ചൊവ്വല്ലൂർ ക്ഷേത്ര നടയിലെ വാരിയത്ത് പുതിയ പുസ്തകത്തിന്റെ ഒരു കോപ്പി ശ്രീ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിക്ക് കൊടുക്കാൻ എത്തിയതായിരുന്നു ഞങ്ങൾ.
അല്പം സങ്കോചത്തോടെയാണ് എന്റെ നിൽപ്പ്. അകലെ നിന്ന് കണ്ടിട്ടുണ്ടെങ്കിലും ഇത് വരെ അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചിട്ടില്ല. വരവിന്റെ ഉദ്ദേശ്യം അറിയിച്ചാൽ എന്തായിരിക്കും പ്രതികരണം?
അങ്ങിനെ സമ്മിശ്ര വികാരങ്ങളോടെ നിൽക്കുമ്പോൾ അകത്തു നിന്ന് സുസ്മേരവദനനായി അദ്ദേഹം പുറത്തു വന്നു.
വന്ന കാര്യം അവതരിപ്പിച്ചു..
എഴുത്തിനെപ്പറ്റി , പുസ്തകത്തെപറ്റി എല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു..
പതുക്കെ മനസ്സിലെ മഞ്ഞുരുകാൻ തുടങ്ങി..
സംസാരം പിന്നീട് "സർഗം" എന്ന സിനിമയെക്കുറിച്ചായി..ഒരു പാട് പുസ്തകങ്ങളും ഭക്തിഗാനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിലും എന്നെ ഏറെ ആകർഷിച്ചിരുന്നത് 'സർഗം' സിനിമയ്ക്ക് വേണ്ടി അദ്ദേഹം എഴുതിയ സംഭാഷണങ്ങൾ ആയിരുന്നു.. 'സർഗം' ജനങ്ങളുടെ മനസ്സിൽ നിന്ന് ഇന്നും മായാതെ നിൽക്കുന്നതിൽ അതിലെ സംഭാഷണങ്ങൾക്കും ഒരു പാട് പങ്കുണ്ട് എന്നാണ് എന്റെ വിശ്വാസം
ഹരിഹരനോടും എം.ടി യോടും ഒപ്പം ഇരുന്നു സർഗം എന്ന ചിത്രം രൂപപ്പെടുത്തിയെടുത്ത കഥ അദ്ദേഹം പറയാൻ തുടങ്ങി
ഹരിഹരൻ എന്ന സംവിധായകന്റെ സംഗീതത്തെകുറിച്ചുള്ള അവഗാഹവും അത് എവിടെ എങ്ങിനെ ചേർക്കണം എന്നുള്ളതിനെ കുറിച്ച് അദ്ദേഹം പകർത്തിയ നിഷ്കർഷയും അദ്ദേഹം ഓർത്തെടുത്തു
ആദ്യം സർഗ്ഗത്തിലെ ഗാനങ്ങൾ എഴുതാൻ നിശ്‌ചയിചിരുന്നത് മറ്റൊരു ഗാന രചയിതാവ് ആയിരുന്നു.. എത്ര എഴുതിയിട്ടും ഹരിഹരന് ആ പാട്ടുകളിൽ തൃപ്തി വന്നില്ല.. പിന്നീടാണ് എം ടി യൂസഫലിയെക്കുറിച്ച് ഹരിഹരനോട് പറയുന്നത്
സ്കൂളിലും കോളേജിലും തന്റെ സതീർഥ്യനായ യൂസഫലി സർഗ്ഗത്തിൽ എത്തുന്നത് തനിക്കും ഏറെ സന്തോഷം നല്കിയെന്നു ചൊവ്വല്ലുർ ഓർമിച്ചെടുക്കുന്നു
തുടർന്ന് ഗാനം എഴുതാൻ എത്തിയ യൂസഫലിയോട് അദ്ദേഹം പറഞ്ഞത്രേ "ചിത്രത്തിൽ ഒരു കൃഷ്ണഭക്തി ഗാനം വേണം..അത് കേട്ട് കഴിയുമ്പോൾ കേൾക്കുന്നവർ അതിൽ ലയിച്ച് ഭഗവാനെ എഴുന്നേറ്റു നിന്ന് തൊഴാൻ തോന്നിക്കുന്നവണ്ണം ഭക്തിരസ പ്രധാനം ആയിരിക്കണം "
അതു കേട്ട് യൂസഫലി ഒന്നു തലകുലുക്കി..പിറ്റേന്ന് പാട്ടുമായി യൂസഫലി വന്നു..ആദ്യ നാല് വരി പാടി ഹരിഹരനെയും എം ടി യെയും കേൾപ്പിച്ചു. കേട്ട പാടെ ഹരിഹരൻ എഴുനേറ്റ് യൂസഫലിയുടെ കൈ പിടിച്ചു പറഞ്ഞു
"ഇതാണ് ഞാൻ മനസ്സിൽ ആഗ്രഹിച്ച പാട്ട്.."
ആ പാട്ടാണ് പിന്നീട് സിനിമയിൽ നാം കണ്ടാസ്വദിച്ച "കൃഷ്ണകൃപാ സാഗരം" എന്ന ഗാനം
പിന്നീട് ചർച്ച കുട്ടൻ തമ്പുരാനിൽ എത്തി.. കുട്ടൻ തമ്പുരാന്റെ ഭാവ പകർച്ചയും തിലകന്റെ കഥാപാത്രവുമായി കുട്ടൻ തമ്പുരാൻ നടത്തുന്ന സംഭാഷണങ്ങളും അദ്ദേഹം എഴുന്നേറ്റ് നിന്ന് കാണിച്ചു തന്നപ്പോൾ അത്ഭുതം തോന്നിപ്പോയി..മുപ്പത്തിരണ്ട് വർഷം മുൻപ് നടന്ന കാര്യങ്ങൾ ആണ് ഇന്നലെ നടന്നതെന്ന പോലെ അദ്ദേഹം ഓർത്തെടുക്കുന്നത്. ഒരു നല്ല സിനിമയ്ക്ക് വേണ്ടി എത്രയോ പേരുടെ സമയം അധ്വാനം സർഗഭാവന എന്നിവയൊക്കെ സമാസമം ചേരണം എന്നു ഒരു നിമിഷം ചിന്തിച്ചു പോയി
ചർച്ച പിന്നീട് എം.ടി യിലേക്കും നിർമാല്യം എന്ന സിനിമയിലേക്കും വഴി മാറി. പി.ജെ ആന്റണി അവതരിപ്പിച്ച വെളിച്ചപ്പാടിനെക്കുറിച്ചും അതിലേക്ക് എത്തിയ വഴിത്താരകളെയും അദ്ദേഹം വാചാലനായി.എടപ്പാളിലെ അമ്പലത്തിലെ വെളിച്ചപ്പാട് ആണത്രേ പി.ജെ.ആന്റണിയെ വെളിച്ചപ്പാടിന്റെ ഭാവങ്ങളും പെരുമാറ്റരീതികളും പറഞ്ഞുകൊടുത്തത്.. പി.ജെ ആന്റണി അത് വെള്ളിത്തിരയിൽ അനന്യസാധാരണമായി അവതരിപ്പിക്കുകയും ചെയ്തു
ചിത്രത്തിൽ ഒരു രംഗം ഉണ്ട്.. ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ വെളിച്ചപ്പാടിന്റെ ഭാര്യ(കവിയൂർ പൊന്നമ്മ) അല്പം കാശിന് വേണ്ടി പണക്കാരനായ മുസ്ലിം മുതലാളിയുടെ (കുഞ്ഞാണ്ടി)ഇഷ്ടത്തിന് വഴങ്ങി കൊടുക്കേണ്ടി വരുന്ന രംഗം..
എം.ടി പറഞ്ഞത്രേ അതിൽ മുതലാളിയും വെളിച്ചപ്പാടിന്റെ ഭാര്യയും തമ്മിൽ ഇഴ ചേർന്നുള്ള ഉള്ള രംഗം കാണിക്കാതെ തന്നെ കാണികൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ രംഗം ചിത്രീകരിക്കണം എന്ന്..
കവിയൂർ പൊന്നമ്മ മുതലാളിയുടെ കയ്യിൽ നിന്ന് പൈസ വാങ്ങി മുണ്ടിന്റെ കോന്തലയിൽ കെട്ടി അഴിഞ്ഞ മുടി കെട്ടിവെച്ച് ചുളിഞ്ഞ വസ്ത്രത്തോടെ ആ വീട്ടിൽ നിന്ന് ഇറങ്ങി വരുന്ന രംഗം വെളിച്ചപ്പാട് കാണുന്നതോടെ വെളിച്ചപ്പാടിന്റെ മനസ്സിലും കാണികളുടെ മനസ്സിലും ഒരേ പോലെ ദുഃഖത്തിന്റെ പെരുമഴ നിറയുന്നു..നിർമാല്യം അതിന്റെ അവസാന രംഗങ്ങളിലേക്ക് കടക്കുകയാണ്...
അവിടെ ഇരുന്നു കഥകൾ ഇനിയും കേൾക്കാൻ മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും സമയം അതിന്റെ പരിധി കടന്നിരുന്നു. അദ്ദേഹത്തിനും എവിടെയോ പോകാനുണ്ടായിരുന്നു
പുസ്തകത്തിന്റെ ഒരു കോപ്പി ഞാൻ അദ്ദേഹത്തിന് നൽകി അനുഗ്രഹം തേടി. പിരിയാൻ നേരത്തു പുസ്തകത്തിന്റെ പ്രകാശനത്തിനു എല്ലാ ആശംസകളും നേർന്നു അദ്ദേഹം ഞങ്ങളെ യാത്രയാക്കി.
തിരിച്ചു പടിയിറങ്ങുമ്പോൾ ഞാൻ ആലോചിച്ചു എത്രയെത്ര അനുഭവങ്ങളിലൂടെയാണ് ഓരോ മനുഷ്യനും കടന്നു പോകുന്നത്..ചിലത് നമ്മൾ അറിയുന്നു..ഏറെ അറിയാതെ പോകുന്നു..
പറയാൻ ബാക്കി വെച്ച കഥകൾ കേൾക്കാൻ ഉള്ള അവസരം ഇനി എന്നാണ്..
No comments:
Post a Comment