Thursday, July 8, 2021

ഡ്യൂപ്ലിക്കേറ്റ് അല്ലാത്ത കുന്നംകുളം -





കുന്നംകുളം എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു സ്ഥലമാണ്. എന്റെ കുട്ടിക്കാലത്തെ കുറെ ഓർമ്മകൾ ആ നഗരത്തെ ചുറ്റിപ്പറ്റിയാണ് . കണ്ടാണിശ്ശേരിയിൽ നിന്ന് എരുമപ്പെട്ടിയിൽ ഉള്ള അമ്മാവന്റെ വീട്ടിലേക്ക് ഞങ്ങൾ കുന്നംകുളം വഴി ആണ് പോയിരുന്നത്. മിക്കവാറും വേനൽ അവധിക്കായിരിക്കും അത്തരം യാത്രകൾ
വിഷു വീട്ടിൽ ആഘോഷിച്ചു കഴിഞ്ഞാൽ പിന്നെ അടുത്ത ദിവസം തന്നെ ഞങ്ങൾ അമ്മാവന്റെ വീട്ടിലേക്കുള്ള യാത്രയുടെ ഒരുക്കങ്ങൾ തുടങ്ങും. വീട്ടിൽ നിന്ന് കണ്ടാണിശ്ശേരി ബസ്‌സ്റ്റോപ് വരെ ഏതാണ്ട് ഒന്നര കിലോമീറ്റർ ദൂരം ഉണ്ട് . അന്നൊക്കെ അത്ര ദൂരം നടക്കുക എന്നത് ഒരു പ്രശ്നമായിരുന്നില്ല . പ്രത്യേകിച്ചും വിരുന്നു പോകുമ്പോൾ.
അവിടെ നിന്ന് തൃശൂർ ബസ്സിൽ കയറി ചൂണ്ടൽ ഇറങ്ങി പിന്നെ കുന്നംകുളത്തേക്കുള്ള ബസ്സിൽ കയറുമ്പോഴേ മനസ്സിൽ സന്തോഷം അലയടിച്ചു തുടങ്ങും. യൂണിറ്റി ഹോസ്പിറ്റലും കാണിപ്പയ്യൂരും പിന്നീട്ട് മുൻസിപ്പൽ ഓഫീസിന്റെ മുന്നിലൂടെ വൺ വേ തിരിഞ്ഞു തുടങ്ങുമ്പോൾ കുന്നംകുളത്തിന്റെ പ്രൗഢി കണ്ടു തുടങ്ങും . അന്ന് അവിടെ TTI കോളേജിന്റെ ഒരു വലിയൊരു പരസ്യബോർഡ് ഉണ്ടായിരുന്നു . ഒരു വലിയ കഥകളി രൂപം . അതാണ് കുന്നംകുളം എത്തി എന്നതിന് ഞാൻ അടയാളം വെച്ചിരുന്നത്
ബസ് പിന്നെ ഗുരുവായൂർ റോഡിലേക്ക് കയറി ബസ്സ്റ്റാൻഡ് ലക്ഷ്യമാക്കി പോകുമ്പോൾ ആദ്യം ശ്രദ്ധയിൽ പെടുക ബോംബെ സിൽക്‌സ് എന്ന വലിയൊരു തുണിക്കടയാണ് . അതിന്റെ പരസ്യബോർഡുകൾ ചൂണ്ടലിലും പാറേമ്പാടത്തും അന്നൊക്കെ കാണാമായിരുന്നു . അതിലെ തൊഴിലാളികൾ തന്നെ അതിന്റെ മുന്നിൽ കുറെ കാലം പന്തൽ കെട്ടി സമരം ചെയ്തിരുന്നു. കുറേക്കാലം സമരം അവഗണിച്ചു മുന്നോട്ടു പോയെങ്കിലും അവസാനം ബോംബെ സിൽക്‌സ് കുന്നംകുളത്തു നിന്ന് അപ്രക്ത്യക്ഷമായി
കുറച്ചു കൂടി മുന്നോട്ട് നീങ്ങിയാൽ ഇടതു വശത്തു താവൂസ് തീയേറ്റർ കാണാം . അന്നൊക്കെ വല്ലപ്പോഴും മാത്രമേ കുന്നംകുളത്തേക്ക് സിനിമ കാണാൻ വന്നിരുന്നുള്ളൂ .. താവൂസ് എന്ന പേര് ഉണ്ടായത് എങ്ങിനെയെന്ന് ഞാൻ ആലോചിച്ചു നോക്കാറുണ്ട് . കുന്നംകുളത്തു കുറെ അത്തരം പേരുകളിൽ കുറെ സ്ഥാപനങ്ങൾ ഉണ്ട് താവൂസ്, പാവൂസ്, തോലത്തു ഐപ്പ് ഇട്ട്യേനം,ഇട്ടിമാണി, തരകൻ, താരുക്കുട്ടി, ടി ടി ദേവസ്സി എന്നിങ്ങനെ.
അതൊക്കെ അവിടുത്തെ പ്രമാണിമാരായ ക്രിസ്ത്യാനികളുടെ പേരോ കുടുംബപ്പേരോ ആയിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്.
താവൂസ് വിട്ടു ബസ്സ് മുന്നോട്ടു പോകുമ്പോൾ രണ്ടു വശത്തും കുടകളും ബാഗുകളും ചെരിപ്പുകളും വിൽക്കുന്ന കടകൾ. വർണശബളമായ കാഴ്ച ആയിരുന്നു അത് . ഇന്നും ആ റോഡിൽ ബാഗുകളും ചെരിപ്പുകളും വിൽക്കുന്ന കടകൾ തന്നെയാണ് കൂടുതൽ
പിന്നീടുള്ള കാഴ്ച H & C സ്റ്റോർസ് , അവിടെയാണ് എല്ലാ തരം പുസ്തകങ്ങളും ഗൈഡുകളും അന്ന് കിട്ടിയിരുന്നത്. അന്നൊക്കെ സ്കൂളിൽ H & C ഗൈഡ് ഉപയോഗിക്കാത്ത കുട്ടികൾ കുറവായിരുന്നു.
അതിന്റെ എതിരെയാണ് പ്രസ്തമായ കുരുവിള ഡെന്റൽ ക്ലിനിക് . വളരെ മിതമായ നിരക്കെ അവിടെ ചികിസ്തയ്ക്ക് ഉണ്ടായിരുന്നുള്ളൂ . ഇന്നും കുന്നംകുളത്തു ഏറ്റവും പേരുള്ള ഡെന്റൽ ക്ലിനിക് കുരുവിള തന്നെയാണ്
പിന്നെ അങ്ങോട്ട് കോഫിയുടെ നല്ല മണമാണ് . പഴയ റീഗൽ ഹോട്ടലിനു മുന്നിൽ ബസ് എത്തി എന്നർത്ഥം . ഇന്ന് ആ സ്ഥലത്താണ് കല്യാൺ സിൽക്‌സ് നിൽക്കുന്നത് . ഇന്നും അതിലൂടെ പോകുമ്പോൾ പഴയ ആ റീഗൽ ഹോട്ടലും അവിടുത്തെ മണവും ഓർമ്മവരും
കുന്നംകുളത്തു അന്ന് രണ്ടു റീഗൽ ഹോട്ടൽ ഉണ്ടായിരുന്നു . അതായിരുന്നു കുന്നംകുളത്തുകാരുടെ അഭിമാനം . ഒന്ന് നേരത്തെ പറഞ്ഞതും രണ്ടാമത്തേത് ബസ്സ്റ്റാൻഡിന് മുന്നിലും . അന്നൊക്കെ റീഗലിൽ നിന്ന് മസാലദോശ കഴിച്ചു എന്ന് ആൾക്കാർ അഭിമാനത്തോടെയാണ് പറയുക . ഇന്ന് അതും അവിടെ ഇല്ല. ഗതകാല പ്രൗഢിയോടെ ഒരു കാലത്തു കുന്നംകുളത്തിനു അലങ്കാരമായിരുന്നു റീഗൽ ഹോട്ടലുകൾ. ഇന്നും ആൾക്കാർ അഡ്രസ് പറഞ്ഞു കൊടുക്കുന്നത് പഴയ റീഗൽ ഹോട്ടലിന്റെ അടുത്ത് എന്നിങ്ങനെയൊക്കെയാണ് . ഓർമകളിൽ റീഗൽ ഹോട്ടൽ ഇന്നും കുന്നംകുളത്തുകാരുടെ ഗൃഹാതുരത്വമായി മങ്ങാതെ നിൽക്കുന്നു
കുന്നംകുളം ബസ്‌സ്റ്റാന്റിലേക്ക് ബസ് കയറുന്നതു ഒന്ന് ചുറ്റി വളഞ്ഞാണ് . സ്റ്റാൻന്റിൽ ബസ് ഇറങ്ങിയാൽ ഒരു സംഭ്രമമാണ് . വടക്കാഞ്ചേരിയിലേക്കുള്ള ബസ്സിൽ ആണ് ഞങ്ങൾക്ക് പോകേണ്ടത്. നല്ല ബസ്സ് കിട്ടുമോ അതിൽ തന്നെ സീറ്റ് കിട്ടുമോ എന്നുള്ള ടെൻഷൻ.
അന്നൊക്കെ ആ റൂട്ടിൽ പഴയ കുറെ ബസ്സുകൾ ഉണ്ടായിരുന്നു . അതിൽ പ്രധാനി ആയിരുന്നു ശ്രീനാരായണ ട്രാൻസ്‌പോർട്ട് . അതിന്റെ രൂപം തന്നെ അക്കരെ നിന്നൊരു മാരൻ സിനിമയിലെ നെടുമുടിയുടെ ബസ് പോലെ ആണ് . ഒരു പഴഞ്ചാക്ക് വണ്ടി . അത് അവിടെ നിൽക്കുന്നില്ലെങ്കിൽ എനിക്ക് ആശ്വാസമാണ് . കാരണം അന്നൊക്കെ ബസ്സിൽ കയറി കുറച്ചു ദൂരം പോകുമ്പോഴേക്കും ഞാൻ ഛർദ്ദിൽ ആരംഭിക്കും . ഒരു വിധം കടിച്ചു പിടിച്ചാണ് കുന്നംകുളം വരെ തന്നെ എത്തുന്നത്
ഇനി എരുമപ്പെട്ടിവരെ പിടിച്ചു നില്കണം എങ്കിൽ അധികം കുത്തിക്കുലക്കം ഇല്ലാത്ത ബസ്സിൽ സീറ്റിൽ ഇരുന്നു പോകണം . അതിനാണ് ഞാൻ നല്ല ബസ്സുകൾ നോക്കുന്നത് . എങ്ങാനും ശ്രീ നാരായണ ബസ്സ് ആണ് കിട്ടുന്നതെങ്കിൽ അതിന്റെ കുലുക്കവും ഡീസൽ മണവും കാരണം എരുമപ്പെട്ടി എത്തുമ്പോഴേക്കും ഞാൻ മൃതപ്രായനാകും എന്നെനിക്കറിയാം
പക്ഷെ ബസ്സിൽ കയറും മുൻപ് വേറൊരു ആകർഷണം അവിടെ ഉണ്ടായിരുന്നു . കിംഗ് ബേക്കറി . അന്നൊക്കെ അവിടെ കയറാതെ അമ്മ പോവില്ല. ഈ ലോകത്തിൽ ഏറ്റവും സന്തോഷവാനായ മനുഷ്യൻ കിംഗ് ബേക്കറിയുടെ ഉടമയായിരിക്കും എന്ന് ഞാൻ അന്നൊക്കെ വിചാരിച്ചിരുന്നു . വിവിധ വർണങ്ങളിൽ ഉള്ള ബിസ്കറ്റുകളും കേക്കുകളൂം നല്ല ഓറഞ്ച് നിറത്തിലുള്ള ജിലേബിയും കടും മഞ്ഞ നിറത്തിൽ ഉള്ള ലഡ്ഡുവും ഒക്കെ മനോഹരമായി അടക്കി വെച്ച കിംഗ് ബേക്കറി. അവിടുത്തെ ആൾ തന്നെയല്ലേ ലോകത്തിലെ ഏറ്റവും സന്തോഷവാൻ . ഇതിനേക്കാൾ മറ്റെന്താണ് ഒരാൾക്ക് വേണ്ടത്?
അമ്മ അവിടെ നിന്ന് ബിസ്കറ്റോ മിക്സ്ചറോ മറ്റോ വാങ്ങും . എന്റെ ശ്രദ്ധ അപ്പോൾ അവിടെ വെച്ചിരിക്കുന്ന ഡയറി മിൽക്കിലോ അല്ലെങ്കിൽ കാഡ്ബറി ജെംസിലോ ആയിരിക്കും . ബില്ലു കൊടുക്കാൻ നിൽക്കുമ്പോൾ അമ്മയെ ഒന്ന് തോണ്ടി അത് കാണിച്ചു കൊടുക്കും . കയ്യിൽ പൈസ ഉണ്ടെങ്കിൽ എടുത്തോളാൻ അമ്മ പറയും. എല്ലാം വാങ്ങി പുറത്തു കടക്കുമ്പോൾ ബസ്സ്റ്റാൻഡിൽ നല്ല തിരക്കായിക്കാണും
ഒരു വശത്തു പഴയ കോമള ഹോട്ടലിൽ നിന്ന് ദോശ കല്ലിൽ ഒഴിക്കുന്ന ശബ്ദം കേൾക്കാം . അന്നൊക്കെ കുന്നംകുളത്തു ബസ്സുകളുടെ വരവും പോക്കും നിയന്ത്രിക്കാൻ ബസ്സ്റ്റാന്റിൽ ഒരു മൈക്ക് സംവിധാനം ഉണ്ടായിരുന്നു . അതിലൂടെ ഒരാൾ എപ്പോഴും ബസ്സിന്റെ നമ്പർ പറഞ്ഞു "സ്റ്റാൻഡ് വിട്ടു പോകണം" എന്ന് പറഞ്ഞു കൊണ്ടേയിരിക്കും . പിൽക്കാലത്ത് സ്റ്റാൻഡ് വിട്ടു പോകുക എന്നത് കുന്നംകുളത്തുകാരുടെ ഒരു നാടൻ പ്രയോഗമായി മാറി. പറ്റില്ലെങ്കിൽ "നീ സ്റ്റാൻഡ് വിട്ടു പൊയ്ക്കോ" എന്ന് പറയാത്ത ഒരു കുന്നംകുളത്തുകാരനും അന്നും ഇന്നും ഉണ്ടാവില്ല
അമ്മയുടെ ഷോപ്പിംഗ് തീർന്നില്ല. മിക്കവാറും ഏതെങ്കിലും തുണിക്കടയിൽ കയറിയിരിക്കും. കട്ടായം . ഒന്നുകിൽ ബസ്‌സ്റ്റാണ്ടിന് മുന്നിൽ ഉള്ള സൗന്ദര്യ ഫാബ്രിക്സ് അല്ലെങ്കിൽ വടക്കാഞ്ചേരി റോഡിൽ ഉള്ള ഫാൻസി ഫാബ്രിക്‌സ് അതുമല്ലെങ്കിൽ പട്ടാമ്പി റോഡിൽ ഉള്ള കൊച്ചിൻ സ്റ്റോർസ് . ഇതൊന്നും പോരെങ്കിൽ ഗുരുവായൂർ റോഡിൽ ഉള്ള തെക്കേക്കര സൂപ്പർ ടെക്സ്ടൈൽസ്.
ഇവിടെ ഒക്കെ സ്ത്രീകൾ കയറിയാൽ പിന്നെ കുട്ടികൾക്ക് പരമ ബോറാണ് . അവർ ഓരോ സാരിയും ബ്ലൗസ് തുണിയും ഒക്കെ മാറി മാറി നോക്കും . എടുത്തതു തിരിച്ചു വെക്കും വേറെ എടുക്കും . ഏതാണ്ട് സെയിൽസ് ഗേൾസിന്റെ ക്ഷമ കെടുന്നത് വരെ തിരിച്ചും മറിച്ചും നോക്കിയും അമ്മ നിൽക്കും. ഇതിനിടയിൽ ഒന്നും ചെയ്യാൻ ഇല്ലാതെ നമ്മൾ കടയുടെ ഉള്ളിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഒരു പത്തമ്പത് തവണ നടന്നു കാണും . ഇന്ന് കുട്ടികൾ അത്തരം അവസരത്തിൽ മൊബൈൽ നോക്കി എത്ര നേരം വേണമെങ്കിലും ഇരുന്നോളും . പക്ഷെ അതൊന്നുമില്ലാത്ത കാലത്തു എത്ര കുട്ടികളെ ആണ് തുണിക്കടകളിൽ അമ്മമാർ ഇങ്ങനെ മാനസികമായി പീഡിപ്പിച്ചിരിക്കുന്നത്
എല്ലാം കഴിഞ്ഞു തിരികെ ബസ്സ്റ്റാൻഡിൽ വരുമ്പോഴേക്കും നമ്മൾ നോക്കി വെച്ച നല്ല ബസ്സ് പോയിക്കാണും. കൃത്യമായി ശ്രീ നാരായണ ബസ്സ് നമ്മളെ കാത്തു നിൽക്കുന്നുണ്ടാവും . അടുത്ത ബസ്സിന്‌ പോവാം എന്ന് പറഞ്ഞാൽ ആര് കേൾക്കാൻ. എന്റെ യോഗം എന്നും ശ്രീ നാരായണ ബസ്സിന്‌ പോകാൻ തന്നെ എന്ന് തീർച്ചപ്പെടുത്തി അതിൽ കയറി ഇരിക്കും . വിൻഡോ സീറ്റ് ഒക്കെ അപ്പോഴേക്കും ആൾക്കാർ കയ്യടിയിരിക്കും . കിട്ടിയ സ്ഥലത്തു ദയനീയമായ മുഖത്തോടെ ഇനി വഴിയിൽ എപ്പോൾ ഛർദിക്കും എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആയിരിക്കും നമ്മുടെ മടിയിലേക്ക് ഒരു കാർഡ് വീഴുന്നത്
മിക്കവാറും കാർഡിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ ആയിരിക്കും .
"എന്റെ ഭർത്താവു പണിയെടുത്തു കുടുംബം പോറ്റിയിരുന്ന ആളാണ് . ഒരു ദിവസം മരത്തിൽ കൈ തെറ്റി നിന്ന് വീണു . ഇപ്പോൾ എഴുന്നേറ്റു നടക്കാൻ വയ്യ . നിങ്ങളാൽ കഴിയും വിധം സഹായിക്കണം" . അടിയിൽ ഏതെങ്കിലും ഡോക്ടറുടെ സാക്ഷ്യപ്പെടുത്തിയ ഒപ്പും കാണും
ഓരോ സീറ്റിലും കാർഡ് ഇട്ടു ,അവർ തിരികെ വരുമ്പോൾ കാർഡിന്റെ കൂടെ നമ്മൾ എന്തെങ്കിലും പൈസ കൊടുക്കണം . ആദ്യമൊക്കെ ഞാൻ വിചാരിച്ചിരുന്നത് ഇതൊക്കെ സത്യത്തിൽ ഉള്ളതാണ് എന്നാണ് . പിന്നീടാണ് മനസ്സിലാവുന്നത് അതൊക്കെ ഇല്ലാക്കഥകൾ ആണെന്നും കുറച്ചു കൂടി സ്റ്റാൻഡേർഡ് കൂടിയ ഭിക്ഷാടനമാണെന്നുമൊക്കെ
പിന്നെ ബസ് പുറപ്പെടുന്ന വരെ ഓരോ തരം വിൽപ്പനക്കാർ വരും . വിവിധ നിറങ്ങളിൽ എഴുതാൻ പറ്റുന്ന പേനകൾ , കീ ചെയിനുകൾ , ടവൽ , ഇഞ്ചിമിട്ടായി അങ്ങനെ ഓരോന്ന് വരും . ഇഞ്ചി മിട്ടായി ഞാൻ വാങ്ങി വെക്കും . എങ്ങാനും ഛർദിക്കാൻ തോന്നിയാൽ ഇഞ്ചി മുട്ടായി കുറച്ചു നേരം അതിനെ പിടിച്ചു നിർത്താൻ സഹായിക്കും
അപ്പോഴേക്കും മൈക്കിലൂടെ ശ്രീ നാരായണ ബസ്സിന്‌ പുറപ്പെടാൻ ഉള്ള അറിയിപ്പ് കിട്ടും . മുന്നിൽ നിൽക്കുന്ന പഴഞ്ഞി കാട്ടകാമ്പാൽ ബസ്സിനെ ഇടതു വശത്തു കൂടി മറികടന്നു ഞങ്ങളുടെ യാത്ര ആരംഭിക്കും
വളരെ മെല്ലെ ആണ് ബസ്സ് നഗരം വിടുക . വടക്കാഞ്ചേരി റോഡിലേക്ക് തിരിഞ്ഞു കുറെ സമയം ഫാൻസി ഫാബ്രിക്സിന്റെ മുന്നിൽ നിർത്തിയിടും . ബസ്സിന്റെ പ്രായത്തിനും കഴിവിനും അപ്പുറമുള്ള ലോഡും ആൾക്കാരെയും നിറച്ചാണ് ബസ് മെല്ലെ നഗരം വിടുക
അതിൽ തന്നെ കുറെ പേര് ഗീത തീയേറ്റർ വരെ മാത്രമേ കാണൂ. അന്നൊക്കെ അത്ഭുതപെട്ടിട്ടുണ്ട് എന്താണ് ഈ ഓല മേഞ്ഞ തീയേറ്ററിലേക്ക് ഇത്ര ജനത്തിരക്ക് എന്ന് . ഞങ്ങൾക്ക് അന്നൊക്കെ താവൂസ് ബൈജു ഭാവന എന്ന മൂന്ന് തീയേറ്ററുകളിൽ മാത്രമേ സിനിമ കാണാൻ പോയിരുന്നുള്ളൂ . ഗീത തിയേറ്ററിന്റെ ചരിത്ര പ്രാധാന്യത്തെപ്പറ്റി പിന്നീടാണ് മനസ്സിലാക്കുന്നത്.
ഗീത തീയേറ്ററും പിന്നിട്ട മരത്തംകോടും പന്നിത്തടവും വെള്ളറക്കാടും പിന്നിട്ട് ഞങ്ങൾ എരുമപ്പെട്ടിയിൽ എത്തും. അപ്പോഴേക്കും ഞാൻ ക്ഷീണിച്ചവശനായിക്കാണും . എരുമപ്പെട്ടിയിൽ ബസ് ഇറങ്ങിയാൽ ഒരു സന്തോഷമാണ്. അന്ന് മുതലാണ് ഞങ്ങളുടെ യഥാർത്ഥ വേനൽ അവധിക്കാലം തുടങ്ങുന്നത് . പിന്നെ തിരികെ വരുന്നത് ഏതാണ്ട് ഒരു മാസം കഴിഞ്ഞാണ്
തിരികെ വരുമ്പോഴും പലപ്പോഴും ഒരു വില്ലനെ പ്പോലെ ശ്രീ നാരായണ ബസ് ഞങ്ങളെ കാത്തു എരുമപ്പെട്ടി പോലീസ് സ്റ്റേഷന്റെ മുന്നിൽ നിൽക്കുന്നുണ്ടാവും . അച്ചടക്കമുള്ള കുട്ടിയെപ്പോലെ ഞാൻ അതിൽ പോയി കയറും
കുന്നംകുളത്തു എത്തിയാൽ അമ്മ അതെ തുണിക്കടയിൽ വീണ്ടും കയറും .പോകുമ്പോൾ വാങ്ങിയ സാരിയോ മറ്റോ മാറ്റി വാങ്ങാൻ ശ്രമിക്കും എന്തെങ്കിലും ന്യായം പറയും . കടക്കാർ സമ്മതിക്കുകയും ചെയ്യും. വാങ്ങിയിട്ട് അപ്പോഴേക്കും മൂന്നോ നാലോ ആഴ്ച കടന്നു പോയിക്കാണും അതൊന്നും കടക്കാർ കാര്യമായി എടുത്തിരുന്നില്ല എന്ന് വേണം ഊഹിക്കാൻ
അമ്മ ബാക്കി വെച്ച ഷോപ്പിങ് വരാൻ പോകുന്നതേ ഉള്ളൂ .. ഗുരുവായൂർ റോഡിലെ തോലത്തു ഐപ്പ് ഇട്ട്യേനം ആണ് അടുത്ത ലക്ഷ്യം .അവിടെയാണ് ഓട്ടു പാത്രങ്ങളും വിളക്കുകളും ചെമ്പു പാത്രങ്ങളും ഏറ്റവും നല്ലതു കിട്ടുക . ഇന്നും വിശ്വസിച്ചു ഓട്ടു പാത്രങ്ങൾ വാങ്ങാൻ തോലത്തു ഐപ്പ് ഇട്ട്യേനം തന്നെയാണ് കുന്നംകുളത്തെ ഒന്നാം നമ്പർ ഷോപ്പ്
പിന്നെ ഞങ്ങൾക്ക് സ്കൂളിലേക്ക് പോകാൻ ഉള്ള കുടയോ ബാഗോ ഷോപ്പിംഗ് നടത്തി അവസാനം ഒരു പോക്കുണ്ട് തരകൻ റോയൽ ജൂവല്ലറിയിലേക്ക്. ഗോൾഡ് പുതിയത് വാങ്ങാൻ പൈസ ഉണ്ടായിട്ടൊന്നുമല്ല. ഏതെങ്കിലും പഴയ കമ്മലോ മോതിരമോ ഒന്ന് മാറ്റി വാങ്ങാൻ ആണ് ആ പോക്ക് . അതിനിടയിൽ അവിടെ ഇരിക്കുന്ന പുതിയ മോഡൽ മാലകളും നെക്‌ലേസുകളും ഒന്ന് കാണാം ഇട്ടു നോക്കാം എന്നതാണ് ആ യാത്രയുടെ മെയിൻ ഉദ്ദേശ്യം
അവിടെ നിന്ന് പുറത്തിറങ്ങിയാൽ കഴിഞ്ഞു ആ വർഷത്തെ ഷോപ്പിംഗ് . ഇനി നേരെ തൃശൂർക്കുള്ള ബസ്സിൽ കയറാൻ ഉള്ള തിരക്കിലാണ് . ബസ്സ്റ്റാൻഡിൽ നിന്ന് കയറി തൃശൂർ റോഡിലേക്ക് മുഖം കാണിച്ച മുരണ്ടും മൂളിയും പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ബസ്സിൽ ഞങ്ങൾ കയറും.
ബസ്സ് യാത്ര തുടങ്ങുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് . മിക്കവാറും പിറ്റേ ദിവസം സ്കൂൾ തുറക്കുന്ന ദിവസം ആയിരിയ്ക്കും. ഒരു വേനൽ അവധി കഴിഞ്ഞിരിക്കുന്നു . ഇനി ഇങ്ങനെ ഒരു യാത്രയ്ക്ക് ഒരു വര്ഷം കാത്തിരിക്കണം.. ഞങ്ങൾ പതുക്കെ കുന്നംകുളത്തോട് വിടപറയും
ഇന്നും കുന്നംകുളം സാധാരണക്കാരന്റെ ഏറ്റവും പ്രിയപ്പെട്ട നഗരമാണ് . സാധനങ്ങൾ ഏറ്റവും വിലക്കുറവിൽ വിശ്വസ്തതയോടെ വാങ്ങാം എന്നുള്ളതാണ് കുന്നംകുളത്തിന്റെ പ്രത്യേകത . ഡ്യൂപ്ലിക്കേറ്റ് നഗരം എന്ന് മറ്റുള്ളവർ വിളിക്കുമെങ്കിലും ഒറിജിനൽ സ്വർണ്ണത്തിനും പാത്രങ്ങൾക്കും മറ്റു വീട്ടുപകരണങ്ങൾക്കും തുണിത്തരങ്ങൾക്കും പേര് കേട്ട സ്ഥലമാണ് കുന്നംകുളം. "എന്തൂട്ടാ വേണ്ടേ" എന്ന് ചോദിക്കുന്ന സെയിൽസ്മാൻമാരും "അത് നല്ല സാധനാട്ടാ" എന്ന് പറഞ്ഞു നമ്മളെ വാങ്ങിക്കാൻ പ്രോത്സാഹിപ്പിക്കുന്ന കടയുടമകളും തുടങ്ങി കുറെ നല്ല മനുഷ്യർ ഉള്ള സ്ഥലം . അത് കൊണ്ട് തന്നെയാണ് ആ നഗരത്തിലേക്ക് ജനങ്ങൾ ഇന്നും ഒഴുകി എത്തുന്നതും
പുതുമയോടൊപ്പം പഴമയുടെ നല്ല കുറെ ശേഷിപ്പുകളും കുന്നംകുളത്തുണ്ട് . കുന്നംകുളത്തുകാരുടെ പഴയകാലജീവിതം അറിയണമെങ്കിൽ തെക്കേ അങ്ങാടിയിലൂടെയും വൈശേരിയിലൂടെയും നടുപ്പന്തിയിലൂടെയും നടക്കാം . കാഴ്ചകൾ കാണാം . ആർത്താറ്റ്‌ പള്ളിയും അടിപ്പുട്ടി പള്ളിയും കലശമലയും സന്ദർശിക്കാം. പൂരക്കാലം ആണെങ്കിൽ നാല്പത്തി അഞ്ചിൽ പരം ആനകൾ എഴുന്നള്ളുന്ന ചീരംകുളങ്ങര പൂരവും കാണാം
കുന്നംകുളത്തിന് ഒരു മായിക ഭാവം ഉണ്ട് എന്ന് എനിക്ക് എപ്പോഴും തോന്നിയിരുന്നു . മറ്റു നഗരങ്ങൾക്കില്ലാതെ എന്തോ ഒന്ന് . പിന്നീട് ഫ്രാൻസിസ് ഇട്ടിക്കോര വായിച്ചപ്പോൾ ഞാൻ പണ്ട് മനസ്സിൽ സങ്കല്പിച്ചിരുന്ന പല ബിംബങ്ങളും വീണ്ടും ഓർമയിൽ വന്നു . ഒരു പക്ഷെ ഫ്രാൻസിസ് ഇട്ടിക്കോരയെ പ്പോലെ ആരെങ്കിലും ഒക്കെ അവിടെ ജീവിച്ചുകാണും ..നൂറ്റാണ്ടുകൾക്ക് മുൻപ് രാജകീയമായി

No comments:

Post a Comment