ഒരു ഒഴിവുകാലത്തു നാട്ടിൽ വന്നു ബോറടിച്ചിരിക്കുമ്പോഴാണ് കൂട്ടുകാരായ ഷാജിയും ഷക്കീറും വീട്ടിൽ വരുന്നത് . രണ്ടു പേരും ഗൾഫിൽ നിന്ന് ലീവിന് വന്നിരിക്കുകയാണ് . ഒരു പുതിയ യാത്രയുടെ ഐഡിയയുമായാണ് അവരുടെ വരവ്
"നീ ഏനാമാവ് കെട്ട് പോയിട്ടുണ്ടോ?" കാറിൽ ഇരുന്നു തന്നെ അവർ ചോദിച്ചു
" ചെറുപ്പത്തിൽ എപ്പോഴോ ", ഞാൻ പറഞ്ഞു
"എന്നാൽ കേറിക്കോ , നമ്മൾ അവിടേയ്ക്കു പോണു"
യാത്ര എന്ന് പറഞ്ഞാൽ എനിക്ക് ഒരു ഹരമാണ് പിന്നെ ഒന്നും നോക്കാനില്ല . കാറിൽ ചാടിക്കയറി
വീട്ടിൽ നിന്ന് പാവറട്ടി പാങ് വഴി ആണ് ഏനാമാവ് പോകാൻ എളുപ്പം . ഗുരുവായൂരിൽ നിന്ന് വരുന്ന ബസ്സുകൾ പാവറട്ടിൽ വന്നു ചേർന്ന് അവിടെ നിന്ന് പാങ് വഴി ഏനാമാവ് പോകും . പിന്നെ കാഞ്ഞാണി വഴി തൃശൂർക്കും . തൃശ്ശൂരിൽ നിന്ന് വരുന്നവർ കാഞ്ഞാണി പാവറട്ടി വഴി ഉള്ള ബസ്സിൽ കയറിയാൽ ഏനാമാവ് കെട്ടിൽ ഇറങ്ങാം.
കാറിൽ ഓരോ തമാശ പറഞ്ഞു പോകുമ്പോൾ ഓർത്തു .. തൃശൂരിനെക്കുറിച്ചു അധികം അറിയാത്തവർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് .
"നിങ്ങളുടെ തൃശ്ശൂരിൽ പൂരവും വടക്കുംനാഥനും കഴിഞ്ഞാൽ പിന്നെ എന്താണുള്ളത്?
പൂരവും പെരുന്നാളും അമ്പലങ്ങളും പള്ളികളും മാത്രമല്ല തൃശൂർ. ഏതൊരു ജില്ലയോടും കിടപിടിക്കുന്ന പ്രകൃത്രി രമണീയമായ ഒരു പാട് സ്ഥലങ്ങൾ ഉള്ള ജില്ലയാണ് തൃശൂർ .
അതിൽ തന്നെ ഏറ്റവും മനോഹരമാണ് തൃശ്ശൂരിലെ കോൾ പാടങ്ങൾ. ഭാരതപ്പുഴയുടെയും ചാലക്കുടിപ്പുഴയുടെയും ഇടയിൽ സ്ഥിതി ചെയ്യുന്ന തണ്ണീർ തടങ്ങൾ ആണ് കോൾ പാടങ്ങൾ. തൃശ്ശൂർ മുതൽ പൊന്നാനി വരെ പരന്ന് കിടക്കുന്നു കോൾ പാടങ്ങൾ . പണ്ട് തണ്ണീർ തടം ആയിരുന്ന ചില ഭാഗങ്ങൾ ഇന്ന് കരയായെങ്കിലും ഏതാണ്ടു പതിമൂവായിരം ഹെക്ടർ കോൾ നിലം ഇന്നും ഉണ്ട് എന്നാണു ഔദ്യോഗിക കണക്ക്
തൃശൂർ ജില്ലയിൽ കോൾ നിലങ്ങൾ പരന്നു കിടക്കുന്നതു പുള്ള് മുതൽ ഏനാമാവ് കെട്ട് (ബണ്ട്) വരെയാണ്. പുള്ളിൽ നിന്ന് ഏതാണ്ട് പതിനെട്ടു കിലോമീറ്റർ ദൂരം ഉണ്ട് ഏനാമാവിലേക്ക് . ഇതിനിടയിൽ പരന്നു കിടക്കുകയാണ് കോൾ പാടങ്ങൾ
കോൾ പാടത്തിനു ആ പേർ വരുന്നത് വലിയ വിളവ് - കോള് ( കോളടിച്ചു എന്ന് പറയുന്നതിലെ കോള്) ഉണ്ടായി എന്നതിൽ നിന്നാണ് . പുഴയ്ക്കൽ പുഴയും കേച്ചേരിപ്പുഴയും വന്നു അവസാനിക്കുന്നത് ഈ കോൾ പാടത്താണ് . ഓരോ മഴക്കാലത്തും നദികൾ കൊണ്ട് വരുന്ന ഫലപൂയിഷ്ടമായ എക്കൽ അടിഞ്ഞാണു കോൾ നിലത്തിനു ഇത്രയും നല്ല വിളവ് തരാൻ കഴിയുന്നത്
മഴക്കാലത്ത് കോൾ നിലങ്ങൾ വെള്ളം മൂടിക്കിടക്കും . മഴ ഒന്നൊതുങ്ങി നവമ്പർ മുതൽ മാർച്ച് വരെ ഉള്ള കാലത്താണ് പ്രധാനമായും കോൾ നിലത്തു നെൽ കൃഷി ഇറക്കുന്നത് . മാർച്ചോടെ നല്ല വിളവെടുപ്പ് ലഭിയ്ക്കും
ഞങ്ങളുടെ കാർ മുല്ലശേരിയും മേച്ചേരിപ്പടിയും പിന്നിട്ടു ഏനാമാവ് കടവിലേക്ക് അടുത്ത് കൊണ്ടിരിന്നു. അന്തഃരീക്ഷത്തിൽ തണുത്ത കാറ്റ് വീശാൻ തുടങ്ങി . അകലെ കോൾ നിലത്തിന്റെ ശകലങ്ങൾ കാണാൻ തുടങ്ങിയതോടെ ഞങ്ങൾ ആവേശത്തിലായി .
കണ്ണെത്താദൂരം പാടങ്ങൾ . അത്ഭുതമായി തോന്നിയത് അതിന്റെ മേലെ പന്തൽ വിരിച്ച പോലെ പറന്നു നടക്കുന്ന പക്ഷികളുടെ കൂട്ടമാണ് . നാടൻ കാക്കയും കൊക്കും കുരുവികളും മുതൽ , പടവാളൻ കിളി , നീലക്കവിളൻ തത്ത, ചെമ്പോത്ത് എന്ന് വേണ്ട നമ്മൾക്കറിയുന്നതും അറിയാത്തതുമായ ഏതൊക്കയോ പക്ഷികൾ അവിടെ പാറിപ്പറന്നു നടക്കുന്നു .
മൈലുകൾക്കപ്പുറത്തു നിന്ന് എല്ലാ വർഷവും മുറ തെറ്റാതെ ദേശാടനക്കിളികൾ ഇവിടെ എത്തുന്നു. കൃഷിയുടെ സീസൺ കഴിഞ്ഞു അടുത്ത മഴക്കാലം തുടങ്ങുന്നതോടെ അവർ മടങ്ങുന്നു . നമ്മളിൽ എത്രപേർ അറിയുന്നുണ്ട് ഈ സഞ്ചാരികളുടെ വരവും പോക്കും . അങ്ങിനെ ആയിരക്കണക്കിന് കിളികളുടെ ആവാസ വ്യവസ്ഥ നമ്മുടെ തൃശ്ശൂരിൽ ഉണ്ട് എന്നതു നമുക്കൊക്കെ അഭിമാനം തരുന്ന ഒന്നല്ലേ?
കിളികളെ വെടിവെച്ചോ കുടുക്ക് വെച്ചോ പിടിക്കുന്നത് ഇന്ന് വലിയ കുറ്റ കൃത്യമാണ്. അത്തരം കൃത്യങ്ങളിൽ നിന്ന് പക്ഷിപിടുത്തക്കാർ പിന്മാറിയിരുന്നു . പക്ഷികളുടെ വരവിനും വർദ്ധനവിനും അതും ഒരു കാരണമാണ്
കാറ് പാർക്ക് ചെയ്തു ഞങ്ങൾ മുന്നോട്ട് നടന്നു . പണ്ടെങ്ങോ ആരുടെയോ ആശയത്തിൽ ഉദിച്ച ചിൽഡ്രൻസ് പാർക്ക് ഇന്ന് തകർന്നു കിടക്കുന്നു . നോക്കാനും പരിപാലിക്കാനും നമ്മൾക്ക് എവിടെ നേരം?. മറ്റു വിദേശരാജ്യങ്ങളിൽ എത്ര മനോഹരമായാണ് ഓരോ പാർക്കും സംരക്ഷിക്കുന്നത് . സംരക്ഷിക്കാൻ കഴിവില്ല എങ്കിൽ അത് നിർമിച്ചു കാശു കളയുന്നത് എന്തിനാണ് എന്ന് ഞാൻ ആലോചിച്ചു
ഞങ്ങളുടെ മുന്നിൽ പുഴയെയും കോൾ പാടങ്ങളെയും രണ്ടായി നിർത്തിക്കൊണ്ട് ഏനാമാവ് കെട്ട് (ബണ്ട് ) നിവർന്നു കിടന്നു
വേലിയേറ്റ സമയത്തു കടലിൽ നിന്നുള്ള ഉപ്പു വെള്ളം പാടത്തേക്ക് കയറാതിരിക്കാൻ ആണ് ആ ബണ്ട് നിർമ്മിച്ചത് . വര്ഷം എത്ര കഴിഞ്ഞിട്ടും ആ ബണ്ട് ഇന്നും അതിന്റെ കർമം തെറ്റാതെ നിർവഹിക്കുന്നു .
സൂര്യൻ അസ്തമിക്കാറായപ്പോഴാണ് കോൾ പാടത്തിന്റെയും പുഴയുടെയും ഭംഗി ഏറെ ഹൃദ്യമായി തോന്നിയത് . പുഴയിലൂടെ ചെറിയ മീൻ പിടുത്ത വള്ളങ്ങൾ പോകുന്നു .
അകലെ കോൾപ്പാടത്തിന്റെ അങ്ങേക്കരയിലാണ് തൃശൂർ നഗരം . ഒരു പക്ഷെ തൃശൂർ നഗരത്തെ വെള്ളക്കെട്ടിൽ നിന്ന് സംരക്ഷിച്ചു നിർത്തുന്നത് ഈ കോൾ പടങ്ങളുടെ വെള്ളം ഉൾകൊള്ളാൻ ഉള്ള കഴിവ് കൊണ്ട് കൂടിയാണ്
ചെറിയ ചെറിയ വള്ളങ്ങളിൽ കുട്ടികൾ പാടത്തു കൂടെ തുഴഞ്ഞു പോകുന്നു . ഇവിടെ നിന്ന് പുള്ള് വരെ ജലയാത്രയ്ക്കു ഒരു സംവിധാനം ഉണ്ടെങ്കിൽ ടൂറിസം രംഗത്ത് അത് വലിയ കുതിച്ചു ചാട്ടം തന്നെയായിരിക്കും ഞാൻ ഓർത്തു
സൂര്യൻ അസ്തമിക്കും മുൻപ് കുറെ ചിത്രങ്ങൾ എടുക്കാൻ ഉള്ള തിരക്കിൽ ആയിരുന്നു ഷാജിയും ഷക്കീറും . കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ വീണ്ടും ഗൾഫിലെ ചൂടിലേക്ക് അവർക്ക് തിരിച്ചു പോണം . അതിനു മുൻപ് നാടിൻറെ മണവും ഭംഗിയും ആസ്വദിച്ചു അതിന്റെ നല്ല ഓർമകളുമായി അവർ മടങ്ങും. പിന്നീട് ഈ ചിത്രങ്ങലും ഓർമകളുമാണ് ആണ് അടുത്ത വരവ് വരെ അവരുടെ ജീവിതത്തെ പ്രതീക്ഷയോടെ നിലനിർത്തുന്നത്
കാറ്റിന് തണുപ്പ് കൂടി വരുന്നു .തണുപ്പടിച്ചു കവിളുകൾ വിറയ്ക്കാൻ തുടങ്ങി. അകലെ കിളികൾ തങ്ങളുടെ ചിറകുകൾ ഒതുക്കി എവിടെയ്ക്കോ മറഞ്ഞു . ദൂരെ കൃഷിക്കാരുടെ കൊച്ചു കാവൽ പുരകളിൽ നിന്ന് വിളക്കുകൾ തെളിയാൻ തുടങ്ങിയിരിക്കുന്നു . അതിമനോഹരമായ കാഴ്ചയായിരുന്നു അത്
പടിഞ്ഞാറു സൂര്യൻ അസ്തമിച്ചു . പുഴയ്ക്കു മേലെ ശോണിമ പടർന്നു . അനാദിയായ ആ പാടത്തിന്റെയും ശാന്തമായ ആ പുഴയുടെയും നടുവിൽ കെട്ടിന്റെ മുകളിൽ ഞങ്ങൾ കുറെ നേരം നിന്നു . പ്രകൃതിയുടെ ഭാഗമായി . അതെ താളത്തോടെ. മൗനം ഞങ്ങളുടെ ഇടയിൽ തളം കെട്ടി നിന്നു . അത്രമേൽ മനോഹരമായിരുന്നു ആ സായാഹ്നം .

No comments:
Post a Comment