വീട്ടിൽ പണ്ടൊക്കെ പലരും വരുമായിരുന്നു. വീണയുമായി വരുന്ന പുള്ളുവനും, പുള്ളോർകുടവുമായി വരുന്ന പുള്ളുവത്തിയും, മൺകലം വിൽക്കാൻ വരുന്ന കുമ്പാരത്തിയും, കൈ നോക്കാൻ വരുന്ന കുറത്തിയും, തണ്ടാത്ത്യോ എന്ന് വിളിച്ചു വരുന്ന നായാടികളും തുടങ്ങി പലരും വരും. മിക്കവാറും ഏതാണ്ട് ഉച്ച ഊണിന്റെ സമയം നോക്കിയാണ് പലരും എത്താറ്
പുള്ളുവനും പുള്ളുവത്തിയും അമ്മയുടെ പഴവൂരിലെ വീട്ടിൽ കളം കഴിക്കാൻ വരുന്നവരുടെ എന്തെങ്കിലും ഒക്കെ ബന്ധം പറയും. അപ്പൊ പിന്നെ അമ്മയ്ക്ക് ഒരു ആവേശമാണ്. നാവേറ് പാട്ടൊക്കെ പാടി പുള്ളുവനും പുള്ളുവത്തിയും രംഗം കൊഴുപ്പിക്കുകയും ചെയ്യുന്നതോടെ അമ്മ ഫ്ലാറ്റ്.
പിന്നെ അമ്മയുടെ സ്വാഭാവികമായ ചോദ്യം
" ങ്ങള് ഊണ് കഴിച്ചാ?"
നിര്ബന്ധിച്ചാൽ ആവാം എന്ന മട്ടിൽ അവർ ഒന്ന് അമർന്നിരുന്ന് തോളിലെ മുണ്ടെടുത്ത് വിയർപ്പാറ്റും.
വരുന്നവർക്കൊക്കെ അമ്മയുടെ മീൻ കറി ആണ് പഥ്യം. പപ്പടം ഉണ്ടെങ്കിൽ അതും കാച്ചി ഓരോന്ന് ചോറിന്റെ കൂടെ കൊടുക്കും.
അവർക്ക് വെള്ളം കൊണ്ട് കൊടുക്കുക അച്ചാറോ മറ്റോ വിളമ്പി കൊടുക്കുക എന്നതൊക്കെയാണ് ഞങ്ങൾ കുട്ടികളുടെ ജോലി
ഭക്ഷണം കഴിഞ്ഞു പോകുമ്പോൾ തോളിലെ മുണ്ടിന്റെ തലയ്ക്കൽ ഒരു നാഴി അരിയും കൊടുക്കും..പൈസ ആയി കൊടുക്കുന്നത് അന്ന് കുറവാണ്.
അങ്ങിനെ എത്രയോ പേർ അന്നൊക്കെ വരുമായിരുന്നു.
പിന്നെ ആണ് നമ്പുഴ പൂരത്തിന്റെ ഭാഗമായി ഒരു ആന എഴുന്നള്ളിപ്പ് വീടിൻറെ പടിയ്ക്കലിൽ നിന്ന് തുടങ്ങുന്നത്. അതോടെ അമ്മയുടെ ഭക്ഷണത്തിന് ആവശ്യക്കാർ കൂടി. ആനക്കാരും, വിളക്ക് പിടിക്കാൻ വരുന്ന ചെട്ടിയാർമാരും, ആനപ്പുറത്ത് കയറാൻ വരുന്ന ഹരിമോനും, പൂരം കാണാൻ വരുന്ന രാജേട്ടനും എല്ലാവർക്കും വരിയായി ഭക്ഷണം കൊടുക്കും..അമ്മയ്ക്ക് ആരോഗ്യം ഉള്ള കാലത്തോളം ഇതൊക്കെ മുടങ്ങാതെ നടന്നു വന്നു
ഇതൊക്കെ അമ്മയ്ക്ക് സ്വന്തം വീട്ടിൽ നിന്ന് കിട്ടിയ ശീലമാണ്..അമ്മയുടെ അമ്മ, ഞങ്ങളുടെ അമ്മമ്മ അവിടെ വരുന്നവർക്കും പോണവർക്കും എത്രയോ വെച്ചു വിളമ്പിയിരിക്കുന്നു. ഊണിന്റെ സമയത്ത് വീട്ടുകാരെ കൂടാതെ മൂന്നോ നാലോ പേർ എന്നും ഉണ്ടാവും പഴവൂരിലെ ആ വീട്ടിൽ
നാട് വിട്ട് ഹൈദരാബാദിലേക്ക് പോകുമ്പോൾ ഞാൻ പിന്നിൽ ഉപേക്ഷിച്ചു പോയത് നാടും കൂട്ടുകാരെയും ബന്ധുക്കളെയും മാത്രമല്ല രുചിയുടെ ആ കൈപുണ്യവുമായായിരുന്നു.
തെലുങ്കന്മാരുടെ ചോറും പപ്പുവും(പരിപ്പ് കൊണ്ടുള്ള ഈ വിഭവം ആണ് അവർ പ്രധാനമായി ചോറിന്റെ കൂടെ കഴിക്കുക) ആവക്കായ അച്ചാറും ആദ്യം കഷ്ടപ്പെട്ട് കഴിക്കുമ്പോൾ നാട്ടിലെ നഷ്ടപ്പെട്ട രുചിയോർത്ത് ഒരു പാട് സങ്കടം തോന്നിയിട്ടുണ്ട്.
വെളിച്ചെണ്ണയും ചെറിയ ഉള്ളിയും ചേർത്ത കറികൾ കഴിക്കാൻ അന്നൊക്കെ എത്ര ആഗ്രഹിച്ചിട്ടുണ്ട്.
ഇടയ്ക്ക് വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ ഞാൻ വാരിവലിച്ചു ചോറും സാമ്പാറും മീന്കറിയുമൊക്കെ കഴിക്കുന്നത് കണ്ട് അമ്മ അതിശയത്തോടെ നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട്. അമ്മ വിചാരിച്ചു കാണും ഹൈദരാബാദ് ഒരു ദാരിദ്ര്യം പിടിച്ച സ്ഥലമാണെന്ന്
ആദ്യത്തെ രണ്ടു കൊല്ലം അടുക്കള പോലും ഇല്ലാത്ത ഒരു വീട്ടിൽ ഹോസ്റ്റലിൽ എന്ന പോലെ ആണ് ഞങ്ങൾ നാലു പേർ ജീവിച്ചത്.. ഭക്ഷണം എപ്പോഴും പുറത്തു നിന്നു തന്നെ.
പിന്നീടെപ്പോഴോ സ്വന്തമായി പാചകം ചെയ്തു കഴിക്കണം എന്ന ചിന്തയിൽ ആണ് ഗചിബൗളി എന്ന സ്ഥലത്ത് ഒരു വീടെടുത്ത് താമസം ആരംഭിക്കുന്നത്.
അന്ന് ആ കോളനിയിൽ ഒരു ചെറിയ ഹോട്ടൽ ഉണ്ടായിരുന്നു. പവിത്ര മെസ്സ്.
ഒരു ദിവസം രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോൾ ആ ഹോട്ടൽ നടത്തുന്ന സ്ത്രീയും അവരുടെ സഹായികളായ സ്ത്രീകളും അവിടെ വട്ടത്തിൽ ഇരുന്നു അത്താഴം കഴിക്കുന്നത് കണ്ടു. ഭക്ഷണത്തിനും സംസാരത്തിനും ഒപ്പം ഉറക്കെ തമാശകൾ പറഞ്ഞ് ചിരിക്കുന്നുമുണ്ട്.
ഞാൻ ആലോചിച്ചു എനിക്ക് നല്ല ജോലിയുണ്ട് എന്നാലും ഇവരെപ്പോലെ മനസ്സ് തുറന്ന് ചിരിക്കാൻ കഴിയുന്നുണ്ടോ..ഓരോ ദിവസവും ജോലി കഴിഞ്ഞു വരുമ്പോൾ പിറ്റേന്ന് ഓഫീസിൽ പോയി ചെയ്ത് തീർക്കേണ്ട കാര്യങ്ങൾ ആയിരിക്കും മനസ്സിൽ ആധിയായി നിൽക്കുക
പതിയെ പതിയെ ഞാൻ അവരെ ശ്രദ്ധിക്കാൻ തുടങ്ങി. അവർ കാലത്തും ഉച്ചക്കും കുറച്ചു പതിവ്കാർക്ക് മാത്രമാണ് ഭക്ഷണം കൊടുക്കുന്നത്. അന്ന് ഗചിബൗളി ഇന്നത്തെപ്പോലർ അത്ര തിരക്കുള്ള സ്ഥലം ആയി മാറിയിട്ടില്ല.
ഒരു ദിവസം ഞാൻ അവിടെ കയറി ചെന്നു.
പതിവില്ലാത്ത ഒരാളെ കണ്ടതോടെ അവർ എന്നെ ചോദ്യരൂപത്തിൽ നോക്കി
"ഏൻ കാവാലി" തെലുഗിൽ എന്തു വേണം എന്നാണ് ചോദിക്കുന്നത്
ഞാൻ അട്ടിയായി വെച്ചിരുക്കുന്ന ദോശ ചൂണ്ടിക്കാണിച്ചു
അവിടെ നിന്ന് ദോശ കഴിച്ചു. കുറെ നാളുകൾക്ക് ശേഷം രുചിയുള്ള ഒരു ആഹാരം കഴിച്ചു എന്നു തോന്നുന്നത് അന്നാണ്.
പിന്നെ പിന്നെ ഉച്ചയ്ക്ക് ചോറും വൈകിട്ട് ഉള്ള ഭക്ഷണവും അവിടെയാക്കി.
പപ്പുവും മജ്‌ജിക പുലസുവും(തെലുഗു മോര് കറി) ഇഷ്ടപ്പെടാൻ തുടങ്ങി
അവരുമായുള്ള അടുപ്പം.കൂടി. പിന്നെ പിന്നെ എനിക്ക് മാത്രമായി സ്‌പെഷ്യൽ ആയി അവർ വേറെ കറികൾ ഉണ്ടാക്കി വെക്കും. ആന്ധ്രാ സ്റ്റൈൽ ചിക്കൻ കറിയൊക്കെ അങ്ങിനെയാണ് എന്റെ മെനുവിൽ വന്നത്
ഒരു സാധാരണ തെലുഗു വീട്ടമ്മയ്ക്ക് നൂറു തരം കറികൾ വെക്കാൻ അറിയും എന്നു മനസ്‌സിലാവുന്നത് അന്നാണ്. മിക്കവാറും എല്ലാ തെലുഗു വീട്ടമ്മമാരും കുക്കിങിന്റെ കാര്യത്തിൽ ഓരോ എൻസൈക്ലോപീഡിയ ആണ്.. ഇത്രയേറെ വിഭവങ്ങൾ മറ്റൊരു സംസ്ഥാനത്തും ഉണ്ടാവും എന്ന് തോന്നുന്നില്ല
പതിയെ പതിയെ എന്റെ നാവിന് തെലുഗു രുചിയായി.
അവരെ ഞാൻ ആന്റി എന്നു വിളിച്ചു.ഞാൻ മാത്രമല്ല അവിടെ ഉള്ളവർ എല്ലാവരും അങ്ങിനെ ആണ് വിളിക്കുന്നത്
അവരുടെ ഹോട്ടൽ പലർക്കും അത്താണിയാണ്. ഗ്രാമത്തിൽ നിന്ന് തൊഴിൽ തേടി നഗരത്തിൽ എത്തുന്ന ഒരു പാട് പേർ അവിടെ അവരെ സഹായിക്കാൻ കൂടും. പിന്നെ അവർക്ക് സ്‌ഥിരം ഒരു വരുമാനം ആകുന്നത് വരെ ആന്റി അവർക്ക് സംരക്ഷണം കൊടുക്കും
അങ്ങിനെ എത്രയോ പേർ വന്നു..എല്ലാവർക്കും ആന്റി എന്നെ ഒരു അത്ഭുതവസ്തുവിനെ പരിചയപ്പെടുത്തും പോലെ പരിചയപ്പെടുത്തും. പിന്നീട് നഗരത്തിന്റെ എവിടെ വെച്ചു കണ്ടാലും അവർ ഓടിയെത്തും.. സന്തോഷതോടെ വർത്തമാനം പറയും
ഞാൻ ആ ആന്റിയെ പറ്റി പഠിയ്ക്കാൻ ശ്രമിച്ചു. തെന്നാലി എന്ന ഗ്രാമത്തിൽ നിന്ന് 2001 ഇൽ ആണ് അവർ ഹൈദരാബാദിലേക്ക് വണ്ടി കയറുന്നത്. ഏതാണ്ട് അതേ സമയത്താണ് ഞാനും കേരളത്തിൽ നിന്ന് ജോലിയ്ക്കായി ഹൈദരാബാദിലേക്ക് തിരിക്കുന്നത്. ഒരു പക്ഷെ ഞങ്ങൾ തമ്മിൽ കാണാൻ എന്തെങ്കിലും നിയോഗം ഉണ്ടായിരുന്നിരിക്കും
പത്താം ക്ലാസ് വരെ അവർ പഠിച്ചിട്ടുണ്ട്. എന്നെ കുറെ തെലുഗു പഠിപ്പിക്കാൻ അവർ ശ്രമിച്ചു. അവസാനം അവർ ഇംഗ്ലീഷിൽ എന്നോട് സംസാരിക്കാൻ തുടങ്ങി. പണ്ടത്തെ വിദ്യാഭ്യാസത്തിന്റെ ബാക്കി അവരിൽ ഉണ്ടെന്ന്
അപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്.
കല്യാണം കഴിഞ്ഞതോടെ ഞാൻ നഗരത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മാറി. എന്നാലും അവർ ഇടയ്ക്ക് വിളിക്കും. ദിവ്യയും പിന്നെ ഉണ്ണിയും അവരുടെ പ്രിയപ്പെട്ടവരുടെ ലിസ്റ്റിൽ ഇടം പിടിച്ചു.ഇടയ്ക്ക് ഞങ്ങളെ വിളിച്ച് ഭക്ഷണം തരും
പതിയെ ദിവ്യയ്ക്കും ആന്റിയുടെ വിഭവങ്ങൾ പ്രിയമാവാൻ തുടങ്ങി
ഇന്ന് ഞങ്ങൾ വീട്ടിൽ കൂടുതൽ ഉണ്ടാക്കുന്നതും പപ്പുവും മജ്‌ജിക പുലുസുവും ഒക്കെ ആണ്
രണ്ടു മാസം കൂടുമ്പോൾ ഞങ്ങൾക്ക് വേണ്ടി ചോറും കറികളും ഉണ്ടാക്കി ബിഗ് ഷോപ്പറിൽ നിറച്ച് കൊണ്ട് ആന്റി വീട്ടിൽ വരും
ആന്റി ഭക്ഷണം കൊണ്ട് വന്നാൽ ദിവ്യയ്ക്ക് വളരെ സന്തോഷമാണ്. പിന്നെ രണ്ടു മൂന്നു ദിവസത്തേക്ക് ഭക്ഷണം ഉണ്ടാക്കേണ്ടല്ലോ.. അച്ചാറും ചമ്മന്തിയും പപ്പുവും ആന്റിയുടെ സ്‌പെഷ്യൽ ചിക്കനും ഒക്കെ ആയി കുറെ സ്റ്റീൽ കുട്ടകങ്ങൾ ഉണ്ടാവും ആ സഞ്ചിയിൽ
അവർ എപ്പോഴും പറയും. ഞാൻ രണ്ടു പേർക്ക് മാത്രമേ ഭക്ഷണം ഉണ്ടാക്കാറുള്ളൂ. ഒന്ന് അവരുടെ സ്വന്തം മകനും പിന്നെ എനിക്കു വേണ്ടിയും. ഹോട്ടലിലെ മറ്റു പാചകം ഒക്കെ സഹായികൾ ആണ് കൈകാര്യം ചെയ്യുന്നത്
പലപ്പോഴും തിരക്കിനിടയിൽ ഞാൻ ആന്റിയെ വിളിക്കാൻ മറക്കും. പക്‌ഷേ ആന്റി എന്നെ വിളിക്കും വിശേഷങ്ങൾ തിരക്കും,ഹോട്ടലിലേക്ക് വരാൻ പറയും.
അവർ എനിക്കാരാണെന്ന് ഞാൻ ഇടയ്ക്ക് ആലോചിച്ചു നോക്കും..ഒരു ഉത്തരമേ മനസ്സിൽ തോന്നിയിട്ടുള്ളു.. നാട്ടിൽ അമ്മ ആർക്കൊക്കെയോ കൊടുത്ത ഭക്ഷണം ആന്റി എനിക്ക് തിരിച്ചു തരികയാണ് എന്ന്. അതല്ലാതെ തെന്നാലി എന്നു കേട്ടുകേൾവി മാത്രമുള്ള ഗ്രാമത്തിൽ നിന്നു വന്നു ഇങ്ങു കേരളത്തിൽ നിന്ന് വന്ന ഒരാൾക്ക് എന്തിനു ഇഷ്ടത്തോടെ ഇത്രനാളും ഭക്ഷണം വെച്ചു കൊടുക്കണം. അമ്മ "കൊടുത്തു വെച്ചതിന്റെ" പുണ്യം എന്നു തന്നെയാണ് അതിന് കൊടുക്കാവുന്ന ഏറ്റവും നല്ല വിശേഷണം
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് നല്ല ഭക്ഷണത്തിലൂടെയാണ് നല്ല ബന്ധങ്ങൾ ഉണ്ടാവുന്നത്.. കാരണം അതവർ തരുന്നത് അവരുടെ സ്നേഹം ചേർത്താണ്.. അത് നമ്മുടെ നാവിലല്ല ഹൃദയത്തിലാണ് അലിഞ്ഞു ചേരുന്നത്
No comments:
Post a Comment