ഒരു ഒഴിഞ്ഞ പറമ്പ് അതിൽ ഒരു പഴയ വീട്. അതിന്റെ ഉമ്മറത്ത് വൈകുന്നേരങ്ങളിൽ മൂന്ന് പേർ ഒത്തുകൂടി..ആ മൂന്നു പേരെ അന്വേഷിച്ച് അടുത്ത മൂന്ന് പേർ എത്തി..മൂന്ന് ആറായി
വീടിന്റെ കോലായിലെ ഇരിപ്പ് പുരയിടത്തിന്റെ ഉടമസ്ഥന് അത്ര പിടിച്ചില്ല എന്നു തോന്നുന്നു...വീട് പൊളിച്ചു കളഞ്ഞു..എന്നിട്ട് പുരയിടത്തിന് ചുറ്റും കമ്പിവേലി കെട്ടി ഒരു ഗേറ്റും വെച്ചു
ആറു പേരും ഗേറ്റിന്റെ മുന്നിൽ വന്നു വീട് നിന്നിരുന്ന സ്ഥലം നോക്കി ഗതകാല സ്മരണകൾ അയവിറക്കി.. ക്ഷീണിച്ചപ്പോൾ ഗേറ്റിന്റെ മുന്നിൽ ഇരുന്നു...
പിറ്റേന്നും അവർ ആറു പേർ വന്നു.. അവരെ തേടി അടുത്ത ആറു പേർ കൂടി വന്നു..ആറ് പന്ത്രണ്ടായി..പന്ത്രണ്ട് ഇരുപത്തിനാലായി..
ഇരുപത്തിനാലിൽ കഴിയാവുന്നവർ ദിവസേന ഗേറ്റിൽ എത്തി.. കളി ചിരി തമാശകൾ നിറഞ്ഞു..പൂരവും. പെരുന്നാളും നേർച്ചയും കൊണ്ടു.. കല്യാണവും അടിയന്തിരങ്ങളും കൂടി
നഷ്ടപ്രണയങ്ങൾ കണ്ണീരുപ്പായി ആ പൂഴിമണ്ണിലലിഞ്ഞു. പരസ്പരം തോളിൽ തട്ടി ആശ്വസിപ്പിച്ചു
ആദ്യം വീട്ടുകാർ പറഞ്ഞു.."നിന്റെ ഒരു ഗേറ്റ്, ആ വഴിവക്കിലൊന്നും പോയിരിക്കേണ്ട"
പിന്നെ പിന്നെ അംഗീകരിച്ചു.. "ഗേറ്റ് കൂട്ടുകാരോട് പറയുന്നില്ലേ, അവർ വരില്ലേ" എന്നൊക്കെയുള്ള സ്നേഹാന്വേഷണങ്ങൾ
കാലം കടന്നു പോയി.."പൂരപറമ്പുകളും നാടക സന്ധ്യകളും സിനിമാ കൊട്ടകകളും മാത്രമല്ല ജീവിതം" കാരണവന്മാർ ഉപദേശിച്ചു
ഓരോരുത്തരായി പണിക്ക് പോകാൻ തുടങ്ങി. നിൽക്കക്കള്ളി ആയവർ പെണ്ണ് കെട്ടാൻ തീരുമാനിച്ചു
ഒന്നാമൻ ആദ്യം കെട്ടി. പിറകെ രണ്ടാമനും..കെട്ടിയോൾമാരെ ഗേറ്റ് കൊണ്ട് വന്നു കാണിച്ചു...പിന്നെ കല്യാണങ്ങളുടെ വർഷങ്ങൾ.. ആദ്യം കെട്ടിയവർ കുടുംബസമേതം മറ്റുള്ളവരുടെ കല്യാണങ്ങളിൽ പങ്കു ചേർന്നു
വർഷങ്ങൾ കഴിഞ്ഞു ..കുട്ടികൾ ഉണ്ടായി. ഒന്നും രണ്ടും വീതം. പറഞ്ഞാൽ മനസ്സിലാകുന്ന പ്രായത്തിൽ കുട്ടികളെ ഗേറ്റ് കാണിച്ചു ചരിത്രം പറഞ്ഞു കൊടുത്തു
ഭാര്യമാർ തമ്മിൽ തമ്മിൽ കാണുമ്പോൾ പറഞ്ഞു "ഇവരുടെ ഒരു ഗേറ്റ് കമ്പനി, ഒരു കാര്യവും നമ്മളോട് മുഴുവനായി വിട്ട് പറയില്ല"
അതങ്ങനെയാണ്.. മുപ്പത് വർഷത്തെ കഥയാണ്..അതിൽ എവിടെ ഏത് അധ്യായം പറയണം ഏത് പറയാതിരിക്കണം എന്ന മിനിമം പ്രോട്ടോകോൾ ഓരോരുത്തരും പാലിക്കുന്നു
ഇന്നും ആ ഗേറ്റും പറമ്പും അവിടെ ഉണ്ട്.. ഞങ്ങൾ ഇരിപ്പ് നിർത്തി എന്നു മാത്രം. മറ്റാരും പിന്നീട് അവിടെ ഇരുന്നിട്ടുമില്ല.
പുസ്തകപ്രകാശനത്തിന്റെ തലേന്ന് ഒന്ന് ഒത്തു കൂടണം നീ ഫാമിലിയുമായി വരണം എന്നു പറഞ്ഞപ്പോൾ ഇത്രയ്ക്ക് വലിയൊരു ചടങ്ങ് പ്രതീക്ഷിച്ചില്ല..
ഗേറ്റ് കുടുംബം വളർന്നിരിക്കുന്നു..നാട്ടിൽ ഉള്ളവർ കുടുംബസമേതം എത്തിയിട്ടുണ്ട്.
വരാൻ കഴിയാത്തവരെ മനസ്സിലോർത്തു..
അകാലത്തിൽ വിട്ടുപോയവന്റെ സ്മരണ മനസ്സിൽ നിറഞ്ഞു
സ്വന്തം പേര് എഴുതിയ ഒരു ഫലകം സമ്മാനമായി കിട്ടി..ജീവിതത്തിൽ ആദ്യമായി.. പക്ഷെ അതിലേറെ സന്തോഷിപ്പിച്ചത് അതിന്റെ മുകളിൽ എഴുതിയ "gate" എന്ന വാക്കാണ്
അതേ ഗേറ്റ് ഒരു പ്രതീകമാണ് കാൽനൂറ്റാണ്ട് കടന്ന കറകളഞ്ഞ സൗഹൃദത്തിന്റെ പ്രതീകം.
ഒരു പക്ഷെ കാലപ്രവാഹത്തിൽ ആ ഗേറ്റ് അവിടെ നിന്ന് മാറ്റപ്പെട്ടാലും മനസ്സിൽ നിന്ന് ആ ഗേറ്റിന്റെ പഴയ ചിത്രം ഒരിക്കലും മായില്ല.. അതിന്റെ അഴികളിൽ പിടിച്ച് വൈകുന്നേരങ്ങളിൽ ഞങ്ങൾ വീണ്ടും ഒത്തുകൂടും പറയാൻ ബാക്കി വെച്ച വിശേഷങ്ങൾ പങ്കു വെക്കാൻ
No comments:
Post a Comment