ഓരോ നാട്ടിലും എത്രയോ വ്യത്യസ്തരായ ജനങ്ങൾ ആണ് ജീവിക്കുന്നത് അതിൽ തന്നെ എത്രയോ പേർ മണ്മറഞ്ഞു പോയി . എഴുതപ്പെടാൻ മാത്രം ചരിത്രമില്ലാതെ ആരുടേയും ഓർമകളിൽ ഇല്ലാതെ അവർ എങ്ങോ പോയ് മറഞ്ഞു .
ചിലരൊക്കെ അതിൽ പ്രകൃതിയുടെ താളത്തിന് ഒപ്പം ജീവിച്ചവരാണ് . പ്രകൃതിയുടെ ആ താളം വീണ്ടും കാണുമ്പോൾ ചിലരുടെയൊക്കെ ഓർമ്മകൾ മനസ്സിൽ വരുന്നതും അത് കൊണ്ടാണ്
പണ്ടൊക്കെ മഴക്കാലത്ത് തെങ്ങിന് തടമെടുക്കുക എന്നൊരു പണി ഉണ്ടായിരുന്നു . മഴ പെയ്തു പറമ്പിലൂടെ ഒഴുകി വരുന്ന വെള്ളം തെങ്ങിന്റെ കടയ്ക്കൽ തന്നെ കെട്ടി നില്ക്കാനും മണ്ണിലെ പശിമ സ്വന്തം പുരയിടത്തിനു പുറത്തു പോകാതിരിക്കാനും തെങ്ങിന്റെ വേരുകൾ മുകളിലേക്ക് പൊട്ടി മുളയ്ക്കാതിരിക്കാനും ഒക്കെയായാണ് ഈ തടമെടുപ്പ്
പറമ്പുകളയെപ്പോലെയോ അല്ലെങ്കിൽ പാടത്തെ കാലായിപ്പണി പോലെയോ അത്രയ്ക്ക് അദ്ധ്വാനം വേണ്ടാത്ത ഒരു ജോലിയാണ് തെങ്ങിന്റെ തടമെടുപ്പ് . പ്രത്യേകിച്ചും മണൽ പ്രദേശമായ ഞങ്ങളുടെ നാട്ടിൽ ഒന്ന് മഴ പെയ്താൽ മണ്ണ് നന്നായി ഇളകി കിടക്കുന്നുണ്ടാവും .
ഈ സമയത്താണ് സഹദേവേട്ടൻ എല്ലാ വർഷവും പ്രത്യക്ഷപ്പെടാറ് . വർഷം പെയ്യുന്നതു വരെ മൂപ്പർ എന്ത് ചെയ്യുകയായിരുന്നു എന്ന് ചോദിച്ചാൽ പ്രത്യേകിച്ച് ഉത്തരമൊന്നും ഇല്ല . മൂപ്പർ 'വിസിബിൾ' അല്ല എന്ന് ചുരുക്കം.
ഉയരം കുറഞ്ഞ് നന്നായി വെളുത്ത ഒരു മനുഷ്യനായിരുന്നു സഹദേവേട്ടൻ . മെല്ലെ മെല്ലെയാണ് നടക്കുക . ആ ഒരു അവധാനത മൂപ്പരുടെ ജീവിതത്തിലും ഉണ്ടായിരുന്നു
ഇടവപ്പാതി പെയ്തു മണ്ണ് കുതിർന്നാൽ സഹദേവേട്ടൻ വീട്ടിൽ വരും . അതിരാവിലെ വന്നു മുറ്റത്ത് നില്പുണ്ടാവും അച്ഛൻ ഉറക്കം ഉണർന്നു വരുന്നതും കാത്ത്
വരവിന്റെ ഉദ്ദേശ്യം വേറൊന്നുമല്ല തെങ്ങിന് തടമെടുക്കുന്ന പണി സ്ഥിരം പണിക്ക് വരുന്ന കുമാരേട്ടൻ ചെയ്യുന്നതിന് മുൻപ് ആ പണി പിടിക്കാനാണ് വരവ്.
മുറ്റത്ത് അച്ഛനെ കാത്തു നിൽക്കുന്ന സമയത്തൊക്കെ മൂപ്പർ സ്വയം എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കുകയും കൈവിരലിൽ എന്തൊക്കെയോ കണക്കു കൂട്ടൽ നടത്തുകയും ചെയ്തു കൊണ്ടിരിക്കും .
എന്താണ് കണക്ക് കൂട്ടുന്നത് എന്ന് ആർക്കും അറിയില്ല . മൂപ്പർ അത് ആരോടും പറഞ്ഞിട്ടുമില്ല
അച്ഛൻ എഴുന്നേറ്റ് ഉമ്മറത്തേക്ക് വന്നാൽ സഹദേവേട്ടൻ ഒരു ചിരിയാണ്.
"മാഷേ , തെങ്ങിന് തടം വെട്ടേണ്ടേ?"
"ആ നോക്കണം" അച്ഛന്റെ അലസമായ മറുപടി
സഹദേവേട്ടനെ ഏൽപ്പിച്ചാൽ പറമ്പിലെ തെങ്ങിന്റെ മുഴുവൻ തടം എടുത്തു കഴിയുമ്പോഴേക്കും മഴക്കാലം തീരും എന്ന് അച്ഛനറിയാം . എന്നാൽ പണി ചോദിച്ചു വന്ന ആളെ മടക്കി അയക്കാനും അച്ഛന് ഒരു മടി
അടുത്ത 'പ്രൊപോസൽ' സഹദേവേട്ടൻ തന്നെ മുന്നോട്ട് വെക്കട്ടെ എന്ന് കരുതി അച്ഛൻ മെല്ലെ പത്രവായനയിലേക്ക് കടക്കും
"തടം എണ്ണി പൈസ തന്നാ മതി മാഷെ"
എന്ന് വെച്ചാൽ ദിവസക്കൂലി വേണ്ട , ഒരു തടം വെട്ടിയാൽ ഇത്ര രൂപ എന്ന കണക്കിന്.
സഹദേവേട്ടനെ ദിവസക്കൂലിക്ക് വെച്ച് പണി എടുപ്പിച്ചാൽ മുതലാവില്ല എന്നറിയുന്ന അച്ഛൻ പുതിയ പ്രൊപ്പോസലിനോട് ക്രിയാത്മകമായി പ്രതികരിക്കും
"ആ അത് നോക്കാം , ഒരു തടത്തിനു നാല് രൂപ ആണെങ്കിൽ സഹദേവൻ തുടങ്ങിക്കോ"
"അയ്യോ അത് പറ്റില്ല ആറ് രൂപ വേണം മാഷേ , എനിക്കും എന്തെങ്കിലും കിട്ടേണ്ടേ?"
"നാല് തന്നെ കൂടുതലാണ് , ഏതായാലും അഞ്ചു രൂപ വെച്ച് ഒരു തടത്തിനു തരാം , പിന്നെ തെങ്ങിൻ തൈയുടെ തടത്തിനു മൂന്ന് രൂപയും"
തല ചൊറിഞ്ഞു കൊണ്ട് സഹദേവേട്ടൻ ഒന്ന് ചിരിക്കും .
എന്നാ പിന്നെ നാളെ വരാമെന്ന് പറഞ്ഞു മൂപ്പർ പോകും
പിറ്റേന്ന് നേരം വെളുക്കുമ്പോൾ തന്നെ സഹദേവേട്ടൻ വീട്ടിൽ ഉണ്ടാവും . വിത്ത് യൂണിഫോം.
കാലിൽ കറുത്ത റബ്ബർ ഷീറ്റുകൾ കെട്ടി വെച്ച് പുറത്തു പ്ലാസ്റ്റിക് ചരടുകൊണ്ടു കെട്ടും . കണ്ടാൽ മിലിറ്ററിക്കാരുടെ ഷൂ പോലെ . വെള്ളത്തിലൂടെ നടക്കുമ്പോൾ കാലുകളിൽ വൃണം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ
തലയിൽ ടവൽ കൊണ്ട് ഒരു കെട്ട് , കയ്യിൽ മൂപ്പരുടെ ശരീരത്തിന് ചേരുന്ന ഒരു കൈക്കോട്ട്
ഇത്രയുമായാൽ നമ്മൾ വിചാരിക്കും സഹദേവേട്ടൻ വേഗം വേഗം തടം വെട്ടി തീർക്കും എന്ന് . എവിടെ?
സഹദേവേട്ടന് ഒരു തടം വെട്ടണമെങ്കിൽ കുറഞ്ഞത് രണ്ടു മണിക്കൂർ വേണം. പക്ഷെ ഒരു കാര്യമുണ്ട് മറ്റുള്ള പണിക്കാരെ പോലെ അല്ല . സഹദേവേട്ടൻ വെട്ടിയ തടത്തിനു കൃത്യം വട്ടമായിരിക്കും ആഴമായിരിക്കും ഒരു തരി മണ്ണ് അതിന്റെ കരയിൽ നിന്ന് ഇടിഞ്ഞു വീഴില്ല . അത്രയും വൃത്തിയായി മാത്രമേ മൂപ്പർ ഓരോ തടവും ഒരുക്കൂ.
അതിനിടയിൽ മൂപ്പർ കൈക്കോട്ട് നിലത്തു വെച്ച് എങ്ങോട്ടോ നോക്കി നിൽക്കുന്നതു കാണാം . പിന്നെ ചിരിച്ചു കൊണ്ട് കൈ വിരലിൽ എന്തൊക്കെയോ കൂട്ടി നോക്കും . ഇത്ര തടം വെട്ടി തീർന്നാൽ ഇത്ര രൂപ കിട്ടും എന്നൊക്കെയായിരിക്കും.
"സഹദേവേട്ടാ" എന്ന് ഞങ്ങൾ പോയി വിളിച്ചാൽ മൂപ്പർ വീണ്ടും പണി തുടങ്ങും
ഇങ്ങനെ വൈകുന്നേരം ആവുമ്പോഴേക്കും മൂപ്പർ ആകെ തീർത്തിട്ടുണ്ടാകുക മൂന്നോ നാലോ തടം മാത്രമായിരിക്കും
യൂണിഫോം ഒക്കെ ഊരി കഴുകിവെച്ച് മൂപ്പർ കൂലിക്കായി മുറ്റത്തു വന്നു നിൽക്കും
"നാലു തടത്തിനു ഇരുപതു രൂപ" . അച്ഛൻ കൊടുത്ത പൈസയിൽ നിന്ന് അമ്മ എടുത്തു കൊടുക്കും
അതും വാങ്ങി ചിരിച്ചു കൊണ്ട് മൂപ്പർ അവിടെ തന്നെ പോവാതെ നിൽക്കും . എന്തെങ്കിലും കൂടുതൽ കൊടുക്കണം എന്നാണ് ആ നിൽപ്പിന്റെ അർത്ഥം. പൈസ ഉണ്ടെങ്കിൽ നാലോ അഞ്ചോ രൂപകൂടി ചിലപ്പോൾ അമ്മ കൊടുക്കും
അതും വാങ്ങി തലയിലെ ടവൽ അഴിച്ചു ഷർട്ടിന്റെ കോളറിന്റെ മേലെ മടക്കി വെച്ച് മൂപ്പർ ചിരിച്ചു കൊണ്ട് തലയാട്ടി പടിയിറങ്ങി നേരെ വടക്കോട്ട് നടക്കും . ഷാപ്പിൽ പോയി ഒന്ന് മിനുങ്ങിയിട്ടേ വീട്ടിലേക്ക് മടക്കമുള്ളൂ
ഇങ്ങനെ എത്രയോ മഴക്കാലങ്ങളിൽ സഹദേവേട്ടൻ ഞങ്ങളുടെ പടി കയറി വന്നിരിക്കുന്നു . ആരോടും കൈ നീട്ടാതെ തനിക്ക് ചിലവിനു വേണ്ട പണം ഇങ്ങനെ ചെറിയ ചെറിയ പണികൾ ചെയ്തു ആ മനുഷ്യൻ ഉണ്ടാക്കിയിരുന്നു .
ജീവിതത്തിൽ ഒറ്റത്തടിയായിരുന്നു സഹദേവേട്ടൻ ..അങ്ങിനെ കുറെ കാലം ജീവിച്ചു ഒരു ദിവസം മൂപ്പർ അങ്ങ് പോയി .. പിന്നീടുള്ള മഴക്കാലങ്ങളിൽ പങ്കു ചേരാതെ
നാട്ടിൽ വന്നു ഉമ്മറത്തിരുന്നു പെരുമഴ കാണുമ്പോൾ കുട ചൂടി മഴയത്തു പടി കയറി വന്നിരുന്ന ആ ചെറിയ മനുഷ്യനെ ഓർത്തു പോയി. എഴുതപ്പെടാത്ത ചരിത്രത്തിന്റെ ഭാഗമായവർ അങ്ങിനെ എത്രയോ പേർ.
No comments:
Post a Comment