ഗുരുവാകാദശിയുടെ ഒരുക്കങ്ങളിൽ ആണ് ഇപ്പോൾ ഗുരുവായൂരും പരിസരവും. ഗുരുവായൂർ അമ്പലവും പരിസരവും ഏറ്റവും മനോഹരമായി കാണുന്നതും ഈ കാലത്താണ്. അയ്യപ്പഭക്തരും കച്ചവടക്കാരും മറ്റു വഴിവാണിഭക്കാരും നാട്ടുകാരും എല്ലാം ഈ ദിവസങ്ങളിൽ ഗുരുവായൂരിലേക്ക് ഒഴുകും.
അമ്പലവും പരിസരവും ചുറ്റുമുള്ള കടകളും ഹോട്ടലുകളും എല്ലാം വെള്ളി വെളിച്ചത്തിൽ കുളിച്ചു നിൽക്കും
കുട്ടിക്കാലത്ത് ഗുരുവായൂർ ഏകാദശി എന്ന് വെച്ചാൽ ഞങ്ങൾക്ക് മറ്റൊരു പൂര ദിവസം പോലെ ആണ് . ഗുരുവായൂരും പരിസരങ്ങളിൽ ഉള്ള എല്ലാവരും അന്ന് വൈകീട്ട് ഗുരുവായൂർക്ക് വെച്ച് പിടിക്കും
അതിനും മുൻപ് മറ്റൊരു ചടങ്ങ് ഉണ്ട് വീടുകളിൽ . ഏകാദശി നോൽക്കൽ .ഏകാദശി നോൽക്കൽ എന്ന് പറഞ്ഞാൽ ഒരു നേരം മാത്രം ഭക്ഷണം കഴിച്ചു ഭഗവാനെ ധ്യാനിച്ച് ഉപവസിക്കുക എന്നതാണ് അർത്ഥമാക്കുന്നത്. പക്ഷെ നാട്ടിൻ പുറങ്ങളിൽ ഏകാദശി നോൽക്കൽ എന്ന് പറഞ്ഞാൽ അരിഭക്ഷണം ഒഴിവാക്കുക എന്നാണ് അർത്ഥം . എന്ന് വെച്ചാൽ അരി ഇല്ലാത്ത എന്തും ആവശ്യം പോലെ കഴിക്കാം എന്ന് വ്യാഖ്യാനം!
ഇതൊക്കെ ആരാണ് ഇങ്ങനെ വളച്ചൊടിക്കുന്നത് എന്നറിയില്ല . ഏതായാലും ഏകാദശിക്കാലത്ത് പച്ചക്കറിക്കടകളിൽ ചേമ്പ് കാവത്ത്(കാച്ചിൽ ) തുടങ്ങിയ പച്ചക്കറികൾ ധാരാളമായി വരും. ചിലരൊക്കെ ഏകാദശിക്കാലത്തു പറിയ്ക്കാൻ പാകത്തിൽ ഇതൊക്കെ വീട്ടിൽ വളർത്തുകയും ചെയ്യും
അങ്ങിനെ ഒരു ഏകാദശി ദിവസം ഞങ്ങൾ കുട്ടികൾ എല്ലാവരും ഏകാദശി വൃതം എടുക്കാൻ തീരുമാനിച്ചു.
കാലത്തു തന്നെ കുളി കഴിഞ്ഞു വന്നു ഒരു ലോഡ് ഉപ്പുമാവ് (റവ പിന്നെ അരിഭക്ഷണം അല്ലല്ലോ! ) കൂടെ അത് അന്നനാളത്തിലൂടെ ഇറങ്ങാൻ സഹായത്തിന് കൂടെ ആവശ്യം പോലെ പഴം . ഇതൊക്കെ കഴിച്ചാണ് ഞങ്ങളുടെ ഏകാദശി വൃതം ആരംഭിക്കുന്നത് .
അപ്പുറത്തു പാപ്പൻ തെങ്ങു കയറാൻ വരുന്ന പ്രേമേട്ടനെകൊണ്ട് ഒരു കുല ഇളനീർ ഇട്ട് വെപ്പിച്ചിട്ടുണ്ട്. ഏകാദശി സ്പെഷ്യൽ . ഇടയ്ക്കിടെ പാപ്പന്റെ വീട്ടിൽ പോയി ഞങ്ങൾ ഓരോ ഇളനീർ കഴിച്ചു ക്ഷീണം മാറ്റും. പിന്നെ ഓരോ നേന്ത്രപ്പഴവും
ഏതാണ്ട് പതിനൊന്ന് മണിയോടെ കാവത്ത് പുഴുക്ക് റെഡി ആയി എന്ന് അമ്മ അറിയിക്കും . പിന്നെ അതുമായി ഒരു മല്പിടുത്തമാണ് . ഒരു പാത്രം പുഴുക്ക് കഴിച്ച് ക്ഷീണം മാറും മുൻപ് ഉച്ചക്കുള്ള ഗോതമ്പു കഞ്ഞിയും ചേമ്പുകറിയും റെഡി ആവും.
ഒരു ചെയ്ഞ്ച് ആർക്കാണ് ഇഷ്ടമില്ലാത്തത് . ഗോതമ്പു കഞ്ഞി എങ്കിൽ ഗോതമ്പു കഞ്ഞി. അതും പരമാവധി കഴിക്കും
അങ്ങിനെ അരി ഭക്ഷണം കഴിക്കാൻ പാടില്ല എന്ന ദുർബലമായ വാദത്തിന്റെ മറവിൽ സാധാരണ കഴിക്കുന്നതിനേക്കാൾ രണ്ടിരട്ടി ഭക്ഷണം ഏകാദശി ദിവസം ഞങ്ങൾ കഴിക്കുമായിരുന്നു!
(അരിയും ഗോതമ്പും റവയും ചേമ്പും കാവത്തും എല്ലാ കാർബോഹൈഡ്രേറ്റ് ആണെന്നുള്ള ബൂർഷാ തിയറിയൊക്കെ ഇന്ന് വന്നതല്ലേ! കോർപ്പറേറ്റുകൾക്ക് മരുന്നും മറ്റും വിൽക്കാൻ ഉള്ള ഓരോ കണ്ടുപിടുത്തങ്ങൾ! തനതു കാർഷിക വിഭവങ്ങളായ ചേമ്പും കാവത്തും മലയാളിയുടെ തീൻമേശയിൽ നിന്ന് മാറ്റാനുള്ള കുത്ശ്രിത ശ്രമങ്ങൾ ആയി ഞങ്ങൾ അതിനെ തള്ളിക്കളയുന്നു)
ഇതൊക്കെ കഴിഞ്ഞാണ് ഏകാദശി കാണാൻ ഗുരുവായൂർക്ക് പോകുന്നത് . കൂട്ടത്തിൽ മുതിർന്ന കുട്ടികളുടെ കൂടെ മറ്റു കുട്ടികളും ചേർന്നൊരു പോക്കാണ് . ബസ്സിൽ ഒക്കെ നല്ല തിരക്കായിരിക്കും . അപ്പോൾ ചിലപ്പോൾ ഗുരുവായൂർ വരെ നടക്കും . അന്നൊക്കെ അങ്ങിനെ നടന്നു പോകാൻ ഒരു വിഷമവും തോന്നിയിരുന്നില്ല .
ചൊവല്ലൂർ പടിയും കടന്ന് തിരിവും കഴിഞ്ഞ് കൊളാടിപടി എത്തുമ്പോഴേക്കും തിരക്ക് കൂടി തുടങ്ങും . ബസ്സിലും കാറിലും നടന്നുമായി ജനങ്ങൾ ഗുരുവായൂരിലേക്ക് ഒഴുകുന്നുണ്ടാവും
ഗുരുവായൂർ ഏകാദശി എന്ന് വെച്ചാൽ കരിമ്പും പൊരിയും തമിഴ് മുറുക്കും ഒക്കെയാണ് . അന്നും ഇന്നും.
കൊളാടിപ്പടി മുതൽ റോഡിൻറെ രണ്ടു വശത്തും കരിമ്പ് കച്ചവടക്കാർ നിറഞ്ഞിരിക്കും . അവരുടെ ഇടയിലൂടെ നടന്ന് മഞ്ജുളാലും കടന്ന് പോകുമ്പോൾ ഇടതു വശത്തുള്ള ഗ്രൗണ്ടിൽ വലിയ ആരവം കേൾക്കാം . അവിടെയാണ് യന്ത്ര ഊഞ്ഞാലും മാജിക് ഷോയും പിന്നെ ഏകാദശിയുടെ സ്പെഷ്യൽ ആയ മരണക്കിണറും ഒക്കെ സെറ്റ് ചെയ്തിട്ടുണ്ടാവുക
എന്താണ് ഗുരുവായൂർ ഏകാദശിക്ക് അമ്പലത്തിൽ നടക്കുന്നത് എന്നൊന്നും ഞങ്ങൾക്ക് അന്ന് അറിയില്ല . ഞങ്ങളെപ്പോലെ തന്നെ ഏകാദശി കാണാൻ വരുന്നവരിൽ ഭൂരിഭാഗവും അമ്പലത്തിലെ ചടങ്ങുകൾ കാണുകയോ അമ്പലത്തിൽ കയറുകയോ ചെയ്യാറില്ല . ഈ ജനത്തിരക്കിൽ കിഴേക്ക നടമുതൽ പടിഞ്ഞാറേ നട വരെ അമ്പലക്കുളം ചുറ്റി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നവർ ആണ് അധികവും. ആൾക്കാരെ കാണാനും പരിചയം പുതുക്കാനും ഏകാദശി ദിവസം ഗുരുവായൂർക്ക് വരുന്നവരും ഉണ്ട് . കാരണം ഗുരുവായൂരും പരിസരങ്ങളിലും ഉള്ള മിക്കവാറും എല്ലാവരും അന്ന് ഗുരുവായൂരിലെ ഏതെങ്കിലും വഴികളിൽ വെച്ച് തമ്മിൽ തമ്മിൽ കണ്ടു മുട്ടും
അന്നൊക്ക എന്താണ് ഏകാദശി എന്ന് ചോദിച്ചാൽ കൃത്യമായി ഉത്തരം ആർക്കും അറിയില്ലായിരുന്നു . എല്ലാവരും മറ്റുള്ളവരെപ്പോലെ അവിടെ വരികയും അമ്പലത്തിന്റെ ചുറ്റുമുള്ള വഴികളിലൂടെ കാഴ്ചകൾ കണ്ടും സാധനങ്ങൾ വാങ്ങിയും പുലർച്ച വരെ അങ്ങോട്ടും ഇങ്ങോട്ടും നടന്നും സമയം കളയാൻ വരുന്നവർ ആയിരുന്നു . കിഴക്കേ നടയിലെ മഞ്ജുളാൽ മുതൽ പടിഞ്ഞാറേ നട വരെയും തെക്കേ നടയിലുള്ള കേശവന്റെ പ്രതിമ മുതൽ വടക്കേ നടയിലെ മമ്മിയൂർ അമ്പലം വരെയുമുള്ള എല്ലാ വഴികളും അന്ന് നിറഞ്ഞു കവിഞ്ഞിരിക്കും . കടകൾ ഒന്നും അന്ന് രാത്രി അടയ്ക്കില്ല . നേരം പുലരുന്ന വരെ ജനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും എന്തിനെന്നില്ലാതെ നടക്കുന്നതാണ് ഏകാദശി എന്നാണ് ഞാൻ അന്നൊക്കെ ധരിച്ചു വെച്ചിരുന്നത്
ഞങ്ങൾ കുട്ടികൾ പോയിരുന്നത് യന്ത്ര ഊഞ്ഞാലിൽ ഇരിക്കാനും, മാജിക് ഷോ കാണാനും , മരണക്കിണർ കാണാനും ഒക്കെയായിരുന്നു.
മരണക്കിണർ അന്ന് എല്ലാവര്ക്കും ഏറെ ഇഷ്ടമുള്ള കാര്യമാണ് . ശ്വാസം പിടിച്ചേ ആ കാഴ്ച കാണാനാവൂ . കാണാനുള്ള ആൾക്കാർ വൃത്താകൃതിയിൽ മരത്തട്ട് കൊണ്ട് ഉണ്ടാക്കിയ സ്ഥലത്തു കയറി നിൽക്കണം . അതിന്റെ നടുക്കാണ് കിണർ പോലെ ഒരു സ്ഥലം . അതിന്റെ വശങ്ങൾ മരപ്പലകകൾ വെച്ച് ആണ് ഉണ്ടാക്കുക . ഏതാണ്ട് കുത്തനെ നിൽക്കുന്ന മരപ്പലകകളിലൂടെ രണ്ടു ബൈക്കിൽ ആൾക്കാർ ചീറിപ്പാഞ്ഞു പോകുന്നതാണ് മരണക്കിണർ . അവർ ഇപ്പോൾ തമ്മിൽ തമ്മിൽ ഇടിച്ചേക്കാം എന്ന് നമ്മൾ കരുതും . ചാഞ്ഞും ചരിഞ്ഞും പരസ്പരം വെട്ടിച്ചും മിന്നൽ പോലെ രണ്ടു ബൈക്കുകളും കുറെ നേരം അതിൽ കറങ്ങും. ചിലപ്പോൾ ഒരു കാറും രണ്ടു ബൈക്കും ഉണ്ടാവും. അവർ ഓട്ടം നിർത്തി കിണറിന്റെ അടിയിലെ പരന്ന സ്ഥലത്തു വണ്ടികൾ കൊണ്ട് വന്നു നിർത്തുമ്പോൾ കാണുന്നവരിൽ നിന്ന് ഒരു നിശ്വാസം ഉയരും . ആർക്കും ഒന്നും സംഭവിച്ചില്ലലോ എന്നോർത്ത്.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ എത്ര ദുർഘടം പിടിച്ച ജോലികളും മനുഷ്യൻ ചെയ്യും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മരണക്കിണർ . പല സ്ഥലങ്ങളിലും ഇത്തരം ഓട്ടത്തിനിടയിൽ അപകടങ്ങൾ സംഭവിക്കുകയും വണ്ടി ഓടിക്കുന്നവർക്ക് മരണം വരെ സംഭവിച്ചിട്ടുമുണ്ട്
എങ്കിലും കുറച്ചു കൊല്ലങ്ങൾക്ക് മുൻപ് വരെ വരെ ഗുരുവായൂരിൽ ഏകാദശിക്ക് മരണക്കിണർ നടത്തുന്ന സംഘങ്ങൾ എത്തിയിരുന്നു
പിന്നെ ഉള്ളത് മാജിക് ആണ്. ഇന്നാലോചിക്കുമ്പോൾ നിസ്സാരമായി തോന്നാമെങ്കിലും അന്ന് കാലത്തു അതൊക്കെ കാണാൻ വലിയ തിരക്കായിരുന്നു
വീട്ടിൽ നിന്ന് കിട്ടിയ പൈസക്ക് ഇതൊക്കെ കണ്ട് ബാക്കി ഉള്ളതിന് കരിമ്പും പൊരിയും മുറുക്കും വാങ്ങി പുലർച്ചയോടെ ഞങ്ങൾ വീണ്ടും തിരികെ നടക്കും . പോകുമ്പോൾ ഉള്ള ഉഷാർ തിരിച്ചു വരുമ്പോൾ ഉണ്ടാവില്ല . ഇതിനിടെ പൊരിയും മറ്റു അരി ഭക്ഷണങ്ങളും കഴിച്ചു ഞങ്ങളുടെ ഏകാദശി വൃതം പാതിവഴി മുറിഞ്ഞു കാണും . അതിൽ വലിയ കുറ്റബോധം ഒന്നും ഇല്ലാതെ ചിരിച്ചും കളിച്ചും ഞങ്ങൾ പുലർച്ചയോടെ വീട്ടിലെത്തും.
കൃത്യമായി ഏകാദശി നോറ്റ് പിറ്റേന്ന് പുലർച്ചെ അമ്പലത്തിൽ പോയി ദ്വാദശി പണം വഴിപാടായി ഇട്ടിരുന്നത് അന്ന് വീട്ടിൽ പാപ്പൻ മാത്രമായിരുന്നു . മറ്റുള്ളവർക്കെല്ലാം ഏകാദശി വെറും ഒരു ആഘോഷം മാത്രമായിരുന്നു
എന്താണ് ഗുരുവായൂർ ഏകാദശിയുടെ പ്രസക്തി എന്നൊക്ക മനസ്സിലാക്കിയത് പിന്നീടായിരുന്നു
ഭഗവാൻ ഗീതോപദേശം നൽകിയ ദിവസമാണിത്.
ദേവഗുരു ബൃഹസ്പതിയും വായുദേവനും അഞ്ജനശിലയിൽ തീർത്ത വിഗ്രഹം സ്ഥാപിച്ച ഇടം ആണ് ഗുരുവായൂർ.
വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത് . അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കപ്പെടുന്നു
ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. ദശമി ദിവസവും ദ്വാദശി ദിവസവും ഒരു നേരം (പകൽ) ആഹാരം കഴിക്കാം. മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂർക്കെഴുന്നെള്ളുന്ന ദിനമാണിതെന്നാണ് വിശ്വാസം . അന്നേദിവസം ക്ഷേത്രത്തിൽ എത്താൻ കഴിയുന്നതുപോലും സുകൃതമാണ്.
ഏകാദശീ വ്രതകാലയളവിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തമാണ് ഹരിവാസരസമയം. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയമാണിത്. വ്രതമനുഷ്ഠിക്കുന്നവർ ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്.ഭഗവൽ സാന്നിധ്യം ഏറ്റവും കൂടുതലായുള്ള ഹരിവാസരസമയത്ത് പൂർണ ഉപവാസമനുഷ്ഠിക്കുന്നത് അത്യുത്തമം
ഗുരുവായൂർ ഏകാദശി ദിവസം ഗുരുവായൂർ കേശവൻ അനുസ്മരണം നടക്കുന്നത് . 1976 ഡിസംബർ രണ്ടാം തിയ്യതി ഏകാദശി ദിവസം ആണ് ഗുരുവായൂർ കേശവൻ മരണപ്പെടുന്നത് . അതിന്റെ അനുസ്മരണ ദിവസം കൂടിയാണ് ഏകാദശി . അന്നേ ദിവസം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ആനകൾ ഘോഷയാത്രയായി വന്ന് തെക്കേ നടയിലെ കേശവന്റെ പ്രതിമയിൽ മാല ചാർത്തി കേശവന് ആദരം അർപ്പിക്കും . ചെമ്പൈ സംഗീതോത്സവത്തിൽ ഭഗവാന് സംഗീതാർച്ചന നടത്താൻ രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ നിന്ന് സംഗീത വിദ്വാന്മാർ ഗുരുവായൂർ വരുന്നതും ഈ കാലത്താണ് .
അങ്ങിനെ എല്ലാം കൊണ്ടും ശുഭകരമായ ഒരു ദിവസമാണ് ഏകാദശി .
ഇതൊന്നും അറിയാതെ എത്രയോ ഏകാദശിക്ക് ഞങ്ങൾ പോയിരിക്കുന്നു. അന്നൊക്കെ ഞങ്ങളുടെ വിചാരം ഇങ്ങനെ തോന്നിയ പോലെ അലഞ്ഞു തിരിഞ്ഞു നടക്കുന്നതാണ് യഥാർത്ഥ ഏകാദശി എന്നായിരുന്നു
ഇന്നും ഏകാദശിക്കാലത്തു ഒരു പാട് പേർ ഗുരുവായൂർക്ക് പോകുന്നുണ്ടാവും അന്ന് ഞങ്ങൾ പോയപോലെ ഒരു കഥയും അറിയാതെ അവിടെ പോയി കാഴ്ചകൾ കണ്ടു മടങ്ങുന്നവർ ഇന്നും ഉണ്ടാവാം
#SanthoshNarayanan
No comments:
Post a Comment