Thursday, December 23, 2021

ഇളനീർ കനവുകൾ

ഇന്ന് വീട്ടിൽ തെങ്ങുകയറ്റമായിരുന്നു. 

കയറുന്നത് ബാലേട്ടനും മറ്റൊരാളുമാണ്. എനിക്ക് ബാലേട്ടനെ ചെറുപ്പത്തിൽ കണ്ട പരിചയം ഉണ്ടെങ്കിലും മൂപ്പർക്ക് എന്നെ അത്ര പരിചയം പോരെന്ന് മൂപ്പരുടെ നോട്ടത്തിൽ നിന്ന് മനസ്സിലായി..


ഇതാണ് നാട്ടിൽ നിന്ന് കുറെ കാലം മാറി നിന്നാൽ ഉള്ള കുഴപ്പം.. ഉള്ള ബന്ധങ്ങളും പരിചയങ്ങളും പതിയെ പതിയെ നഷ്ട്ടപ്പെടും


ബാലേട്ടനും അനിയൻ വാസുട്ടിയും പണ്ട് ഞങ്ങളുടെ വീട്ടിലെ സ്ഥിരം തെങ്ങുകയറ്റക്കാർ ആയിരുന്നില്ല..അതാണ് ബാലേട്ടന് എന്നെ പിടുത്തം കിട്ടാത്തത് എന്നാണ് എന്റെ നിഗമനം.


എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ വീട്ടിലെ സ്ഥിരം തെങ്ങുകയറ്റക്കാർ ഇട്ടിക്കോരനും മൂപ്പരുടെ മക്കളായ പ്രേമേട്ടനും കുട്ടനും സത്യനും മുരനും ഒക്കെ ആയിരുന്നു


ഫോണും മൊബൈലും ഒന്നും ഇല്ലാത്ത കാലത്ത് ഇട്ടിക്കോരനെ എല്ലാ മാസവും  തെങ്ങു കയറ്റത്തിന് വിളിക്കാൻ  പോകേണ്ട ചുമതല എനിക്കായിരുന്നു. 


പൊന്നാംതോടിന്റെ വരമ്പിലൂടെ നടന്ന് കല്ലുത്തിപ്പാറയും കടന്ന് ഇട്ടിക്കോരൻ സ്റ്റേഡിയം എന്നു ഞങ്ങൾ വിളിച്ചിരുന്ന ഫുട്‌ബോൾ കളിക്കുന്ന പാടവും കടന്നു വേണം ഒരു തോടിന്റെ കരയിൽ ഉള്ള കോരന്റെ വീട്ടിലെത്താൻ. 


ഓല മേഞ്ഞ വളരെ ചെറിയ വീടായിരുന്നു കോരന്റെ. തോടിന്റെ വക്കിനോട് ചേർന്നാണ് അത് നിന്നിരുന്നത്. ആ പരിസരത്ത് മറ്റു വീടുകൾ കുറവായിരുന്നു. എങ്ങിനെയാണ് കുറെ മക്കൾ ഉള്ള ആ കുടുംബം ആ ചെറിയ വീട്ടിൽ കഴിയുന്നത് എന്ന്‌ ഞാൻ അന്നൊക്കെ ആലോചിക്കാറുണ്ടായിരുന്നു.


വൈകുന്നേരം ആണ് പോകുന്നത് എങ്കിൽ മിക്കവാറും കോരൻ ഒന്നു മിനുങ്ങാൻ പോയിക്കാണും. മൂപ്പർ തിരിച്ചു വരുന്നതും കാത്ത് ആ തോടിന്റെ കുറുകെയുള്ള ചെറിയ പാലത്തിൽ ഞാൻ ഇരിക്കും .മഴക്കാലം ആണെങ്കിൽ തോട്ടിലൂടെ പോകുന്ന മീനുകളെ നോക്കി നേരം കളയാം..വേനൽക്കാലത്ത് കൊയ്ത്ത് കഴിഞ്ഞ് ഉണങ്ങിയ പാടത്തേക്ക് നോക്കിയിരുന്നാൽ അങ്ങു പഷ്ണിപുരയുടെ മേലെ സൂര്യാസ്തമയം കാണാം


രാവിലെ ആണ് പോകുന്നത് എങ്കിൽ കോരൻ ചായ കുടിയ്ക്കാൻ ചായക്കടയിൽ പോയിക്കാണും. അപ്പോഴും നമുക്ക്‌ കാത്തിരുപ്പ് തന്നെ വിധി


അങ്ങിനെ രണ്ടോ മൂന്നോ തവണ പോയാൽ ആണ് കോരന്റെ കയ്യിൽ നിന്ന് തെങ്ങുകയറ്റത്തിന് വരുന്ന ദിവസം ഏതാണെന്ന് ഒന്ന് അറിയാൻ പറ്റൂ


ദിവസം അറിഞ്ഞാലേ തേങ്ങ പെറുക്കികൂട്ടാനുള്ള പെണ്ണിനെ ഏൽപ്പിക്കാൻ പറ്റൂ..


ചില മാസങ്ങളിൽ പച്ചോല വെട്ടും. അപ്പോൾ അത് മുടയാൻ ഉള്ള പെണ്ണുങ്ങളെ വേറെ ഏല്പിക്കണം. അന്നൊക്കെ വീട്ടിലെ ഓലമുടയൽ ചക്കമ്മേടത്തിയുടെ കുത്തകാവകാശമാണ്. ഓല കൂടുതൽ ഉള്ള മാസം ആണെങ്കിൽ മറ്റ്‌ പെണ്ണുങ്ങളും വരും. അവർ വരുന്നത്‌ ചക്കമ്മേടത്തിക്ക് അതത്ര പഥ്യം അല്ല. വാശിയോടെയാണ് അന്നൊക്കെ പെണ്ണുങ്ങളുടെ ഓലമുടയൽ..കാരണം കൂലി എത്ര ഓല മുടഞ്ഞു എന്നതിനെ ആശ്രയിച്ചാണ്. അതാണ് ചെറുപ്പക്കാരികൾ വരുന്നത് ചക്കമ്മേടത്തിക്ക് ഇഷ്ടമില്ലാത്തത്. അവർ വേഗത്തിൽ ഓലകൾ എല്ലാം മെടഞ്ഞു തീർക്കുമല്ലോ


ഇട്ടിക്കോരന്റെ കൂടെ മിക്കവാറും മക്കൾ തന്നെയാണ് തെങ്ങുകയാറാൻ വരാറ്. ചിലപ്പോൾ മക്കൾക്ക് വേറെ എവിടെയെങ്കിലും മറ്റ് തെങ്ങു കയറ്റം ഉണ്ടെങ്കിൽ  വാസുട്ടിയെ ഇട്ടിക്കോരൻ കൂടെ കൂട്ടും. 


വാസുട്ടി തെങ്ങു കയറാൻ വന്നാൽ നാട് മുഴുവൻ അറിയും.. അത്രയ്ക്ക് ഉറക്കെ ആണ് ചിരിയും സംസാരവും തമാശ പറച്ചിലും.  


തെങ്ങിന്റെ പകുതി ഉയരം മുളയുടെ ഏണി വെച്ചു കയറി ബാക്കി പകുതി കാലിൽ കയറു ചേർത്തി കെട്ടിയ തളപ്പ് ഉപയോഗിച്ചാണ് അവരുടെ കയറ്റം


ഏണിയിൽ കുറച്ചു കയറി നിന്നാണ് എല്ലാവരും കേൾക്കെ വാസുട്ടിയുടെ പ്രസംഗം. അതിൽ രാഷ്ട്രീയവും നാട്ടുവർത്തമാനവും എല്ലാം ഉണ്ടാവും


ഇടയ്ക്ക് അച്ഛനോട് പറയും


"മാഷേ ബാങ്കിൽ എനിക്കൊരു ലോക്കർ വേണം"


"എന്തിനാ വാസുട്ട്യേ നിനക്ക് ഇപ്പൊ ഒരു ലോക്കർ".. 


അച്ഛൻ ചിരിച്ചു കൊണ്ട് ചോദിക്കും.അച്ഛന് അറിയാം വാസുട്ടി പറയാൻ പോകുന്നത് എന്തെങ്കിലും തമാശ ആയിരിക്കുമെന്ന്


"അതേ ഇന്നലെ ഒരു കിലോ ചോന്ന മുളക് വാങ്ങിച്ചു അത് ഒന്നു കൊണ്ട് വെക്കാനാ.."


മുളകിന് അന്ന് റെക്കോർഡ് വില വന്ന കാലത്താണ് വാസുട്ടിയുടെ ഈ ലോക്കർ പ്രയോഗം.. മുളകിന് പകരം തക്കാളി, പരിപ്പ് ഇങ്ങനെ പലതും ഇല്ലാത്ത ലോക്കറിൽ വാസുട്ടി വെക്കാറുണ്ട്


ഇങ്ങനെ ഒന്നും രണ്ടും പറഞ്ഞു കുറെ നേരം ഏണിയിൽ നിന്ന ശേഷം ആണ് പിന്നെ ആൾ  മുകളിലേക്ക്‌ ശരവേഗത്തിൽ പോകുക. 


മുകളിൽ എത്തിയാൽ പുറത്ത് തൂക്കിയിട്ട വാളെടുത്ത് മൂത്ത കുല ഒറ്റ വെട്ടിന് താഴെയിടും. ഇളം കുല ഇടിയാതിരിക്കാൻ കയറുകൊണ്ട് കുല കെട്ടിവെക്കും. താഴെ നിന്നു നോക്കി കയർ കൊണ്ട് പോണോ എന്നൊക്കെ അവർ നിജപ്പെടുത്തിയിരിക്കും. ചിലപ്പോൾ മുള കൊണ്ടുള്ള കുറ്റിയും കൊണ്ടായിരിക്കും മുകളിലേക്ക് പോകുക. എന്നിട്ട് ഇളം കുലകൾക്ക് കുറ്റി കൊണ്ട് താങ്ങു കൊടുക്കും.


ഇതൊക്കെ ചെയ്ത് ശരവേഗത്തിൽ തന്നെ താഴെയുള്ള.ഏണിയുടെ തുഞ്ചത്ത് എത്തി തളപ്പ് കാലിൽ നിന്നൂരി തലയിൽ ഇട്ട് ഏണിയിലൂടെ താഴേക്ക് ഇറങ്ങും


താഴെ നിൽക്കുന്ന കുട്ടികളായ ഞങ്ങൾ അവർ ഇങ്ങനെ വെറും തളപ്പുമിട്ട് ആകാശം മുട്ടി നിൽക്കുന്ന തെങ്ങിൽ കയറുകയും അതിനേക്കാൾ വേഗത്തിൽ ഇറങ്ങുകയും ചെയ്യുന്നത് കാണുമ്പോൾ  വല്ലാത്ത അതിശയമായിരുന്നു


വാസുട്ടിയെ പോലെ തന്നെ ആണ് പ്രേമേട്ടനും. കുറെ തമാശകൾ പറയും. വേഗത്തിൽ കയറി ഇറങ്ങും


മിക്കവാറും ശോഭേച്ചി ആയിരിക്കും അന്നൊക്കെ തേങ്ങാ പെറുക്കിക്കൂട്ടാൻ വരുന്നത് .


തേങ്ങാ പെറുക്കാൻ വരുന്നത് പെണ്കുട്ടികൾ ആണെങ്കിൽ പിന്നെ പറയേണ്ട,  തെങ്ങുകയറ്റം കഴിയുന്നവരെ വസൂട്ടിയും പ്രേമേട്ടനും അവരെ കളിയാക്കി ഓരോന്ന് പറയലും തിരിച്ചുപറയലുമായി  തെങ്ങുകയറ്റം ഒരു ഉത്സവമാക്കിമാറ്റും


ഇട്ടിക്കോരനും താഴെ ഉള്ള മക്കളായ സത്യനും മുരനും അധികം സംസാരിക്കില്ല. അവർ മാത്രമാണ് തെങ്ങു കയറാൻ വരുന്നത് എങ്കിൽ പറമ്പിൽ തേങ്ങാ വീഴുന്ന ശബ്ദവും ഓലമടൽ വീഴുന്ന ശബ്ദവും മാത്രമേ കേൾക്കൂ..


നേരെ മറിച്ചു പ്രേമേട്ടനും കുട്ടനും വാസുട്ടിയും ഉണ്ടെങ്കിൽ തെങ്ങു കയറ്റം ഒരു ആഘോഷം തന്നെയാണ്


ഞങ്ങൾ കുട്ടികളുടെ ജോലിയാണ് വേലിപ്പൊത്തിലും കുളത്തിലും ചാലിലും തോട്ടിലും ഒക്കെ വീണ തേങ്ങ പെറുക്കി മുളംകൊട്ടയിൽ നിറച്ച് പെണ്ണുങ്ങളുടെ തലയിൽ വെച്ചു കൊടുക്കുക എന്നത്. തോട്ടിലെ കൈതമുള്ള് കൊണ്ടും വേലിയിലെ മുള്ളും പടർപ്പും കൊണ്ടും കൈയും കാലും ഒക്കെ മുറിയും. എന്നാലും അവസാന തേങ്ങയും ഓലയും കൂട്ടിയിട്ട ശേഷമേ പറമ്പിൽ നിന്ന് കയറാൻ പറ്റൂ.


അതിന് ആകെ കിട്ടുന്ന കൂലി ഒരു ഇളനീരാണ്. അത് ഏത് തെങ്ങിന്റെ വേണമെന്ന് ഞങ്ങൾ പ്രേമേട്ടനോടൊ കുട്ടനോടോ പറയും. അവർ അത് ഇട്ട് അവരുടെ കയ്യിലെ വാള് കൊണ്ടു നാലു ചെത്ത് ചെത്തി അറ്റം ഒന്ന് പൊട്ടിച്ച് വെള്ളം കുടിയ്ക്കാൻ ഉള്ള പാകത്തിന് തരും. പറമ്പിലെ കയറ്റം കഴിഞ്ഞു തൈവെപ്പിലെ കയറ്റം ഏതാണ്ട് കഴിയുമ്പോൾ ആണ് ഈ ഇളനീർ കിട്ടുക..അങ്ങിനെ ക്ഷീണിച്ചിരിക്കുമ്പോൾ കിട്ടുന്ന അതിന്റെ രുചിയും രസവും  ഒന്ന് വേറെ തന്നെയായിരുന്നു. കുടിച്ചു കഴിഞ്ഞ് തൊണ്ട് അവർക്ക് കൊടുത്താൽ അവർ അത് വാളുകൊണ്ട് വെട്ടി രണ്ടായി പൊളിച്ച് ഉള്ളിലെ കാമ്പ് വാളിന്റെ തലകൊണ്ടു ചുരണ്ടിയെടുത്ത് തരും.. എന്തൊരു രസമായിരുന്നു അതൊക്കെ കഴിക്കാൻ


തെങ്ങു കയറ്റം കഴിഞ്ഞു പറമ്പിലെ ഓലയെല്ലാം നടു ചീന്തി ഇടുന്നത് തെങ്ങുകയറ്റക്കാരുടെ ജോലി ആണ്.


പുരകെട്ടുന്ന മാസം ആണെങ്കിൽ ഓല കെട്ടാൻ വേണ്ട കൊതുമ്പ് വെട്ടേണ്ട ജോലിയും ഇവർക്കുണ്ട്. ഈ കൊതുമ്പ് ചീകി ചെറിയ വള്ളികൾ ആക്കി വെള്ളത്തിൽ ഇട്ട് കുതിർത്താണ് അന്നൊക്കെ ഓലപ്പുരകൾ കെട്ടിയിരുന്നത്


ഓലയൊക്കെ ചീന്തുമ്പോഴേക്കും തേങ്ങ പെറുക്കിക്കൂട്ടൽ കഴിഞ്ഞു കാണും


 പിന്നെ തേങ്ങയെണ്ണലാണ്


"ഒന്നേ ഒന്നേ..രണ്ടേ രണ്ടേ..മുന്നേ മുന്നേ" എന്നു  പറഞ്ഞു തെങ്ങു കയറാൻ വന്നവരിൽ രണ്ടു പേർ ഒന്നിടവിട്ട് വളരെ വേഗത്തിൽ ആണ് തേങ്ങ എണ്ണിത്തീർക്കുക.


അവർക്ക് അന്ന് കൂലി എത്ര തെങ്ങു കയറി എന്നതു കണക്കാക്കിയാണ്. അതും തേങ്ങയായാണ് കൂലി


അവരുടെ ഭാഗം തേങ്ങ എടുത്തു അതിൽ വാള് കൊണ്ട് ഒരു കൊത്തു കൊത്തി ചകിരി ഒരു പിരി എടുത്തു മറ്റൊരു തേങ്ങയുമായി കൂട്ടികെട്ടും. ഇങ്ങനെ തേങ്ങകൾ പിരിച്ചു കെട്ടി ഒരു പച്ചമടൽ വെട്ടി അതിന്റെ രണ്ടു ഭാഗത്തും തൂക്കിയിട്ട് ആ മാസത്തെ കയറ്റവും കഴിഞ്ഞ് കോരനും മക്കളും പടിയിറങ്ങി പോകും


അങ്ങനെ എത്രയോ കൊല്ലം അവർ ഞങ്ങളുടെ തെങ്ങു കയറാൻ വന്നിരിക്കുന്നു ...പച്ചമടലിന്റെ കാവിൽ രണ്ടറ്റത്തും കൊളുത്തിയിട്ട തേങ്ങയുമായി മടങ്ങിയിരിക്കുന്നു.


എല്ലാ പ്രാവശ്യവും പ്രേമേട്ടൻ പറയും


"അടുത്ത കൊല്ലം ആവുമ്പോഴേക്കും ആ പഴയ വീടൊക്കെ ഒന്ന് തട്ടി പുതിയ ഒരെണ്ണം തട്ടിക്കൂട്ടണം"


പക്ഷേ എത്രയോ വർഷം കഴിഞ്ഞിട്ടും കോരന്റെ തോട്ടു വക്കിലെ ആ ചെറിയ വീട് അങ്ങിനെ തന്നെ നിന്നു.


പിന്നെ പിന്നെ പ്രേമേട്ടൻ ഞങ്ങളുടെ വീട്ടിൽ വരാതെയായി


കോരൻ മരിച്ചു


കുട്ടനും സത്യനും മുരളിയുമായി ആസ്ഥാന തെങ്ങു കയറ്റക്കാർ.


ഒരു പാട് തമാശകൾ പറയുമായിരുന്നു കുട്ടൻ..എത്രയോ ഉയരമുള്ള തെങ്ങുകളിൽ അനായാസം കയറുകയും ഇറങ്ങുകയും ചെയ്യുന്ന കുട്ടനെ തെങ്ങു ഒരിക്കലും ചതിച്ചില്ല..പക്ഷെ ഒരു ദിവസം രാത്രി ഏതോ  ഒരു വീട്ടിലെ കല്യാണത്തലേന്ന് പോയി വരുന്ന വഴി കൈവരി ഇല്ലാത്ത പാലത്തിൽ നിന്ന് വീണ് കുട്ടന് നട്ടെല്ലിന് പരിക്കേറ്റു. ആ അപകടത്തെ തുടർന്ന് കുട്ടൻ അരയ്ക്ക് താഴെ തളർന്ന് കിടപ്പായി. 


ആ തോടിന്റെ കരയിലെ കൊച്ചു വീട്ടിൽ കുട്ടനെ കാണാൻ ഞാനും അച്ഛനും ചെന്നു.. അരയ്ക്ക് താഴെ തളർന്നെങ്കിലും കുട്ടൻ കുറെ സംസാരിച്ചു.. ചിരിച്ചു..എന്നെങ്കിലും എഴുന്നേറ്റ് നടക്കാൻ സാധിക്കും എന്ന് ആശ പ്രകടിപ്പിച്ചു..


ഒരു പക്ഷെ അന്നായിരിക്കും ഞാൻ അവസാനമായി കോരന്റെ വീട്ടിൽ പോയത്


ഇന്ന് തെങ്ങു കയറ്റത്തിന് പഴയ ആവേശമില്ല. തേങ്ങാ പെറുക്കി കൂട്ടുന്നത്  പെണ്കുട്ടികളല്ല.. പകരം ബംഗാളികൾ ആണ്..തെങ്ങു കയറുമ്പോൾ തമാശ പറയാൻ വാസുട്ടിയും ഇന്ന് ജീവിച്ചിരിപ്പില്ല..


തെങ്ങു കയറ്റത്തിന് ഇന്ന് കൂലി രൂപയാണ് തേങ്ങാ അല്ല. മറ്റേത് ജോലിയേക്കാൾ വരുമാനം ഉണ്ട് ഒരു തെങ്ങുകയറ്റക്കാരന്.. പക്ഷെ അതിനൊത്ത ജീവിത നിലവാരം ഇന്നും അവർക്കില്ല..


ജീവിതയാത്രയിൽ ചിറക് തളർന്ന് പാതിവഴിയിൽ  അവരിൽ പലരും  വീണു പോകുന്നു...അവരുടെ ചിരികളും വാക്കും തമാശകളും ഒഴിഞ്ഞ് ആ പഴയ തെങ്ങിൻ തോപ്പുകൾ നിശബ്ദത സാക്ഷികളായി ഇന്നും നിൽക്കുന്നു


#SanthoshNarayanan

No comments:

Post a Comment