പണ്ടൊക്കെ കുന്നംകുളത്തു കുറെ സിനിമാ തീയേറ്ററുകൾ ഉണ്ടായിരുന്നെങ്കിലും ഭാവന തീയേറ്ററിൽ നിന്ന് സിനിമ കാണുന്നതിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഒന്നാമത് തീയേറ്റർ നിൽക്കുന്ന സ്ഥലം . നഗരത്തിന്റെ തിരക്കിൽ നിന്ന് അല്പം മാറി , നിറയെ പാർക്കിംഗ് സൗകര്യത്തോടു കൂടി ഉള്ള തീയേറ്റർ ആണ് അത്. രണ്ടാമത്തേത് തിയേറ്ററിന്റെ വൃത്തിയും മൊത്തത്തിൽ ഉള്ള ആംബിയൻസും
അന്ന് ആകെ അഞ്ചു തീയേറ്റർ കുന്നംകുളത്തു ഉണ്ടായിരുന്നു എങ്കിലും ജവഹറും ഗീതയും റിസേർവ്ഡ് കാറ്റഗറിയിൽ പെട്ട തീയേറ്ററുകൾ ആയിരുന്നു . ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായി സ്പെഷ്യൽ ഷോകൾ നടത്തുന്ന തീയേറ്ററുകൾ.
പിന്നെ സാധാരണക്കാർക്കും കുടുംബപ്രേക്ഷകർക്കും ബാക്കി ഉള്ളത് ഭാവനയും ബൈജുവും താവൂസും ആയിരുന്നു . വേറൊരു നിവൃത്തി ഇല്ലെങ്കിൽ മാത്രമേ ആൾക്കാർ ബൈജുവിൽ പോകൂ . കാരണം അവിടുത്തെ മാർക്കറ്റിൽ നിന്ന് വരുന്ന രൂക്ഷ ഗന്ധവും പിന്നെ തിയേറ്ററിന്റെ ഉള്ളിലെ ചൂടും . രണ്ടും സഹിക്കാൻ പറ്റില്ല.
പിന്നെയുള്ളത് താവൂസ് ആളാണ്. സിനിമ കാണാൻ വരുന്നവരോട് ഒരു ബഹുമാനവും ഇല്ലാതെ. ഇടയിലൂടെ നടക്കാൻ പോലും സാധിക്കാത്ത വിധം സീറ്റുകൾ നിറച്ചു വെച്ച ഒരു ഹാൾ എന്ന് മാത്രമേ പറയാൻ പറ്റൂ. ഫസ്റ്റ് ക്ലാസ്സിൽ തന്നെ ഏതാണ്ട് അറനൂറ് സീറ്റുകൾ ആ തിയ്യേറ്ററിൽ ഉണ്ടായിരുന്നു .ചൂടുകാലത്താണെങ്കിൽ ഇരുന്നു വിയർത്തു കുളിച്ചു വേണം സിനിമ കാണാൻ . ഹൌസ് ഫുൾ ആണെങ്കിൽ പറയുകയും വേണ്ട
ഭാവന തീയേറ്റർ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു . ഒരു പക്ഷെ രാഗം തീയേറ്ററിനോളും വരുന്ന സീറ്റുകളുടെ അറേഞ്ച്മെന്റ്. ബാൽക്കണി ആണ് ഭാവനയിലെ മെയിൻ സംഭവം. ഓരോ സീറ്റുകളും തമ്മിലുള്ള ഉയരം ക്രമീകരിച്ചിരിക്കുന്നത് പിറകിൽ ഇരിക്കുന്നവർക്ക് സുഖമായി സ്ക്രീൻ മുഴുവൻ കാണുന്ന രീതിയിൽ ആണ് . മുന്നിലെ സീറ്റിൽ എത്ര ഉയരും ഉള്ള ആൾ വന്നിരുന്നാലും സ്ക്രീൻ മറയാതെ ചാഞ്ഞും ചരിഞ്ഞും നോക്കാതെ സുഖമായി ചാരിയിരുന്നു സിനിമ കാണാം
പിന്നെ എയർ കണ്ടിഷൻ സ്ഥിരമായി പ്രവർത്തിപ്പിക്കുകയും ചെയ്തിരുന്നു . താവൂസിലും ബൈജുവിലും സിനിമ കണ്ടിറങ്ങുമ്പോൾ യുദ്ധം കഴിഞ്ഞ ഭടന്മാരെപ്പോലെയാണ് ജനങ്ങൾ പുറത്തിറങ്ങിയിരുന്നത് . ഭാവനയിൽ സിനിമ കഴിഞ്ഞിറങ്ങിയാൽ നമുക്ക് ഒരു ഫ്രഷ്‌നെസ്സ് തോന്നുമായിരുന്നു.
പറഞ്ഞത് വന്നത് കോളേജിൽ പഠിക്കുന്ന കാലത്തെ ഒരു സംഭവമാണ് . ഒരു ഓണക്കാലം . അന്നൊക്കെ ഓണക്കാലത്തെ ഏറ്റവും പ്രധാന പരിപാടി റിലീസ് ആയ സിനിമകൾ ഓണം അവധി തീരും മുൻപ് കണ്ട് തീർക്കുക എന്നതാണ് . അഞ്ചും ആറും സിനിമകൾ റിലീസ് ആയിട്ടുണ്ടാവും ഓണക്കാലത്ത്. ഗുരുവായൂരിലും കുന്നംകുളത്തും റിലീസ് സിനിമകൾ വന്നു തുടങ്ങിയ കാലം
ആ ഓണക്കാലത്ത് ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു തൂവൽകൊട്ടാരം . മഞ്ജു വാരിയരും ജയറാമും ഒടുവിൽ ഉണ്ണികൃഷ്ണനും മത്സരിച്ചു അഭിനയിച്ച ചിത്രം . ലോഹിതദാസ് തരംഗം അന്നും ഉണ്ട് . തിരക്കഥ ലോഹിതദാസ് സംവിധാനം സത്യൻ അന്തിക്കാട് . എല്ലാം കൊണ്ടും നമ്മൾ കാണാൻ ആഗ്രഹിച്ചിരുന്ന സിനിമ . ആദ്യദിനം തന്നെ സിനിമയെ കുറിച്ച് നല്ല റിപ്പോർട്ട് വന്നിരുന്നു .
അങ്ങിനെ ഞങ്ങൾ തിരുവോണത്തിന്റെ അന്ന് സെക്കൻഡ് ഷോയ്ക്ക് പോകാൻ തീരുമാനിച്ചു . ഭാവന തീയേറ്ററിൽ പടം റിലീസ് ആയിട്ടുണ്ട് .
ഞങ്ങൾ നാലു പേർ ചേർന്ന് ഓട്ടോറിക്ഷയിൽ ഏതാണ്ട് എട്ടു മണിയോടെ തീയേറ്ററിൽ എത്തി . നോക്കുമ്പോൾ തൃശൂർ പൂരത്തിനുള്ള ആളുണ്ട് സെക്കന്റ് ഷോയ്ക്ക് . സ്ത്രീകളുടെ നീണ്ട ക്യു . പുരുഷന്മാരുടെ വരിയിൽ ആകെ ഉന്തും തള്ളും . പാർക്കിങ് ഒക്കെ നിറഞ്ഞു കവിഞ്ഞിരിക്കുന്നു . ഒരു വിധേന ഓട്ടോ പാർക്ക് ചെയ്തു ഞങ്ങൾ വരിയിൽ പോയി നിന്നു . എവിടെ പത്തു മിനിട്ടു കൊണ്ട് ടിക്കറ്റ് തീർന്നു .. ഹൗസ്‌ഫുൾ
ഞങ്ങൾ ആകെ നിരാശരായി . നല്ലൊരു തിരുവോണമായിട്ട് ഇങ്ങനെ ടിക്കറ്റ് കിട്ടാതെ മടങ്ങാൻ ആണല്ലോ വിധി. ടിക്കറ്റ് കിട്ടാത്തവർ മടങ്ങി പോകാൻ തുടങ്ങി.
ഇനി നാളെ വന്നു നോക്കാം എന്നും പറഞ്ഞു കൂട്ടുകാരിൽ ഒരാൾ ഓട്ടോ എടുക്കാൻ പോയി. തിരക്കിൽ നിന്ന് വണ്ടി പുറത്തു വരാൻ കുറെ സമയം എടുത്തു . സിനിമ അകത്തു തുടങ്ങിയിരിക്കുന്നു . ഞങ്ങൾക്ക് ശബ്ദം കുറേശ്ശേ പുറത്തു കേൾക്കാം . ഞങ്ങൾ ഒഴികെ എല്ലാവരും പോയിരിക്കുന്നു .
അപ്പോഴാണ് തിയേറ്ററിൽ ടിക്കറ്റ് കൊടുക്കുന്ന ചേട്ടൻ ഞങ്ങളുടെ അടുത്ത് വന്നത് . സ്ഥിരമായി അവിടെ വരുന്നത് കൊണ്ട് ഞങ്ങൾക്ക് മൂപ്പരെ കണ്ടാൽ അറിയാം മൂപ്പർക്ക് ഞങ്ങളെ അറിയാമോ എന്നറിയില്ല.. സാധ്യതയില്ല
നമ്മൾ ടിക്കറ്റ് കിട്ടാതെയാണ് നിൽക്കുന്നത് മൂപ്പർക്ക് മനസ്സിലായിട്ടുണ്ട്
വന്നപാടെ മൂപ്പർ ചോദിച്ചു .
" നിങ്ങൾ എത്ര പേരുണ്ട്?"
"ഞങ്ങൾ നാല് പേർ
"ഞാൻ ഒരു ഫാമിലിക്ക് വേണ്ടി എടുത്തു വെച്ച നാല് ടിക്കറ്റ് ഉണ്ട് . അവരെ കാണാൻ ഇല്ല . നിങ്ങള്ക്ക് ആ ടിക്കറ്റ് വേണോ?"
ദൈവമേ കേൾക്കുന്നത് സത്യമാണോ . ഞങ്ങളുടെ മനസ്സിലെ അന്നത്തെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല . ഒരു പ്രതീക്ഷയും ഇല്ലാത്തിടത്തു നിന്നാണ് ഈ ഓഫർ. മനസ്സിൽ ആയിരം പൂത്തിരി കത്തിയ ഫീലിംഗ്
ഒന്നും നോക്കിയില്ല . ആ ടിക്കറ്റിന് എത്ര രൂപ വേണമെങ്കിലും കൊടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നു . പക്ഷെ നല്ലവനായ ആ ചേട്ടൻ ടിക്കറ്റിന്റെ പൈസ മാത്രമേ വാങ്ങിയുള്ളൂ
വണ്ടി എടുക്കാൻ പോയ കൂട്ടുകാരൻ അപ്പോഴേക്കും വണ്ടിയുമായി പുറത്തു വന്നു . ഞങ്ങൾക്ക് സന്തോഷം കൊണ്ട് എന്താണ് പറയേണ്ടത് എന്നറിയുന്നില്ല . അവനും അത് വിശ്വസിക്കാൻ പ്രയാസമായിരുന്നു .
ഏതായാലും വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ തീയേറ്ററിലേക്ക് ഓടിക്കയറി .നാലു പേർക്കും നാലു സ്ഥലങ്ങളിൽ ആയിട്ടാണ് സീറ്റ് കിട്ടിയത് . എന്നാലെന്താ റിലീസ് സിനിമ കാണാൻ പറ്റിയല്ലോ
ആ സിനിമ മനോഹരമായ ഒന്നായിരുന്നു . നല്ല പാട്ടുകളും കഥയും കഥാപാത്രങ്ങളും. കണ്ടു തീരുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു . ജീവിതത്തിലെ മറക്കവാനാത്ത ഒരു സിനിമാ അനുഭവം തന്നെയായിരുന്നു അത്. തിരിച്ചു വരുമ്പോഴും ഞങ്ങൾ ആ ടിക്കറ്റ് കിട്ടിയ ഭാഗ്യത്തെപ്പറ്റിയാണ് പറഞ്ഞു കൊണ്ടിരുന്നത്
പിന്നീട് ഒരിക്കൽ കൂടി ഞാൻ ടിക്കറ്റ് കിട്ടാതെ ഭാവനയിൽ നിന്ന് മടങ്ങിയിട്ടുണ്ട് . അത് മീശ മാധവൻ എന്ന സിനിമ ഇറങ്ങിയപ്പോഴാണ്. അതും ഒരു ഓണക്കാലത്ത് ആയിരുന്നു . പക്ഷെ അന്ന് ടിക്കറ്റ് തരാൻ ആരും ഉണ്ടായിരുന്നില്ല . നിരാശയോടെ മടങ്ങേണ്ടി വന്നു
കൊറോണകാലത്തിനു മുൻപ് നാട്ടിൽ വന്നപ്പോഭാവനയിൽ സിനിമയ്ക്ക് പോയിരുന്നു. തീയേറ്ററിൽ വളരെ കുറച്ചു പേർ മാത്രം . ബാൽക്കണിയിൽ ഇരിക്കുമ്പോൾ പഴയ ആ ആരവം മിസ്സ് ചെയ്യുന്ന പോലെ തോന്നി
ഇന്നൊക്കെ തീയേറ്ററുകൾ ഹൗസ് ഫുൾ ആകുന്നതു അപൂർവ സംഭവം ആണ് . ഒരു സിനിമ വന്നാൽശരാശരി രണ്ടു ആഴ്ച മാത്രമാണ് ഓരോ തീയേറ്ററിൽ ഓടുന്നത് . പണ്ടൊക്കെ അൻപതും നൂറും ദിവസങ്ങൾ ഓടിയിരുന്നു . കാണാൻ നിറയെ ആൾക്കാരും ഉണ്ടായിരുന്നു
സിനിമ തീയേറ്ററിൽ പോയി തന്നെ കണ്ണേണ്ട ഒന്നാണ് . വലിയ സ്‌ക്രീനിൽ നല്ല ശബ്‍ദസംവിധാനത്തോടെ തീയേറ്ററിലെ നനുത്ത തണുപ്പിൽ സീറ്റിൽ ചാരിയിരുന്നു സിനിമ കാണുന്ന അനുഭവം ഒന്ന് വേറെയാണ് .
ഇന്ന് OTT പ്ലാറ്റഫോമിലൂടെ ഉള്ള സിനിമ റിലീസിംഗ് ആ കലയെ തന്നെ ഒരു കണക്കിന് കൊല്ലുകയാണ്. വീട്ടിലെ പണിത്തിരക്കുകൾ കാരണം OTT പ്ലാറ്റുഫോമുകളിൽ വരുന്ന സിനിമ ഒറ്റയടിക്ക് ഇരുന്നു കാണാതെ കുറച്ചു കുറച്ചായി മാത്രം കാണുന്നവരും ഉണ്ട് . ഒരു നല്ല സിനിമാറ്റിക് അനുഭവം ആണ് നമുക്ക് അതിലൂടെ ഒക്കെ നഷ്ടപ്പെടുന്നത്.
തീയേറ്ററുകളിൽ ആണ് സിനിമയുടെ ജീവൻ ഇരിക്കുന്നത് . ഈ കൊറോണക്കാലത്തിനു ശേഷം വീണ്ടും തീയേറ്ററുകളിൽ പഴയ ആരവം ഉയരും എന്നു നമുക്ക് ആശിക്കാം
നന്ദി ഭാവന ഒരു പാട് നല്ല സിനിമകൾ ഞങ്ങൾക്ക് വേണ്ടി പ്രദർശിപ്പിച്ചതിന്... ഇന്നും സേവനം തുടർന്ന് കൊണ്ടിരിക്കുന്നതിന്
