത്തരം നക്സൽ ഗ്രൂപ്പുകൾ നടത്തിയിരുന്നു. ഇന്നും അത്തരം ചെറിയ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ ഇടയ്ക്കിടെ കൊല്ലപ്പെടുന്ന നക്സലൈറ്റ് പ്രവർത്തകരുടെ പേരുകൾ നോക്കിയാൽ അറിയാം അവരിൽ പലരും തെലുങ്ക് പാരമ്പര്യം ഉള്ളവരാണ്


1940 കളിൽ കൊല്ലപ്പെട്ട ഭീമന്റെ ചരിത്രം മറച്ചു പിടിക്കാൻ ആണ് നിസാമിന്റെ സർക്കാർ ശ്രമിച്ചത്. എങ്കിലും ആദിവാസികൾ ഭീമിന്റെ രക്തസാക്ഷിത്വത്തെ മറന്നില്ല..അധികാരവർഗ്ഗത്തിന് എതിരെ ഉള്ള സമരങ്ങളിൽ പോലും കൊമരം ഭീം ഒരു പ്രതീകമായി..പിന്നീട്‌ രൂപപ്പെട്ട തെലുങ്കാന സമരത്തിൽ ഭീമിന്റെ ആ പാരമ്പര്യം ആണ്  സമരക്കാർ പിന്തുടർന്നത്... അന്ന്‌ മുഴങ്ങിക്കേട്ടതും "ഭൂമി ജലം കാട്" എന്ന ഭീമന്റെ മുദ്രാവാക്യം തന്നെയായിരുന്നു


നിസാം മാറി ജനാധിപത്യ സർക്കാരുകൾ വന്നിട്ടും ഇന്നും ഗ്രാമീണ പ്രദേശങ്ങളിലും  ആദിവാസികളുടെ ജീവിതത്തിലും വലിയ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല.. നക്സൽ പ്രവർത്തനങ്ങളിൽ ഇന്നും ചിലരൊക്കെ താൽപ്പര്യം കാണിക്കുന്നതും ഉത്തരം ചൂഷണങ്ങൾ നിർബാധം തുടരുന്നത് കൊണ്ടായിരിക്കും.. ഏതായാലും സർക്കാരുകളുടെ ശക്തമായ ഇടപെടലുകൾ മൂലം നക്‌സൽ പ്രസ്ഥാനങ്ങളുടെ സ്വാധീനവും പ്രവർത്തനവും ഇന്ന് ഏറെ ശോഷിച്ചു പോയിരിക്കുന്നു എന്നത് സത്യമാണ്.. ചുരുക്കം ചിലർ ഇന്നും ആ വിപ്ലവസ്വപ്നങ്ങൾ മനസ്സിലേറി കാടുകളിൽ നിന്ന് കാടുകളിലേക്ക് സഞ്ചാരം തുടരുന്നു


രാജമൗലി കൊമരം ഭീമിന്റെയും അല്ലൂരി സീതാരാമയ്യയുടെയും കഥ രൗദ്രം  രണം രുധിരം(RRR) എന്ന പേരിൽ സിനിമ ആക്കുന്നതോടെ വീണ്ടും ഒരിക്കൽ കൂടി കൊമരം ഭീം ചർച്ച ചെയ്യപ്പെടുകയാണ്..ഭീമിന്റെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുകയാണ് അതോടൊപ്പം നിസാം ഭരണകാലം വിചാരണ ചെയ്യപ്പെടുകയും

ഇളനീർ കനവുകൾ

ഇന്ന് വീട്ടിൽ തെങ്ങുകയറ്റമായിരുന്നു. 

കയറുന്നത് ബാലേട്ടനും മറ്റൊരാളുമാണ്. എനിക്ക് ബാലേട്ടനെ ചെറുപ്പത്തിൽ കണ്ട പരിചയം ഉണ്ടെങ്കിലും മൂപ്പർക്ക് എന്നെ അത്ര പരിചയം പോരെന്ന് മൂപ്പരുടെ നോട്ടത്തിൽ നിന്ന് മനസ്സിലായി..


ഇതാണ് നാട്ടിൽ നിന്ന് കുറെ കാലം മാറി നിന്നാൽ ഉള്ള കുഴപ്പം.. ഉള്ള ബന്ധങ്ങളും പരിചയങ്ങളും പതിയെ പതിയെ നഷ്ട്ടപ്പെടും


ബാലേട്ടനും അനിയൻ വാസുട്ടിയും പണ്ട് ഞങ്ങളുടെ വീട്ടിലെ സ്ഥിരം തെങ്ങുകയറ്റക്കാർ ആയിരുന്നില്ല..അതാണ് ബാലേട്ടന് എന്നെ പിടുത്തം കിട്ടാത്തത് എന്നാണ് എന്റെ നിഗമനം.


എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ വീട്ടിലെ സ്ഥിരം തെങ്ങുകയറ്റക്കാർ ഇട്ടിക്കോരനും മൂപ്പരുടെ മക്കളായ പ്രേമേട്ടനും കുട്ടനും സത്യനും മുരനും ഒക്കെ ആയിരുന്നു


ഫോണും മൊബൈലും ഒന്നും ഇല്ലാത്ത കാലത്ത് ഇട്ടിക്കോരനെ എല്ലാ മാസവും  തെങ്ങു കയറ്റത്തിന് വിളിക്കാൻ  പോകേണ്ട ചുമതല എനിക്കായിരുന്നു. 


പൊന്നാംതോടിന്റെ വരമ്പിലൂടെ നടന്ന് കല്ലുത്തിപ്പാറയും കടന്ന് ഇട്ടിക്കോരൻ സ്റ്റേഡിയം എന്നു ഞങ്ങൾ വിളിച്ചിരുന്ന ഫുട്‌ബോൾ കളിക്കുന്ന പാടവും കടന്നു വേണം ഒരു തോടിന്റെ കരയിൽ ഉള്ള കോരന്റെ വീട്ടിലെത്താൻ. 


ഓല മേഞ്ഞ വളരെ ചെറിയ വീടായിരുന്നു കോരന്റെ. തോടിന്റെ വക്കിനോട് ചേർന്നാണ് അത് നിന്നിരുന്നത്. ആ പരിസരത്ത് മറ്റു വീടുകൾ കുറവായിരുന്നു. എങ്ങിനെയാണ് കുറെ മക്കൾ ഉള്ള ആ കുടുംബം ആ ചെറിയ വീട്ടിൽ കഴിയുന്നത് എന്ന്‌ ഞാൻ അന്നൊക്കെ ആലോചിക്കാറുണ്ടായിരുന്നു.


വൈകുന്നേരം ആണ് പോകുന്നത് എങ്കിൽ മിക്കവാറും കോരൻ ഒന്നു മിനുങ്ങാൻ പോയിക്കാണും. മൂപ്പർ തിരിച്ചു വരുന്നതും കാത്ത് ആ തോടിന്റെ കുറുകെയുള്ള ചെറിയ പാലത്തിൽ ഞാൻ ഇരിക്കും .മഴക്കാലം ആണെങ്കിൽ തോട്ടിലൂടെ പോകുന്ന മീനുകളെ നോക്കി നേരം കളയാം..വേനൽക്കാലത്ത് കൊയ്ത്ത് കഴിഞ്ഞ് ഉണങ്ങിയ പാടത്തേക്ക് നോക്കിയിരുന്നാൽ അങ്ങു പഷ്ണിപുരയുടെ മേലെ സൂര്യാസ്തമയം കാണാം


രാവിലെ ആണ് പോകുന്നത് എങ്കിൽ കോരൻ ചായ കുടിയ്ക്കാൻ ചായക്കടയിൽ പോയിക്കാണും. അപ്പോഴും നമുക്ക്‌ കാത്തിരുപ്പ് തന്നെ വിധി


അങ്ങിനെ രണ്ടോ മൂന്നോ തവണ പോയാൽ ആണ് കോരന്റെ കയ്യിൽ നിന്ന് തെങ്ങുകയറ്റത്തിന് വരുന്ന ദിവസം ഏതാണെന്ന് ഒന്ന് അറിയാൻ പറ്റൂ


ദിവസം അറിഞ്ഞാലേ തേങ്ങ പെറുക്കികൂട്ടാനുള്ള പെണ്ണിനെ ഏൽപ്പിക്കാൻ പറ്റൂ..


ചില മാസങ്ങളിൽ പച്ചോല വെട്ടും. അപ്പോൾ അത് മുടയാൻ ഉള്ള പെണ്ണുങ്ങളെ വേറെ ഏല്പിക്കണം. അന്നൊക്കെ വീട്ടിലെ ഓലമുടയൽ ചക്കമ്മേടത്തിയുടെ കുത്തകാവകാശമാണ്. ഓല കൂടുതൽ ഉള്ള മാസം ആണെങ്കിൽ മറ്റ്‌ പെണ്ണുങ്ങളും വരും. അവർ വരുന്നത്‌ ചക്കമ്മേടത്തിക്ക് അതത്ര പഥ്യം അല്ല. വാശിയോടെയാണ് അന്നൊക്കെ പെണ്ണുങ്ങളുടെ ഓലമുടയൽ..കാരണം കൂലി എത്ര ഓല മുടഞ്ഞു എന്നതിനെ ആശ്രയിച്ചാണ്. അതാണ് ചെറുപ്പക്കാരികൾ വരുന്നത് ചക്കമ്മേടത്തിക്ക് ഇഷ്ടമില്ലാത്തത്. അവർ വേഗത്തിൽ ഓലകൾ എല്ലാം മെടഞ്ഞു തീർക്കുമല്ലോ


ഇട്ടിക്കോരന്റെ കൂടെ മിക്കവാറും മക്കൾ തന്നെയാണ് തെങ്ങുകയാറാൻ വരാറ്. ചിലപ്പോൾ മക്കൾക്ക് വേറെ എവിടെയെങ്കിലും മറ്റ് തെങ്ങു കയറ്റം ഉണ്ടെങ്കിൽ  വാസുട്ടിയെ ഇട്ടിക്കോരൻ കൂടെ കൂട്ടും. 


വാസുട്ടി തെങ്ങു കയറാൻ വന്നാൽ നാട് മുഴുവൻ അറിയും.. അത്രയ്ക്ക് ഉറക്കെ ആണ് ചിരിയും സംസാരവും തമാശ പറച്ചിലും.  


തെങ്ങിന്റെ പകുതി ഉയരം മുളയുടെ ഏണി വെച്ചു കയറി ബാക്കി പകുതി കാലിൽ കയറു ചേർത്തി കെട്ടിയ തളപ്പ് ഉപയോഗിച്ചാണ് അവരുടെ കയറ്റം


ഏണിയിൽ കുറച്ചു കയറി നിന്നാണ് എല്ലാവരും കേൾക്കെ വാസുട്ടിയുടെ പ്രസംഗം. അതിൽ രാഷ്ട്രീയവും നാട്ടുവർത്തമാനവും എല്ലാം ഉണ്ടാവും


ഇടയ്ക്ക് അച്ഛനോട് പറയും


"മാഷേ ബാങ്കിൽ എനിക്കൊരു ലോക്കർ വേണം"


"എന്തിനാ വാസുട്ട്യേ നിനക്ക് ഇപ്പൊ ഒരു ലോക്കർ".. 


അച്ഛൻ ചിരിച്ചു കൊണ്ട് ചോദിക്കും.അച്ഛന് അറിയാം വാസുട്ടി പറയാൻ പോകുന്നത് എന്തെങ്കിലും തമാശ ആയിരിക്കുമെന്ന്


"അതേ ഇന്നലെ ഒരു കിലോ ചോന്ന മുളക് വാങ്ങിച്ചു അത് ഒന്നു കൊണ്ട് വെക്കാനാ.."


മുളകിന് അന്ന് റെക്കോർഡ് വില വന്ന കാലത്താണ് വാസുട്ടിയുടെ ഈ ലോക്കർ പ്രയോഗം.. മുളകിന് പകരം തക്കാളി, പരിപ്പ് ഇങ്ങനെ പലതും ഇല്ലാത്ത ലോക്കറിൽ വാസുട്ടി വെക്കാറുണ്ട്


ഇങ്ങനെ ഒന്നും രണ്ടും പറഞ്ഞു കുറെ നേരം ഏണിയിൽ നിന്ന ശേഷം ആണ് പിന്നെ ആൾ  മുകളിലേക്ക്‌ ശരവേഗത്തിൽ പോകുക. 


മുകളിൽ എത്തിയാൽ പുറത്ത് തൂക്കിയിട്ട വാളെടുത്ത് മൂത്ത കുല ഒറ്റ വെട്ടിന് താഴെയിടും. ഇളം കുല ഇടിയാതിരിക്കാൻ കയറുകൊണ്ട് കുല കെട്ടിവെക്കും. താഴെ നിന്നു നോക്കി കയർ കൊണ്ട് പോണോ എന്നൊക്കെ അവർ നിജപ്പെടുത്തിയിരിക്കും. ചിലപ്പോൾ മുള കൊണ്ടുള്ള കുറ്റിയും കൊണ്ടായിരിക്കും മുകളിലേക്ക് പോകുക. എന്നിട്ട് ഇളം കുലകൾക്ക് കുറ്റി കൊണ്ട് താങ്ങു കൊടുക്കും.


ഇതൊക്കെ ചെയ്ത് ശരവേഗത്തിൽ തന്നെ താഴെയുള്ള.ഏണിയുടെ തുഞ്ചത്ത് എത്തി തളപ്പ് കാലിൽ നിന്നൂരി തലയിൽ ഇട്ട് ഏണിയിലൂടെ താഴേക്ക് ഇറങ്ങും


താഴെ നിൽക്കുന്ന കുട്ടികളായ ഞങ്ങൾ അവർ ഇങ്ങനെ വെറും തളപ്പുമിട്ട് ആകാശം മുട്ടി നിൽക്കുന്ന തെങ്ങിൽ കയറുകയും അതിനേക്കാൾ വേഗത്തിൽ ഇറങ്ങുകയും ചെയ്യുന്നത് കാണുമ്പോൾ  വല്ലാത്ത അതിശയമായിരുന്നു


വാസുട്ടിയെ പോലെ തന്നെ ആണ് പ്രേമേട്ടനും. കുറെ തമാശകൾ പറയും. വേഗത്തിൽ കയറി ഇറങ്ങും


മിക്കവാറും ശോഭേച്ചി ആയിരിക്കും അന്നൊക്കെ തേങ്ങാ പെറുക്കിക്കൂട്ടാൻ വരുന്നത് .


തേങ്ങാ പെറുക്കാൻ വരുന്നത് പെണ്കുട്ടികൾ ആണെങ്കിൽ പിന്നെ പറയേണ്ട,  തെങ്ങുകയറ്റം കഴിയുന്നവരെ വസൂട്ടിയും പ്രേമേട്ടനും അവരെ കളിയാക്കി ഓരോന്ന് പറയലും തിരിച്ചുപറയലുമായി  തെങ്ങുകയറ്റം ഒരു ഉത്സവമാക്കിമാറ്റും


ഇട്ടിക്കോരനും താഴെ ഉള്ള മക്കളായ സത്യനും മുരനും അധികം സംസാരിക്കില്ല. അവർ മാത്രമാണ് തെങ്ങു കയറാൻ വരുന്നത് എങ്കിൽ പറമ്പിൽ തേങ്ങാ വീഴുന്ന ശബ്ദവും ഓലമടൽ വീഴുന്ന ശബ്ദവും മാത്രമേ കേൾക്കൂ..


നേരെ മറിച്ചു പ്രേമേട്ടനും കുട്ടനും വാസുട്ടിയും ഉണ്ടെങ്കിൽ തെങ്ങു കയറ്റം ഒരു ആഘോഷം തന്നെയാണ്


ഞങ്ങൾ കുട്ടികളുടെ ജോലിയാണ് വേലിപ്പൊത്തിലും കുളത്തിലും ചാലിലും തോട്ടിലും ഒക്കെ വീണ തേങ്ങ പെറുക്കി മുളംകൊട്ടയിൽ നിറച്ച് പെണ്ണുങ്ങളുടെ തലയിൽ വെച്ചു കൊടുക്കുക എന്നത്. തോട്ടിലെ കൈതമുള്ള് കൊണ്ടും വേലിയിലെ മുള്ളും പടർപ്പും കൊണ്ടും കൈയും കാലും ഒക്കെ മുറിയും. എന്നാലും അവസാന തേങ്ങയും ഓലയും കൂട്ടിയിട്ട ശേഷമേ പറമ്പിൽ നിന്ന് കയറാൻ പറ്റൂ.


അതിന് ആകെ കിട്ടുന്ന കൂലി ഒരു ഇളനീരാണ്. അത് ഏത് തെങ്ങിന്റെ വേണമെന്ന് ഞങ്ങൾ പ്രേമേട്ടനോടൊ കുട്ടനോടോ പറയും. അവർ അത് ഇട്ട് അവരുടെ കയ്യിലെ വാള് കൊണ്ടു നാലു ചെത്ത് ചെത്തി അറ്റം ഒന്ന് പൊട്ടിച്ച് വെള്ളം കുടിയ്ക്കാൻ ഉള്ള പാകത്തിന് തരും. പറമ്പിലെ കയറ്റം കഴിഞ്ഞു തൈവെപ്പിലെ കയറ്റം ഏതാണ്ട് കഴിയുമ്പോൾ ആണ് ഈ ഇളനീർ കിട്ടുക..അങ്ങിനെ ക്ഷീണിച്ചിരിക്കുമ്പോൾ കിട്ടുന്ന അതിന്റെ രുചിയും രസവും  ഒന്ന് വേറെ തന്നെയായിരുന്നു. കുടിച്ചു കഴിഞ്ഞ് തൊണ്ട് അവർക്ക് കൊടുത്താൽ അവർ അത് വാളുകൊണ്ട് വെട്ടി രണ്ടായി പൊളിച്ച് ഉള്ളിലെ കാമ്പ് വാളിന്റെ തലകൊണ്ടു ചുരണ്ടിയെടുത്ത് തരും.. എന്തൊരു രസമായിരുന്നു അതൊക്കെ കഴിക്കാൻ


തെങ്ങു കയറ്റം കഴിഞ്ഞു പറമ്പിലെ ഓലയെല്ലാം നടു ചീന്തി ഇടുന്നത് തെങ്ങുകയറ്റക്കാരുടെ ജോലി ആണ്.


പുരകെട്ടുന്ന മാസം ആണെങ്കിൽ ഓല കെട്ടാൻ വേണ്ട കൊതുമ്പ് വെട്ടേണ്ട ജോലിയും ഇവർക്കുണ്ട്. ഈ കൊതുമ്പ് ചീകി ചെറിയ വള്ളികൾ ആക്കി വെള്ളത്തിൽ ഇട്ട് കുതിർത്താണ് അന്നൊക്കെ ഓലപ്പുരകൾ കെട്ടിയിരുന്നത്


ഓലയൊക്കെ ചീന്തുമ്പോഴേക്കും തേങ്ങ പെറുക്കിക്കൂട്ടൽ കഴിഞ്ഞു കാണും


 പിന്നെ തേങ്ങയെണ്ണലാണ്


"ഒന്നേ ഒന്നേ..രണ്ടേ രണ്ടേ..മുന്നേ മുന്നേ" എന്നു  പറഞ്ഞു തെങ്ങു കയറാൻ വന്നവരിൽ രണ്ടു പേർ ഒന്നിടവിട്ട് വളരെ വേഗത്തിൽ ആണ് തേങ്ങ എണ്ണിത്തീർക്കുക.


അവർക്ക് അന്ന് കൂലി എത്ര തെങ്ങു കയറി എന്നതു കണക്കാക്കിയാണ്. അതും തേങ്ങയായാണ് കൂലി


അവരുടെ ഭാഗം തേങ്ങ എടുത്തു അതിൽ വാള് കൊണ്ട് ഒരു കൊത്തു കൊത്തി ചകിരി ഒരു പിരി എടുത്തു മറ്റൊരു തേങ്ങയുമായി കൂട്ടികെട്ടും. ഇങ്ങനെ തേങ്ങകൾ പിരിച്ചു കെട്ടി ഒരു പച്ചമടൽ വെട്ടി അതിന്റെ രണ്ടു ഭാഗത്തും തൂക്കിയിട്ട് ആ മാസത്തെ കയറ്റവും കഴിഞ്ഞ് കോരനും മക്കളും പടിയിറങ്ങി പോകും


അങ്ങനെ എത്രയോ കൊല്ലം അവർ ഞങ്ങളുടെ തെങ്ങു കയറാൻ വന്നിരിക്കുന്നു ...പച്ചമടലിന്റെ കാവിൽ രണ്ടറ്റത്തും കൊളുത്തിയിട്ട തേങ്ങയുമായി മടങ്ങിയിരിക്കുന്നു.


എല്ലാ പ്രാവശ്യവും പ്രേമേട്ടൻ പറയും


"അടുത്ത കൊല്ലം ആവുമ്പോഴേക്കും ആ പഴയ വീടൊക്കെ ഒന്ന് തട്ടി പുതിയ ഒരെണ്ണം തട്ടിക്കൂട്ടണം"


പക്ഷേ എത്രയോ വർഷം കഴിഞ്ഞിട്ടും കോരന്റെ തോട്ടു വക്കിലെ ആ ചെറിയ വീട് അങ്ങിനെ തന്നെ നിന്നു.


പിന്നെ പിന്നെ പ്രേമേട്ടൻ ഞങ്ങളുടെ വീട്ടിൽ വരാതെയായി


കോരൻ മരിച്ചു


കുട്ടനും സത്യനും മുരളിയുമായി ആസ്ഥാന തെങ്ങു കയറ്റക്കാർ.


ഒരു പാട് തമാശകൾ പറയുമായിരുന്നു കുട്ടൻ..എത്രയോ ഉയരമുള്ള തെങ്ങുകളിൽ അനായാസം കയറുകയും ഇറങ്ങുകയും ചെയ്യുന്ന കുട്ടനെ തെങ്ങു ഒരിക്കലും ചതിച്ചില്ല..പക്ഷെ ഒരു ദിവസം രാത്രി ഏതോ  ഒരു വീട്ടിലെ കല്യാണത്തലേന്ന് പോയി വരുന്ന വഴി കൈവരി ഇല്ലാത്ത പാലത്തിൽ നിന്ന് വീണ് കുട്ടന് നട്ടെല്ലിന് പരിക്കേറ്റു. ആ അപകടത്തെ തുടർന്ന് കുട്ടൻ അരയ്ക്ക് താഴെ തളർന്ന് കിടപ്പായി. 


ആ തോടിന്റെ കരയിലെ കൊച്ചു വീട്ടിൽ കുട്ടനെ കാണാൻ ഞാനും അച്ഛനും ചെന്നു.. അരയ്ക്ക് താഴെ തളർന്നെങ്കിലും കുട്ടൻ കുറെ സംസാരിച്ചു.. ചിരിച്ചു..എന്നെങ്കിലും എഴുന്നേറ്റ് നടക്കാൻ സാധിക്കും എന്ന് ആശ പ്രകടിപ്പിച്ചു..


ഒരു പക്ഷെ അന്നായിരിക്കും ഞാൻ അവസാനമായി കോരന്റെ വീട്ടിൽ പോയത്


ഇന്ന് തെങ്ങു കയറ്റത്തിന് പഴയ ആവേശമില്ല. തേങ്ങാ പെറുക്കി കൂട്ടുന്നത്  പെണ്കുട്ടികളല്ല.. പകരം ബംഗാളികൾ ആണ്..തെങ്ങു കയറുമ്പോൾ തമാശ പറയാൻ വാസുട്ടിയും ഇന്ന് ജീവിച്ചിരിപ്പില്ല..


തെങ്ങു കയറ്റത്തിന് ഇന്ന് കൂലി രൂപയാണ് തേങ്ങാ അല്ല. മറ്റേത് ജോലിയേക്കാൾ വരുമാനം ഉണ്ട് ഒരു തെങ്ങുകയറ്റക്കാരന്.. പക്ഷെ അതിനൊത്ത ജീവിത നിലവാരം ഇന്നും അവർക്കില്ല..


ജീവിതയാത്രയിൽ ചിറക് തളർന്ന് പാതിവഴിയിൽ  അവരിൽ പലരും  വീണു പോകുന്നു...അവരുടെ ചിരികളും വാക്കും തമാശകളും ഒഴിഞ്ഞ് ആ പഴയ തെങ്ങിൻ തോപ്പുകൾ നിശബ്ദത സാക്ഷികളായി ഇന്നും നിൽക്കുന്നു


#SanthoshNarayanan

ഒരു ഏകാദശിക്കാലത്ത്


ഗുരുവാകാദശിയുടെ ഒരുക്കങ്ങളിൽ ആണ് ഇപ്പോൾ ഗുരുവായൂരും പരിസരവും. ഗുരുവായൂർ അമ്പലവും പരിസരവും ഏറ്റവും മനോഹരമായി കാണുന്നതും ഈ കാലത്താണ്. അയ്യപ്പഭക്തരും കച്ചവടക്കാരും മറ്റു വഴിവാണിഭക്കാരും നാട്ടുകാരും എല്ലാം ഈ ദിവസങ്ങളിൽ ഗുരുവായൂരിലേക്ക് ഒഴുകും.

അമ്പലവും പരിസരവും  ചുറ്റുമുള്ള കടകളും ഹോട്ടലുകളും എല്ലാം വെള്ളി വെളിച്ചത്തിൽ കുളിച്ചു നിൽക്കും 


കുട്ടിക്കാലത്ത് ഗുരുവായൂർ ഏകാദശി എന്ന് വെച്ചാൽ ഞങ്ങൾക്ക് മറ്റൊരു പൂര ദിവസം പോലെ ആണ് . ഗുരുവായൂരും പരിസരങ്ങളിൽ ഉള്ള എല്ലാവരും അന്ന് വൈകീട്ട് ഗുരുവായൂർക്ക് വെച്ച് പിടിക്കും 


അതിനും മുൻപ് മറ്റൊരു ചടങ്ങ് ഉണ്ട് വീടുകളിൽ . ഏകാദശി നോൽക്കൽ .ഏകാദശി നോൽക്കൽ എന്ന് പറഞ്ഞാൽ  ഒരു നേരം മാത്രം ഭക്ഷണം കഴിച്ചു ഭഗവാനെ ധ്യാനിച്ച് ഉപവസിക്കുക എന്നതാണ് അർത്ഥമാക്കുന്നത്. പക്ഷെ നാട്ടിൻ പുറങ്ങളിൽ ഏകാദശി നോൽക്കൽ എന്ന് പറഞ്ഞാൽ അരിഭക്ഷണം ഒഴിവാക്കുക  എന്നാണ് അർത്ഥം . എന്ന് വെച്ചാൽ അരി ഇല്ലാത്ത എന്തും ആവശ്യം പോലെ കഴിക്കാം എന്ന് വ്യാഖ്യാനം!


ഇതൊക്കെ ആരാണ് ഇങ്ങനെ  വളച്ചൊടിക്കുന്നത് എന്നറിയില്ല .  ഏതായാലും ഏകാദശിക്കാലത്ത് പച്ചക്കറിക്കടകളിൽ  ചേമ്പ്  കാവത്ത്(കാച്ചിൽ )  തുടങ്ങിയ പച്ചക്കറികൾ ധാരാളമായി വരും. ചിലരൊക്കെ ഏകാദശിക്കാലത്തു  പറിയ്ക്കാൻ പാകത്തിൽ ഇതൊക്കെ വീട്ടിൽ വളർത്തുകയും ചെയ്യും 


അങ്ങിനെ ഒരു ഏകാദശി ദിവസം ഞങ്ങൾ കുട്ടികൾ എല്ലാവരും ഏകാദശി വൃതം എടുക്കാൻ തീരുമാനിച്ചു.


കാലത്തു തന്നെ  കുളി കഴിഞ്ഞു വന്നു ഒരു ലോഡ് ഉപ്പുമാവ് (റവ  പിന്നെ അരിഭക്ഷണം  അല്ലല്ലോ!  ) കൂടെ അത് അന്നനാളത്തിലൂടെ ഇറങ്ങാൻ  സഹായത്തിന്  കൂടെ ആവശ്യം പോലെ പഴം . ഇതൊക്കെ കഴിച്ചാണ് ഞങ്ങളുടെ ഏകാദശി വൃതം ആരംഭിക്കുന്നത് .


അപ്പുറത്തു പാപ്പൻ തെങ്ങു കയറാൻ വരുന്ന പ്രേമേട്ടനെകൊണ്ട് ഒരു കുല ഇളനീർ ഇട്ട് വെപ്പിച്ചിട്ടുണ്ട്. ഏകാദശി സ്പെഷ്യൽ  . ഇടയ്ക്കിടെ പാപ്പന്റെ വീട്ടിൽ പോയി ഞങ്ങൾ ഓരോ ഇളനീർ കഴിച്ചു ക്ഷീണം മാറ്റും. പിന്നെ ഓരോ നേന്ത്രപ്പഴവും 


ഏതാണ്ട് പതിനൊന്ന് മണിയോടെ  കാവത്ത്  പുഴുക്ക് റെഡി ആയി എന്ന് അമ്മ അറിയിക്കും . പിന്നെ അതുമായി ഒരു മല്പിടുത്തമാണ് . ഒരു പാത്രം പുഴുക്ക് കഴിച്ച്‌  ക്ഷീണം മാറും മുൻപ് ഉച്ചക്കുള്ള ഗോതമ്പു കഞ്ഞിയും ചേമ്പുകറിയും റെഡി ആവും.  


ഒരു ചെയ്ഞ്ച് ആർക്കാണ് ഇഷ്ടമില്ലാത്തത് . ഗോതമ്പു കഞ്ഞി എങ്കിൽ ഗോതമ്പു കഞ്ഞി. അതും പരമാവധി കഴിക്കും  


അങ്ങിനെ അരി ഭക്ഷണം കഴിക്കാൻ പാടില്ല എന്ന  ദുർബലമായ വാദത്തിന്റെ മറവിൽ സാധാരണ കഴിക്കുന്നതിനേക്കാൾ രണ്ടിരട്ടി ഭക്ഷണം ഏകാദശി  ദിവസം ഞങ്ങൾ കഴിക്കുമായിരുന്നു!


(അരിയും ഗോതമ്പും  റവയും ചേമ്പും കാവത്തും എല്ലാ  കാർബോഹൈഡ്രേറ്റ് ആണെന്നുള്ള ബൂർഷാ തിയറിയൊക്കെ ഇന്ന് വന്നതല്ലേ! കോർപ്പറേറ്റുകൾക്ക് മരുന്നും മറ്റും വിൽക്കാൻ ഉള്ള ഓരോ കണ്ടുപിടുത്തങ്ങൾ! തനതു കാർഷിക വിഭവങ്ങളായ ചേമ്പും കാവത്തും മലയാളിയുടെ തീൻമേശയിൽ നിന്ന് മാറ്റാനുള്ള കുത്ശ്രിത ശ്രമങ്ങൾ ആയി ഞങ്ങൾ അതിനെ തള്ളിക്കളയുന്നു)


ഇതൊക്കെ കഴിഞ്ഞാണ് ഏകാദശി കാണാൻ ഗുരുവായൂർക്ക് പോകുന്നത് .  കൂട്ടത്തിൽ മുതിർന്ന കുട്ടികളുടെ കൂടെ  മറ്റു കുട്ടികളും ചേർന്നൊരു പോക്കാണ് . ബസ്സിൽ ഒക്കെ നല്ല തിരക്കായിരിക്കും . അപ്പോൾ ചിലപ്പോൾ ഗുരുവായൂർ വരെ നടക്കും . അന്നൊക്കെ അങ്ങിനെ നടന്നു പോകാൻ ഒരു വിഷമവും തോന്നിയിരുന്നില്ല .


ചൊവല്ലൂർ പടിയും കടന്ന് തിരിവും കഴിഞ്ഞ് കൊളാടിപടി എത്തുമ്പോഴേക്കും തിരക്ക് കൂടി തുടങ്ങും . ബസ്സിലും കാറിലും നടന്നുമായി ജനങ്ങൾ ഗുരുവായൂരിലേക്ക് ഒഴുകുന്നുണ്ടാവും 


ഗുരുവായൂർ ഏകാദശി എന്ന് വെച്ചാൽ കരിമ്പും പൊരിയും തമിഴ് മുറുക്കും ഒക്കെയാണ് . അന്നും ഇന്നും.


കൊളാടിപ്പടി മുതൽ റോഡിൻറെ രണ്ടു വശത്തും കരിമ്പ് കച്ചവടക്കാർ നിറഞ്ഞിരിക്കും . അവരുടെ ഇടയിലൂടെ നടന്ന് മഞ്ജുളാലും കടന്ന് പോകുമ്പോൾ ഇടതു വശത്തുള്ള ഗ്രൗണ്ടിൽ വലിയ ആരവം കേൾക്കാം . അവിടെയാണ് യന്ത്ര ഊഞ്ഞാലും മാജിക് ഷോയും പിന്നെ ഏകാദശിയുടെ സ്പെഷ്യൽ ആയ മരണക്കിണറും ഒക്കെ സെറ്റ് ചെയ്തിട്ടുണ്ടാവുക 


എന്താണ് ഗുരുവായൂർ ഏകാദശിക്ക് അമ്പലത്തിൽ നടക്കുന്നത് എന്നൊന്നും ഞങ്ങൾക്ക് അന്ന് അറിയില്ല . ഞങ്ങളെപ്പോലെ തന്നെ  ഏകാദശി കാണാൻ വരുന്നവരിൽ ഭൂരിഭാഗവും അമ്പലത്തിലെ ചടങ്ങുകൾ കാണുകയോ അമ്പലത്തിൽ കയറുകയോ ചെയ്യാറില്ല . ഈ ജനത്തിരക്കിൽ കിഴേക്ക നടമുതൽ പടിഞ്ഞാറേ നട വരെ  അമ്പലക്കുളം ചുറ്റി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നവർ ആണ് അധികവും. ആൾക്കാരെ കാണാനും പരിചയം പുതുക്കാനും ഏകാദശി ദിവസം ഗുരുവായൂർക്ക് വരുന്നവരും ഉണ്ട് . കാരണം ഗുരുവായൂരും പരിസരങ്ങളിലും ഉള്ള മിക്കവാറും എല്ലാവരും അന്ന് ഗുരുവായൂരിലെ ഏതെങ്കിലും വഴികളിൽ വെച്ച് തമ്മിൽ തമ്മിൽ കണ്ടു മുട്ടും 


അന്നൊക്ക എന്താണ് ഏകാദശി എന്ന് ചോദിച്ചാൽ കൃത്യമായി ഉത്തരം ആർക്കും അറിയില്ലായിരുന്നു . എല്ലാവരും  മറ്റുള്ളവരെപ്പോലെ അവിടെ വരികയും അമ്പലത്തിന്റെ ചുറ്റുമുള്ള വഴികളിലൂടെ കാഴ്ചകൾ കണ്ടും  സാധനങ്ങൾ വാങ്ങിയും പുലർച്ച വരെ അങ്ങോട്ടും ഇങ്ങോട്ടും നടന്നും സമയം കളയാൻ വരുന്നവർ ആയിരുന്നു . കിഴക്കേ നടയിലെ മഞ്ജുളാൽ മുതൽ പടിഞ്ഞാറേ നട വരെയും തെക്കേ നടയിലുള്ള കേശവന്റെ പ്രതിമ മുതൽ വടക്കേ നടയിലെ മമ്മിയൂർ അമ്പലം വരെയുമുള്ള എല്ലാ വഴികളും അന്ന് നിറഞ്ഞു കവിഞ്ഞിരിക്കും . കടകൾ ഒന്നും അന്ന് രാത്രി അടയ്ക്കില്ല . നേരം പുലരുന്ന വരെ ജനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും എന്തിനെന്നില്ലാതെ നടക്കുന്നതാണ് ഏകാദശി എന്നാണ് ഞാൻ അന്നൊക്കെ ധരിച്ചു വെച്ചിരുന്നത് 


ഞങ്ങൾ കുട്ടികൾ പോയിരുന്നത് യന്ത്ര ഊഞ്ഞാലിൽ ഇരിക്കാനും, മാജിക് ഷോ കാണാനും , മരണക്കിണർ കാണാനും ഒക്കെയായിരുന്നു.


മരണക്കിണർ അന്ന് എല്ലാവര്ക്കും ഏറെ ഇഷ്ടമുള്ള കാര്യമാണ് . ശ്വാസം പിടിച്ചേ ആ കാഴ്ച കാണാനാവൂ . കാണാനുള്ള ആൾക്കാർ വൃത്താകൃതിയിൽ  മരത്തട്ട് കൊണ്ട് ഉണ്ടാക്കിയ  സ്ഥലത്തു കയറി നിൽക്കണം . അതിന്റെ നടുക്കാണ് കിണർ പോലെ ഒരു സ്ഥലം . അതിന്റെ വശങ്ങൾ മരപ്പലകകൾ വെച്ച് ആണ് ഉണ്ടാക്കുക  . ഏതാണ്ട് കുത്തനെ നിൽക്കുന്ന മരപ്പലകകളിലൂടെ രണ്ടു ബൈക്കിൽ ആൾക്കാർ ചീറിപ്പാഞ്ഞു പോകുന്നതാണ് മരണക്കിണർ . അവർ ഇപ്പോൾ തമ്മിൽ തമ്മിൽ ഇടിച്ചേക്കാം എന്ന് നമ്മൾ കരുതും . ചാഞ്ഞും ചരിഞ്ഞും  പരസ്പരം വെട്ടിച്ചും മിന്നൽ പോലെ രണ്ടു ബൈക്കുകളും കുറെ നേരം അതിൽ കറങ്ങും. ചിലപ്പോൾ ഒരു കാറും രണ്ടു ബൈക്കും ഉണ്ടാവും. അവർ ഓട്ടം നിർത്തി കിണറിന്റെ അടിയിലെ പരന്ന  സ്ഥലത്തു വണ്ടികൾ കൊണ്ട്  വന്നു നിർത്തുമ്പോൾ കാണുന്നവരിൽ നിന്ന് ഒരു നിശ്വാസം ഉയരും . ആർക്കും ഒന്നും സംഭവിച്ചില്ലലോ എന്നോർത്ത്.


ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ എത്ര ദുർഘടം പിടിച്ച ജോലികളും മനുഷ്യൻ ചെയ്യും എന്നതിന്റെ ഏറ്റവും വലിയ  ഉദാഹരണമാണ് മരണക്കിണർ . പല സ്ഥലങ്ങളിലും ഇത്തരം ഓട്ടത്തിനിടയിൽ അപകടങ്ങൾ സംഭവിക്കുകയും  വണ്ടി ഓടിക്കുന്നവർക്ക് മരണം വരെ സംഭവിച്ചിട്ടുമുണ്ട് 


എങ്കിലും  കുറച്ചു കൊല്ലങ്ങൾക്ക് മുൻപ് വരെ  വരെ ഗുരുവായൂരിൽ ഏകാദശിക്ക് മരണക്കിണർ നടത്തുന്ന സംഘങ്ങൾ എത്തിയിരുന്നു 


പിന്നെ ഉള്ളത് മാജിക് ആണ്. ഇന്നാലോചിക്കുമ്പോൾ നിസ്സാരമായി തോന്നാമെങ്കിലും അന്ന് കാലത്തു അതൊക്കെ കാണാൻ  വലിയ തിരക്കായിരുന്നു 


വീട്ടിൽ നിന്ന് കിട്ടിയ പൈസക്ക് ഇതൊക്കെ കണ്ട് ബാക്കി ഉള്ളതിന് കരിമ്പും പൊരിയും മുറുക്കും വാങ്ങി പുലർച്ചയോടെ ഞങ്ങൾ  വീണ്ടും തിരികെ നടക്കും . പോകുമ്പോൾ ഉള്ള ഉഷാർ തിരിച്ചു വരുമ്പോൾ ഉണ്ടാവില്ല . ഇതിനിടെ പൊരിയും മറ്റു അരി ഭക്ഷണങ്ങളും കഴിച്ചു ഞങ്ങളുടെ ഏകാദശി വൃതം പാതിവഴി മുറിഞ്ഞു കാണും . അതിൽ വലിയ കുറ്റബോധം ഒന്നും ഇല്ലാതെ ചിരിച്ചും കളിച്ചും ഞങ്ങൾ പുലർച്ചയോടെ വീട്ടിലെത്തും.


കൃത്യമായി ഏകാദശി നോറ്റ്  പിറ്റേന്ന് പുലർച്ചെ അമ്പലത്തിൽ പോയി ദ്വാദശി പണം വഴിപാടായി ഇട്ടിരുന്നത് അന്ന് വീട്ടിൽ പാപ്പൻ മാത്രമായിരുന്നു . മറ്റുള്ളവർക്കെല്ലാം ഏകാദശി വെറും ഒരു ആഘോഷം മാത്രമായിരുന്നു 


എന്താണ് ഗുരുവായൂർ ഏകാദശിയുടെ പ്രസക്തി എന്നൊക്ക മനസ്സിലാക്കിയത് പിന്നീടായിരുന്നു 


ഭഗവാൻ ഗീതോപദേശം നൽകിയ ദിവസമാണിത്. 


ദേവഗുരു ബൃഹസ്പതിയും വായുദേവനും അഞ്ജനശിലയിൽ തീർത്ത  വിഗ്രഹം സ്ഥാപിച്ച ഇടം  ആണ് ഗുരുവായൂർ. 


വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത് . അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കപ്പെടുന്നു


ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. ദശമി ദിവസവും ദ്വാദശി ദിവസവും ഒരു നേരം (പകൽ) ആഹാരം കഴിക്കാം. മഹാവിഷ്ണു  ദേവീദേവന്മാരോടൊപ്പം ഗുരുവായൂർക്കെഴുന്നെള്ളുന്ന ദിനമാണിതെന്നാണ് വിശ്വാസം . അന്നേദിവസം ക്ഷേത്രത്തിൽ എത്താൻ കഴിയുന്നതുപോലും സുകൃതമാണ്.


ഏകാദശീ വ്രതകാലയളവിലെ ഏറ്റവും  പ്രധാനപ്പെട്ട മുഹൂർത്തമാണ് ഹരിവാസരസമയം. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയമാണിത്. വ്രതമനുഷ്ഠിക്കുന്നവർ ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്.ഭഗവൽ സാന്നിധ്യം ഏറ്റവും കൂടുതലായുള്ള ഹരിവാസരസമയത്ത് പൂർണ ഉപവാസമനുഷ്ഠിക്കുന്നത് അത്യുത്തമം


ഗുരുവായൂർ ഏകാദശി ദിവസം ഗുരുവായൂർ കേശവൻ അനുസ്മരണം നടക്കുന്നത് . 1976 ഡിസംബർ രണ്ടാം തിയ്യതി ഏകാദശി ദിവസം ആണ് ഗുരുവായൂർ കേശവൻ മരണപ്പെടുന്നത് . അതിന്റെ അനുസ്മരണ ദിവസം കൂടിയാണ്  ഏകാദശി . അന്നേ ദിവസം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന്  ആനകൾ ഘോഷയാത്രയായി വന്ന് തെക്കേ നടയിലെ കേശവന്റെ പ്രതിമയിൽ മാല ചാർത്തി കേശവന് ആദരം അർപ്പിക്കും  . ചെമ്പൈ സംഗീതോത്സവത്തിൽ  ഭഗവാന് സംഗീതാർച്ചന നടത്താൻ രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ നിന്ന്  സംഗീത വിദ്വാന്മാർ ഗുരുവായൂർ വരുന്നതും ഈ കാലത്താണ് . 


അങ്ങിനെ എല്ലാം കൊണ്ടും  ശുഭകരമായ ഒരു ദിവസമാണ് ഏകാദശി . 


ഇതൊന്നും അറിയാതെ എത്രയോ ഏകാദശിക്ക് ഞങ്ങൾ പോയിരിക്കുന്നു. അന്നൊക്കെ ഞങ്ങളുടെ വിചാരം ഇങ്ങനെ തോന്നിയ പോലെ അലഞ്ഞു തിരിഞ്ഞു നടക്കുന്നതാണ് യഥാർത്ഥ ഏകാദശി എന്നായിരുന്നു 


ഇന്നും  ഏകാദശിക്കാലത്തു ഒരു പാട് പേർ ഗുരുവായൂർക്ക് പോകുന്നുണ്ടാവും അന്ന് ഞങ്ങൾ പോയപോലെ ഒരു കഥയും അറിയാതെ അവിടെ പോയി കാഴ്ചകൾ കണ്ടു മടങ്ങുന്നവർ ഇന്നും ഉണ്ടാവാം


#SanthoshNarayanan

വരയിലെ വാക്കുകൾ


"പൂമരങ്ങൾ തണൽ വിരിച്ച പാതകൾ"  എന്ന എന്റെ  പുസ്തകത്തിലെ കുറെ കഥകളിൽ പരാമർശിക്കപ്പെടുന്ന സ്ഥലമാണ് ശങ്കരംകുളം പീടിക സെന്റർ അഥവാ ഞങ്ങളുടെ  നാട്ടു ഭാഷയിൽ പറഞ്ഞാൽ "പീടിയ സെന്റർ" . 


ഒരു സംശയം  എനിക്ക് ഉണ്ടായിരുന്നു. പുസ്തകം വായിക്കുമ്പോൾ കണ്ടാണശ്ശേരിയിലെ പുതുതലമുറയും കണ്ടാണശ്ശേരിക്ക് പുറത്തുള്ളവരും എങ്ങിനെയായിരിക്കും ആ പീടിക സെന്ററിനെ ഭാവനയിൽ കാണുക എന്നത് . കാരണം ആ പീടിക സെന്റർ ഇന്ന് ഏറെ മാറിയിരിക്കുന്നു . പണ്ടത്തെ അവശേഷിപ്പുകൾ ഒന്നും തന്നെയില്ല, ചുരുക്കം ചില ആൾക്കാർ ഒഴികെ പഴയകാലത്തെ ഓർമിപ്പിക്കുന്ന ഒന്നും ഇന്നവിടെയില്ല . ആ പഴയ പീടിക സെന്ററിന്റെ ഒരു ചിത്രം  പുസ്തകത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു . 


പുസ്തകം ഇറങ്ങി രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ ആണ് സൃഹൃത്തും നാട്ടുകാരനുമായ ആർട്ടിസ്റ്റ് ജയൻ ബാലൻ   ആ പീടിക സെന്ററിന്റെ പഴകാലം ഗ്രാഫിക്കലായി ഡിസൈൻ ചെയ്ത് പുറത്തിറക്കുന്നത്.


ജയൻ ഈ ചിത്രങ്ങൾ വരച്ചിരിക്കുന്നത് ലൈൻ ഡ്രോയിങ് പേപ്പറിൽ സ്കെച്ച് ചെയ്ത്  പിന്നെ  Adobe Illustrator , photoshop  തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ്. ഏതാണ്ട് ഒരു മാസത്തെ കഠിന പരിശ്രമത്തിന് ഒടുവിലാണ്  ആ പഴയകാലത്തെ ജയൻ പുനർജനിപ്പിച്ചെടുത്തിരിക്കുന്നത്  


അത് കണ്ടപ്പോൾ ഒരു പാട്  സന്തോഷം തോന്നി അതോടൊപ്പം അതിശയവും . എത്ര ചെറിയ ചെറിയ കാര്യങ്ങൾ വരെ ജയൻ  ഓർമയിൽ സൂക്ഷിച്ചിരിക്കുന്നു. ഓരോ കടയുടേയും ഏറ്റവും സൂക്ഷ്മമായ പ്രത്യേകതകൾ വരെ അതിൽ  ഒപ്പിയെടുത്തു ചേർത്തിരിക്കുന്നു . ഒരു പക്ഷേ അന്നത്തെ ഞങ്ങളുടെ തലമുറയിൽപ്പെട്ട എല്ലാവർക്കും ആ പീടിക സെന്റർ ഒരു വികാരമായിരുന്നു , ഒരേ വികാരമായിരുന്നു എന്ന് വേണം കരുതാൻ  


അതിൽ ഇന്നത്തെ തലമുറയ്ക്ക് ഒട്ടും സങ്കൽപ്പിക്കാൻ കഴിയാത്ത സ്ഥലത്തു ഒരു കട ഉണ്ടായിരുന്നു . മറ്റു കടകളിൽ നിന്ന് മാറി ഒറ്റപ്പെട്ട് നിന്നിരുന്ന ഗംഗാധരേട്ടന്റെ പലചരക്ക് കട. ഓലമേഞ്ഞ ഒരു പീടിക  . പീടിക സെന്ററിൽ നിന്ന് ബസ്റ്റോപ്പിലേക്ക് പോകുന്ന  ആ വഴിയുടെ തുടക്കത്തിൽ ആയിരുന്നു ആ കട . ഇന്നവിടെ അതിന്റെ ശേഷിപ്പുകൾ ഒന്നും തന്നെയില്ല.


ഗംഗാധരേട്ടന്റെ മകൻ ദിനേശേട്ടൻ ആണ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായി പലചരക്ക് സാധനങ്ങൾ പത്രകടലാസ്സ് ഉപയോഗിച്ച് പൊതിഞ്ഞിരുന്നത് . രണ്ടു കിലോ പഞ്ചസാര വരെ മൂപ്പർ പഴയ പത്രക്കടലാസ് വെച്ച് മനോഹരമായി  പൊതിഞ്ഞെടുക്കും . അടിയിൽ പൊട്ടാതിരിക്കാൻ ഒരു എക്സ്ട്രാ പേപ്പർ വെക്കുന്ന സ്വഭാവം മൂപ്പർക്കുണ്ടായിരുന്നു . കടലാസ്സ് മടക്കി ഒരു പ്രത്യേക രീതിയിൽ പിടിച്ച് അതിലേക്ക് തൂക്കി വെച്ച സാധനങ്ങൾ നിറച്ചശേഷം കാൽ ഉള്ളിയോ മറ്റു വലിയ സാധനങ്ങളോ  വെച്ച ചാക്കിന്റെ പുറത്ത് കയറ്റി വെച്ച്  ഒരു പൊതി ഒരു മടക്കൽ ഉണ്ട് . പിന്നെ മുകളിൽ തൂക്കിയിട്ട ചാക്കുനൂലിന്റെ കെട്ടിൽ നിന്ന് താഴേക്ക് നീണ്ടു കിടക്കുന്ന നൂലിന്റെ അറ്റമെടുത്തു പൊതിയുടെ നാല് വശത്തുകൂടെ കെട്ടി ഒന്ന് തിരുപ്പിച്ച്‌ നൂൽ പൊട്ടിച്ചെടുക്കും. എത്ര അനായാസമായിട്ടാണ് മൂപ്പർ അതൊക്കെ ചെയ്തിരുന്നത്( സുജി ആണ് ദിനേശേട്ടന്റെ ആ പൊതിച്ചിൽ എന്നെ ഓർമിപ്പിച്ചത് ) . ആ പൊതി നമ്മൾ എത്ര അലക്ഷ്യമായി പിടിച്ചാലും  ഒരു തരി പോലും പഞ്ചസാര പുറത്തു പോകില്ല. വളരെ അപൂർവമായേ അത്ര മനോഹരമായി സാധനങ്ങൾ പൊതിഞ്ഞു തരുന്നവരെ കണ്ടിട്ടുള്ളു .. ഇതൊക്കെ പ്ലാസ്റ്റിക് കവർ വരുന്നതിനു മുൻപുള്ള കാലമാണ്. ഇന്ന് കാലത്ത് ഇങ്ങനെ ഒക്കെ പത്രങ്ങളിൽ പൊതിഞ്ഞു കൊടുക്കുന്ന കടകൾ കാണാൻ കഴിയും എന്ന് തോന്നുന്നില്ല. 


ആ കടയോട് ചേർന്ന് മീൻ വിൽക്കുന്ന അബ്ദുള്ളകുട്ടിയാപ്ലയ്ക്ക് ഒരു കടമുറി ഉണ്ടായിരുന്നു . പച്ചമത്സ്യം വില്പനയ്ക്ക് ശേഷം ബാക്കി വരുന്നത് അതിൽ ഉണക്കി സൂക്ഷിച്ചിരുന്നു . ജയന്റെ ചിത്രത്തിൽ ആ മുറിയും കാണാം  


ഗംഗാധരേട്ടന്റെ കട കഴിഞ്ഞാൽ പിന്നെ ഉള്ളത് ദാമോദരേട്ടന്റെ കടയും ചായക്കടയും നിൽക്കുന്ന ബിൽഡിംഗ് ആയിരുന്നു . ഇന്നത്തെ കോവിലൻ റോഡിൽ . ഇന്നും അവിടെ പുതിയ രണ്ടു കടമുറികൾ ഉണ്ടെങ്കിലും പഴയ ബിൽഡിംഗ് മൊത്തം പൊളിച്ചു പോയിരിക്കുന്നു .


ഗംഗാധരേട്ടന്റെയും ദാമോദരേട്ടന്റെയും കടകൾക്ക്  പുറമെ ഒരു ചെറിയ കട കൂടി അവിടെ ഉണ്ടായിരുന്നു. കട എന്ന് പറയാൻ പറ്റില്ല ..ഒരു തട്ട്  .പകൽ മുഴുവൻ സൈക്കിളിൽ ചുറ്റി മീൻ വിറ്റശേഷം അബ്ദുള്ളകുട്ടിയാപ്ലയും മകൻ ബഷീറും  തിരിച്ചു വന്നു ബാക്കി ഉള്ള മീൻ വിൽക്കാൻ വെച്ചിരുന്നത് ആ തട്ടിൽ ആയിരുന്നു . ചിലപ്പോൾ ഉച്ചയ്ക്കും നല്ല സീസൺ ആണെങ്കിൽ വൈകീട്ടും അവിടെ മീൻ കിട്ടുമായിരുന്നു.  


ചില കർക്കിടക സംക്രാന്തിക്ക് സെന്ററിൽ പോർക്കിറച്ചി കിട്ടാറുണ്ടായിരുന്നു . വാഴവിൽ പൂരത്തിന്റെ അന്ന് നല്ല മത്സ്യവും. 


എനിക്ക് തോന്നുന്നത്  ആ കടകൾ ആയിരുന്നു കണ്ടാണശ്ശേരിയുടെ  ജീവനാഡിയെന്നാണ്  . എന്തിനും ഏതിനും ആൾക്കാർ വന്നിരുന്നത്  അവിടേയ്ക്കായിരുന്നു . ഇന്നത്തെപ്പോലെ ബസ്‌സ്റ്റോപ്പിന്റെ അവിടെ അന്ന്  കടകൾ ഒന്നും തന്നെയില്ല. ചായകുടിക്കാൻ മുതൽ മുടി വെട്ടാൻ വരെ ആ പീടിക സെന്ററിൽ തന്നെ വരണമായിരുന്നു കണ്ടാണശ്ശേരി തെക്കുമുറിക്കാർക്ക്. വല്ല പൂരത്തിനും മറ്റു വിശേഷ ദിവസങ്ങൾക്കും മാത്രമേ ആൾക്കാർ ചൊവ്വല്ലൂർപടിയെ ആശ്രയിച്ചിരുന്നുള്ളൂ 


അവിടുത്തെ സംഭവ വികാസങ്ങളുടെ കേന്ദ്ര ബിന്ദു ദാമോദരേട്ടന്റെ പലചരക്ക് കടയായിരുന്നു . അവിടെ ആണ് അന്നത്തെ രാഷ്ട്രീയ ചർച്ചകൾ നടന്നിരുന്നത് . എന്റെ ഫുട്ബോൾ ടൂർണമെന്റ് എന്ന കഥയിൽ പറയും പോലെ  ഓരോ ദിവസത്തെ കളിയുടെ അവലോകനവും വരാൻ പോകുന്ന കളികളുടെ സാധ്യതകളും അവിടെ കൂലംകുഷമായി ചർച്ച ചെയ്യപ്പെട്ടിരുന്നു . ഫുട്ബോൾ മാത്രമല്ല ഈ ലോകത്തു നടക്കുന്ന ഏതു സംഭവവികാസവും അവിടെ ചർച്ചക്കെടുക്കും . വരുന്നവരും പോകുന്നവരും അതിൽ പങ്കെടുക്കും . അതൊക്കെ കേട്ട്  തലകുലുക്കിയുള്ള  ദാമോദരേട്ടന്റെ ഉറക്കെയുള്ള   ചിരി അന്നൊക്കെ അവിടെ മുഴങ്ങി കേൾക്കാമായിരുന്നു 


അന്ന് അവിടെ കേരളശബ്ദം വാരിക  സ്ഥിരമായി വന്നിരുന്നു. അതിലെ ഡൽഹി രാഷ്ട്രീയ വിശേഷങ്ങൾ പോസ്റ്റുമാൻ കൃഷ്‌ണൻ ഇരുന്നു ഉറക്കെ വായിച്ചിരുന്നത് ഇന്നും എനിക്കോർമ്മയുണ്ട്‌  


"രാജീവും ആർ കെ ധവാനും തമ്മിൽ അഭിപ്രായ ഭിന്നത"  


ഇന്ദിര ഗാന്ധി മരിക്കുന്നതു വരെ അവരുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആയിരുന്ന ആർ കെ ധവാനും പുതിയ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ട് എന്ന് വരുത്തി തീർക്കാൻ ആണ്  കേരളശബ്ദത്തിന്റെ ശ്രമം .  അന്ന് മിക്കവാറും അവിടെ വരുന്നവർ ഇടതുപക്ഷ ആഭിമുഖ്യം ഉള്ളവരാണ്  . ഈ വാർത്ത കേട്ടാൽ അവരൊക്കെ ശ്രദ്ധിക്കും എന്നറിയാവുന്ന പോസ്റ്റ്മാൻ കൃഷ്‌ണന് അത് ഉറക്കെ തുടർന്ന് വായിക്കും . വാർത്താവായനക്ക് കേൾവിക്കാർ ഇല്ലെങ്കിൽ പിന്നെ എന്ത് രസം. അവിടെ വരുന്നവർ അവരെക്കൊണ്ടു ആകുന്ന പോലെ അതിൽ അവരുടെ  അഭിപ്രായവും പറഞ്ഞിരുന്നു.


ഡൽഹിയിൽ ഇരിക്കുന്ന ആർ കെ ധവാൻ ഉണ്ടോ അറിയുന്നു ഈ കണ്ടാണിശ്ശേരിയിൽ ഇരുന്നു  പോസ്റ്മാൻ കൃഷണനും കൂട്ടരും മൂപ്പർക്കെതിരെ വിമർശന ശരങ്ങൾ എയ്യുകയാണെന്ന്?


അന്നത്തെ പീടിക സെന്ററിലെ പ്രമുഖർ കാളിദാസേട്ടൻ , കുമാരേട്ടൻ , ശങ്കുമ്മാൻ  തുടങ്ങിയവരൊക്കെയാണ്(അതിനും പുറമെ  എനിക്കറിയാത്ത കുറെ പ്രമുഖരും ഉണ്ടാവാം) . ഏതു ചർച്ചയായാലും  അവർ അതിൽ  അഭിപ്രായം പറഞ്ഞിരിക്കും  അത് ഏത് അന്താരാഷ്ട്ര വിഷയമായാലും. അതൊക്കെയാണ് അവരുടെ കോൺഫിഡൻസ് .


അവിടെ ഉണ്ടായിരുന്ന ചായക്കട എന്റെ ഓർമയിൽ നടത്തിയിരുന്നത് ജാനകിയേടത്തിയും മകൻ വൽസേട്ടനും കൂടിയാണ് . വൽസേട്ടന്റെ അച്ഛൻ തുടങ്ങിയ ചായക്കടയാണെന്നാണ് ഞാൻ കേട്ടിരിക്കുന്നത് . എനിക്ക് അദ്ദേഹത്തെ കണ്ട പരിചയമില്ല


വൽസേട്ടന്റെ ചായക്കടയിൽ നിന്ന് നല്ല മൊരിഞ്ഞ ദോശയും കറുമുറാ ഇരിക്കുന്ന പരിപ്പ് വടയും ഒക്കെ  കഴിക്കണം എന്ന് കുട്ടിക്കാലത്തു തോന്നിയിരുന്നു . പക്ഷെ വീട്ടിൽ അറിഞ്ഞാൽ വഴക്കുപറയുമല്ലോ എന്ന് കരുതി ആ ആഗ്രഹങ്ങൾ അന്ന് മനസ്സിൽ ഒതുക്കി. പിന്നീട്  വലുതായപ്പോൾ  നാടുമുഴുവൻ നടന്ന് ഹോട്ടലായ ഹോട്ടലും തട്ടുകടകളായ തട്ടുകടകളൂം കയറിയിറങ്ങി ഇഷ്ടപ്പെട്ടത് മുഴുവൻ കഴിച്ചാണ് ഞാൻ ആ ക്ഷീണം തീർത്തത് 


വൽസേട്ടൻ അന്ന് കുറിക്കുകൊള്ളുന്ന തമാശകൾ ശരംപോലെ എയ്യുന്ന ആളാണ് . ഹോട്ടലിൽ പണി ഉണ്ടെങ്കിലും ഇടയ്ക്കിടെ പുറത്തു വന്നു ഇത്തരം ചർച്ചകളിൽ മൂപ്പർ സജീവമായി പങ്കെടുക്കും 


ഒരിക്കൽ സുലൈമാന്റെ പച്ചക്കറിക്കടയിൽ വളരെ വലിപ്പമുള്ള കൊള്ളി (കപ്പ) വന്നു . അത് കണ്ടപ്പോൾ അതിലെ ഏറ്റവും വലിയ കൊളളി തനിക്ക് സ്വന്തമാക്കണം എന്ന ആഗ്രഹത്തിൽ  ആണ് കുമാരേട്ടൻ. താമസിച്ചില്ല ഉള്ളതിൽ ഏറ്റവും വലിയ കൊള്ളി വാങ്ങി പൈസയും കൊടുത്തു ഒന്ന് മുരടനക്കി കുമാരേട്ടൻ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി . ഒരു ചെറിയ ഷോ ഓഫ്  നടത്താനെന്നവണ്ണം ആ വലിയ കപ്പ തോളിൽ വെച്ച്  മൂപ്പർ കടകൾക്ക് മുന്നിലൂടെ രണ്ടു റൌണ്ട് നടന്നു  . ഇത് കണ്ടാണ് ചായക്കടയിൽ ദോശയുണ്ടാക്കുകയായിരുന്ന വൽസേട്ടൻ  കടയിൽ നിന്ന് പുറത്തു വരുന്നത് ..


കപ്പയും തോളിൽ വെച്ച് നിൽക്കുന്ന കുമാരേട്ടനോട് ഒറ്റ ചോദ്യം 


"കാസറ്റ് നാളെ കിട്ടില്ലേ?" 


ആദ്യം എല്ലാവരും ഒന്ന് അമ്പരന്നു എങ്കിലും . കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും കൂട്ടച്ചിരിയായി 


അന്ന് കല്യാണങ്ങൾക്ക് വീഡിയോ എടുക്കുന്നതും അത് കാസറ്റ് ആയി കിട്ടുന്നതും തുടങ്ങിയിട്ടേ ഉള്ളൂ. ആൾക്കാർക്ക് അതൊക്കെ കൗതുകമുള്ള കാഴ്ചയാണ് .


കുമാരേട്ടൻ കപ്പ പിടിച്ചു എല്ലാവരുടെയും വീഡിയോ എടുക്കുകയാണ് എന്നും  അതിന്റെ കാസറ്റ് പിറ്റേന്ന് കിട്ടുമോ എന്നുമാണ് എന്നാണ് കവി ഉദ്ദേശിച്ചത്  


സംഗതി കയ്യിൽ നിന്ന് പോകും എന്ന് മനസ്സിലായ കുമാരേട്ടൻ കപ്പ അപ്പോൾ തന്നെ മുറിച്ചു കഷണങ്ങളാക്കി  സഞ്ചിയിൽ ഇട്ടാണ് അന്ന് വീട്ടിൽ പോയത് എന്നാണ് ചരിത്രം പറയുന്നത് 


അങ്ങിനെ എത്രയെത്ര  രസകരമായ സംഭവങ്ങൾ 


സുലൈമാന്റെ പച്ചക്കറികടയെപ്പറ്റി ഞാൻ പുസ്തകത്തിൽ എഴുതിയിരുന്നു . അതിൽ പറയാത്ത ചില കാര്യങ്ങൾ ഉണ്ട്  ഈ ചിത്രത്തിൽ . അത് അവിടുത്തെ സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്നതിനെക്കുറിച്ചും സുലൈമാൻ  നടത്തിയിരുന്നു സൈക്കിൾ റിപ്പയറിനെക്കുറിച്ചുമാണ്. പഞ്ചർ ഒട്ടിക്കാനും സൈക്കിൾ  ടയറിൽ  കാറ്റ് നിറയ്ക്കാനും ഞങ്ങൾക്ക് സുലൈമാൻ മാത്രമായിരുന്നു ആശ്രയം  . ആ ചിത്രത്തിൽ നോക്കിയാൽ പച്ചക്കറിക്ക്കടയ്ക്ക്  മേലെ കിടക്കുന്ന  പഴ സൈക്കിൾ ടയറുകൾ കാണാം . അതൊക്കെ അന്നത്തെ കാഴ്ച തന്നെ ആയിരുന്നു . ജയന്റെ മനസ്സിലും അത് മായാതെ കിടന്നിരുന്നു എന്നതിലാണ് അതിന്റെ രസം . ഒരു പക്ഷെ ആ കാലത്ത് അവിടെ പോയിരുന്ന ഓരോരുത്തരുടെ മനസ്സിലും ആ ചിത്രങ്ങൾ കടും വർണങ്ങളിൽ  വരയ്ക്കപ്പെട്ടുകാണണം 


അന്ന് കുട്ടികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു സംഭവം ഉണ്ടായിരുന്നു . സുലൈമാന്റെ കടയിലെ ചെറിയ സൈക്കിൾ . ഞങ്ങൾ അതിനെ അരവണ്ടി എന്ന് വിളിച്ചിരുന്നു . അന്ന് അമ്പതു പൈസ ആണ് അത് അരമണിക്കൂർ ചവിട്ടാൻ വാടക. കുട്ടികൾ കാലത്തു തൊട്ടു വൈകുന്നേരം വരെ അതിന് വേണ്ടി അവിടെ ചുറ്റിപറ്റി നിൽക്കും . ഒരു കൂട്ടർ കൊണ്ടുപോയി തിരികെ കൊണ്ട് വന്നിട്ട് വേണം അടുത്ത ബാച്ചിന് അത് കൊണ്ട് പോകാൻ . എത്രയോ സമയം അന്ന് കുട്ടികൾ അവിടെ ആ സൈക്കിളും കാത്തു നിന്നിരിക്കുന്നു.  കണ്ടാണിശ്ശേരിയിലെ കുട്ടികളിൽ ഭൂരിഭാഗവും അക്കാലത്ത്  സൈക്കിൾ ചവിട്ട് പഠിച്ചത് ആ അരവണ്ടിയിൽ നിന്നാണ്  


ചിത്രത്തിൽ ആ  അരവണ്ടി ജയൻ വരച്ചില്ല എന്നൊരു പരാതി എനിക്കുണ്ട്  :-)


പുസ്തകത്തിൽ ഞാൻ പറഞ്ഞ പോലെ സുലൈമാൻ നല്ലൊരു ബിസിനസ്സുകാരൻ ആയിരുന്നു . ഒരിക്കൽ ഒരാൾ ആ കടകളുടെ എതിർവശത്ത് ഒരു പെട്ടിക്കടയിൽ പച്ചക്കറിവില്പന  തുടങ്ങി . അവിടെയാണ് ഞങ്ങൾ ആദ്യമായി ഹൈബ്രിഡ് തക്കാളി - ഇന്ന് കാണുന്ന തരത്തിൽ ഉള്ള വലിയ തക്കാളി - ആദ്യമായി കാണുന്നത് . അത് കണ്ടതോടെ അത് വാങ്ങാൻ ഞങ്ങൾക്ക് ഒരു ആശ . സുലൈമാന്റെ കടയിൽ "പഴയ മോഡൽ" നാടൻ തക്കാളി മാത്രമാണ് ഉണ്ടായിരുന്നത് . ഏതായാലും സ്ഥിരം വാങ്ങുന്ന സുലൈമാന്റെ അവിടെ പോകാതെ നേരെ എതിർവശത്തുള്ള  കടയിൽ പോയി ഞങ്ങൾ തക്കാളി വാങ്ങി.  അവിടെ മറ്റു പച്ചക്കറി ഇല്ലാത്തതുകൊണ്ട് ബാക്കി ഉള്ളത് വാങ്ങാൻ  ഞങ്ങൾ സുലൈമാന്റെ കടയിലേക്ക് ചെന്നു . 


സുലൈമാൻ ആരാ മോൻ , തന്റെ കടയിൽ തൂക്കിയിട്ടിരിക്കുന്ന കായക്കുലകൾക്കിടയിലൂടെ പുതിയകടയിലേക്ക് ആരൊക്കെ പോകുന്നു വരുന്നു  എന്നൊക്കെ മൂപ്പർ  നോക്കുന്നുണ്ടായിരുന്നു 


ചുരുക്കത്തിൽ ഞങ്ങൾ അവിടെ പോകുന്നതും തക്കാളി വാങ്ങുന്നതും സുലൈമാൻ കണ്ടിരുന്നു എന്നർത്ഥം 


ഞങ്ങളെ കണ്ടതോടെ മൂപ്പർ അല്പം നീരസത്തിൽ പറഞ്ഞു  


"ആ തക്കാളിയും ഈ തക്കാളിയും ഒന്നന്ന്യാ . പിന്നെ എനിക്ക് വേണെങ്കിൽ അത് പോലെ ഉള്ള തക്കാളി ഇവിടേം വെക്കാം , പക്ഷെ അതിനു ഇതിന്റത്ര  രുചി ഇണ്ടാവില്ല്യ " 


സുലൈമാന്റെ വാചകത്തിൽ ഞങ്ങൾ വീണു . പിന്നീട് ആ പുതിയ കടയിലേക്ക് ഞങ്ങൾ അധികം പോയില്ല. സുലൈമാനോട്  കച്ചവടത്തിൽ മുട്ടാനാവാതെ ആ കട അകാല ചരമം പ്രാപിക്കുകയും ചെയ്തു 


ദാമോദരേട്ടന്റെ കടയുടെയുടെയും സുലൈമാന്റെ കടയുടെയും ഇടയിൽ അന്ന് വേലുകുട്ടിയേട്ടന്റെ കട ഉണ്ടായിരുന്നു  . അതിൽ മൂക്കിൽ വലിക്കുന്ന പൊടിയും ബീഡിയും സിഗരറ്റും പിന്നെ ഉറുമ്പുപൊടിയും, സ്ലേറ്റ് പെൻസിലും  ഒക്കെ ആയിരുന്നു  വില്പന . അത്യാവശ്യം ഭൂസ്വത്തും മറ്റുമുള്ള വേലുകുട്ടിയേട്ടൻ അത് നടത്തിയത് ലാഭത്തിനായിരുന്നു എന്ന് തോന്നുന്നില്ല . ആ സെന്ററിൽ ഇതിന്റെ പേരും പറഞ്ഞു രാവിലെ തൊട്ടു വൈകുന്നേരം വരെ തമാശകൾ ഒക്കെ കേട്ട് നേരം കളയാമല്ലോ എന്ന് കരുതിയായിരിക്കണം വലിയ കച്ചവടം ഒന്നും ഇല്ലെങ്കിലും മൂപ്പർ  ആ കട നടത്തിയിരുന്നത്  


പിന്നെ ഉണ്ടായിരുന്നത് ഏറ്റവും  പ്രസിദ്ധമായ ഷൺമുഖേട്ടന്റെ ബാർബർ ഷോപ്പ് . ചുമരിൽ നിറയെ അർദ്ധനഗ്‌നകളായ മദാമ്മമാരുടെ ചിത്രങ്ങൾ  . ഒരു പഴഞ്ചൻ കസേര . ഒരേ ഒരുആളെ മുടിവെട്ടാൻ ഉള്ളൂ . ഒരാളുടെ മുടി വെട്ടുമ്പോൾ  ബാക്കി ഉള്ളവർ ഊഴം കാത്ത് ബെഞ്ചിൽ ഇരിക്കണം . അവർക്ക് നേരം പോവാൻ ഇന്നത്തെപ്പോലെ മൊബൈൽ ഒന്നും ഇല്ല . അതിനുള്ള സൂത്രമാണ് ഈ ചിത്രങ്ങൾ . ആ ചിത്രങ്ങൾ കാണാൻ വേണ്ടി മാത്രം കടയിൽ കയറി  മുടി ചീകാൻ ചിലർ വന്നിരുന്നു 


അവരെ കണ്ടാൽ ഷൺമുഖേട്ടൻ അമർത്തിയൊന്നു മൂളും .


രാവിലെ എട്ടുമണിക്ക് ഗുരുവായൂരിൽ നിന്ന് പളനിക്ക്  കണ്ടാണശ്ശേരിയിലൂടെ ചീറിപ്പാഞ്ഞു പോകുന്ന പച്ചനിറത്തിലുള്ള എക്സ്പ്രസ്സ് ബസ്സിന്റെ  സ്പീഡിൽ ആയിരുന്നു ഷൺമുഖേട്ടന്റെ  മുടി വെട്ട്. വെട്ടുന്നതിനേക്കാൾ വേഗത്തിൽ മൂപ്പർ കത്രിക ചലിപ്പിച്ചു  ശബ്ദമുണ്ടാക്കികൊണ്ടിരിക്കും . അത് കേട്ടാൽ നമ്മൾ വിചാരിക്കും മൂപ്പർ വെട്ടി തകർക്കുകയാണ് എന്ന്. മുടി കാര്യമായി വെട്ടിയില്ലെങ്കിലും ആ കത്രിക അങ്ങിനെ വേഗത്തിൽ  ചലിപ്പിക്കുന്നതിൽ ആണ് ഷൺമുഖേട്ടന്റെ മിടുക്ക് 


ഷൺമുഖേട്ടൻ   സ്ഥാനക്കയറ്റം കിട്ടി ഗുരുവായൂർക്ക് പോയപ്പോൾ പകരം വന്ന ആളാണ് രാജൻ . പളനി എക്സ്പ്രസ്സ് ബസ്സിന്  പകരം കുന്നംകുളത്തേക്ക് പോകുന്ന റാണി ബസ്സിന്റെ പോലെയായി പിന്നെ അവിടെ മുടിവെട്ട് . കത്രികയുടെ ചലനം അടൂർ ഗോപാലകൃഷ്‍ണന്റെ എലിപ്പത്തായത്തിലെ മ്യൂസിക് പോലെ ശോകമൂകമായി  . അധികകാലം രാജൻ അവിടെ മുടി വെട്ടിയില്ല ..ആ മുടി വെട്ടു കട അടച്ചു പൂട്ടി ..പിന്നെ ആരും അത് നടത്താൻ മുന്നോട്ട് വന്നില്ല 


മുടിവെട്ട് കടയുടെ അപ്പുറത്തു ചിത്രം തയ്യാറാക്കിയ ജയന്റെ അച്ഛൻ ബാലേട്ടൻ നടത്തുന്ന സ്റ്റേഷനറി, പപ്പടം  കം കൂൾ ഡ്രിങ്ക്സ് കട . അവിടെ ഒരു ഓറഞ്ചു നിറത്തിൽ ഒരു ഐസ് പെട്ടി ഉണ്ടായിരുന്നു . അന്നത്തെ കുട്ടികളുടെ മനസ്സിൽ ഏറെ പതിഞ്ഞൊരു ചിത്രമായിരിക്കും ആ ഐസ് പെട്ടിയുടേത് . അതിൽ ഐസ് കട്ടകൾക്കിടയിൽ  സോഡയും ജീരക സോഡയും നാരങ്ങാ വെള്ളവും  എല്ലാം ബാലേട്ടൻ നിറച്ചു വെച്ചിരുന്നു. 


അവിടുത്തെ ഏറ്റവും പ്രധാന ഐറ്റം ആയിരുന്നു സോഡാ സർബത്ത്.  ഒരു ചെറിയ തട്ടിന്റെ അരികിൽ നിറയെ  നന്നാരി സർബത്തുകുപ്പികൾ നിറച്ചു വെച്ച് അതിന്റെ ഓരോന്നിന്റെയും മേലെ ഒരു ചെറുനാരങ്ങാ വെച്ചിട്ടുണ്ടാകും.  ഒരു ചെറിയ ട്രേയിൽ വെച്ച വെള്ളത്തിൽ മൂന്നോ നാലോ ഗ്ലാസുകളും . 


നാരങ്ങാ സർബത്തു  ഉണ്ടാക്കുന്നത്  രസകരമായ ഒരു കാഴ്ചയാണ് 


ട്രേയിലെ വെള്ളത്തിൽ  ഗ്ലാസ് ഒന്ന് കഴുകി അതിലേക്ക് രണ്ടു സ്പൂൺ നന്നാരി സർബത്തു ഒഴിച്ച് അതിലേക്ക് പകുതി ചെറുനാരങ്ങാ പിഴിയും . പിന്നെ ഒരു സ്പൂൺ അതിൽ ഇട്ടു വെയ്ക്കും . എന്നിട്ടാണ് ഓറഞ്ചു പെട്ടി തുറന്നു  തണുത്ത സോഡാ പൊട്ടിച്ച്  അതിലേക്ക് ഒഴിക്കുന്നത്. ഒഴിക്കുന്നതിനോടൊപ്പം സ്പൂൺ വെച്ച് നന്നായി ഇളക്കും . നിറയെ പതഞ്ഞു ഗ്ലാസ്  നിറയുന്നത് നോക്കി നിൽക്കുമ്പോൾ അത് കുടിക്കുമ്പോൾ ഉണ്ടാകാൻ പോകുന്ന രുചി ഓർത്തു മനസ്സിൽ ലഡ്ഡുകൾ പൊട്ടും . 


നിറഞ്ഞ ഗ്ലാസ് ബാലേട്ടൻ ഒരു ചിരിയോടെ ഞങ്ങളുടെ നേരെ നീട്ടും. ആദ്യത്തെ കവിൾ കുടിക്കുമ്പോഴേക്കും  തലയിലൂടെ എന്തോ ഒരു പെരുപ്പ് കയറി ഇറങ്ങി പോകുന്ന പോലെ തോന്നും. സോഡയുടെ ഗ്യാസും നാരങ്ങയും നന്നാരിയും  ചേർന്ന് കവിളിനെ ഒന്ന് കോരിത്തരിപ്പിക്കും . 


"എങ്ങിനെ ഉണ്ട്? ഞാൻ വീട്ടിൽ ഉണ്ടാക്കിയ സർബത്താ"  ആകെ കോരിത്തരിച്ചു നിൽക്കുന്ന ഞങ്ങളോട് മൂപ്പർ ചോദിക്കും 


തലകുലുക്കി ഞങ്ങൾ സമ്മതിക്കും . ശരിയായിരുന്നു . ആ സർബത്തിന് ഒരു പ്രത്യേക രുചിയായിരുന്നു..മറ്റൊരിടത്തും കിട്ടാത്ത രുചി 


രണ്ടു കവിൾ കുടിച്ചു തീരുമ്പോൾ  തരിപ്പ് എല്ലാം ഒന്ന് ഒതുങ്ങും . സോഡാക്കുപ്പിയിൽ ബാക്കി ഉള്ള സോഡാ നമ്മുടെ ഗ്ലാസ്സിലേക്ക് ബാലേട്ടൻ ഒഴിച്ച് തരും. അതോടെ ഗ്ലാസിലെ മധുരം അല്പം കുറയുമെങ്കിലും അന്നത്തെ കാലത്തു അതൊക്കെ ഞങ്ങൾക്ക് ധാരാളമായിരുന്നു  


അന്നൊക്കെ തെങ്ങു കയറാൻ വരുന്നവർ തെങ്ങിന്റെ ഇളം കുലകൾ ഇടിയാതിരിക്കാൻ കയറുകൊണ്ട് കെട്ടി വെയ്ക്കും . അതിനു വേണ്ട പലതരം കയറുകൾ അന്ന് ബാലേട്ടന്റെ കടയിൽ കിട്ടുമായിരുന്നു. തെങ്ങുകയറ്റത്തിന്റെ ദിവസം രാവിലെ കയർ വാങ്ങാൻ ഒരു ഓട്ടമുണ്ട് ബാലേട്ടന്റെ കടയിലേക്ക്. ആ 

ചിത്രത്തിൽ കയറുകൾ അടുക്കി വെച്ചിരിക്കുന്നത് സൂക്ഷിച്ചു നോക്കിയാൽ കാണാം.


പപ്പടം ഉണ്ടാക്കുന്ന ഒരു പുര  അതിന്റെ പിന്നിൽ ഉണ്ടായിരുന്നു . അവിടെ നിന്നാണ് മറ്റുകടകളിലേക്ക് അന്നൊക്കെ പപ്പടം കൊണ്ട് പോയിരുന്നത്.  


നാട്ടിൽ പോകുമ്പോൾ ബാലേട്ടനെ വല്ലപ്പോഴും വഴിയിൽ വെച്ച് കാണും. അച്ഛനെക്കുറിച്ച്‌ ആണ് ബാലേട്ടൻ എപ്പോഴും കാണുമ്പോൾ പറയാറ്.. അവർ തമ്മിൽ നല്ല പരിചയം ആയിരുന്നിരിക്കണം 


ആ കടകളുടെ മുകളിൽ ഒരു വലിയ ഹാൾ ഉണ്ടായിരുന്നു . ചിത്രത്തിൽ കാണാം . അത് നാട്ടിലെ സർഗ്ഗ പ്രതിഭകൾ  നാടകം റിഹേഴ്സൽ ചെയ്യാനും ശബരിമലക്കാലത്തു കൂട്ടമായി താമസിക്കാനും ഒക്കെ ഉപയോഗിച്ചിരുന്നതായി കേട്ടിട്ടുണ്ട് . കുരുക്ഷേത്ര എന്ന പേരിൽ ഒരു നാടകസമിതി അവിടെ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട് . ഒരിക്കൽ പോലും അതിന്റെ മുകളിൽ അന്ന് കയറി നോക്കാൻ കഴിഞ്ഞില്ല . ഇന്നാലോചിക്കുമ്പോൾ തോന്നുന്നു ഒന്ന് കയറി നോക്കാമായിരുന്നു എന്ന് .അന്നോർത്തില്ല  ഈ കെട്ടിടം  കുറച്ചു വര്ഷങ്ങള്ക്കഴിഞ്ഞാൽ പൊളിച്ചു പോകുമെന്ന് , ഓർമകളിൽ മാത്രമാകുമെന്ന് 


ഒരു പാട് ചെറിയ ചെറിയ കാര്യങ്ങൾ ജയന്റെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട് . അന്നത്തെ പോസ്റ്റ്ബോക്സ് , ദാമോദരേട്ടന്റെ കടയിലെയും ഗംഗാധരേട്ടന്റെ കടയിലെയും ഉപ്പിട്ട് വെക്കുന്ന പാത്തികൾ വരെ അതിൽ കാണാം . അന്നത്തെ ടാർ ചെയ്യാത്ത പൂഴി നിറഞ്ഞ വഴിയിലൂടെ വേനൽക്കാലത്തു  എത്ര കഷ്ടപ്പെട്ടാണ് ഞങ്ങൾ സൈക്കിളിൽ പോയിരുന്നത് . ആഴ്‌ചയിൽ ഒരിക്കൽ കടകളിലേക്ക് സാധനങ്ങൾ കൊണ്ട് വന്നിരുന്ന കാളവണ്ടി ..അങ്ങിനെ എത്രയെത്ര ജീവൻ തുടിക്കുന്ന ഓർമ്മകൾ , ബിംബങ്ങൾ 


ഞങ്ങളുടെ കുട്ടിക്കാലത്ത് ഏറ്റവും സജീവമായ  സ്ഥലമായിരുന്നു ആ പീടിക സെന്റർ. ഇന്ന് ഓൺലൈൻ സൗകര്യങ്ങളും  യാത്ര സൗകര്യങ്ങളും കൂടിയതോടെ ഷോപ്പിംഗിനു അധികം ആരും വരാത്ത ഒരു സ്ഥലമായി മാറി അവിടം. 


ഇന്ന് പഴയകടകൾ എല്ലാം പൊളിച്ചു  പോയിരിക്കുന്നു . പകരം പുതിയ ബിൽഡിംഗ് വന്നു . ദാമോദരേട്ടൻ ചെറിയതോതിൽ ഇപ്പോഴും അവിടെ കട നടത്തുന്നുണ്ട്  . കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ മൂപ്പരെ കണ്ടു സംസാരിച്ചു . വയ്യാതായിരിക്കുന്നു . ഉറക്കെ പത്രം വായിക്കാനും രാഷ്ട്രീയം പറയാനും പണ്ടത്തെപ്പോലെ അധികം ആരും അവിടെ വരുന്നില്ല.


ഗൾഫിൽ ആയിരുന്ന വൽസേട്ടൻ തിരിച്ചു വന്നു ഇപ്പോൾ വീണ്ടും ചായക്കട ആരംഭിച്ചിട്ടുണ്ട് . വടയും പഴംപൊരിയും ഒക്കെ  ഉണ്ടാക്കുന്നുണ്ട് . പുതിയ കടയിൽ നിൽക്കുമ്പോൾ പഴയ കടയുടെയും അന്നവിടെ വന്നിരുന്നവരുടെ ചിരികളും ആരവങ്ങളും മൂപ്പരുടെ നെഞ്ചിൽ ഒരു നൊമ്പരമായി  തുടിക്കുന്നുണ്ടാവും  


അന്നും ഇന്നും മാറ്റമില്ലാതെ ഒരാൾ ആ പരിസരത്തു ഉണ്ട് .. ഹരിമോനേട്ടൻ . അവിടെ ചില്ലറ പണിയുമൊക്കെയായി കാലത്തിന്റെ സാക്ഷി പോലെ ഹരിമോനേട്ടൻ ഇന്നും അവിടെ ജീവിക്കുന്നു 


കാലത്തെ പിന്നിലേക്ക് ചലിപ്പിക്കാൻ നമ്മുക്ക് കഴിഞ്ഞിരുന്നെങ്കിൽ ഈ ചിത്രങ്ങളിൽ നിന്ന് അന്നത്തെ കണ്ടാണശ്ശേരിക്കാർ കൈലിമുണ്ടും  മടക്കിക്കുത്തി തലയിൽ ഒരു കെട്ടും കെട്ടി ചുണ്ടിൽ ഒരു ബീഡിയും കത്തിച്ചു വെച്ച് ഇറങ്ങി വന്നേനെ.. അവർ ഒരു ചായക്ക് പറഞ്ഞ്  രാഷ്ട്രീയം പറയുകയും അവിടെ വരുന്നവരെ രസിപ്പിക്കുകയൂം ചെയ്തേനെ .അവരുടെ ചിരിയും സംസാരവും കൊണ്ട്  പീടിക സെന്റർ പണ്ടത്തെ പുഷ്കലകാലത്തിലേക്ക് പ്രൗഢിയോടെ തിരിച്ചെത്തുകയും ചെയ്തേനെ


#SanthoshNarayanan

ലോ പോയന്റ്


"വക്കീലിനെ കണ്ട് കേസിന്റെ കാര്യം എന്തായി എന്ന് ചോദിക്കണം". കൂട്ടുകാരിൽ ഒരാൾ പറഞ്ഞു 


"ന്നാ നമുക്ക് പൂവാം. പ്രത്യേകിച്ച്  വേറെ പണിയൊന്നും ഇല്ലല്ലോ"  മൂന്ന് പേരും കൂടെ വക്കീലിന്റെ വീട്ടിൽ പോയി 


ഞങ്ങൾ ചെല്ലുമ്പോൾ വക്കീൽ തന്റെ മുറിയിൽ ഇരുന്നു കാര്യമായി എന്തോ എഴുതുകയാണ് 


"വക്കീൽ ഏതോ കേസിന്റെ തിരക്കിലാന്ന തോന്നണേ "  കൂട്ടുകാരൻ പറഞ്ഞു 


"എന്താ വക്കീലേ കാര്യായി എന്തോ ചിന്തയിൽ ആണല്ലോ?" 


"അതേടോ" വക്കീൽ എഴുത്തു നിർത്തി തല ഉയർത്തിപ്പറഞ്ഞു .. 


"രണ്ടു വട അവൻ കൂടുതൽ കയറ്റിയിട്ടുണ്ട്?"


"വടയോ?"


"അതേടോ, കോടതിയുടെ പടിക്കൽ ചായ വിൽക്കുന്ന ദാസൻ ല്ല്യേ അവൻതന്നെ"  വക്കീൽ താൻ നോക്കികൊണ്ടിരുന്ന പുസ്തകം എടുത്തു കാണിച്ചു  


"അപ്പൊ വക്കീൽ പറ്റു പുസ്തകം ആണ് ഇത്ര നേരമായി കൂലംകുഷമായി നോക്കികൊണ്ടിരുന്നത്"


"അതേ ,  ആറ്റിൽ കളഞ്ഞാലും അളന്ന് കളയണം എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു"


"അച്ഛൻ ഇപ്പോൾ?"


"അളന്ന് കളഞ്ഞു കളഞ്ഞു ഇപ്പോൾ ഒരു പരുവമായി. വീട്ടിൽ ചാരുകസേരയിൽ ഇരിപ്പുണ്ട്" 


"വക്കീലിനെ കോടതി പരിസരത്തു  കാണാറേ ഇല്ലെന്നാണല്ലോ ഇന്നാള് ആ വഴി പോയപ്പോൾ ദാസൻ പറഞ്ഞത്"


"അതിനു അവന് കേരളത്തിൽ എത്ര കോടതിയുണ്ട് എന്നറിയ്യോ? ഇന്ന് തൃശൂർ ആണെങ്കിൽ നാളെ എറണാംകുളം പിറ്റേന്ന് കോഴിക്കോട്. പറന്ന് നടന്നല്ലേ കേസുകൾ വാദിക്കുന്നത്"


"ആര്?"


"നല്ല വക്കീലന്മാർ"


"വന്ന കാര്യം പറഞ്ഞില്ല?"


"നമ്മുടെ കേസ്?"


"കേസ് വിധി ആയി. ഇനി താൻ നേരെ പോയി താമസിച്ചോ?"


"അല്ല അതിന് അവർ ഒഴിയേണ്ടേ?"


"അതിന് താൻ വല്ല ഗുണ്ടകളെയും കൊണ്ട് പോണം , അവരെ ഓടിച്ചു വിടണം"


"അപ്പൊ കോടതി വിധി? അതിന് ഒരു വിലയും ഇല്ലേ?"


"വിധിക്ക് വിലയൊക്കെയുണ്ട് .. പക്ഷെ അവർ അങ്ങിനെ ഇറങ്ങില്ല ..താൻ ഒന്ന് കളത്തിൽ ഇറങ്ങേണ്ടി വരും" 


"നമുക്ക് കോടതി വിധിയുമായി പോലീസിനെ കണ്ടാലോ?"


"അവർ തന്റെ കയ്യിൽ നിന്ന് കാശും വാങ്ങും മറ്റവൻ തന്റെ ഭൂമിയിൽ നിന്ന്  ഇറങ്ങൂല്യ" 


"അപ്പൊ വക്കീൽ വരില്ലേ?" 


"ഞാൻ നിർത്തി" 


"എന്ത്?" 


"ഇത്തരം ഒഴിപ്പിക്കൽ പരിപാടി. കഴിഞ്ഞ ആഴ്ച ഒന്നിന് പോയതാ? വീട്ടിലെ ചോറ് ഉണ്ണുന്ന പ്ലേറ്റുകൊണ്ടാ അവിടുത്തെ പെണ്ണുംപിള്ള എന്നെ എറിഞ്ഞത്. പിള്ളേരുടെ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്. അന്ന് ഓടിയ ഓട്ടത്തിന് കണക്കില്ല "


വക്കീൽ നെറ്റിയിലെ പ്ലേറ്റ് കൊണ്ട പാട് ഒന്ന് തലോടി 


"പിന്നെ ഒരു ഗുണമുണ്ട് , ഇപ്പൊ ടൗണിലെ കമ്പ്ലീറ്റ് ഊടുവഴിയും  എനിക്കറിയാം"


"സ്ഥിരാണല്ലേ?" 


വക്കീൽ ഒന്ന് ചിരിച്ചു 


"പിള്ളേരുടെ കാര്യം പറഞ്ഞപ്പോഴാ , വീട്ടിൽ ആരുമില്ലേ?"


"ഉണ്ട് , പക്ഷെ ചായ പ്രതീക്ഷിക്കേണ്ട. ചായ വെച്ച് വെച്ച് ഭാര്യ ഡിവോഴ്സ് ഫയൽ ചെയ്യും എന്ന അവസ്ഥയിൽ ആണ് "


"പോട്ടെ,  ഇവിടെ ഒരു പാത്രത്തിൽ കശുവണ്ടി വെക്കാറുണ്ടല്ലോ?"


"അത് മാന്യന്മാർക്ക് ഉള്ളതാണ്.  വരുമ്പോൾ ഒന്ന് രണ്ടെണ്ണം എടുക്കാൻ  .. അല്ലാതെ ഇവിടെ വന്നു പോകുമ്പോൾ  വീട്ടിലേക്ക് പൊതിഞ്ഞു കൊണ്ട് പോവാനുള്ളതല്ല. അരകിലോ കശുവണ്ടിക്ക് അറനൂറ് രൂപ കൊടുക്കണം "


'അപ്പൊ ചുരുക്കത്തിൽ ചായയും കശുവണ്ടിയും ഇല്ല"


"ഇല്ല" 


"കേസ് എങ്ങിനെ മുന്നോട്ട് പോവും?" 


"തന്റെ മിടുക്കു പോലെ" 


"പിന്നെ വെറുതെ അങ്ങോട്ട്  ചെന്ന് കയറിക്കൊടുക്കരുത് . ഇപ്പോൾ ചില പിള്ളേർ ഇറങ്ങിയിട്ടുണ്ട് . അവരോടു മുട്ടാൻ പോയാൽ  സിറിഞ്ചു പോലെ കത്തിയുണ്ട്  അവരുടെ കയ്യിൽ. സൈഡിലൂടെ കുത്തിക്കയറ്റി ഒരു വശം മുഴുവൻ അങ്ങ് പൊളിച്ചു കളയും" 


"വക്കീലിന് എങ്ങിനെ അറിയാം?"


"ഇന്നാള് ഒരുത്തൻ കാറിന്റെ മുന്നിൽ കിടന്ന് ബൈക്ക് കൊണ്ട് ഡാൻസ് കളിക്കുന്നു. ഒറ്റച്ചക്രത്തിൽ പോകുന്നു വളയ്ക്കുന്നു, തിരിക്കുന്നു, സെൽഫി എടുക്കുന്നൂ"


"സഹികെട്ടപ്പോൾ അവനെ ഓവർ ടേക്ക് ചെയ്തു കാർ അവന്റെ ബൈക്കിനെ ലോക്ക് ചെയ്തു നിർത്തി"


"കാറിൽ നിന്ന് ഇറങ്ങേണ്ടി വന്നില്ല. ചെക്കൻ അപ്പോഴേക്കും കത്തി എടുത്തു. അത് കൊണ്ട് ശ്രദ്ധിക്കണം. കാലം അത്ര നല്ലതല്ല " 


"ദാ ..ഇത് പോലത്തെ കത്തിയാണ്"  മേശയുടെ വലിപ്പിൽ നിന്ന് ടിഷ്യു പേപ്പറിൽ പൊതിഞ്ഞ മൂന്ന് കത്തി എടുത്തു. ഞങ്ങൾക്ക് ഓരോരുത്തർക്കും മൂർച്ച നോക്കാൻ തന്നു 


"സംഗതി കൊള്ളാം. ഇതെങ്ങിനെ വക്കീലിന്റെ മേശയിൽ?" 


"ഒരു ചെറിയ പണി ഉണ്ടായിരുന്നു. പിള്ളേർ കൊണ്ട് പോയി തിരിച്ചു കൊണ്ട് വന്നു വെച്ചതാണ് . തൊണ്ടിയോടെ അവരെ  പോലീസ് പൊക്കരുതല്ലോ"


"അപ്പൊ തൊണ്ടിയില്ലാതെ അവരെ പോലീസ് പൊക്കി?"


 "അത് പിന്നെ പൊക്കാതിരിക്കോ?"


"അപ്പൊ മിക്കവാറും വക്കീലിനെ അന്വേഷിച്ചു പോലീസ് വരും"


"വന്നാലും മേശയൊന്നും തപ്പില്ല"


" തപ്പിയാൽ?"


" അവർ വിവരം അറിയും. പിന്നെ  കുഴപ്പമില്ല, അതിലെ  ഫിംഗർപ്രിന്റ് ഇപ്പോൾ നിങ്ങളുടെ ആണല്ലോ "


"കൊള്ളാം ..നന്നായിട്ടുണ്ട്"  ഞങ്ങൾ പോകാൻ എഴുന്നറ്റു 


"അല്ല പോവാണോ , നമുക്ക് കുറച്ചുനേരം മിണ്ടിയും പറഞ്ഞും ഇരിക്കാം" 


"വേണ്ട തിരക്കുണ്ട്"


"എന്റെ ഫീസ്?"


"അത് പതിവ് പോലെ പറ്റുബുക്കിൽ തന്നെ"


"സ്ഥലം ഒഴിപ്പിച്ച ശേഷം ഇങ്ങോട്ട് വരണം ..നമുക്കൊന്ന് കൂടാം" 


"ആയിക്കോട്ടെ"  


ഞങ്ങൾ മണ്ടിപ്പാഞ്ഞു


#SanthoshNarayanan

മായാത്ത കാൽപ്പാടുകൾ

വടുതല സ്കൂളിൽ രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസ്സിലോ പഠിക്കുമ്പോൾ ആണ് ഒരു ദിവസം ക്ലാസ് ടീച്ചർ എന്നെ ഓഫീസ് മുറിയിലേക്ക് വിളിക്കുന്നു എന്ന് പറഞ്ഞത്.. ചെന്നു നോക്കുമ്പോൾ സ്കൂളിന്റെ പടിയ്ക്കൽ ഒരു കാർ  നിൽക്കുന്നു.. അതിന്റെ മുകളിൽ ഒന്നോ രണ്ടു വലിയ പെട്ടികൾ കെട്ടി വെച്ചിട്ടുണ്ട്.. പിന്നെയാണ് സ്‌കൂളിന്റെ മുറ്റത്തിന്റെ ഒരു വശത്ത് നിൽക്കുന്ന പാന്റ് ഇട്ട ആളെ കാണുന്നത്.. ബപ്പൻ ഗൾഫിൽ നിന്ന് വന്നിരിക്ക്യാണ്..എയർപോർട്ടിൽ നിന്ന് നേരിട്ട് സ്‌കൂളിലേക്കാണ് വന്നിരിക്കുന്നത്.. 


അന്ന് മനസ്സിൽ അനുഭവിച്ച സന്തോഷം.. കുട്ടികൾ ഒക്കെ അസൂയയോടെ നോക്കി നിൽക്കുമ്പോൾ ഞാനും പ്രീതിയും ബാഗുമെടുത്ത് ആന്റിയോടും ഒപ്പം ആ കാറിൽ കയറി വീട്ടിലേക്ക് വന്നു


വീട്ടിൽ വരുമ്പോൾ മുറ്റം നിറയെ ആൾക്കാർ..രാഘവേട്ടനും കുമാരേട്ടനും പെട്ടികൾ ഇറക്കാൻ സഹായിക്കുന്നു.. കോട്ടേപറമ്പിൽ വാസ്വേട്ടൻ, കുട്ടപ്പേട്ടൻ തുടങ്ങി എല്ലാവരും ഉണ്ട്


അന്നൊക്കെ ഒരാൾ ഗൾഫിൽ നിന്ന് വരുന്നു എന്നറിഞ്ഞാൽ നാടറിയും


ബപ്പൻ എല്ലാവർക്കും ഓരോ റോത്തമാൻസ് സിഗരറ്റു കൊടുത്ത് മൂപ്പരും ഒരെണ്ണം വലിച്ച് പണ്ടത്തെ തറവാട്ടിലെ നീണ്ട ഉമ്മറത്ത് ഇരുന്ന് നാട്ടുവർത്തമാനം തുടങ്ങി


അതാണ്എന്റെ മനസ്സിലെ ബപ്പനെപറ്റിയുള്ള ഏറ്റവും ആദ്യത്തെ തെളിഞ്ഞ ഓർമ്മ


അച്ഛനെപ്പോലെ ആയിരുന്നില്ല ബപ്പൻ. തികച്ചും ഒരു ഫാമിലി മാൻ ആയിരുന്നു ബപ്പൻ.


വൈകുന്നേരങ്ങളിൽ നടക്കാൻ പോകുമ്പോൾ ഞങ്ങൾ കുട്ടികളെ കൂടെ കൂട്ടും.. കല്ലുത്തിപ്പാറ ആദ്യമായി കാണുന്നത് ബപ്പന്റെ കൂടെ പോയിട്ടാണ്. പിന്നെ അവിടന്ന് ഇറങ്ങി കാണിയത്ത് ചന്ദ്രാംഗദേട്ടന്റെ വീട്ടിൽ പോകും..അദ്ദേഹത്തിന്റെ അനുജൻ സുരേന്ദ്രേട്ടൻ ബപ്പന്റെ അടുത്ത സുഹൃത്തായിരുന്നു.


ചില ദിവസങ്ങളിൽ നടപ്പ് മുനിമട വഴി മറ്റത്തേക്ക് ആയിരിക്കും.. മുനിമടയും കൊടക്കല്ലും ഒക്കെ ആദ്യം കാണുന്നതിന്റെ ആവേശത്തേക്കാൾ ഏറെ അങ്ങിനെ ഒരാൾ നമ്മളെ ഇതൊക്കെ കാണിക്കാൻ ഉണ്ടല്ലോ എന്ന അഭിമാനം ആയിരുന്നു അക്കാലത്ത് കൂടുതൽ.


ഞങ്ങൾ വീട്ടിലെ കുട്ടികൾ മാത്രമല്ല ചില ദിവസങ്ങളിൽ അടുത്ത വീട്ടിലെ കുട്ടികളായ കുട്ടനും ഷാജിയും ശോഭേച്ചിയും ഒക്കെ ഉണ്ടാവും അത്തരം ചെറിയ ചെറിയ യാത്രകളിൽ.


ചിലപ്പോൾ യാത്ര അവസാനിക്കുന്നത് മറ്റം സിനിമാ തീയേറ്ററിൽ ആവും..എന്റെ ഓർമയിൽ ആദ്യമായി അവിടെ നിന്ന് കണ്ട സിനിമ മനുഷ്യമൃഗം ആണ്..സിനിമയിലെ സ്റ്റണ്ട് രംഗങ്ങൾ വരുമ്പോൾ സ്ക്രീനിലേക്ക് നോക്കാതെ പുറം തിരിഞ്ഞിരുന്ന എന്നെ ബപ്പനും ആന്റിയും  സ്ക്രീനിലേക്ക് നോക്കാൻ പറഞ്ഞതൊക്കെ ഇന്നും ഓര്മവരുന്നു


സിനിമ ബപ്പന് വലിയ ഇഷ്ടമായിരുന്നു.. പണ്ട് അവർ കുറച്ചു പേർ ചേർന്ന് മറ്റത്തിൽ പണ്ടൊരു ടാക്കിസ് നടത്തിയിരുന്നു.. അന്ന് അവിടുത്തെ കണക്കും കാര്യങ്ങളും ഒക്കെ നോക്കി രാത്രിയിൽ ആയിരുന്നു മൂപ്പർ വീട്ടിൽ എത്താറ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. പിന്നെ ആ തീയേറ്റർ കത്തിപ്പോയി..തുടർന്ന് പിന്നീട്‌ അത് അവർ പുനരാരംഭിച്ചില്ല..ഗൾഫിൽ പോകുന്നതിന് മുൻപ് ഉള്ള ആ സുന്ദര കാലം ഓർക്കാനെന്നവണ്ണം ഓരോ തവണ ഗൾഫിൽ നിന്ന് വരുമ്പോഴും മൂപ്പർ ഞങ്ങളെയൊക്കെ സിനിമയ്ക്ക് കൊണ്ട് പോകുമായിരുന്നു


ഗൾഫിൽ നിന്ന് വന്ന് തിരിച്ചു പോകുന്ന വരെ ഞങ്ങൾ കുട്ടികൾക്ക് കുശാലാണ്..അമ്മായിമാരുടെ വീട്ടിലേക്ക് ഉള്ള യാത്രയിലും ആന്റിയുടെ വീടായ പഴഞ്ഞിയിലേക്കിയുള്ള യാത്രയിലും  ബോബനും മോളിയിലെ പട്ടികുട്ടി പോലെ എല്ലാ ഫ്രെയിമിലും ഞങ്ങൾ ഉണ്ടാവും


ബപ്പൻ ഗൾഫിലേക്ക് തിരിച്ചു പോകാൻ ദിവസം വീണ്ടും ആൾക്കാരെക്കൊണ്ട് മുറ്റം നിറയും.. വരവേൽക്കാൻ വന്നവർ യാത്രയാക്കാനും എത്തിയിട്ടുണ്ടാവും


ആദ്യമായി ഞാൻ കൊച്ചി കാണുന്നത് ബപ്പനെ നാവിക സേന എയർ പോർട്ടിൽ വിമാനം കയറ്റാൻ പോയപ്പോഴാണ്..അന്ന് കണ്ട വഞ്ചികളും ബോട്ടുകളും നിറഞ്ഞ കൊച്ചി കായലിന്റെ ചിത്രം എത്രയോ കാലം ഞാൻ മനസ്സിൽ കൊണ്ടു നടന്നു.


അന്നൊക്കെ വിമാനം ഏറെ അകലത്തല്ലാതെ കാണാം..വിമാനത്തിന്റെ പടികൾ കയറി തിരിഞ്ഞു നിന്ന് കൈകൾ വീശുന്ന ബപ്പനെ അച്ഛൻ കാണിച്ചു തന്നത് ഇന്നും ഓർമയുണ്ട്


ആ തവണപോയി തിരിച്ചു വന്ന ശേഷം ബപ്പൻ പിന്നെ ഗൾഫിലേക്ക് തിരികെ പോയില്ല..ഇനിയുള്ള കാലം നാട്ടിൽ.. മൂപ്പർ പറഞ്ഞു


പിന്നെയാണ് ഞങ്ങളുടെ വീട് ഒരു ഉത്സവ പറമ്പ് പോലെ ആയത്.. ബപ്പൻ ജോൺ മക്കെൻറോയെ പ്പോലെ വെളുത്ത ഷോർട്ട്സ് ഒക്കെ ഇട്ട് പറമ്പിൽ ഒരു ബാഡ്മിന്റൺ കോർട്ട് ഒക്കെ തയ്യാറാക്കി മൂപ്പരുടെ കൂട്ടുകാരായ ഭരതേട്ടനും ശശിയേട്ടനും  ഒക്കെ ചേർന്നു വൈകുന്നേരങ്ങളിൽ സ്‌ഥിരമായി ബാഡ്മിന്റൺ കളി തുടങ്ങി...ഞങ്ങൾ ഒക്കെ ആദ്യമായി കാണുകയായിരുന്നു ബാഡ്മിന്റൺ എന്ന കളി


അത് വരെ ഞങ്ങൾ കണ്ട് ശീലിച്ച അച്ഛന്റെ ജീവിതരീതിയിൽ നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു ബപ്പൻ. ജീവിതം എങ്ങിനെ സന്തോഷപ്രദമാക്കാം എന്ന് ബപ്പന് അറിയാമായിരുന്നു.. 


അച്ഛനെപ്പോലെ പകൽ മുഴുവൻ അലഞ്ഞു നടന്നു രാത്രി വൈകി വീട്ടിൽ വരുന്ന സ്വഭാവത്തിൽ നിന്ന്  മാറി കൃത്യ സമയത്ത് ഉണരുകയും ഭക്ഷണം കഴിക്കുകയും വിനോദങ്ങളിൽ ഏർപ്പെടുകയും ഫാമിലിക്ക് വേണ്ടി ജീവിക്കുകയും ചെയ്ത ബപ്പനെ ആയിരുന്നു ഞങ്ങൾക്ക് ഏറെ ഇഷ്ടം


ഞങ്ങൾ കുട്ടികൾക്ക് നല്ല ഡ്രെസും ഭക്ഷണവും ഒക്കെ വാങ്ങി തന്നത് ബപ്പനാണ്.. അന്നൊക്കെ ഓണത്തിനും വിഷുവിനും  സിനിമയ്ക്ക് മൂപ്പർ എല്ലാവരെയും കൊണ്ട് പോകും. ഗുരുവായൂർ ജയശ്രീ തീയേറ്റർ ഉത്ഘാടനചെയ്ത ദിവസം ഏപ്രിൽ 18 എന്ന സിനിമയ്ക്ക് കൊണ്ട് പോയതോക്കെ  ഇന്നും ഓർമയിൽ ഉണ്ട്


പിന്നെ ഓണക്കാലത്ത് കാർ വിളിച്ച് കടപ്പുറത്തേക്ക് ഒരു യാത്ര..അങ്ങിനെ എത്രയെത്ര മറക്കാൻ കഴിയാത്ത ദിവസങ്ങൾ


 സർവകലാശാല സിനിമയിൽ മോഹൻലാൽ ചെയ്‌തത്‌ പോലെ വീടിന്റെ വടക്കു വശത്തുള്ള തൈവയ്പിൽ മൂപ്പർ ചെറിയൊരു ആശ്രമം പോലെ ഓല കൊണ്ട് കെട്ടി അതിൽ വരുന്നവർക്ക് ഇരിക്കാൻ കല്ലുകൾ ഒക്കെ വെച്ചു..ഞങ്ങൾ അതിനെ പർണ്ണശാല എന്നു വിളിച്ചു


ചില ഒഴിവു ദിവസങ്ങളിൽ രാമേട്ടൻ ചെത്തിയ കള്ള് അവിടെ കൊണ്ട് വന്ന് വെക്കും പിന്നെ നല്ല മത്തി വാങ്ങി കനലിൽ അവിടെ ചുടും(ഇന്നല്ലേ ബാർബിക്യു എന്ന പേരൊക്കെ വന്നത്).. ഞങ്ങൾ കുട്ടികൾക്ക് ഓരോ മത്തി.. മുതിർന്നവർക്ക് ഒരു സിപ് കള്ളും മത്തിയും


അങ്ങിനെ എത്ര മനോഹരമായ ദിവസങ്ങൾ


വർഷങ്ങൾ എത്ര വേഗമാണ് കടന്നു പോയത്‌.. ഞങ്ങൾ കുട്ടികൾ പഠിച്ചു ജോലിക്കാർ ആയി കല്യാണം കഴിച്ചു.ഞങ്ങൾക്ക് കുട്ടികളായി.

ഇതിനെല്ലാം സാക്ഷിയായി ബപ്പൻ അവിടെ ഉണ്ടായിരുന്നു.. ദുഖങ്ങളിലും സന്തോഷങ്ങളിലും പങ്ക് ചേർന്നുകൊണ്ട് 


ജോലി കിട്ടി പിന്നെ വല്ലപ്പോഴും വരുമ്പോൾ ആയി ഞങ്ങളുടെ കൂടിക്കാഴ്ച.. പലപ്പോഴും പഴയ കാര്യങ്ങൾ അറിയാൻ ഞാൻ ബപ്പനോട് ആണ് ചോദിക്കുക.. അച്ഛന് പലപ്പോഴും കൃത്യമായി ഓർമിച്ച് പറയാൻ കഴിയാറില്ല(അച്ഛന്റെ ഓർമ്മശക്തി പണ്ടേ പ്രസിദ്ധമാണല്ലോ)


പണ്ട്   ശങ്കരംകുളം വരെ മാത്രം ഉണ്ടായിരുന്ന റോഡ് , നമ്പഴിക്കാട് എസ് ഐ യുടെ പടി വരെ നീട്ടാൻ ഉള്ള ശ്രമങ്ങൾ മൂപ്പരും എസ് ഐ കൊച്ചുമാത്തുവുമായി നടത്തിയതും ഞങ്ങളുടെ പാടത്തിന്റെ നടുവിലൂടെ അതിനു സ്ഥലം കൊടുക്കാൻ അച്ഛച്ഛനെകൊണ്ട് സമ്മതിപ്പിച്ചതും ഒക്കെ ഇടയ്‌ക്ക് മൂപ്പർ പറയാറുണ്ട്


അന്ന് 18 പേർ ചേർന്ന് സിനിമാ തീയേറ്റർ നടത്തിയത്.. ജനു പാപ്പാൻ ലാഞ്ചിൽ ഗൾഫിൽ പോയത്.. വീട്ടിൽ ഒരു കാർ ഉണ്ടായിരുന്നു എന്നും അതൊടിച്ചിരുന്നത് കുസുമുട്ടിപ്പാപ്പൻ ആണെന്നും ഉള്ള എത്രയോ കഥകൾ 


കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ എന്റെ പുസ്തകത്തിന്റെ ആദ്യകോപ്പി ഞാൻ ബപ്പന് കൊടുത്തു .അതിൽ ഒരു അധ്യായത്തിൽ മൂപ്പർ കൊണ്ടു വന്നു വെച്ച പഫ്‌സ് ഞാൻ എടുത്തു കഴിച്ചപ്പോൾ മൂപ്പർ എന്റെ ചെവിക്ക് പിടിച്ച കാര്യം എഴുതിയിരുന്നു.. ബപ്പന് അത് ഒരു വിഷമമാകുമോ എന്ന് ഞാൻ കരുതിയിരുന്നു..അത് പറയാതെ ആ അധ്യായം പൂർത്തിയാക്കാനും സാധിക്കില്ലയിരുന്നു....പക്ഷെ അതൊന്നും ബപ്പൻ ഒരു പരാതിയായി പറഞ്ഞില്ല...മറിച്ച് ഞാൻ ഒരു പുസ്തകം എഴുതിയതിൽ മൂപ്പർ ഒരു പാട് സന്തോഷിക്കുകയാണ് ഉണ്ടായത്.. വീട്ടിൽ വരുന്നവരോടും പോകുന്നവരോടും അതേ പറ്റി ബപ്പൻ വളരെ അഭിമാനത്തോടെ പറഞ്ഞു


പുസ്തക പ്രകാശനത്തിന്റെ അന്ന് ഞാൻ കാൽക്കൽ തൊട്ട് അനുഗ്രഹം തേടിയപ്പോൾ ബപ്പൻ പറഞ്ഞു "അവിടെ മറുപടി പ്രസംഗം പറയേണ്ടി വരും.. പറയുമ്പോൾ തിരക്ക് പിടിച്ച് പറയരുത്.. പതിയെ പതിയെ പറഞ്ഞാൽ മതി" 


സദസ്സിൽ മറുപടി പ്രസംഗം പറയുമ്പോൾ ഞാൻ ബപ്പന്റെ വാക്കാണ് ഓർത്തത്..പലതും പറയുമ്പോൾ കൈ വിട്ട് പോകുന്നു എന്ന് തോന്നുമ്പോൾ ഞാൻ ഒന്ന് നിർത്തും.. 


ഇതൊക്കെ പറഞ്ഞു തരാൻ ഇനി ആരാണ് ഉള്ളത്?


ഒരാഗ്രഹം ബപ്പൻ അന്ന് പറഞ്ഞു. പുസ്തകത്തിന്റെ ഒരു കോപ്പി മൂപ്പരുടെ സുഹൃത്തായ കാണിയത്ത് സുരേന്ദ്രേട്ടന് കൊടുക്കണം എന്ന്..  അത് കൊണ്ട് പോയി കൊടുത്തശേഷമാണ് ഞാൻ പുസ്തകപ്രകാശന വേദിയിലേക്ക് പോയത്.. ഒരു പക്ഷേ മൂപ്പർക്ക്  ഞാൻ പുസ്തകം എഴുതി എന്നതിൽ ഒരു പാട് സന്തോഷവും അഭിമാനവും തോന്നിയിരിക്കാം..അത് ആരെയെങ്കിലും അറിയിക്കണം എന്നും തോന്നിയിരിക്കാം


ചിലപ്പോൾ ക്യാമറയിലൂടെ ചിലരെ നോക്കുമ്പോൾ എന്റെ മനസ്സിൽ തോന്നാറുണ്ട് ഇനി ഈ ആളെ ചിലപ്പോൾ നേരിൽ കാണില്ല എന്ന്..ബപ്പന്റെ കാര്യത്തിലും അത് സംഭവിച്ചു..ആ തവണ അവിടെ പോയി യാത്ര പറഞ്ഞു പോരുമ്പോൾ മൂപ്പർ പതിവില്ലാതെ കരഞ്ഞു.. എന്റെ കണ്ണുകൾ നിറയുന്നത് മറച്ചു വെച്ച് ഞാൻ യാത്ര പറഞ്ഞിറങ്ങി


വന്ന് ഒരാഴ്ച കഴിയും മുൻപേ ബപ്പന്റെ മരണവാർത്ത എന്നെ തേടി വന്നു


പിറ്റേന്ന് തിരികെയെത്തി ബപ്പനെ കണ്ടു.. ഫ്രീസറിൽ സുസ്മേര വദനനായി ബപ്പൻ കിടക്കുന്നു..മരിക്കുമ്പോൾ ധരിപ്പിക്കാൻ വേണ്ടി മൂപ്പർ തന്നെ നേരത്തെ തയ്യാറാക്കി വെച്ചിരുന്ന മുണ്ടും ഷർട്ടുമാണ് അവസാനത്തെ യാത്രയിൽ ബപ്പനെ ധരിപ്പിച്ചിരുന്നത്


ഒരു ജീവിതം മുഴുവൻ  മനസ്സ്‌ കൊണ്ട് ചെറുപ്പക്കാരനായി ജീവിച്ച ബപ്പൻ ഞങ്ങളുടെ മനസ്സിൽ ചെറുപ്പക്കാരനായി തന്നെ മരിച്ചു..


മരണം വരെ എല്ലാവരോടും സംസാരിച്ച് ഞാൻ പോവാണ് എന്ന് യാത്രയും പറഞ്ഞ്  മറ്റോരു ലോകത്തേക്ക്  പോകാൻ എത്ര പേർക്ക് സാധിക്കും?


ജീവിച്ചിരുന്നപ്പോൾ മരിച്ചു പോയ സ്വന്തം അച്ഛനും അമ്മയ്ക്കും വേണ്ടി എല്ലാ വർഷവും ബലിയിട്ടിരുന്ന ബപ്പന് ചേട്ടൻ വച്ച ബലി ഒരു ദിവസം പോലും മുടങ്ങാതെ കാക്കകൾ എടുത്തു കൊണ്ട് പോയി... നല്ല കർമ്മങ്ങളുടെ ഫലങ്ങൾ എന്ന ബപ്പന്റെ വിശ്വാസം.


ഇന്നിവിടെ ഇരിക്കുമ്പോഴും ബപ്പൻ മരിച്ചു പോയി എന്ന് എനിക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല.."കസ്തൂരി മണക്കുന്നല്ലോ കാറ്റേ..നീ വരുമ്പോൾ" എന്ന പാട്ടും പാടി മൂപ്പർ അവിടെയോക്കെത്തന്നെ ഉണ്ട് എന്ന് ഞാൻ എന്റെ മനസ്സിനെ ഇപ്പോഴും വിശ്വസിപ്പിച്ചുകൊണ്ടേയിരിക്കുന്നു

Wednesday, November 17, 2021

വിശാഖപട്ടണം , അരക്കുവാലി

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള കുറച്ചു നഗരങ്ങൾ എടുത്താൽ അതിൽ സ്ഥാനംപിടിക്കും ആന്ധ്രാപ്രദേശിന്റെ കിഴക്കൻ തീരത്തു ബംഗാൾ ഉൾക്കടലിലേക്ക് അഭിമുഖമായി കിടക്കുന്ന വിശാഖപട്ടണം എന്ന തുറമുഖ നഗരം

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖമായ പ്രകൃതിദത്ത തുറമുഖങ്ങളിൽ ഒന്നാണ് വിശാഖപട്ടണം. അതിമനോഹരമായ ബീച്ചുകൾ ഉള്ള ഇവിടം രണ്ടോ മൂന്നോ ദിവസത്തെ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്
ഹൈദരാബാദ് നിന്ന് വിമാന മാർഗം ഒരു മണിക്കൂർ യാത്രയേ വിശാഖപട്ടണത്തേക്ക് ഉള്ളൂ . നേരത്തെ തന്നെ ഞങ്ങൾ എയർപോർട്ടിൽ എത്തിയിരുന്നു . വിശാഖപട്ടണത്തിന്റെ ചരിത്രം ഒന്ന് ഓർത്തെടുക്കാൻ ആ സമയം ഉപയോഗിക്കാം എന്ന് കരുതി
ഹൈദരാബാദിന്റെ ഭരണചരിത്രമോ പാരമ്പര്യമോ ഒന്നുമല്ല വിശാഖപട്ടണത്തിന്റെ ചരിത്രവും പാരമ്പര്യവും . ബി സി നാലാം നൂറ്റാണ്ട് മുതൽ ഇങ്ങോട്ടു പാരമ്പര്യമുള്ള നഗരമാണ് വിശാഖപട്ടണം . മഹാനായ അശോക ചക്രവർത്തിയുടെ കലിംഗ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഒരു കാലത്ത് വിശാഖപട്ടണം ഉൾപ്പെടുന്ന പ്രദേശങ്ങൾ . കലിംഗ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം പല്ലവ വംശം ഈ പ്രദേശത്തിന്റെ അധിപരായി . പല്ലവ വംശത്തിനു ശേഷം ചോള സാമ്രാജ്യം നിലവിൽ വന്നപ്പോൾ ഈ പ്രദേശങ്ങൾ വര്ഷങ്ങളോളം ചോളാ സാമ്രാജ്യത്തിന്റെ അധീനതയിലായി . ഇവിടെ ഒരു നഗരം നിർമ്മിച്ചത് ചോള രാജാവായ കുലോത്തുംഗ ചോളൻ ആണെന്ന് പറയപ്പെടുന്നു. കുലോത്തുംഗ ചോളന്റെ ഭരണകാലം പന്ത്രണ്ടാം നൂറ്റാണ്ടിൽ ആണ് എന്ന് വെച്ചാൽ ഏതാണ്ട് എണ്ണൂറു വർഷങ്ങൾക്ക് മുൻപ്.
ചോള സാമ്രാജ്യത്തിന് ശേഷം ഈ പ്രദേശം ഒറീസ ആസ്ഥാനമാക്കിയ ഗജപതി രാജ്യവംശത്തിന്റെ അധീനതയിലും തുടർന്ന് പതിനഞ്ചാം നൂറ്റാണ്ടോടെ വിജയനഗരസാമ്ര്യാജ്യത്തിന്റെ ഭാഗം ആയി മാറുകയും ചെയ്തു . വിജയനഗരസാമ്രാജ്യം അതിന്റെ പ്രഭാവം അസ്തമിച്ചു ഒടുങ്ങിയപ്പോൾ ഈ പ്രദേശം മുഴുവൻ ജയ്‌പൂർ രാജാവിന്റെ കീഴിൽ ആവുകയും പിൻക്കാലത്തു വിശാഖപട്ടണത്തിന്റെ രാജാവ് എന്ന പേരിൽ ജയ്‌പൂർ രാജാവ് അറിയപ്പെടുകയും ചെയ്തു . പിന്നീട് കുറച്ചു കാലം ഖുതുബ് ഷാഹി വംശവും തുടർന്ന് മുഗൾ വംശവും പിന്നീട് ഹൈദരാബാദ് നിസാമും വിശാഖപട്ടണത്തിന്റെ അധിപന്മാരായി
അതിനിടെ പതിനെട്ടാം നൂറ്റാണ്ടോടെ വിശാഖപട്ടണം ഫ്രഞ്ച് അധീനതയിൽ ആവുകയും 1804 ലോടെ വിശാഖപട്ടണം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭാഗം ആവുകയും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നത് വരെ ഈ പ്രദേശം മുഴുവൻ ബ്രിട്ടീഷുകാരുടെ അധീനതയിൽ ആയി തീരുകയും ചെയ്തു
നാട്ടുമൊഴി അനുസരിച്ച്‌ വിശാഖപട്ടണം എന്ന പേര് ഉണ്ടായത് വിശാഖ എന്ന പേരിൽ നിന്നാണ് . കൃഷ്ണന്റെ ഗോപികമാരിൽ രാധ കഴിഞ്ഞാൽ പിന്നെ ഏറ്റവും സുന്ദരിയായിരുന്നു വിശാഖ. രാധാ കൃഷ്ണന്മാരുടെ പ്രണയത്തിൽ അവരുടെ ദൂതുകൾ കൈമാറിയിരുന്ന വിശാഖ. വിശാഖയെ കുടുംബ ദേവതയായി കണ്ടിരുന്ന ആന്ധ്രാ രാജാവ് അവർക്ക് വേണ്ടി ക്ഷേത്രം പണിതത് കൊണ്ടാണ് ഈ നഗരത്തിനു ഇങ്ങിനെ ഒരു പേര് വന്നത് എന്നും അതല്ല ബുദ്ധ മതത്തിന്റെ പ്രചാരണകാലത്തു ബുദ്ധന്റെ ആദ്യ വനിതാ ശിഷ്യയായി മാറിയ പെൺകുട്ടിയ്ക്ക് വിശാഖ എന്ന പേര് നൽകപ്പെട്ടു എന്നും തുടർന്ന് ബുദ്ധമതത്തിനു ഇവിടെ വലിയ പ്രചാരം കിട്ടുകയും നഗരം വിശാഖപട്ടണം എന്ന് അറിയപ്പെടുകയും ചെയ്തു എന്നും പലതരം വാമൊഴികൾ നിലവിൽ ഉണ്ട് .
ചരിത്രം വായിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല . ഫ്ലൈറ്റ് ബോര്ഡിങ്ങിന് ഉള്ള അനൗൺസ്‌മെന്റ് വന്നപ്പോഴാണ് ചിന്തകളിൽ നിന്ന് ഉണർന്നത്
വിശാഖപട്ടണത്ത് ചെന്നിറങ്ങിയാൽ ആദ്യം നമ്മളെ ആകർഷിക്കുക ആ നഗരത്തിന്റെ വൃത്തിയും വെടിപ്പുമാണ് . റോഡിലും പരിസരങ്ങളിലും അലസമായി കിടക്കുന്ന മാലിന്യ കൂമ്പാരം ഇവിടെ നമ്മൾ കാണില്ല . മാലിന്യ സംസ്കരണത്തിൽ ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും ഉള്ള നഗരങ്ങൾ കുറെയൊക്കെ മുന്നേറിയിട്ടുണ്ടെങ്കിലും വിശാഖപട്ടണം അതിനെയൊക്കെ കടത്തിവെട്ടി മനോഹാരിയായി നിൽക്കുന്നു. എവിടെ നോക്കിയാലും മനസ്സിന് കുളിർമ നൽകുന്ന ദൃശ്യങ്ങൾ ആണ് വിശാഖപട്ടണം നമുക്ക് നൽകുക
വിശാഖപട്ടണത്തേക്ക് യാത്ര പോകുമ്പോൾ രണ്ടു ദിവസം വിശാഖപട്ടണം നഗരത്തിലും ഒരു ദിവസം അരക്കു വാലി എന്ന ട്രൈബൽ വില്ലേജിലും താമസിക്കാവുന്ന രീതിയിൽ പ്ലാൻ ചെയ്യുന്നതാവും നല്ലത്
പ്രൈവറ്റ് ബീച്ച് ഉള്ള ഒരു പാട് നല്ല ബീച്ച് റിസോർട്സ് അവിടെയുണ്ട് . കേരളത്തിലെ ബീച്ചുകളിൽ നമുക്ക് സൂര്യാസ്തമയം ആണ് കാണാൻ പറ്റുന്നതെങ്കിൽ വിശാഖപട്ടണത് ബീച്ചുകളിൽ നമ്മൾ കാണുക സൂര്യോദയം ആണ്. കിഴക്കോട്ട് അഭിമുഖമായി ബംഗാൾ ഉൾക്കടലിലേക്ക് നീണ്ടു കിടക്കുന്നതു കൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത്
ഹോട്ടലിൽ എത്തി ചെക്ക് ഇൻ ചെയ്യുമ്പോഴേക്കും സമയം ഏതാണ്ട് ഉച്ചയായിരുന്നു . ഭക്ഷണം കഴിച്ചു ഒന്ന് വിശ്രമിച്ചു പുറത്തേക്കിറങ്ങിയാൽ ആദ്യം പോകുന്നത് രാമകൃഷ്ണ ബീച്ചിലേക്കാണ് . അവിടെയാണ് കൂടുതൽ സന്ദർശകരും വൈകുന്നേരം ചിലവഴിക്കാൻ എത്തുന്നത് . അതിനു രണ്ടു കാരണങ്ങൾ ഉണ്ട് . അവിടെയാണ് പ്രശസ്തമായ സബ്മറൈൻ മ്യൂസിയം ഉള്ളത് പിന്നെ കടൽ വിഭവങ്ങൾ ഭക്ഷണമായി കിട്ടുന്ന ഒരു പാട് നല്ല റെസ്റ്റോറന്റ്സ് അവിടെ ആണ് ഉള്ളത്
ഐ എൻ എസ് കുർസുര , സബ് മറൈൻ മ്യൂസിയം
--------------------------------------------------------------
ഇന്ത്യൻ നാവികസേനയുടെ നാലാമത് മുങ്ങിക്കപ്പൽ ആയിരുന്നു ഐ എൻ എസ് കുർസുര . 1969 ഇൽ കമ്മീഷൻ ചെയ്യപ്പെട്ട കുർസുര 1971 ഇൽ നടന്ന ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ പ്രധാന പങ്കു വഹിച്ചു .
2001 ഡികമ്മീഷൻ ചെയ്യപ്പെട്ട കുർസുര എല്ലാ ബഹുമാനവും നൽകി ഒരു നേവൽ മ്യൂസിയം ആക്കി മാറ്റിയത് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ശ്രമഫലമായാണ് . ഇന്ന് RK ബീച്ചിൽ വരുന്ന ആരും കുർസുരയുടെ ധീരചരിത്രം അറിയാതെ മടങ്ങുന്നില്ല
ഈ അടുത്ത കാലത്തു റിലീസ് "ഖാസി" എന്ന സിനിമ കണ്ടവർക്ക് മുങ്ങിക്കപ്പലുകളെ കുറിച്ച് ഏകദേശം ധാരണ ഉണ്ടാവും. പക്ഷെ ഒരു മുങ്ങികപ്പലിന്റെ ഉൾഭാഗം എങ്ങിനെ ഇരിക്കും എന്ന് കുർസുരയിലൂടെ കയറി ഇറങ്ങുമ്പോൾ മാത്രമാണ് നമുക്ക് പൂർണമായും മനസ്സിലാവുക. എത്ര പരിമിതമായ സൗകര്യങ്ങളോടെയാണ് ദിവസങ്ങളോളം വെള്ളത്തിനടിയിൽ നമ്മുടെ സൈനികർ ജീവിക്കുന്നത് എന്നാലോചിക്കുമ്പോൾ നമുക്ക് തന്നെ ഒരു ശ്വാസം മുട്ടൽ അനുഭവപ്പെടും. നമ്മുടെ ധീര ജവാന്മാരുടെ ആത്മബലത്തിനും മനഃസ്ഥൈര്യത്തിനും ഇതിനേക്കാൾ നല്ല ഒരു ഉദാഹരണം വേറെയില്ല. അവർ എല്ലാ നിലയ്ക്കും സല്യൂട്ട് അർഹിക്കുന്നു എന്ന് ഇവിടം സന്ദർശിച്ചാൽ നമുക്ക് തോന്നിപ്പോകും
അവിടെ നിന്ന് പുറത്തു വരുമ്പോഴേക്കും നേരം വൈകി തുടങ്ങിയിരുന്നു . നേരത്തെ പറഞ്ഞപോലെ സൂര്യാസ്തമയം നേരിട്ട് കാണാൻ പറ്റാത്ത ബീച്ചുകൾ ആണ് ഈസ്റ്റ് കോസ്റ്റ് ബീച്ചുകൾ. ബീച്ചിലൂടെ ഒരു റൗണ്ട് നടന്നു വന്നാൽ പിന്നെ എയർ ക്രാഫ്റ്റ് മ്യൂസിയം കാണാം . ശാസ്ത്രത്തിലും എയറോനോട്ടിക്കൽ എഞ്ചിനീയറിങ്ങിലും താല്പര്യം ഉള്ളവർക്ക് ഒരു പാട് കാര്യങ്ങൾ ഇവിടെ നിന്ന് മനസ്സിലാക്കാം
പുറത്തിറങ്ങിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു . ഇനി പരീക്ഷിക്കാനുള്ളത് വിശാഖപട്ടണത്തെ ഭക്ഷണപെരുമയാണ്. ഏറ്റവും രുചികരമായി നോൺ വെജിറ്റേറിയൻ ഭക്ഷണം കിട്ടുന്ന ഭക്ഷണശാലകൾ ആണ് ബീച്ചിന്റെ ഒരു വശം മുഴുവൻ . പ്രോൺസ് , ക്രാബ് പിന്നെ എല്ലാ തരം മീൻ വിഭവങ്ങളും അവിടെ കിട്ടും . എല്ലാത്തിനും നല്ല രുചിയും വില വളരെ കുറവും . ഒരു ഹോട്ടലിൽ പോയി കഴിക്കുന്നതിനേക്കാൾ വിലക്കുറവിൽ അതിനേക്കാൾ നല്ല ഭക്ഷണം ഇത്തരം ഷാക്കുകളിൽ കിട്ടും
ഭക്ഷണം കഴിഞ്ഞു അന്നത്തെ പ്രോഗ്രാം അവസാനിപ്പിച്ച് ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി
പിറ്റേന്ന് അതി രാവിലെ എഴുന്നേറ്റു . പ്രൈവറ്റ് ബീച്ചുള്ള ഹോട്ടൽ ആയിരുന്നത് കൊണ്ട് സുഖകരമായി സൂര്യോദയം കണ്ടു . ആസ്വാദ്യകരമായ ബ്രേക്ക് ഫാസ്റ്റിനു ശേഷം കൈലാസഗിരി കാണാൻ ഞങ്ങൾ പുറപ്പെട്ടു.
പണ്ടത്തെപ്പോലെ അല്ല . ഇന്ന് റോപ് വേ സംവിധാനം ഉണ്ട് കൈലാസ ഗിരിയുടെ മുകളിൽ കയറാൻ. ശിവന്റെയും പർവ്വതിയുടെയും വലിയ പ്രതിമകൾ സ്ഥാപിച്ചത് കൊണ്ടായിരിക്കും ആ സ്ഥലത്തിന് ആ പേര് കിട്ടിയത് . അകലെ താഴെ വെൺനുര പതയുന്ന ബീച്ചുകൾ കാണാമായിരുന്നു . മറ്റേതു ടൂറിസ്റ്റ് സ്ഥലം പോലെയും യാത്രികർക്ക് വേണ്ട കുറെ നേരമ്പോക്കുകൾ അവിടെയുമുണ്ട് . വിശാഖപട്ടണത്തിന്റെ ഒരു ബേർഡ് ഐ വ്യൂ അവിടെ നിന്നാൽ കിട്ടും. അന്തരീക്ഷവും നല്ല തണുപ്പാണ്
തിരിച്ചിറങ്ങി ഋഷികൊണ്ട ബീച്ച് വരെ ഞങ്ങൾ പോയി . മനോഹരമായ ബീച്ചാണ് ഋഷികൊണ്ട. അത് പോലെ തന്നെ അപകടകരവും. അധികം താഴേക്ക് ഇറങ്ങിയാൽ തിര കാൽ വലിച്ചു കൊണ്ട് പോകും . ഒരു പാട് പേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട് ഇവിടെ. അത് കൊണ്ട് തന്നെ അധികം പരീക്ഷണത്തിന് ഞങ്ങൾ മുതിർന്നില്ല
അന്നത്തെ ഭക്ഷണം നല്ലൊരു ഹോട്ടലിൽ നിന്ന് ആയിരുന്നു . തലേന്ന് കഴിച്ച ഭക്ഷണം ആയിരുന്നു കൂടുതൽ നന്നായത് എന്നാണു എല്ലാവരും അഭിപ്രായപ്പെട്ടത് . അതിനു കാരണം അത് കുറച്ചു കൂടെ തുറന്ന സ്ഥലത്തും ബീച്ചിന്റെ അരികത്തു ആണെന്നുള്ളതും കൊണ്ടാവാം. ഭക്ഷണത്തിന് രുചി നൽകുന്നത് അത് കഴിക്കുന്ന ചുറ്റുപാടുകൾ കൂടി നന്നാവുമ്പോൾ ആണല്ലോ
രണ്ടാം ദിവസം കഴിഞ്ഞിരിക്കുന്നു . നാളെ അരക്കുവാലി ട്രൈബൽ സെറ്റിൽമെന്റിലേക്കാണ് യാത്ര. അതിനു മുൻപ് വിശാഖപട്ടണത്തിന്റെ ബുദ്ധിസ്റ്റ് പാരമ്പര്യത്തെക്കുറിച്ചു ചിലതു കുറിക്കാം
കലിംഗ യുദ്ധത്തിന് ശേഷം മനം മാറ്റം വന്ന അശോക ചക്രവർത്തി ബുദ്ധമതം സ്വീകരിക്കുകയും തുടർന്ന് രാജ്യം എമ്പാടും ബുദ്ധ ആശ്രമങ്ങളും സ്തൂപങ്ങളും സ്ഥാപിക്കുകയും ചെയ്തു. വിശാഖപട്ടണത്തും അതിന്റെ ശേഷിപ്പുകൾ ഇന്നും കാണാം
പാവുരല്ലകൊണ്ട, ശങ്കരം , ഭവികൊണ്ട ,തൊട്ട്ലകൊണ്ട എന്നിവിടങ്ങളിൽ ബി സി മൂന്നാം നൂറ്റാണ്ടിലെ ബുദ്ധ സ്മാരകങ്ങളും സ്തൂപങ്ങളും കാണാം . എന്താണ് വിശാഖപട്ടണത്തിന്റെ പാരമ്പര്യം എന്ന ചോദ്യത്തിന് നിസംശയം പറയാം കലിംഗ സാമ്രാജ്യത്തിന്റെയും ബുദ്ധവിഹാരങ്ങളുടെയും പാരമ്പര്യം പേറുന്ന മണ്ണാണ് ആ പ്രദേശം എന്ന്. ഇന്ന് ബുദ്ധമതം ആചരിക്കുന്ന ആരെങ്കിലും ആ പരിസരത്തു ഉണ്ടോ എന്ന് സംശയമാണ് . ഒരുകാലത്തു എല്ലാവരും ആചരിച്ചിരുന്ന വിശ്വാസങ്ങൾ എങ്ങിനെയാണ് പെട്ടെന്ന് ഇല്ലാതാവുന്നത് . ഉത്തരം കിട്ടാത്ത ചോദ്യമാണ് അത് . ആ ലോജിക് വെച്ച് നോക്കുകയാണെങ്കിൽ ഇന്ന് ആചരിക്കുന്ന പല വിശ്വാസങ്ങളും ചിലപ്പോൾ നാളെ ഉണ്ടാവണം എന്നില്ല
അരക്കു വാലിയിലേക്ക് വിശാഖപട്ടണത്ത് നിന്ന് 110 കിലോമീറ്റർ ദൂരം ഉണ്ട് . ഒറീസാ ബോർഡറിൽ ഉള്ള ഒരു ഹിൽ സ്റ്റേഷൻ ആണ് അരക്കുവാലി. ആന്ധ്രാപ്രദേശിന്റെ ഊട്ടി എന്നറിയപ്പെടുന്ന ഈ സ്ഥലം ഭൂമിശാസ്ത്രപരമായും കാലാവസ്ഥാപരമായും മറ്റേതു ഹിൽ സ്റ്റേഷനോടും കിടപിടിക്കും. കാപ്പി ആണ് അരക്കു വാലിയിലെ പ്രധാന കൃഷി . ട്രൈബൽ മ്യൂസിയം, ട്രൈബൽ കലാരൂപങ്ങൾ എന്നിവയൊക്കെയാണ് അവിടുത്തെ ആകർഷണം. അവിടുത്തെ സ്ത്രീകൾ നടത്തുന്ന ഒരു നൃത്തരൂപം കാണാൻ വളരെ മനോഹരമാണ്
അതി പ്രശസ്തമായ ബോറ ഗുഹകൾ ഇവിടെയാണ് . ഭൂമിക്കടിയിൽ ഒരു നൂറു മീറ്റർ ഉയരത്തിലും ഏതാണ്ട് അത്ര തന്നെ നീളത്തിലും വീതിയിലും ഉള്ളതാണ് ഈ ഗുഹ . ഇത് രൂപം കൊണ്ടിരിക്കുന്നത് ലാറ്ററൈറ്റും മാര്ബിളും ഗ്രാനൈറ്റും എല്ലാം ചേർന്നാണ് . 1807 ഇൽ ബ്രിട്ടീഷുകാർ ആണ് ഇത് കണ്ടു പിടിക്കുന്നത് . സന്ദർശകർക്ക് ഗുഹയിലേക്ക് ഇറങ്ങാനും കാഴ്ചകൾ കാണാനും ഉള്ള സൗകര്യം ഉണ്ട് . ഒരു വ്യത്യസ്തമായ അനുഭവം പ്രധാനം ചെയ്യും ഈ ഗുഹയിലൂടെയുള്ള സന്ദർശനം
ബോറ കേവ്സ് കണ്ടു പുറത്തിറങ്ങുമ്പോഴേക്കും അരക്കു വാലിയിൽ മഞ്ഞു പെയ്യാൻ തുടങ്ങും . ചുറ്റുമുള്ള കാട്ടിൽ നിന്ന് തണുത്ത കാറ്റ് നമ്മളെ വന്നു തലോടിക്കൊണ്ടിരിക്കും. അവിടെ രാത്രി തങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ചില റിസോർട്ടുകൾ ഉണ്ട് . ഏറുമാടങ്ങളിൽ താമസിക്കാനുള്ള സൗകര്യവുമുണ്ട്
അരക്കു വാലിയിലെ മറ്റു ആകർഷണങ്ങൾ ചാപ്ര വാട്ടർഫാൾസ്‌ , ബൊട്ടാണിക്കൽ ഗാർഡൻ , കോഫീ മ്യൂസിയം എന്നിവയൊക്കെയാണ് . ഡിസംബർ മുതൽ ഫെബ്രുവരി വരെ ആണ് അരക്കുവാലി സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല സമയം. ബൊങ്‌ലോ ചിക്കൻ, മദുഗുല ഹൽവ ഇതൊക്കെയാണ് അരക്കു വാലിയിൽ നമ്മൾ ടേസ്റ്റ് ചെയ്തു നോക്കേണ്ട വിഭവങ്ങൾ
സമയം ഉണ്ടെങ്കിൽ അരക്കു വാലിയിൽ ഒരു രാത്രി തങ്ങാം . മൂന്ന് ദിവസത്തെ മാത്രം യാത്ര പ്ലാൻ ചെയ്തിരുന്നത് കൊണ്ട് ഞങ്ങൾ അന്ന് രാത്രി തന്നെ അരക്കു വാലിയോട് വിടപറഞ്ഞു. എല്ലാവരുടെയും കയ്യിൽ അവിടെ നിന്ന് വാങ്ങിയ കാപ്പിപ്പൊടിയും നല്ല തേനും ഉൾപ്പെടെ നിറയെ വനവിഭവങ്ങൾ ആയിരുന്നു
രാത്രിയോടെ ഞങ്ങൾ തിരികെ വിശാഖപട്ടണത്ത് തിരിച്ചെത്തി . അർധരാത്രി കഴിഞ്ഞുള്ള ഫ്ലൈറ്റിൽ കയറി ഇരിക്കുമ്പോൾ എല്ലാവരും നന്നേ ക്ഷീണിച്ചിരുന്നു . എങ്കിലും ആ മൂന്ന് ദിവസം പൂർണമായും ആസ്വദിച്ചതിന്റെ സന്തോഷം എല്ലാവരുടെ മുഖത്തും ഉണ്ടായിരുന്നു .
ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തതോടെ ഉറക്കത്തിന്റെ ചിറകുകൾ ഞങ്ങളെ വാരിപ്പുർണർന്നു . അകലെ അരക്കു വാലിയിൽ അപ്പോൾ നേരം പുലർന്നു തുടങ്ങിയിട്ടുണ്ടാവണം

സഹദേവേട്ടന്റെ മഴക്കാലം

ഓരോ നാട്ടിലും എത്രയോ വ്യത്യസ്തരായ ജനങ്ങൾ ആണ് ജീവിക്കുന്നത് അതിൽ തന്നെ എത്രയോ പേർ മണ്മറഞ്ഞു പോയി . എഴുതപ്പെടാൻ മാത്രം ചരിത്രമില്ലാതെ ആരുടേയും ഓർമകളിൽ ഇല്ലാതെ അവർ എങ്ങോ പോയ് മറഞ്ഞു .

ചിലരൊക്കെ അതിൽ പ്രകൃതിയുടെ താളത്തിന് ഒപ്പം ജീവിച്ചവരാണ് . പ്രകൃതിയുടെ ആ താളം വീണ്ടും കാണുമ്പോൾ ചിലരുടെയൊക്കെ ഓർമ്മകൾ മനസ്സിൽ വരുന്നതും അത് കൊണ്ടാണ്
പണ്ടൊക്കെ മഴക്കാലത്ത് തെങ്ങിന് തടമെടുക്കുക എന്നൊരു പണി ഉണ്ടായിരുന്നു . മഴ പെയ്തു പറമ്പിലൂടെ ഒഴുകി വരുന്ന വെള്ളം തെങ്ങിന്റെ കടയ്ക്കൽ തന്നെ കെട്ടി നില്ക്കാനും മണ്ണിലെ പശിമ സ്വന്തം പുരയിടത്തിനു പുറത്തു പോകാതിരിക്കാനും തെങ്ങിന്റെ വേരുകൾ മുകളിലേക്ക് പൊട്ടി മുളയ്ക്കാതിരിക്കാനും ഒക്കെയായാണ് ഈ തടമെടുപ്പ്
പറമ്പുകളയെപ്പോലെയോ അല്ലെങ്കിൽ പാടത്തെ കാലായിപ്പണി പോലെയോ അത്രയ്ക്ക് അദ്ധ്വാനം വേണ്ടാത്ത ഒരു ജോലിയാണ് തെങ്ങിന്റെ തടമെടുപ്പ് . പ്രത്യേകിച്ചും മണൽ പ്രദേശമായ ഞങ്ങളുടെ നാട്ടിൽ ഒന്ന് മഴ പെയ്താൽ മണ്ണ് നന്നായി ഇളകി കിടക്കുന്നുണ്ടാവും .
ഈ സമയത്താണ് സഹദേവേട്ടൻ എല്ലാ വർഷവും പ്രത്യക്ഷപ്പെടാറ് . വർഷം പെയ്യുന്നതു വരെ മൂപ്പർ എന്ത് ചെയ്യുകയായിരുന്നു എന്ന് ചോദിച്ചാൽ പ്രത്യേകിച്ച് ഉത്തരമൊന്നും ഇല്ല . മൂപ്പർ 'വിസിബിൾ' അല്ല എന്ന് ചുരുക്കം.
ഉയരം കുറഞ്ഞ് നന്നായി വെളുത്ത ഒരു മനുഷ്യനായിരുന്നു സഹദേവേട്ടൻ . മെല്ലെ മെല്ലെയാണ് നടക്കുക . ആ ഒരു അവധാനത മൂപ്പരുടെ ജീവിതത്തിലും ഉണ്ടായിരുന്നു
ഇടവപ്പാതി പെയ്തു മണ്ണ് കുതിർന്നാൽ സഹദേവേട്ടൻ വീട്ടിൽ വരും . അതിരാവിലെ വന്നു മുറ്റത്ത് നില്പുണ്ടാവും അച്ഛൻ ഉറക്കം ഉണർന്നു വരുന്നതും കാത്ത്
വരവിന്റെ ഉദ്ദേശ്യം വേറൊന്നുമല്ല തെങ്ങിന് തടമെടുക്കുന്ന പണി സ്ഥിരം പണിക്ക് വരുന്ന കുമാരേട്ടൻ ചെയ്യുന്നതിന് മുൻപ് ആ പണി പിടിക്കാനാണ് വരവ്.
മുറ്റത്ത് അച്ഛനെ കാത്തു നിൽക്കുന്ന സമയത്തൊക്കെ മൂപ്പർ സ്വയം എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കുകയും കൈവിരലിൽ എന്തൊക്കെയോ കണക്കു കൂട്ടൽ നടത്തുകയും ചെയ്തു കൊണ്ടിരിക്കും .
എന്താണ് കണക്ക് കൂട്ടുന്നത് എന്ന് ആർക്കും അറിയില്ല . മൂപ്പർ അത് ആരോടും പറഞ്ഞിട്ടുമില്ല
അച്ഛൻ എഴുന്നേറ്റ് ഉമ്മറത്തേക്ക് വന്നാൽ സഹദേവേട്ടൻ ഒരു ചിരിയാണ്.
"മാഷേ , തെങ്ങിന് തടം വെട്ടേണ്ടേ?"
"ആ നോക്കണം" അച്ഛന്റെ അലസമായ മറുപടി
സഹദേവേട്ടനെ ഏൽപ്പിച്ചാൽ പറമ്പിലെ തെങ്ങിന്റെ മുഴുവൻ തടം എടുത്തു കഴിയുമ്പോഴേക്കും മഴക്കാലം തീരും എന്ന് അച്ഛനറിയാം . എന്നാൽ പണി ചോദിച്ചു വന്ന ആളെ മടക്കി അയക്കാനും അച്ഛന് ഒരു മടി
അടുത്ത 'പ്രൊപോസൽ' സഹദേവേട്ടൻ തന്നെ മുന്നോട്ട് വെക്കട്ടെ എന്ന് കരുതി അച്ഛൻ മെല്ലെ പത്രവായനയിലേക്ക് കടക്കും
"തടം എണ്ണി പൈസ തന്നാ മതി മാഷെ"
എന്ന് വെച്ചാൽ ദിവസക്കൂലി വേണ്ട , ഒരു തടം വെട്ടിയാൽ ഇത്ര രൂപ എന്ന കണക്കിന്.
സഹദേവേട്ടനെ ദിവസക്കൂലിക്ക് വെച്ച് പണി എടുപ്പിച്ചാൽ മുതലാവില്ല എന്നറിയുന്ന അച്ഛൻ പുതിയ പ്രൊപ്പോസലിനോട് ക്രിയാത്മകമായി പ്രതികരിക്കും
"ആ അത് നോക്കാം , ഒരു തടത്തിനു നാല് രൂപ ആണെങ്കിൽ സഹദേവൻ തുടങ്ങിക്കോ"
"അയ്യോ അത് പറ്റില്ല ആറ് രൂപ വേണം മാഷേ , എനിക്കും എന്തെങ്കിലും കിട്ടേണ്ടേ?"
"നാല് തന്നെ കൂടുതലാണ് , ഏതായാലും അഞ്ചു രൂപ വെച്ച് ഒരു തടത്തിനു തരാം , പിന്നെ തെങ്ങിൻ തൈയുടെ തടത്തിനു മൂന്ന് രൂപയും"
തല ചൊറിഞ്ഞു കൊണ്ട് സഹദേവേട്ടൻ ഒന്ന് ചിരിക്കും .
എന്നാ പിന്നെ നാളെ വരാമെന്ന് പറഞ്ഞു മൂപ്പർ പോകും
പിറ്റേന്ന് നേരം വെളുക്കുമ്പോൾ തന്നെ സഹദേവേട്ടൻ വീട്ടിൽ ഉണ്ടാവും . വിത്ത് യൂണിഫോം.
കാലിൽ കറുത്ത റബ്ബർ ഷീറ്റുകൾ കെട്ടി വെച്ച് പുറത്തു പ്ലാസ്റ്റിക് ചരടുകൊണ്ടു കെട്ടും . കണ്ടാൽ മിലിറ്ററിക്കാരുടെ ഷൂ പോലെ . വെള്ളത്തിലൂടെ നടക്കുമ്പോൾ കാലുകളിൽ വൃണം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ
തലയിൽ ടവൽ കൊണ്ട് ഒരു കെട്ട് , കയ്യിൽ മൂപ്പരുടെ ശരീരത്തിന് ചേരുന്ന ഒരു കൈക്കോട്ട്
ഇത്രയുമായാൽ നമ്മൾ വിചാരിക്കും സഹദേവേട്ടൻ വേഗം വേഗം തടം വെട്ടി തീർക്കും എന്ന് . എവിടെ?
സഹദേവേട്ടന് ഒരു തടം വെട്ടണമെങ്കിൽ കുറഞ്ഞത് രണ്ടു മണിക്കൂർ വേണം. പക്ഷെ ഒരു കാര്യമുണ്ട് മറ്റുള്ള പണിക്കാരെ പോലെ അല്ല . സഹദേവേട്ടൻ വെട്ടിയ തടത്തിനു കൃത്യം വട്ടമായിരിക്കും ആഴമായിരിക്കും ഒരു തരി മണ്ണ് അതിന്റെ കരയിൽ നിന്ന് ഇടിഞ്ഞു വീഴില്ല . അത്രയും വൃത്തിയായി മാത്രമേ മൂപ്പർ ഓരോ തടവും ഒരുക്കൂ.
അതിനിടയിൽ മൂപ്പർ കൈക്കോട്ട് നിലത്തു വെച്ച് എങ്ങോട്ടോ നോക്കി നിൽക്കുന്നതു കാണാം . പിന്നെ ചിരിച്ചു കൊണ്ട് കൈ വിരലിൽ എന്തൊക്കെയോ കൂട്ടി നോക്കും . ഇത്ര തടം വെട്ടി തീർന്നാൽ ഇത്ര രൂപ കിട്ടും എന്നൊക്കെയായിരിക്കും.
"സഹദേവേട്ടാ" എന്ന് ഞങ്ങൾ പോയി വിളിച്ചാൽ മൂപ്പർ വീണ്ടും പണി തുടങ്ങും
ഇങ്ങനെ വൈകുന്നേരം ആവുമ്പോഴേക്കും മൂപ്പർ ആകെ തീർത്തിട്ടുണ്ടാകുക മൂന്നോ നാലോ തടം മാത്രമായിരിക്കും
യൂണിഫോം ഒക്കെ ഊരി കഴുകിവെച്ച് മൂപ്പർ കൂലിക്കായി മുറ്റത്തു വന്നു നിൽക്കും
"നാലു തടത്തിനു ഇരുപതു രൂപ" . അച്ഛൻ കൊടുത്ത പൈസയിൽ നിന്ന് അമ്മ എടുത്തു കൊടുക്കും
അതും വാങ്ങി ചിരിച്ചു കൊണ്ട് മൂപ്പർ അവിടെ തന്നെ പോവാതെ നിൽക്കും . എന്തെങ്കിലും കൂടുതൽ കൊടുക്കണം എന്നാണ് ആ നിൽപ്പിന്റെ അർത്ഥം. പൈസ ഉണ്ടെങ്കിൽ നാലോ അഞ്ചോ രൂപകൂടി ചിലപ്പോൾ അമ്മ കൊടുക്കും
അതും വാങ്ങി തലയിലെ ടവൽ അഴിച്ചു ഷർട്ടിന്റെ കോളറിന്റെ മേലെ മടക്കി വെച്ച് മൂപ്പർ ചിരിച്ചു കൊണ്ട് തലയാട്ടി പടിയിറങ്ങി നേരെ വടക്കോട്ട് നടക്കും . ഷാപ്പിൽ പോയി ഒന്ന് മിനുങ്ങിയിട്ടേ വീട്ടിലേക്ക് മടക്കമുള്ളൂ
ഇങ്ങനെ എത്രയോ മഴക്കാലങ്ങളിൽ സഹദേവേട്ടൻ ഞങ്ങളുടെ പടി കയറി വന്നിരിക്കുന്നു . ആരോടും കൈ നീട്ടാതെ തനിക്ക് ചിലവിനു വേണ്ട പണം ഇങ്ങനെ ചെറിയ ചെറിയ പണികൾ ചെയ്തു ആ മനുഷ്യൻ ഉണ്ടാക്കിയിരുന്നു .
ജീവിതത്തിൽ ഒറ്റത്തടിയായിരുന്നു സഹദേവേട്ടൻ ..അങ്ങിനെ കുറെ കാലം ജീവിച്ചു ഒരു ദിവസം മൂപ്പർ അങ്ങ് പോയി .. പിന്നീടുള്ള മഴക്കാലങ്ങളിൽ പങ്കു ചേരാതെ
നാട്ടിൽ വന്നു ഉമ്മറത്തിരുന്നു പെരുമഴ കാണുമ്പോൾ കുട ചൂടി മഴയത്തു പടി കയറി വന്നിരുന്ന ആ ചെറിയ മനുഷ്യനെ ഓർത്തു പോയി. എഴുതപ്പെടാത്ത ചരിത്രത്തിന്റെ ഭാഗമായവർ അങ്ങിനെ എത്രയോ പേർ.