ഇരുപത്തി അഞ്ചു വർഷങ്ങൾക്ക് മുൻപ് പഠിച്ചിറങ്ങിയ കോളേജ് കെട്ടിടത്തിന്റെ ഒഴിഞ്ഞ വരാന്തയിൽ ഇന്ന് പോയി നിന്നപ്പോൾ കാലചക്രം അതിന്റെ ഗതിവേഗം നമ്മുടെ ചിന്തകളേക്കാൾ വേഗത്തിലാക്കിയോ എന്ന് തോന്നിപ്പോയി. ഇരുപത്തി അഞ്ചു വർഷങ്ങൾ കടന്നു പോയിരിക്കുന്നു . ഇന്നാലോചിക്കുമ്പോൾ ഇരുപത്തിഅഞ്ചു നിമിഷങ്ങൾ പോലെ തോന്നുന്നു .
ഡിഗ്രിക്ക് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ആണ് ചേരുന്നത് എന്ന് പറഞ്ഞപ്പോൾ അന്ന് പലരും നെറ്റി ചുളിച്ചു . പക്ഷെ തന്റെ തീരുമാനത്തിന് മാറ്റം ഉണ്ടായിരുന്നില്ല . ഒന്നുകിൽ ശ്രീകൃഷ്ണ അല്ലെങ്കിൽ കേരളവർമ ഇതിൽ ഏതെങ്കിലും ഒരു കോളേജിലേ ഞാൻ പഠിക്കൂ എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു . സിനിമകളിൽ കണ്ട കോളേജ് ക്യാമ്പസ് എന്ന സ്വപ്നം നിറവേറാൻ പോകുന്നു എന്ന സന്തോഷം മനസ്സിൽ തിരയടിച്ച സമയം
ഇന്നാലോചിക്കുമ്പോൾ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും മനോഹരമായ തീരുമാനം ആയിരുന്നു അത് .
ആ തീരുമാനത്തിന്റെ വില ഇന്നും മനസ്സിൽ രേഖപ്പെടുത്തിവെക്കുന്നത് ജീവിതത്തിലെ ഏറ്റവും മനോഹര ദിവസങ്ങൾ സമ്മാനിച്ച ആ മൂന്ന് വർഷങ്ങളുടെ ഓർമ്മകളാണ്
ജീവിതത്തിന്റെ വർണങ്ങൾ, സ്വാതന്ത്ര്യം, കല, പ്രണയം, രാഷ്ട്രീയം, സംഘർഷങ്ങൾ എന്ന് വേണ്ട തുടർന്നുള്ള ജീവിതത്തിൽ ഓരോ പ്രതിസന്ധികളെയും നേരിടാൻ അത്തരം ഒരു കലാലയ ജീവിതം നമ്മളെ ഏറെ സഹായിക്കുന്നു എന്നാണ് എന്റെ അഭിപ്രായം .
ഒരു പാട് നല്ല ഓർമ്മകൾ ഉണ്ട് ആ ക്യാമ്പസ്സിനെക്കുറിച്ച്. ആദ്യ വര്ഷം മലയാളം ക്ലാസ് എടുക്കാൻ വന്ന നാരായണൻ മാഷ് പറഞ്ഞു ഈ കോളേജിൽ നിങ്ങൾ കേവലം മൂന്ന് വര്ഷം മാത്രമാണ് ചിലവാക്കാൻ പോകുന്നത് ജീവിതവുമായി തട്ടിച്ചു നോക്കുമ്പോൾ അത് എത്രയോ നിസ്സാരമാണ് . അന്ന് ആലോചിച്ചത് മൂന്ന് വര്ഷം ഉണ്ടല്ലോ മാഷ് ഇപ്പൊ ഇതൊക്കെ പറയുന്നത് എന്തിനാണ് എന്നായിരുന്നു . പക്ഷെ ഇന്നാലോചിക്കുമ്പോൾ തോന്നുന്നു മാഷ് പറഞ്ഞത് എത്ര ശരിയാണ്. ഞങ്ങൾ പോലും അറിയാതെ ഒരുനാൾ ഞങ്ങൾ അവിടെ പൂർവ്വവിദ്യാര്ഥികളായി , ക്യാമ്പസിനു അന്യരായി
ഒരുപാടു ഓർമ്മകൾ ഉണ്ട് ശ്രീകൃഷ്ണയെക്കുറിച്ച് . ലൈബ്രറിയിലെ ശ്യാമേട്ടൻ എത്ര പുസ്തകങ്ങൾ ആണ് പ്രത്യേകം എടുത്തു വെച്ച് തന്നിരുന്നത് . ഒരു സുഹൃത്തിനെ പ്പോലെ സംസാരിച്ചിരുന്ന ഫിസിക്സ് ലാബിലെ നന്ദേട്ടൻ (നന്ദേട്ടന്റെ കൂടെ ആണ് പിന്നീട് ഞാൻ ആദ്യമായി മൂകാംബിക പോകുന്നത്), കോളേജിലെ അരമതിലിൽ ഇരിക്കുമ്പോൾ പ്രിൻസിപ്പൽ പറഞ്ഞു എന്നെ പിടിച്ചു ഓഫീസിൽ റൂമിൽ കൊണ്ട് പോകുമ്പോൾ "എന്തിനാ ഇങ്ങനെ മതിലിൽ കയറി ഇരിക്കുന്നത്" എന്ന് സ്നേഹത്തോടെ ഉപദേശിച്ച അറ്റൻഡർ ശശിയേട്ടൻ, കണ്ണുകാണില്ലെങ്കിലും അകക്കണ്ണുകൊണ്ടു ഞങ്ങളെ ഒക്കെ കാണുകയും സ്നേഹിക്കുകയും ചെയ്തിരുന്ന കുഞ്ചുനായർ. (കുഞ്ചുനായർക്ക് കോളേജിന്റെ പടിയ്ക്കൽ ഒരു കട ഉണ്ടായിരുന്നു), എല്ലാറ്റിനും ഉപരി ഞങ്ങളുടെ പ്രിയപ്പെട്ട പി സി കെ മാഷ് . അങ്ങിനെ എത്രയെത്ര നന്മയുള്ള മുഖങ്ങൾ
അരിയന്നൂർ ബസ്സിറങ്ങി അമ്പലനടയിലെ ജംഗ്ഷനിലെ ഹരിയേട്ടന്റെ കടയിൽ നിന്ന് നാരങ്ങാ സോഡയും കുടിച്ച് മെല്ലെ കുന്നുകയറി കോളേജിന്റെ ഗേറ്റിൽ എത്തുമ്പോഴേക്കും ഗേറ്റിൽ കൂട്ടുകാർ ആരെങ്കിലും നിൽക്കുന്നുണ്ടാവും. കെമിസ്ട്രിയിലെ അംജദ് ആയിരുന്നു കോളേജിലെ ആദ്യ കൂട്ട് . ഞങ്ങളെ കാണുമ്പോൾ തന്നെ കോളേജിന്റെ പടിയ്ക്കൽ ചായക്കട നടത്തുന്ന കാദറിക്ക രണ്ടു ചായ കൂട്ടി മുന്നിലെ തട്ടിൽ ഉറക്കെ വെക്കും . "വന്നു ചായ കുടിക്കെടാ പിള്ളേരെ" എന്ന സ്‌നേഹപൂർണമായ ആജ്ഞ അതിലുണ്ടാവും
ചായകുടിച്ചു ഒരു റൌണ്ട് ക്യാമ്പസ് കറങ്ങി വരുമ്പോഴേക്ക് കുന്നംകുളത്തു നിന്നുള്ള ബസ് പന്നിശ്ശേരി ബസ്റ്റോപ്പിൽ വന്നിട്ടുണ്ടാകും . അതിലാണ് ഉസ്തു എന്ന് ഞങ്ങൾ വിളിച്ചിരുന്ന രഞ്ജിത്ത് പാപ്പച്ചനും പിന്നെ സുധാകനും വന്നിരുന്നത് .
"ന്താ , ഇന്നും സമരാണോ?" എന്ന് ചോദിച്ചാണ് സുധാകരന്റെ വരവ്
സമരമാണെങ്കിൽ അധികം സമയം കളയാതെ സിനിമയ്ക്ക് പോകണം എന്ന പക്ഷക്കാരൻ ആണ് സുധാകരൻ
അംജദിനെ അവന്റെ ക്ലാസ്സ്‌മേറ്റ്സിന്റെ കൂടെ വിട്ടു സുധാകരനും രഞ്ജിത്തും കൂടെ പിന്നീടുള്ള യാത്ര അമ്മാവന്റെ ചായക്കടയിലേക്കാണ്
അവിടെയാണ് ജീവിതത്തിലെ ഏറ്റവും രസമുള്ള ഇഡ്ഡലിയും സാമ്പാറും ഞാൻ കഴിച്ചിട്ടുള്ളത് . രണ്ടു ചെറിയ തൂക്കുപാത്രത്തിൽ ആണ് അമ്മാവൻ ഇഡലിയും സാമ്പാറും കൊണ്ട് വന്നിരുന്നത് .അതിലെ ഒരു പാത്രം ഇഡ്ഡലി ഞങ്ങൾ മൂന്ന് പേരും കൂടി കാലത്തു തന്നെ തീർക്കും.
ഞങ്ങൾ മൂന്നാം വർഷം പഠിക്കുമ്പോൾ ആണ് ആ അമ്മാവൻ പെട്ടെന്ന് മരിച്ചത് . പിന്നീട് അമ്മാവന്റെ മകൻ ആ കട ഏറ്റെടുത്തു നടത്തിയെങ്കിലും പഴയ ആ രുചിപ്പെരുമയുടെ അടുത്തൊന്നും വരില്ലായിരുന്നു
ക്ലാസ് ഉള്ള ദിവസം കോളേജിൽ ഞങ്ങൾ തന്നെ ചിലവഴിക്കും. ഇല്ലാത്ത ദിവസം നേരെ തിയേറ്ററിലേക്ക്. ഗുരുവായുർ ജയശ്രീയും അപ്പാസും കുന്നംകുളം ഭാവനയും ആണ് പ്രധാനം . ചിലപ്പോൾ തൃശൂരിലേക്കും വെച്ച് പിടിക്കും
അന്നൊക്കെ അധികം ദിവസം ക്ലാസുകൾ ഉണ്ടായിരുന്നില്ല. മിക്കവാറും ദിവസം സമരം തന്നെ സമരം . എന്തിനായിരുന്നു അന്നത്തെ കാലത്തു അത്രമാത്രം സമരം നടത്തി വിദ്യാർത്ഥികളുടെ ദിനങ്ങൾ കളഞ്ഞത് . ഇന്നാലോചിക്കുമ്പോൾ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം അതൊക്കെ വലിയ നഷ്ടങ്ങൾ ആണ്. പഠിക്കാൻ ഉള്ള ആഗ്രഹം കൊണ്ടല്ല മറിച്ചു ക്യാംപസിൽ ചുറ്റിക്കറങ്ങാൻ . ക്യാമ്പസ്സിൽ ചിലവഴിക്കാൻ കിട്ടുമായിരുന്ന ഒരുപാടു ദിവസങ്ങൾ അങ്ങിനെ നഷ്ട്പടുത്തിയതിനു ആരാണ് ഉത്തരവാദികൾ
ഭക്ഷണം കഴിഞ്ഞാൽ പിന്നെ ക്യാമ്പസ്സിൽ അങ്ങോട്ടും ഇങ്ങോട്ടും ഓരോ ക്ലാസ്സിന്റെ മുന്നിലൂടെയും നടക്കുക എന്നതാണ് ഹോബി . സത്യത്തിൽ അത് മാത്രമായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്ന ഏക ജോലി . സ്വന്തം ക്ലാസ്സിന്റെ പരിസരത്തു മാത്രം പോവില്ല എന്ന് മാത്രം . നമ്മുടെ ക്ലാസ്സിലെ പെൺകുട്ടികളോട് സംസാരിക്കണമെങ്കിൽ ക്ലാസ്സിൽ കയറണം. ക്‌ളാസിൽ കയറുക എന്നത് ഞങ്ങളുടെ നിഖണ്ടുവിൽ ഇല്ല എന്നത് കൊണ്ട് സ്വന്തം ക്ലാസ്സിലെ പെണ്കുട്ടികളെ അടുത്തറിയാൻ അന്ന് ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല
പിന്നെ ആകെ ഉള്ള പോംവഴി മറ്റുള്ള ക്ലാസ്സുകളിലെ പെൺകുട്ടികളെ പരിചയപ്പെടുക സൗഹൃദം
സ്ഥാപിക്കുക തുടങ്ങിയ കലാപരിപാടികൾ മാത്രമാണ്.അന്നൊക്കെ ഇന്നത്തെ പോലെ കുട്ടികൾ അത്ര ഓപ്പൺ അല്ല . സംസാരിക്കാൻ ഇന്നത്തെ പോലെ ടെക്നോളജിയുടെ സഹായവും ഇല്ല. ആകെ കിട്ടുന്ന അവസരം വല്ലപ്പോഴും അവരെ ക്ലാസിനു പുറത്തു വെച്ച് കണ്ടുമുട്ടുമ്പോഴാണ്. ഓരോ പെണ്കുട്ടിയോടും സംസാരിക്കുമ്പോൾ മനസ്സിൽ അന്ന് പെരുമ്പറ മേളം ആയിരുന്നു മനസ്സിൽ. അതിൽ തന്നെ സുന്ദരികൾ ഉണ്ടങ്കിൽ ഒരു പാട് പേര് അവളോട് സംസാരിക്കാൻ കാത്തു നിൽക്കുന്നുണ്ടാവും. അന്നത്തെ ആൺപിള്ളേരുടെ കഷ്ടപ്പാടുകൾ ആരോട് പറയാൻ , ആര് കേൾക്കാൻ
ചില പ്രത്യേക സ്ഥലങ്ങൾ ഉണ്ട് അന്ന് കമിതാക്കൾക്ക് ഇരിക്കാൻ . ചില മരത്തണലുകളിൽ കരിങ്കല്ലുകൾ ചേർത്ത് വെച്ച് അത്തരം ഇരിപ്പിടങ്ങൾ ഉണ്ടായിരുന്നു. എത്ര തലമുറ അവിടെ ഇരുന്നു തങ്ങളുടെ സ്വപ്‌നങ്ങൾ പങ്കു വെച്ച്കാണും . അവരൊക്കെ ഇന്ന് എവിടെയായിരിക്കും
ക്ലാസ്സിലെ പ്രിയസുഹൃത്തുക്കൾക്ക് പുറമെ മറ്റു ബാച്ചുകളിലെ ഒരു പാട് പേരെ അക്കാലത്തു പരിചയപ്പെട്ടു . അവസാന വർഷത്തിൽ കുറെ കറങ്ങി നടന്നത് മറ്റു ക്ലാസ്സുകളിലെ കൂട്ടുകാരുമൊത്തായിരുന്നു . ഇംഗ്ലീഷിലെ സജീവൻ , മുജീബ്, മലയാളത്തിലെ ഫക്രുദീൻ , സംസ്കൃതത്തിലെ സുനിൽ , എക്കണോമിക്സിലെ നിയാസ് ,ബികോമിലെ സൂരജ് . ഇവരുടെ കൂടെ എത്രയോ സ്ഥലങ്ങളിലേക്ക് അവരുടെ യമഹ RX 100 ബൈക്കിൽ പോയിരിക്കുന്നു. യമഹ ബൈക്കിൽ ക്യാമ്പസ്സിൽ കറങ്ങുന്നതു വലിയ സംഭവം പോലെ ആയിരുന്നു അന്നൊക്കെ മനസ്സിൽ
ആ ഗ്യാങ്ങിന്റെ ഒരു മോഡസ് ഓപ്പറാണ്ടി(modus operandi) വളരെ വ്യത്യസ്തമായിരുന്നു. കോളേജിൽ പരിചയമുള്ള ഏതെങ്കിലും വിദ്യാർത്ഥിയുടെ വീട്ടിലോ ബന്ധുക്കളുടെ വീട്ടിലോ കല്യാണം ഉണ്ടെന്നു അറിഞ്ഞാൽ പിന്നെ ബൈക്കെടുത്തു ഒരു പോക്കാണ് അങ്ങോട്ട് . നമ്മൾ അവിടെ ചെല്ലുമ്പോൾ ആയിരിക്കും അവൻ പോലും ഞെട്ടുന്നതു. കാരണം അവനു നമ്മളെ വലിയ പരിചയം കാണില്ല. ക്യാമ്പസ്സിൽ നമ്മളെ കണ്ടപ്പോൾ ചിരിച്ചു കാണിച്ചു എന്ന ഒറ്റ അപരാധമേ ടിയാൻ ചെയ്തു കാണൂ. അപ്പോഴാണ് പത്തു പേർ അവന്റെ പേരും പറഞ്ഞു കല്യാണത്തിന് വന്നിരിക്കുന്നത് . പിന്നെ നിവൃത്തിയില്ലല്ലോ . മൂക്കുമുട്ടെ ഭക്ഷണം കഴിച്ചു ഞങ്ങൾ ബൈക്കിൽ കയറി പോരുമ്പോൾ അവൻ ആലോചിച്ചു നിൽക്കുന്നുണ്ടായിരിക്കും ഇവന്മാരെ താൻ എപ്പോഴാണ് ക്ഷണിച്ചത് എന്നോർത്ത്.
പിന്നെയുള്ള ഒരു പണി ഗ്യാങ്ങിൽ ഉള്ള ഓരോരുത്തരുടെയും വീട്ടിൽ ബാക്കി ഉള്ളവർ എല്ലാം കൂടി അപ്രതീക്ഷിത സന്ദർശനം നടത്തുക എന്നതായിരുന്നു . അന്നൊക്കെ പലരും കോളജിൽ ജീൻസും ടി ഷർട്ടും ഒക്കെ ഇട്ടു സ്റ്റൈൽ ആയി വരുമെങ്കിലും വീട്ടിലെ സ്ഥിതി പരിതാപകരം ആയിരുന്നു . അത്തരക്കാർക്ക് ഇത്തരം പ്രവചനാതീതമായ സന്ദർശനങ്ങൾ വലിയൊരു ടെൻഷൻ ആയിരുന്നു . കൂട്ടുകാരുടെ മുന്നിൽ തന്റെ വില പോകുമോ എന്ന ഭയം കാരണം കടം വാങ്ങി വീട് വൈറ്റ് വാഷ് ചെയ്തവർ വരെ ഉണ്ടായിരുന്നു അക്കാലത്തു . എങ്കിലും അത്തരം സന്ദർശനങ്ങൾ നല്ലതായിരുന്നു . ഒരു പരിധി വരെ ദുരഭിമാനം ഇല്ലാതെയാക്കാനും സുഹൃത്ബന്ധങ്ങൾ ശക്തമാക്കാനും അത് സഹായിച്ചിരുന്നു
ഒരു പാട് നല്ല മനുഷ്യത്വമുള്ള വിദ്യാർത്ഥി നേതാക്കൾ ഉണ്ടായിരുന്നു ക്യാമ്പസ്സിൽ അന്ന് . SFI യുടെ അയ്യപ്പൻ,ശ്രീനിവാസൻ, പഠനത്തോടൊപ്പം ഓട്ടോ ഓടിച്ചു ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിച്ചിരുന്ന ചെയർമാൻ സുനിൽ . KSU വിന്റെ മുഹമ്മദ് ഷെരീഫ് , സത്യൻ , പ്രമോദ് തുടങ്ങിയവർ. കോളേജ് ചെയര്മാന്മാരും യൂണിയൻ കൗൺസിലർമാരും ഒക്കെ ആയി തിരഞ്ഞെടുക്കപ്പെട്ട ഇവരൊക്കെ ഭാവിയിൽ വലിയ സ്ഥാനങ്ങളിൽ എത്തും എന്ന് അന്ന് ഞങ്ങൾ കരുതിയിരുന്നു . പക്ഷെ പിന്നീട് കേരളം അറിയുന്ന നേതാക്കൾ ആയി ഇവരൊന്നും മാറിയില്ല എന്നതിൽ ചെറിയൊരു ദുഖമുണ്ട്
ഞങ്ങളുടെ കോളേജിൽ നിന്ന് പഠനത്തോടൊപ്പം രാഷ്ട്രീയത്തിലും തിളങ്ങിയ ഒരാൾ ഉണ്ട്. തൃത്താല mla ആയ വി . ടി . ബൽറാം . സൗമ്യമായ പെരുമാറ്റം കൊണ്ടും അക്കാഡമിക്കൽ ബ്രില്ലിയൻസ് കൊണ്ട് ബൽറാം അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആയിരിക്കുമ്പോൾ തന്നെ ആണ് ബൽറാം BSc കെമിസ്ട്രിയിൽ യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് നേടുന്നത്
ക്യാമ്പസ്സിലെ വൈകുന്നേരങ്ങളിൽ കുട്ടികൾ എല്ലാവരും പോയാലും ഞങ്ങൾ കുറച്ചു പേർ എന്നും ഗേറ്റിനടുത്തുള്ള തണൽമരത്തിന്റെ ചുവട്ടിൽ ഇരിക്കും . അന്നത്തെ ദിവസം ഉണ്ടായ രസകരമായ സംഭവങ്ങളും വിശേഷങ്ങളും പറഞ്ഞു ചിരിച്ചുകൊണ്ട് ,അവസാനം സെക്യൂരിറ്റി വന്നു ഗേറ്റ് അടക്കുന്ന വരെ ആ ഇരിപ്പു തുടരും .
അവിടെയും സംസാരിച്ചു തീരാത്ത വിശേഷങ്ങൾ പറയുന്നത് പിന്നെ ഗുരുവായൂരിലെ ഇന്ത്യൻ കോഫീ ഹൗസിൽ പോയാണ് .അവിടെ ഒരു മേശക്കു ചുറ്റും കുറെ കസേരകൾ വലിച്ചിട്ടു ഓരോ കാപ്പി മാത്രം കുടിച്ചു മണിക്കൂറുകളോളം അവിടെ ഇരിക്കുമ്പോൾ ഒരിക്കൽ പോലും അവിടുത്തെ മാനേജ്‌മന്റ് ഞങ്ങളോട് മുഖം കറുത്ത് സംസാരിച്ചിട്ടില്ല .
കോളേജ് കഴിഞ്ഞിട്ടും കുറെ മാസങ്ങളോളം എല്ലാ ശനിയാഴ്ചയും ഞങ്ങൾ ആ കോഫീ ഹൗസിൽ ഒത്തു ചേരുമായിരുന്നു . പിന്നീടെപ്പോഴോ അതെല്ലാം നിന്നു. മൊബൈൽ ഫോൺ ഇല്ലാത്ത ആ കാലഘട്ടത്തിൽ ഒരു പരിധിക്കപ്പുറം അത്തരം കൂട്ടായ്മകൾ മുന്നോട്ട് പോകാനും പ്രയാസമായിരുന്നു
പലരോടും പലർക്കും പലതും പറയാൻ ഒരു പാട് ഉണ്ടായിരുന്നു ആ ക്യാമ്പസ്സിൽ . പറയണം എന്ന് കരുതിയത് പലരും മനസ്സിൽ ഒതുക്കി വെച്ചിട്ടുണ്ടാകാം. ആ ക്യാമ്പസ്സിലെ മരത്തണലുകൾക്ക് ഇന്നും എത്രയോ കഥകൾ പറയാനുണ്ടാവും . അന്നത്തെ കൊണ്ട്പിടിച്ച പല പ്രണയങ്ങളും ജീവിതത്തിന്റെ കയ്പുനിറഞ്ഞ യാഥാർഥ്യങ്ങൾക്കു മുന്നിൽ പൊട്ടിയുടഞ്ഞു വീണു . ഏതാണ്ട് ഇരുപതു വയസ്സ് മാത്രം പ്രായമുള്ള അവർക്കൊക്കെ പ്രായോഗിക ജീവിതത്തിനുമുന്നിൽ പകച്ചു നിൽക്കാനല്ലേ അന്നൊക്കെ സാധിക്കൂ
ഇരുപത്തി അഞ്ചു വർഷത്തിന് അപ്പുറം പലരെയും ഫേസ്ബുക്കിലൂടെയും മറ്റും കണ്ടെത്തി സംസാരിക്കുമ്പോൾ ചിലപ്പോൾ പരസ്പരം പറയും അന്ന് കുറേ കൂടി നമുക്ക് സംസാരിക്കാമായിരുന്നു എന്ന് . അക്കാലത്തു പഠിച്ചിറങ്ങിയ ഒരു പാട് പേരുടെ അനുഭവവും ഇങ്ങനെ ആയിരിക്കും
ക്യാമ്പസ്സിനെ കുറിച്ചാലോചിക്കുമ്പോൾ ഒരിക്കലും മറക്കാനാവാത്ത ഒരു മുഖം ഉണ്ട് .അകാലത്തിൽ ഞങ്ങളെ വിട്ടു പിരിഞ്ഞ ഡാനി . ഒരു പക്ഷെ ക്യാമ്പസ്സിൽ ഒരാൾക്കും ഇത്രയധികം സ്നേഹം കിട്ടിക്കാണില്ല അത്രമേൽ സുമുഖനും എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന ഡാനി . കാർസർ എന്ന രോഗം ജീവിതത്തെ എത്ര മാത്രം അനിശ്ചിതമാക്കുന്നു എന്ന് ഡാനിയുടെ മരണത്തോടെയാണ് ഞങ്ങൾ തിരിച്ചറിയുന്നത്
അമ്മാവനും , കുഞ്ചു നായരും , കാദറിക്കയും ഇന്നില്ല . പക്ഷെ അവരൊക്കെ ഇവിടെ പഠിച്ചിറങ്ങിയവരുടെ മനസ്സിൽ ഇന്നും തെളിമയോടെ ജീവിച്ചിരിക്കുന്നുണ്ടാവും , തീർച്ച
കാലം കടന്നു പോകുന്നത് എത്ര പെട്ടെന്നാണ്. മൂന്ന് വർഷത്തെ ജീവിതം ഞങ്ങൾ പോലും അറിയാതെ വിടപറയുന്നതു ദുഃഖത്തോടെ നോക്കി നില്ക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിഞ്ഞുള്ളു. പരീക്ഷ കഴിഞ്ഞതോടെ ഞങ്ങൾ പൂർവ വിദ്യാർത്ഥികൾ ആയി മാറി . പിന്നീട് പരീക്ഷ ഫലം വന്നപ്പോൾ പല സുഹൃത്തുക്കളും തോറ്റു പോയിരുന്നു. ജീവിതത്തിലെ ഏറ്റവും വിഷമം തോന്നിയ ദിവസങ്ങൾ ആയിരുന്നു അത് . ഒരുമിച്ചു കളിച്ചു കാലം കഴിച്ചവരിൽ ചിലർ ജയിക്കുകയും മറ്റുള്ളവർ തോൽക്കുകയും ചെയ്യുന്നത് ജയിച്ചവരെയും തോറ്റവരെയും ഒരുപോലെ സങ്കടപ്പെടുത്തി. പരസ്പരം യാത്രപറഞ്ഞു പിരിയുമ്പോൾ പിരിയുന്നതിന്റെയും, അത്രനാൾ പങ്കിട്ട സ്നേഹത്തിന്റെയും നേരിട്ട പരാജയത്തിന്റെയും സമ്മിശ്രവികാരങ്ങൾ പലരുടെയും മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു
ഇന്ന് ആളൊഴിഞ്ഞ ആ വരാന്തയിലൂടെ നടന്നപ്പോൾ കുറച്ചു നേരത്തേക്കെങ്കിലും അന്ന് ഒപ്പം പഠിച്ചിരുന്നവരും ഞങ്ങളെ സ്നേഹിച്ചിരുന്നവരും അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.
ഓ എൻ വി കുറുപ്പ് എഴുതിയപോലെ " വെറുതേയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാൻ മോഹം"

No comments:
Post a Comment